Castle Of Dreams
March 05, 2020🔻ഇറാനിയൻ സിനിമകൾ ഭൂരിഭാഗവും സംഭാഷണകേന്ദ്രീകൃതമായാണ് മുന്നേറുന്നത്. ഒരു പ്രത്യേക രംഗത്തിൽ നിന്ന് തുടങ്ങി അതിലേക്ക് കൂടുതൽ കണ്ണികളെ വലിച്ചിടുകയും അതിലൂടെ കഥാതന്തുവിനെ കൂടുതൽ സങ്കീർണ്ണമാക്കുകയും ചെയ്യുകയാണ് പതിവ്. കാണുന്നവർ അറിയാതെ തന്നെ അതിലേക്ക് വഴുതിവീഴുന്ന അവസ്ഥ ഇറാനിയൻ സിനിമകളിലാണ് ഏറ്റവും കൂടുതൽ അനുഭവിച്ചറിഞ്ഞിട്ടുള്ളത്. അതുകൊണ്ട് തന്നെയാണ് ഏറ്റവും പ്രിയപ്പെട്ട ഇൻഡസ്ട്രിയായി ഇറാനിയൻ ഇൻഡസ്ട്രി വളരുന്നതും. ആ ഇഷ്ടത്തിന് ആക്കം കൂട്ടുന്ന, ആ നിരയിലേക്ക് നെഞ്ചോട് ചേർത്ത് വെക്കാനാവുന്ന ഒരു ചിത്രം ചിത്രം കൂടി. അതാണ് Castle Of Dreams.
Year : 2019
Run Time : 1h 22min
🔻തന്റെ ഭാര്യാസഹോദരിയുടെ വീട്ടിലേക്ക് നാളുകൾക്ക് ശേഷം വരികയാണ് ജലാൽ. ICUവിൽ മരണത്തോട് മല്ലടിക്കുന്ന ഭാര്യയെ ഒരു നോക്ക് കാണാൻ കൂട്ടാക്കാതെ, വർഷങ്ങൾക്ക് മുമ്പ് ആ വീട്ടിൽ ഏൽപ്പിച്ച തന്റെ മക്കളെ പറ്റി ഒരു വാക്ക് പോലും ചോദിക്കാതെ, ഭാര്യയുടെ പേരിലുള്ള കാർ വിൽക്കുക എന്ന ലക്ഷ്യത്തോടെ മാത്രം. എന്നാൽ ഒരു പ്രത്യേക സാഹചര്യത്തിൽ മനസ്സില്ലാമനസ്സോടെ മക്കളെയും തന്റെയൊപ്പം കൂട്ടേണ്ടി വരുന്നു ജലാലിന്. അപ്പോഴും അദ്ധേഹത്തിന്റെ മനസ്സിൽ മറ്റ് പല പദ്ധതികളുമായിരുന്നു.
🔻ഇറാനിയൻ സിനിമകളുടെ PR മാനേജർമാരായിരുക്കും അതിൽ അഭിനയിക്കുന്ന കുട്ടികൾ. ഒരു നോക്ക് കണ്ടാൽ പിന്നെയൊരിക്കലും മറക്കാൻ സാധിക്കില്ല ആ മുഖങ്ങൾ. അത്രമേൽ നമ്മുടെ മനസ്സിൽ പതിയും നിഷ്കളങ്കമായ ആ മുഖങ്ങൾ. Children Of Heavenഉം Colour Of Paradiseഉം സിനിമാസ്നേഹികൾക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ലല്ലോ. ഈ സിനിമയിലൂടെയും കിട്ടി രണ്ട് പ്രിയപ്പെട്ട കഥാപാത്രങ്ങളെ. സാറയും അലിയും. ഒരുപക്ഷെ ജലാലിന് ശേഷം സിനിമയുടെ മുഴുവൻ സംഘർഷങ്ങളും പേറുന്ന രണ്ടുപേർ. കഥ വികസിക്കുന്നത് തന്നെ പ്രധാനമായും ഇവരിലൂടെയാണ്. ഇരുവരുടെയും ഭാവിയെ ചൊല്ലി ആവലാതിപ്പെടുകയാവും ഭൂരിഭാഗം സമയവും നാം.
