കുമ്പളങ്ങി നൈറ്റ്സ്
February 19, 2019സത്യത്തിൽ ശ്യാം പുഷ്ക്കരൻ എന്ന തിരക്കഥാകൃത്ത് ഒരു അലസനാണ്. ഇല്ലെങ്കിൽ നേരത്തെ എഴുതി തയ്യാറാക്കിയതെന്നവണ്ണം തോന്നാതെ ഗംഭീരമായ ഒരു തിരക്കഥ ഒരുക്കുകയും അതിൽ പൊളിറ്റിക്കൽ കറക്ട്നെസുകൾ കൊണ്ട് ആറാടുകയും ചെയ്ത ഒരു സിനിമ നമുക്ക് ആസ്വദിക്കാൻ സാധിക്കുമോ. കുമ്പളങ്ങിയിലെ രാത്രികളുടെ സൗന്ദര്യം പതിയിരിക്കുന്നതും ഈ അലസതയിലാണ്.
സ്നേഹവും കരുണയും മനസ്സിൽ ആവോളമുണ്ടെങ്കിലും അത് പ്രകടിപ്പിക്കാൻ അറിയാത്ത സഹോദരങ്ങൾ. അവരിൽ കേന്ദ്രീകരിച്ച് കഥ പറയുന്ന കുമ്പളങ്ങി നൈറ്റ്സ് മനോഹരമായ ആസ്വാദനം സമ്മാനിച്ച ചിത്രമാണ്. ഓരോ കഥാപാത്രങ്ങൾക്കും, എന്തിന് വെറുതെ ക്യാമറക്ക് മുന്നിലൂടെ മിന്നിമായുന്നവർക്ക് പോലും കൃത്യമായ ഐഡൻറിറ്റി ഉണ്ടെന്ന് തോന്നിക്കുന്ന ചിത്രം. അതിൽ ഭൂരിഭാഗം കഥാപാത്രങ്ങളിലൂടെയും തന്റെ രാഷ്ട്രീയം വെളിവാക്കുന്ന പതിവ് ശ്യാം പുഷ്ക്കരൻ ലൈൻ ഇതിലും കാണാൻ സാധിക്കും. അതുകൊണ്ട് തന്നെ സിനിമക്കപ്പുറം വായിക്കപ്പെടേണ്ട കഥയും കഥാപാത്രങ്ങളുമാണ് കുമ്പളങ്ങിയിലേത്.
മനസ്സിനെ വല്ലാതെ സ്പർശിച്ച രംഗങ്ങളാൽ സമൃദ്ധമാണ് ചിത്രം. അതിൽ ഹൃദ്യമായ സംഭാഷണശകലങ്ങളും നമ്മുടെ ജീവിതവുമായി വളരെ വേഗം റിലേറ്റ് ചെയ്യാൻ സാധിക്കുന്നതും. ഷൈനും കൂട്ടുകാരനും ബാറിലിരുന്ന് സംസാരിക്കുന്ന രംഗത്തിൽ ആ ഹൃദ്യത തുടരുന്നു. തുടർന്ന് സൗബിൻ ഡോക്റ്ററെ കാണുമ്പോഴുള്ള രംഗം അതിമനോഹരം ( തീയേറ്ററിൽ അതിന് പൊട്ടിച്ചിരി ആയിരുന്നു. ഇത്രത്തോളം ദേഷ്യം വന്ന ഒരു സന്ദർഭം ഈയടുത്തുണ്ടായിട്ടില്ല.) സഹോദരങ്ങൾ അമ്മയെക്കുറിച്ച് പറയുന്ന സന്ദർഭം അങ്ങനെ നീണ്ടുനീണ്ട് പോവുന്നു കണക്ക്. അത്തരത്തിൽ ഒട്ടനവധി രംഗങ്ങൾ കൂട്ടിച്ചേർത്താൽ കുമ്പളങ്ങി ആയി എന്ന് പറയുന്നതാവും ഭംഗി.
