Asur S1
March 26, 2020🔻വളരെ ത്രില്ലിങ്ങ് ആയ ഇൻവെസ്റ്റിഗേഷനിലേക്ക് ഇന്ത്യൻ മിത്തോളജിയെ ഗംഭീരമായി ലയിപ്പിച്ചിരിക്കുകയാണ് അസുർ എന്ന സീരീസ്. സാധാരണ കണ്ടുവരുന്ന ബൈബിൾ കില്ലേഴ്‌സിനേക്കാൾ നമ്മുടെ ആസ്വാദനത്തെ മിത്തോളജി സ്വാധീനിക്കുന്നുണ്ട്. സംസ്കൃത വചനങ്ങളും അത് പേറുന്ന അർത്ഥതലങ്ങളുമൊക്കെ വ്യത്യസ്തമായ രീതിയിൽ ഉപയോഗിച്ചിടത്താണ് അസുർ ഇന്ത്യൻ സീരീസുകളിലെ തന്നെ നാഴികക്കല്ലായി മാറുന്നത്.
Year : 2020
Episode : 8
Run Time : 40-60 min
🔻തന്റെ ബേക്കറിയിൽ ജോലിയിൽ ഏർപ്പെട്ടിരുന്ന ഒരു സ്ത്രീ അതിക്രൂരമായി കൊല്ലപ്പെടുന്നിടത്താണ് കഥ തുടങ്ങുന്നത്. വികലമാക്കപ്പെട്ടു ആ മൃതദേഹം പോസ്റ്റ്മാർട്ടം ചെയ്ത DJ ആ Modus operandiയെ മറ്റ് രണ്ട് കൊലപാതകങ്ങളുമായി ചേർത്തുവെക്കുന്നു. അതൊരു തുടക്കം മാത്രമായിരുന്നു. പല ലൊക്കേഷനുകളിലായി, പല കോർഡിനേറ്റുകളിലായി നടക്കപെടുന്ന സീരിയൽ കില്ലിങ്ങുകളുടെ തുടക്കം.
ആ കൊലപാതകങ്ങളിൽ മറ്റൊരാളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. ഓരോ കൊലപാതകങ്ങൾ നടക്കുമ്പോഴും ആ കോർഡിനേറ്റുകൾ മുൻ CBI ഓഫീസറായിരുന്ന നിഖിലിന്റെ ഫോണിലേക്ക് മെസേജായി വന്നുകൊണ്ടിരുന്നു. തുടർന്ന് അന്വേഷണത്തിൽ അദ്ദേഹത്തിനും പങ്കാളിയാവേണ്ടി വരുന്നു. പിന്നീട് അത്യന്തം ഉദ്വേഗജനകമായ മുഹൂർത്തങ്ങളാണ് നമ്മെ കാത്തിരിക്കുന്നത്.
🔻ഇന്ത്യൻ സീരീസുകളിൽ ശ്രദ്ധേയമായിരുന്നു Sacred Gamesഉം Breatheഉം. രണ്ടും ഒരുപാട് പ്രേക്ഷകശ്രദ്ധയും പിടിച്ചുപറ്റി. അതിനോട് കിടപിടിക്കത്തക്ക നിലവാരമുള്ള ഗംഭീര ത്രില്ലറാണ് Asur. എന്നാൽ പ്രേക്ഷകരുടെ ശ്രദ്ധ വേഗമെത്തുന്ന പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാനായില്ല എന്നതാണ് സീരീസിന് പിണഞ്ഞ അബദ്ധം. അതൊഴിച്ച് നിർത്തിയാൽ മികച്ച തിരക്കഥയും അതിനൊത്ത സംവിധായകമികവും ദർശിക്കാവുന്ന മികച്ച സൃഷ്ടി തന്നെയാണ് അസുർ. കഥയിലെന്ന പോലെ അവതരണത്തിലും പ്രത്യേകതകൾ ഏറെയാണ്. എല്ലാ എപ്പിസോഡുകളുടെയും ആദ്യ രംഗവും അവസാനരംഗവും കഥയുടെയും കഥാപാത്രങ്ങളുടെയും വളർച്ചക്ക് സഹായകമാവുന്നുണ്ട്. ഒപ്പം ക്ലിഫ്‌ഹാങ്ങറുകളുടെ നീണ്ട നിരയും കാണാം. അവയുടെയൊക്കെയും ആസ്വാദനം വർദ്ധിപ്പിക്കുന്ന തലത്തിലാണ് പശ്ചാത്തലസംഗീതവും ക്യാമറവർക്കുകളും മികവ് പുലർത്തുന്നത്.
🔻Barun Sobtiയെ പറ്റി പറയാതിരിക്കാൻ കഴിയില്ല. പല വൈകാരികതലങ്ങളിലൂടെ സഞ്ചരിക്കുന്ന നിഖിലിന്റെ കഥാപാത്രത്തെ അതിഗംഭീരമാക്കിയിട്ടുണ്ട് Barun. സീരീസിൽ ഇമോഷണലി ഏറ്റവും ഇഷ്ടം തോന്നിയ കഥാപാത്രവും നിഖിലിന്റേതാണ്. അർഷദ് വർസിയും തന്റെ കഥാപാത്രത്തെ ഭംഗിയാക്കിയിട്ടുണ്ട്. ഇരുവരും മത്സരിച്ചഭിനയിക്കുകയായിരുന്നു എന്ന് തന്നെ പറയാം.
🔻FINAL VERDICT🔻
ഇതുവരെ കണ്ട പരിമിതമായ ഇന്ത്യൻ സീരീസുകളിൽ ഏറ്റവും പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞു അസുർ. കൂടുതൽ പറഞ്ഞ് ഫ്രെഷ്നെസ്സ് നഷ്ടപ്പെടുത്തുന്നില്ല. Must Watch label നൽകി ഈ കുറിപ്പ് അവസാനിപ്പിക്കുന്നതാവും ഉത്തമം.
AB RATES ★★★★☆
സീരീസ് ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests
0 Comments