Little Forest
March 05, 2020🔻'Chase Your Dreams' എന്ന വാക്യം പോലെ തന്റെ സ്വപ്നങ്ങളെ വെട്ടിപ്പിടിക്കാൻ നഗരത്തിലേക്ക് ചേക്കേറിയതാണ് Hye-Won. എന്നാൽ നിരാശയായി നാട്ടിലേക്ക് തിരിച്ച് മടങ്ങാനായിരുന്നു വിധി. എങ്കിലും അതിൽ പിൻവാങ്ങാൻ അവൾ തയ്യാറായിരുന്നില്ല. കുറച്ചുനാൾ അമ്മയുടെ വീട്ടിൽ താമസിച്ച ശേഷം വീണ്ടും തിരിച്ചുപോവാനുള്ള ഒരുക്കത്തിലാണ് Hye. അവിടെയാണ് തന്റെ സുഹൃത്തുക്കളെ അവൾ കണ്ടുമുട്ടുന്നത്. തുടർന്ന് നമ്മെ കുറെ ഓർമ്മകളിലേക്ക് കൊണ്ടുപോവുകയാണ് ചിത്രം.
Year : 2018
Run Time : 1h 43min
🔻കഥയുടെ പല ഘട്ടങ്ങളിലായി തന്റെ ഓർമ്മകളോട് Hye സംവദിക്കുന്നുണ്ട്. അമ്മയുടെ കൈപ്പുണ്യം അറിഞ്ഞ് താൻ രുചിച്ചിരുന്ന ഭക്ഷണങ്ങളിലൂടെ, കാലം മാറുന്നതനുസരിച്ച് വരുന്ന കാലാവസ്ഥാവ്യതിയാനങ്ങളിലൂടെ, തനിക്ക് ചുറ്റും കടന്നുവരുന്ന പരിചിതമായ മുഖങ്ങളിലൂടെ എന്നുവേണ്ട പല കാര്യങ്ങളും സിനിമയിൽ മെറ്റഫറായി ഉപയോഗിച്ചിരിക്കുന്നത് കാണാം. അത് തന്നെയാണ് സിനിമയെ ഏറെ മനോഹരമാക്കുന്നത്. സാധാരണക്കാർക്ക് പോലും ഏറെ ലളിതമായി മനസ്സിലാവും വിധം ഇത്തരം മെറ്റഫറുകൾ ഉപയോഗിച്ചിട്ടുണ്ട്. അമ്മയുമായുള്ള ആത്മബന്ധം എങ്ങോ നഷ്ടപ്പെട്ടെന്ന് കരുതുമ്പോഴും ആ വീടിനുള്ളിലെ ഓരോ കാഴ്ചകളും ഭൂതകാലത്തേക്ക് നയിക്കുകയാണ് അവളെ. അമ്മ തന്റെ ജീവിതത്തിൽ എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന തിരിച്ചറിവിലേക്കാണ് Hye നടന്നുനീങ്ങുന്നത്. ഒപ്പം തന്റെ സത്വത്തെ തേടിയുള്ള യാത്രയും.
🔻അനാവശ്യമായ മെലോഡ്രാമ പേരിന് പോലും സിനിമയിൽ കാണാനാവില്ല. കഥാപാത്രങ്ങൾ തമ്മിലുള്ള ആത്മബന്ധം അത്ര ജീവസ്സുറ്റതാണ്. Hyeവും അമ്മയും തമ്മിലുള്ള രംഗങ്ങൾ തന്നെ നോക്കുക. എത്ര തന്മയത്വത്തോടെയാണ് അവയൊക്കെയും അവതരിപ്പിച്ചിരിക്കുന്നത്. താൻ വളരുന്നതനുസരിച്ച് അമ്മയോടുള്ള ഹൃദ്യമായ ബന്ധം വളരുന്നതൊക്കെ മനോഹരമായി സ്‌ക്രീനിൽ പതിഞ്ഞിട്ടുണ്ട്. ഒപ്പം സുഹൃദ്ബന്ധവും അങ്ങനെ തന്നെ. വളരെ ലളിതമായ രംഗങ്ങളിലൂടെയാണ് അവയുടെ അവതരണം. മനസ്സിന് വല്ലാത്ത കുളിർമയേകുന്നുണ്ട് അവ പലപ്പോഴും.
🔻സിനിമയുടെ ടെക്നിക്കൽ വശങ്ങളെ പറ്റി പറയാൻ വാക്കുകളില്ല. വശ്യസുന്ദരമായ ഛായാഗ്രഹണവും ഭക്ഷണവും മനം മയക്കും. ആരുടേയും വായിൽ വെള്ളമൂറിപ്പോവും അത് കാണുമ്പോൾ. ഇതുവരെ കണ്ടുശീലിച്ചിട്ടില്ലാത്തവയാണെങ്കിലും ഒന്ന് കഴിക്കാൻ ആഗ്രഹം തോന്നിപ്പോയി എന്നതാണ് സത്യം. ഓരോ ഫ്രെയിമുകളും വാൾപേപ്പർ ആക്കാൻ സാധിക്കും എന്ന വിശേഷണം ഈ സിനിമക്ക് 100% യോജിക്കും. കണ്ടറിയുക ദൃശ്യവിരുന്ന്.
🔻FINAL VERDICT🔻
കൊറിയൻ ഫീൽ ഗുഡ് സിനിമകളിലേക്ക് മനോഹരമായ ഒരു കൂട്ടിച്ചേർക്കലാണ് Little Forest. പതിഞ്ഞ താളത്തിലാണ് അവതരണമെങ്കിൽ കൂടി അതിലേക്ക് അലിഞ്ഞ് ചേർന്നാൽ മനസ്സ് നിറക്കും വിധം ആസ്വദിക്കാം. ദൃശ്യമനോഹാരിത കൊണ്ടും ഭക്ഷണപ്രിയൻ ആയത് കൊണ്ടും സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ തോന്നിയില്ല. ഒടുവിൽ ചുണ്ടിലൊരു പുഞ്ചിരിയുമായി കാഴ്ച്ച അവസാനിപ്പിക്കാം.
AB RATES ★★★½
1 Comments
പ്രകൃതി ഭംഗി, ഭക്ഷണം മനോഹരമായ സിനിമ...
ReplyDelete