Male Chauvinismത്തിന്റെ പ്രതിനിധിയായ ഷമ്മി എന്ന കഥാപാത്രം സിനിമയിലെ ഏറ്റവും മികച്ച ക്യാരക്റ്റർ നറേഷനുകളിൽ ഒന്നാണ്. ആണത്തമേൽക്കോയ്മയുടെ പ്രതിനിധിയായി, ഒരു സമൂഹത്തെ തന്നെ പ്രതിനിധാനം ചെയ്തുകൊണ്ട് ആ കഥാപാത്രം നിറഞ്ഞുനിൽക്കുമ്പോൾ ഇതുവരെ മലയാള സിനിമ കാണാത്ത ഒരു കഥാപാത്രമാവുന്നു ഷമ്മി. ഇങ്ങനൊരു കഥാപാത്രത്തിനെ അവതരിപ്പിച്ചിടത്ത് 'Raymond The Complete Man' എന്ന ഡയലോഗ് കൊടുത്തിടത്ത് തിരക്കഥാകൃത്തിന്റെ സാമൂഹിക വീക്ഷണം നമുക്ക് കാണാം. ജോലിയുടെ പ്രിവിലേജുകളെ പറ്റി വാതോരാതെ സംസാരിക്കുന്ന, പല തന്തക്ക് പിറന്നവരെന്ന് കളിയാക്കുന്ന ഷമ്മി നമുക്ക് ചുറ്റുമുള്ളവരിൽ ഒരുവൻ തന്നെയാണ്. വാതോരാതെ പറയാനുണ്ട് ഈ കഥാപാത്രത്തെ പറ്റി. പക്ഷെ ഇവിടെ അതിന് ഫുൾ സ്റ്റോപ്പ് ഇടുന്നു. അതാവും ഇനി കാണാനുള്ളവർക്ക് നല്ലത്.
ബോഡി ഷെയ്‌മിങ്ങും തേപ്പുമൊക്കെ കോമഡി സൃഷ്ടിക്കുന്നതിനായി പതിവായി മലയാള സിനിമയിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കാലത്ത് അതിനെ കവച്ചുവെക്കുന്ന രംഗങ്ങൾ കയ്യടി അർഹിക്കുന്നുണ്ട്. ട്രൂ ലവ് എല്ലാം കോമഡിയായോ എന്ന് ചോദിക്കുന്നത് മുതൽ വിനായകന്റെ ലുക്ക് വരെ പല ക്ലിഷേകളുടെയും പൊളിച്ചെഴുത്താണ്. പണ്ടുമുതലേ ഇത് തന്നെ ശീലിച്ച ശ്യാമിലി നിന്ന് വേറെന്ത് പ്രതീക്ഷിക്കാൻ. ഒപ്പം ജോലികളുടെ പ്രിവിലേജിനെ പറ്റി വാചാലരാവുന്ന, ഞാനടക്കമുള്ള സമൂഹത്തിന് നൈസായിട്ടൊരു അടി കൂടി ചിത്രം നൽകുന്നുണ്ട്. എല്ലാം ജോലിക്കും അതിന്റെതായ അന്തസുണ്ട്. അതാണ് ശരി..!!
സിനിമയിൽ ഏറ്റവും ആകർഷിച്ചത് സജി എന്ന കഥാപാത്രമാണ്. വാക്കുകളില്ല ആ കഥാപാത്രത്തെ വർണ്ണിക്കാൻ. കാപട്യമില്ലാത്ത പച്ച മനുഷ്യൻ. എത്ര രംഗങ്ങളിലാണോ മറ്റുള്ളവരെക്കാൾ ഒരുപടി മേലെ സജി ജ്വലിച്ച് നിൽക്കുന്നത്. ബോണിയുടെ കഥാപാത്രവും ഭംഗിയായി അവതരിപ്പിച്ചതാണ്. അധികം പ്രാധാന്യം പ്രഥമദൃഷ്ട്യാ തോന്നില്ലെങ്കിലും ആ കുടുംബത്തിന്റെ, സഹോദരങ്ങളുടെ ഒഴിവാക്കാൻ പറ്റാത്ത ഭാഗമാണ് ബോണിയെന്ന് പിന്നീട് മനസ്സിലാവും.
സ്ത്രീകഥാപാത്രങ്ങൾക്ക് അവരുടേതായ സ്‌പേസ് സിനിമ നൽകുന്നുണ്ട്. അന്ന ബെന്നിന്റെ കഥാപാത്രവും ആവശ്യമുള്ള സമയത്ത് പ്രതികരിക്കുന്ന ചേച്ചിയുമൊക്കെ മികവുറ്റ കാഴ്ച്ചകളായി. അത് തെല്ലും ഓവറായതുമില്ല എന്നതാണ് മറ്റൊരു വസ്തുത.
മധു സി നാരായണൻ എന്ന മികവുറ്റ സംവിധായകന്റെ ഉദയം സാക്ഷ്യപ്പെടുത്തുകയാണ് കുമ്പളങ്ങി നൈറ്റ്സ്. മലയാളസിനിമയുടെ ഭാവി വാഗ്ദാനം എന്ന് സംശയമേതുമില്ലാതെ നമുക്ക് ഊട്ടിയുറപ്പിച്ച് പറയാം ഇദ്ദേഹത്തെ. ശ്യാം പുഷ്ക്കരൻ ഇതുവരെ ചെയ്ത സിനിമകളിൽ നിന്ന് അൽപ്പം വ്യത്യസ്തമാണെകിലും തിരക്കഥ എന്ന ചട്ടക്കൂട് നമ്മിൽ തോന്നിക്കാത്ത വിധം അവതരത്തിൽ പക്വത കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഓരോ രംഗങ്ങളും തന്മയത്വത്തോടെ കൈകാര്യം ചെയ്തിരിക്കുന്നത് കണ്ടാൽ കുമ്പളങ്ങിയോട് വല്ലാത്തൊരു അടുപ്പം നമുക്ക് തോന്നിപ്പോവും.
