Timeline
November 02, 2019🔻തായ് സിനിമകളോട് വിമുഖത കാട്ടാനുള്ള കാരണം അത് സൃഷ്ടിച്ചെടുക്കുന്ന ഫേക്ക് ഇമോഷൻസ് ദഹിക്കാനുള്ള ബുദ്ധിമുട്ടിനാലാണ്. എന്നാൽ ഈ സിനിമയിൽ പല റിലേഷനിലും കുറച്ചെങ്കിലും ആത്മാർത്ഥത പ്രകടമാണ്. ആ അളവിൽ കാട്ടിത്തുടങ്ങുന്ന ബന്ധങ്ങൾ ഒടുവിലേക്കെത്തുമ്പോൾ വളരെ ഹൃദ്യമായ അനുഭവങ്ങളാവുന്നുണ്ട്. അങ്ങനെ ഈ ചിത്രം ഫീൽ ഗുഡ് മൂവികളിൽ പ്രിയപ്പെട്ട ഒന്നായി മാറുന്നുമുണ്ട്.
Year : 2014
Run Time : 2h 15min
🔻ഭർത്താവുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന ടാനിന്റെ അമ്മ അദ്ദേഹത്തിന്റെ വിയോഗശേഷം ഏറെ ഏകാന്തത അനുഭവിച്ചിരുന്നു. ആ ഏകാന്തതയിൽ അവർക്ക് കൂട്ടായി ആകെയുണ്ടായിരുന്നത് ടാനിന്റെ കളിചിരികളാണ്. അവന്റെ പുഞ്ചിരി തൂകിയ മുഖം പല കഷ്ടതകളിലും അവർക്ക് ആശ്വാസമായിരുന്നു. എന്നാൽ കോളേജിലെത്തിയപ്പോൾ നാട്ടിൽ നിന്ന് മാറി ബാങ്കോക്കിലേക്ക് ടാനിന് താമസം മാറേണ്ടി വരുന്നിടത്ത് അമ്മ ആകെ തകരുന്നു. തുടർന്ന് ടാനിന്റെയും അമ്മയുടെയും ജീവിതം രണ്ട് ധ്രുവങ്ങളിൽ പുരോഗമിക്കുന്നു.
🔻വളരെ പക്വമായ അവതരണം. അതൊരുപക്ഷേ പതിഞ്ഞ താളത്തിലാണെന്ന് നമുക്ക് തോന്നിയേക്കാം. എന്നാൽ ആ ട്രാക്കിലേക്ക് നമ്മൾ ഒത്തുചേർന്നാൽ മനോഹരമായ ഒരനുഭവമാണ് ചിത്രം നമുക്ക് സമ്മാനിക്കുക. അവരുടെ ജീവിതത്തിലേക്ക് പല കഥാപാത്രങ്ങളും കടന്നുവരുന്നതോടുകൂടി കഥ വികസിക്കുന്നു. നാഗരികതയുടെ ആർഭാടത്തിൽ മതിമറന്ന് ജീവിക്കുന്ന ടാനും മകൻ കൂടെയില്ലെന്ന് വിലപിക്കുന്ന അമ്മയും നമുക്ക് പ്രിയപ്പെട്ടവരാകുന്നു. അവിടെ ജൂൺ എന്ന കഥാപാത്രം കടന്നുവരുന്നു. ഒരുപക്ഷെ സിനിമയുടെ എനർജി മുഴുവൻ കുടിയിരിക്കുന്നത് ആ കഥാപാത്രത്തിലാണെന്ന് പറയേണ്ടി വരുന്നു. ഒപ്പം മറ്റ് ചിലരും വരുന്നതോട് കൂടി ഒരുപാട് റിലേഷനുകൾക്ക് വഴിതുറക്കുന്നു.
🔻ജൂണിന്റെ കളിചിരികൾ സിനിമയുടെ പ്രസരിപ്പാണ്. ഘട്ടം ഘട്ടമായി ആ കഥാപാത്രം നമ്മെ ഏറ്റവും സ്പർശിക്കുന്ന ഒന്നായി മാറുന്നുമുണ്ട്. മനോഹരമായ പല രംഗങ്ങൾക്കും വഴിവെക്കുന്നത് ജൂൺ ആണ്. ഒരുപക്ഷെ അത്രനേരം ഉണ്ടായിരുന്നവരെയൊക്കെ സൈഡാക്കി കളഞ്ഞ പ്രകടനവും കഥാപാത്രവുമായി മാറുന്നുണ്ട് ജൂൺ. തായ് സിനിമകളിൽ സ്ഥിരം കണ്ടുവരുന്ന ചില കോൺഫ്ലിക്റ്റുകൾ രണ്ട് രംഗങ്ങളിൽ കാണാനായതൊഴിച്ചാൽ ബാക്കിയെല്ലാം മനോഹരമായ അനുഭവങ്ങളാവുന്നുണ്ട്. ഒപ്പം വൈകാരികവും. അവസാന രംഗങ്ങളൊക്കെ ഏറെ പ്രിയപ്പെട്ടതായി. കോമഡി കൊണ്ടുവരാനുള്ള ചീപ്പ് ശ്രമങ്ങൾ എവിടെയും കാണാൻ സാധിക്കില്ല എന്നതും നല്ലൊരു ഘടകമായി തോന്നി.
🔻FINAL VERDICT🔻
ലളിതവും ഹൃദ്യവുമായൊരു ഫീൽ ഗുഡ് മൂവി. കണ്ട് കഴിയുമ്പോൾ കുറച്ച് നേരമെങ്കിലും ജൂൺ നമ്മുടെ കൂടെയുണ്ടാവും. അത്ര ഇഷ്ടമായി ആ കഥാപാത്രവും അവളുടെ ചിരിയും. ആത്മബന്ധങ്ങളുടെ വൈകാരികതയിൽ ആത്മാർത്ഥതയും സത്യസന്ധതയും കാണാൻ സാധിക്കുന്ന ചിത്രമായി അവശേഷിക്കുന്നുണ്ട് Timeline. തീർച്ചയായും ഫീൽ ഗുഡ് പ്രേമികൾക്ക് നല്ലൊരു അനുഭവം തന്നെയാവും ഈ ചിത്രം.
AB RATES ★★★½
ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests
0 Comments