Kingdom S1 & S2

March 16, 2020



🔻ആദ്യമായി കണ്ട കൊറിയൻ സിനിമ Train To Busan ആയിരുന്നു. സോമ്പി സിനിമകൾ കാര്യമായി കാണാത്തത് കൊണ്ടുതന്നെ അത് നന്നായി ആസ്വദിക്കാൻ സാധിച്ചു. അവിടെ തുടങ്ങിയതാണ് കൊറിയൻ സിനിമകളോടുള്ള പ്രേമം. Kingdom എന്ന netflixന്റെ ആദ്യ കൊറിയൻ ഒറിജിനൽ സീരീസ് സോമ്പി തീം തന്നെയാണ് കൈകാര്യം ചെയ്യുന്നത്. എന്നാൽ Joseon കാലഘട്ടത്തെ കേന്ദ്രീകരിച്ചിരിക്കുന്ന കഥയിൽ അത് മാത്രമല്ല പ്രതിപാദ്യവിഷയമായി വരുന്നത് എന്നതാണ് ശ്രദ്ധേയം.

Year : 2019- 2020
Episodes : 6 ep in each seasons
Run Time : 40-55min

🔻ആ കാലഘട്ടത്തിൽ രാജ്യം ഭരിച്ചുകൊണ്ടിരുന്ന രാജാവിന്റെ മഹാമാരിയിലാണ് കഥയുടെ തുടക്കം. അദ്ധേഹം മരിച്ചിട്ടില്ല എന്ന വാർത്ത മാത്രമാണ് മകനടക്കം ലഭിച്ചിരിക്കുന്നത്. രാജാവിനെ കാണാൻ അദ്ദേഹത്തിന് പോലും അനുമതിയില്ല. എന്നാൽ കാര്യങ്ങളിൽ ഏറെ സംശയം തോന്നിയ രാജകുമാരൻ സത്യാവസ്ഥ അന്വേഷിച്ച് ഇറങ്ങുകയാണ്. എന്നാൽ ലഭിക്കുന്നതോ ഞെട്ടിക്കുന്ന വിവരങ്ങളും. ഇതേ സമയത്താണ് സൂര്യാസ്തമയ ശേഷം മനുഷ്യമാസം തേടിയിറങ്ങുന്ന മനുഷ്യരെ അവർക്ക് നേരിടേണ്ടി വരുന്നത്. ഇതോടെ കാര്യങ്ങൾ കൂടുതൽ കുഴഞ്ഞുമറിയുന്നു.

🔻പരിചിതമായ തീമിനെ മികച്ച രീതിയിൽ ഒരു പിരീഡ് ഡ്രാമയുമായി കോർത്തിണക്കി ഗംഭീരമായി അവതരിപ്പിച്ചിരിക്കുകയാണ് Kingdom സീരീസ്. വയലൻസ് മാത്രമായി ഒതുങ്ങിയേക്കുമായിരുന്ന പ്രമേയത്തെ കഥാപാത്രനിർമ്മിതിയുടെ ദൃഢത കൊണ്ട് വേറൊരു തലത്തിലേക്ക് ഉയർത്തുകയാണ് സംവിധായകൻ. സോമ്പി എന്ന ആശയത്തോടുണ്ടാവുന്ന ഭയത്തോടൊപ്പം ആ രാജ്യത്തിന്റെ ഭരണ കാര്യത്തിലും ഒരുപോലെ നമ്മെ ആശങ്കാകുലരാക്കുന്നുണ്ട് സംവിധായകൻ. പക്വതയുള്ള എഴുത്തിന്റെയും സംവിധാനമികവിന്റെയും മേന്മ അനുഭവിച്ചറിയാൻ സാധിക്കുന്നുണ്ട് കാഴ്ചയിലുടനീളം.

🔻സോമ്പികൾ മാത്രമല്ല, തന്നോടൊപ്പമുള്ളവരിലും ശത്രുക്കളെ കണ്ടെത്തുന്ന രാജകുമാരന്റെ നിലനിൽപ്പിനായുള്ള പോരാട്ടമാണ് Kingdom. രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷക്കായി ജീവൻ പോലും പണയം വെച്ച് വിശ്വസ്തരായ കൂട്ടാളികൾക്കൊപ്പമുള്ള പോരാട്ടം വളരെ ത്രില്ലിങ്ങായും എൻഗേജിങ് ആയും അവതരിപ്പിച്ചിരിക്കുകയാണ് സീരീസിലൂടെ. ടെൻഷൻ നിറഞ്ഞ മൊമന്റുകളും രോമാഞ്ചം നൽകുന്ന രംഗങ്ങളും ചോര ചീന്തുന്ന ആക്ഷൻ സീനുകളുമടക്കം എല്ലാം കൊണ്ടും ആസ്വാദ്യകരമാണ് ഈ സീരീസ്. ഒരു വൈഡ് ആംഗിൾ ഷോട്ടിൽ perfect cliffhangerൽ ആദ്യ സീസൺ അവസാനിച്ചപ്പോൾ പൂർണ്ണതൃപ്തി ആയിരുന്നു ഫലം. രണ്ടാം സീസൺ അതിനേക്കാൾ ഒരുപടി മുകളിൽ നിൽക്കുന്ന അനുഭവം സമ്മാനിച്ചു.