സ്‌ക്രീനിൽ ഒരുമിച്ച് കാണണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ച താരങ്ങളാണ് ഫഹദും ഷൈനും. രണ്ടുപേരും തങ്ങളുടെ കരിയറിലെ മികച്ച വേഷങ്ങളിലൊന്ന് തന്നെയാണ് ചിത്തത്തിൽ കൈകാര്യം ചെയ്തത്. ഫഹദിന്റെ റോൾ ഇതുവരെ കണ്ടിട്ടില്ലാത്ത, മുൻ മാതൃകകളില്ലാത്ത ഒന്നായി മാറിയത് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. ഒരു ചിരി പോലും നമ്മെ വല്ലാതെ കൺഫ്യൂസ് ചെയ്യിക്കുന്ന, ഇപ്പോൾ എന്താണ് ആ മനസ്സിൽ എന്ന് ഒരു പിടിയും തരാത്ത ഷമ്മി അദ്ദേഹത്തിന് ഒരു പൊൻതൂവൽ തന്നെയാണ്. അതേടാ ഷമ്മി ഹീറോ തന്നെയാ.. ഈയിടെയായി ആവർത്തച്ചുവരുന്ന പൈങ്കിളി ഇമേജിൽ നിന്ന് നല്ലൊരു മാറ്റം തന്നെയായിരുന്നു ഷൈനിന് തന്റെ കഥാപാത്രം. എന്നാൽ ഇതിനേക്കാളുമൊക്കെ മികച്ച നിന്നത് സൗബിൻ ആണെന്ന കാര്യത്തിൽ തർക്കമില്ല. കഴിഞ്ഞ വർഷം മജീദ് ആയിരുന്നെങ്കിൽ ഈ വർഷം സജി.
വഞ്ചിയിൽ കൈക്കുഞ്ഞുമായി അമ്മ വരുന്ന ആ ഒരൊറ്റ രംഗം മതി ഷൈജു ഖാലിദിന്റെ കാലിബർ വീണ്ടും അടയാളപ്പെടുത്താൻ. എന്തൊരു ഭംഗിയാണ് ഓരോ ഫ്രയിമുകൾക്കും. ഒപ്പം സുഷിന് ശ്യാമിന്റെ ജീവനുള്ള പശ്ചാത്തലസംഗീതവും ഇമ്പമുള്ള ഗാനങ്ങളും ഫീൽ തരുന്നതിൽ ഒപ്പത്തിനൊപ്പം നിൽക്കുന്നു.
🔻FINAL VERDICT🔻
ഫീൽ ഗുഡ്, റിയാലിസ്റ്റിക്ക് എന്നീ ലേബലുകൾ ചാർത്തി സ്വയം വിഡ്ഢികളാവാതിരിക്കുക എന്നെ ഈ നിമിഷം എനിക്ക് പറയാനുള്ളൂ. ഒരുപാട് രാഷ്ട്രീയ വർത്തമാനങ്ങൾ ഉൾക്കൊള്ളുന്ന, അതിനൊപ്പം തന്നെ മികച്ച അനുഭൂതി സമ്മാനിക്കുന്ന ഗംഭീര സിനിമ. അതാണ് കുമ്പളങ്ങി നൈറ്റ്സ്. അത്രമേൽ ഹൃദ്യവും വശ്യവുമാണ് കുമ്പളങ്ങിയിലെ ആ രാത്രികൾ. പതിവ് കൺവെൻഷണൽ രീതികളോട് പാടെ സലാം പറഞ്ഞുകൊണ്ട് തങ്ങളുടേതായ രീതികൾ സിനിമയിൽ ഉൾക്കൊള്ളിക്കാൻ ശ്രമിക്കുന്ന പ്രതിഭകളുടെ ഈ കൂട്ടം മലയാള സിനിമയുടെ ഭാവി ശോഭനമാക്കുമെന്ന കാര്യത്തിൽ തർക്കമില്ല.
നമ്മുടെ സിനിമകൾ നമ്മുടെ കഥയല്ലാതെ മറ്റെന്താണ് പറയേണ്ടത്.❤❤
AB RATES ★★★★½
0 Comments