🔻മക്കളെയും കൊണ്ടുള്ള യാത്രയിലൂടെ ജലാൽ കണ്ടുമുട്ടുന്ന, യാത്രയിൽ അനുഗമിക്കുന്ന കഥാപാത്രങ്ങളിലൂടെയാണ് ജലാലിന്റെ കഥാപാത്രം രൂപാന്തരം പ്രാപിക്കുന്നത്. ഒരു സാധാരണ മനുഷ്യൻ എന്നതിനപ്പുറം അദ്ധേഹത്തിന്റെ ഭൂതകാലത്തെ വ്യക്തമായി വരച്ചിടുന്നുണ്ട് അവരുമായുള്ള സംഭാഷണങ്ങൾ. നജ്മയുമായുള്ള വിവാഹം കഴിഞ്ഞ കാര്യം ആരും അറിഞ്ഞില്ലെന്നത് മുതൽ തുടങ്ങുന്നുണ്ട് രഹസ്യങ്ങളുടെ കലവറ. സാറയോട് തന്റെ ഉമ്മ പറഞ്ഞിരുന്ന വാപ്പയുടെ സങ്കല്പങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നുപോവുന്ന ചില സന്ദർഭങ്ങളുണ്ട്. കാര്യങ്ങൾ മനസ്സിലാക്കാനുള്ള പ്രായം സാറക്ക് ആയിട്ടില്ലെങ്കിലും പ്രായത്തിനേക്കാൾ പക്വതയുള്ള അലി സന്ദർഭോചിതമായി സാറയെ പറഞ്ഞ് മനസ്സിലാക്കുന്നുണ്ട്. 'Partner For Life' അടക്കമുള്ള പ്രയോഗങ്ങൾ അത്തരത്തിൽ ഉദിച്ചതാണ്. അത്തരത്തിൽ ഓരോ നിമിഷവും മനുഷ്യമനസ്സിനെ സങ്കീർണ്ണമാകുന്ന ആഖ്യാനത്തിലൂടെ പിടിച്ചിരുത്തുന്നുണ്ട് ചിത്രം.
🔻ഓരോ അഭിനേതാക്കളുടെയും ഗംഭീര പ്രകടനങ്ങളാണ് കഥാപാത്രങ്ങളുടെ ഹർഷസംഘർഷങ്ങൾ നമ്മിലേക്ക് എടുത്തെറിയാൻ സഹായിക്കുന്നത്. ആ കുരുന്നുകൾ എത്ര നിഷ്കളങ്കരാണ്..! ആ പുഞ്ചിരിയും കണ്ണീർ പൊടിഞ്ഞ കണ്ണുകളുമൊന്നും അത്ര വേഗം മനസ്സിൽ നിന്ന് പോവില്ല. ജലാലിന്റെ കഥാപാത്രം ഹമീദ് എന്ന നടനിൽ അങ്ങേയറ്റം സുരക്ഷിതമായിരുന്നു. ഇതോടൊപ്പം തന്നെ ഇറാനിയൻ കാലാവസ്ഥയെ ഭംഗിയായി ഒപ്പിയെടുത്തിട്ടുണ്ട് സംവിധായകൻ. ഏറെ റിയലിസ്റ്റിക്കായ അവതരണത്തിൽ അലിഞ്ഞ് ചേരുന്നു ഛായാഗ്രഹണവും.
🔻FINAL VERDICT🔻
ഭൂതകാലം വേട്ടയാടുന്ന പിതാവിന്റെ പക്കൽ അദ്ധേഹത്തിന്റെ മക്കൾ സുരക്ഷിതരായിരിക്കുമോ എന്ന ചോദ്യം സിനിമ ബാക്കിവെക്കുന്നുണ്ട്. നിഷ്കളങ്കതയുടെ മുന്നിൽ ധാർഷ്ട്യം മുട്ടുമടക്കുന്ന കാഴ്ച്ച ഹൃദയസ്പർശിയായിരുന്നു. ജീവസ്സുറ്റ ഒരുപിടി കഥാപാത്രങ്ങളും സമ്മാനിച്ച് നെഞ്ചിൽ എരിയുന്ന കനലും കോരിയിട്ട് ആ യാത്ര തുടരുകയാണ്. പ്രേക്ഷകനുമായി പൂർണ്ണ അർത്ഥത്തിൽ സംവദിക്കുന്നിടത്താണ് ചിത്രം മറക്കാനാവാത്ത അനുഭവമായി മാറുന്നത്. ഒരു കുടുംബത്തെ തന്റെ ക്യാമറാഫ്രെയിമിനുള്ളിൽ ഒതുക്കാനുള്ള സത്യസന്ധമായ സംവിധായകന്റെ ശ്രമം അടുത്തറിയുക. ഒരിക്കലും നഷ്ടപ്പെടുത്തരുത് ഈ അനുഭവം.
AB RATES ★★★★☆
ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests
0 Comments