🔻സോമ്പികളെ കുറിച്ചുള്ള ഡീറ്റൈലിംഗ് ആണ് രണ്ടാം സീസണിൽ ഏറെ ഇഷ്ടപ്പെട്ട സംഗതി. മനസ്സിൽ ഉണ്ടായിരുന്ന ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം നൽകുവാൻ രണ്ടാം സീസണ് സാധിച്ചിട്ടുണ്ട്. ഒപ്പം കഥാപാത്രങ്ങൾ തമ്മിലുള്ള കോൺഫ്ലിക്റ്റുകൾ ശക്തമായി അടയാളപ്പെടുത്തുവാനും സാധിച്ചിട്ടുണ്ട്. ആഖ്യാനത്തിന്റെ വേഗതയും ആദ്യ സീസണെക്കാൾ കൂടിയിട്ടുണ്ട്. ഇതിനെല്ലാം പുറമെ Political drama എന്ന രീതിയിലും കഥയെ നന്നായി ഡെവലപ്പ് ചെയ്യാൻ സാധിച്ചിട്ടുണ്ട്. കഥാഗതിയിൽ അത് നന്നായി ഉപയോഗപ്പെടുത്തിയിട്ടുമുണ്ട്. ഒടുവിൽ എല്ലാം ഒടുങ്ങിയെന്ന് തോന്നിച്ചിടത്ത് ഒരു കിടിലൻ സർപ്രൈസ് അപ്പിയറൻസിലൂടെ അടുത്ത cliffhanger കൂടി നൽകി രണ്ടാം സീസൺ അവസാനിച്ചപ്പോൾ നീണ്ട കാത്തിരിപ്പിനെ കുറിച്ചോർത്തുള്ള ദുഃഖം മാത്രം ബാക്കിയായി.

🔻താരങ്ങളുടെ തകർപ്പൻ പ്രകടനങ്ങൾ കൊണ്ട് ശ്രദ്ധേയമാണ് ഓരോ കഥാപാത്രങ്ങളും. ചെറിയ റോളുകളിൽ വന്നുപോകുന്നവർ പോലും മനസ്സിൽ തങ്ങിനിൽക്കും വിധം സിഗ്നേച്ചർ പതിപ്പിക്കാൻ അവസരം നല്കിയിട്ടുണ്ടാവും ഏതെങ്കിലും തരത്തിൽ. ആക്ഷൻ കൊറിയോഗ്രാഫി ഗംഭീരമാണ്. അതുപോലെ തന്നെ പിരീഡ് ഡ്രാമയായി ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ആർട്ട് വർക്കുകൾ, geography തുടങ്ങി എല്ലാ തലങ്ങളിലും ഒന്നിനൊന്ന് മികവ് പുലർത്തുന്നുണ്ട് ടെക്നിക്കൽ വശങ്ങൾ. ത്രസിപ്പിക്കുന്ന പശ്ചാത്തലസംഗീതവും കിടിലൻ ഫ്രെയിമുകളുമൊക്കെയായി വിരുന്ന് തന്നെയാണ് ഈ സീരീസ്.

🔻FINAL VERDICT🔻

പൊളിറ്റിക്കൽ ഡ്രാമയെ സോമ്പി തീമുമായി ഗംഭീരമായി സമന്വയിപ്പിച്ചിരിക്കുകയാണ് Kingdom. ആക്ഷൻ രംഗങ്ങൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഒന്നൊന്നര വിരുന്ന് തന്നെയാണ് ഈ സീരീസ്. ഗംഭീര പ്രകടനങ്ങൾ കൊണ്ടും ത്രസിപ്പിക്കുന്ന രംഗങ്ങൾ കൊണ്ടും top notchലുള്ള ടെക്നിക്കൽ പെർഫെക്ഷൻ കൊണ്ടും പൂർണ്ണ തൃപ്തിയാണ് സീരീസ് സമ്മാനിച്ചത്. 6 എപ്പിസോഡുകൾ വീതം മാത്രമുള്ള 2 സീസണുകൾ ആയതുകൊണ്ട് തന്നെ Binge watchന് ഉത്തമമാണ്. അത് തന്നെയാണ് ആസ്വാദനത്തിനും ഗുണം ചെയ്യുക. ഒരിക്കലും ഒഴിവാക്കാതിരിക്കുക. നല്ല ക്വാളിറ്റിയിൽ തന്നെ കാണുക.

AB RATES 

സീരീസ് ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments