🔻യുദ്ധം ഒരു രാജ്യത്ത് പ്രത്യക്ഷത്തിൽ ഉണ്ടാക്കുന്ന മുറിവുകളേക്കാൾ അവിടുത്തെ പൗരന്മാരിൽ കോറിയിടുന്ന പരോക്ഷമായ മുറിവുകളാണ് ഉണങ്ങാൻ കാഠിന്യമേറിയത്. അവരുടെ ജീവിതം തന്നെ തുലാസിലാടുന്ന നിമിഷങ്ങളിലൂടെ ജീവിക്കേണ്ടി വരുമ്പോൾ ഭീതിയൊഴിവാകുന്ന നിമിഷങ്ങളിലേക്ക് ഏകപ്പെടാൻ പ്രതീക്ഷിക്കുന്നതിനുമപ്പുറം സമയമെടുത്തേക്കും. പുരുഷന്മാരേക്കാളേറെ സ്ത്രീകളെയും കുട്ടികളെയും അത് ബാധിക്കുകയും ചെയ്യും. അത്തരത്തിൽ ഒരു സ്ത്രീയുടെ കഥയാണ് Halima's Path മുന്നോട്ട് വെക്കുന്നത്.
Year : 2012
Run Time : 1h 37min
🔻ബോസ്നിയയും സെർബിയയും തമ്മിലുള്ള യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. അപ്പോൾ തന്റെ വീട്ടിൽ നിന്ന് പട്ടാളം ഇറക്കിക്കൊണ്ടുപോയതാണ് ഹലീമയുടെ ഭർത്താവിനെയും മകനെയും. വർഷങ്ങൾ ഒരുപാട് മുന്നോട്ട് പോയി. യുദ്ധാന്തരീക്ഷം ശാന്തമാവുകയും ചെയ്തു. എന്നാൽ പോയവർ പിന്നീട് തിരിച്ചുവന്നില്ല. അവരെത്തേടിയുള്ള ഹലീമയുടെ സഞ്ചാരം. അതാണ് ചിത്രത്തിന്റെ പ്രമേയം. യാഥാർത്ഥസംഭവമാണ് ചിത്രം കൈകാര്യം ചെയ്യുന്നത് എന്നതാണ് സിനിമയെ ശ്രദ്ധേയമാക്കുന്നത്.
🔻ഹലീമ കേവലമൊരു വ്യക്തിയായിരുന്നില്ല. ഒരു സമൂഹത്തെ തന്നെ പ്രതിനിധീകരിക്കുകയാണ് ചിത്രം ഹലീമയിലൂടെ. ചരിത്രത്താളുകളിൽ സ്വർണ്ണലിപികളാൽ പേരെഴുതാനുള്ള അവസരങ്ങളായി പലപ്പോഴും യുദ്ധം മാറുമ്പോഴും നഷ്ടക്കണക്കുകൾ മാത്രം നിരത്താൻ അവശേഷിക്കുന്ന ഒരുപറ്റം ജീവനുകൾ കാണും അവർക്ക് കീഴെ. മറ്റാരുടെയും കണ്ണിൽ പെടാതെ ജീവിതം തങ്ങൾക്ക് മുന്നിൽ വെറും ചോദ്യചിഹ്നമായി അവശേഷിക്കുന്ന ഒരു സമൂഹം. അതിജീവനത്തിന്റെ സന്ദേശവും പേറി ജീവിതം ജയിച്ചുകയറുന്ന ചിലരുണ്ടാവും ആ കൂട്ടത്തിൽ. ജീവിതം അതുവരെ അവർക്ക് നൽകിയ ദുരന്താനുഭവങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ട്, അതിൽ നിന്ന് ഊർജ്ജം സംഭരിച്ച് നരകതുല്യമായ യാതനകൾ അതിജീവിച്ച് ജീവിതത്തെ നോക്കിക്കാണുന്നവർ. അവരുടെ പ്രതിനിധിയാണ് ഹലീമ.
🔻യുദ്ധം ഇരയെ മാത്രമല്ല വേട്ടയാടുക, വേട്ടക്കാരനും അതിന്റെ ദൈന്യതയിലേക്ക് വഴുതിവീഴുമെന്ന ഭീകരമായ സത്യം കൂടി നമുക്ക് മനസ്സിലാക്കിത്തരികയാണ് സംവിധായകൻ. എന്നാൽ ഇതൊക്കെയും നമ്മേപ്പോലെ ഭൂമിയിൽ ജീവിച്ചുതീർത്തവരുടെ കഥയാണല്ലോ എന്നതാണ് വിരോധാഭാസം. കേവലം സിനിമാശൈലിയിലേക്ക് കഥയെ രൂപാന്തരപ്പെടുത്താതെ പൂർണ്ണമായും റിയാലിറ്റിയെന്ന് നമ്മെ വിശ്വസിപ്പിച്ചെടുക്കാൻ അവതരണത്തിന് സാധിക്കുന്നുണ്ട്. ഏത് കാലത്തും ലോകത്തെ ഏത് സമൂഹത്തും ഈ കഥ ചേർന്നുനിൽക്കുമെന്നതാണ് സത്യം. നഷ്ടങ്ങൾ മാത്രം ഭൂമിയിൽ രേഖപ്പെടുത്തുന്ന യുദ്ധങ്ങൾക്ക് എന്നെങ്കിലുമൊരു അറുതി വീഴണമെന്ന പ്രാർത്ഥന മാത്രം ചിത്രം അവശേഷിപ്പിക്കുന്നു.
🔻FINAL VERDICT🔻
Incendies അടക്കമുള്ള ചിത്രങ്ങൾ മുന്നോട്ട് വെക്കുന്ന യുദ്ധാനന്തര ജീവിതങ്ങൾ തന്നെയാണ് ഹലീമയുടെ ജീവിതത്തിലൂടെ ചിത്രം അടയാളപ്പെടുത്തുന്നത്. മനുഷ്യത്വമെന്നാൽ കേവലം പ്രഹസനങ്ങളായി മാറിയിരിക്കുന്ന കാലഘട്ടത്തിൽ യുദ്ധമില്ലാത്ത ലോകം ഒരു സ്വപ്നം മാത്രമായി അവശേഷിക്കുകയാണ്. ക്രൊയേഷ്യയുടെ ഓസ്കർ എൻട്രി ആയിരുന്ന ചിത്രം തീർച്ചയായും കാണേണ്ട അതിശക്തമായൊരു ഡ്രാമയാണ്. നമുക്ക് ചുറ്റും ഒരിക്കൽ സംഭവിച്ചേക്കാവുന്ന, ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവിതങ്ങളുടെ ഓർമ്മപ്പെടുത്തലുകൾ തന്നെയാണ് ഇവയൊക്കെയും.
AB RATES ★★★½