Godha (2017) - 120 min

May 22, 2017

''ഗുസ്തിയാണ് എന്റെ ജീവിതവും കാമുകനും എല്ലാം..എന്നാൽ ഒരു പെണ്ണായി ജനിച്ചതിന്റെ പേരിൽ വലിച്ചെറിയേണ്ടതാണോ എന്റെ സ്വപ്നങ്ങൾ..അവയും വെളിച്ചം കാണേണ്ടത് തന്നെയല്ലേ''



തന്റെ ആദ്യ സിനിമയിലൂടെ തന്നെ പ്രതിഭ തെളിയിച്ച സംവിധായകനാണ് ബേസിൽ..വ്യത്യസ്തമായ പ്രമേയവും ആഖ്യാനവും വളരേയേറെ ആസ്വദിച്ചിരുന്നു ഞാൻ..തന്റെ രണ്ടാം ചിത്രം അനൗൺസ് ചെയ്തപ്പോൾ തന്നെ എന്നിൽ പ്രതീക്ഷകൾ ഏറെയായിരുന്നു..അതും ആദ്യ ചിത്രത്തിൽ നിന്ന് പാടേ വ്യത്യസ്തമായ ഒരു പ്രമേയവുമായി വരുന്നു എന്നറിഞ്ഞപ്പോൾ..

ഗുസ്തിയെ ജീവന് തുല്യം സ്നേഹിക്കുന്നവളാണ് അതിഥി..എന്നാൽ വീട്ടിലെ സാഹചര്യങ്ങളും പെണ്ണായിപ്പോയി എന്നത് കൊണ്ടും സ്വപ്നം ത്വജിക്കേണ്ട വക്കിലെത്തി നിക്കുകയാണവൾ.. സർവ്വ പ്രതീക്ഷകളും ഇല്ലാതായിരിക്കുന്ന സമയത്താണ് അവളുടെ ജീവിതത്തിലേക്ക് ദാസ് കടന്നുവരുന്നത്..അതുവഴി അവന്റെ അഛനായ ക്യാപ്റ്റനും..തുടർന്ന് അവളുടെ ജീവിതം പാടേ മാറുകയാണ്..

ബേസിൽ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ രാകേഷ് മാന്തോടിയുടേതാണ്..കുഞ്ഞിരാമായണത്തിലേത് പോലെ തന്നെ ഇതും ഒരു സാങ്കൽപ്പിക സ്ഥലത്ത് നടക്കുന്ന കഥയാണ്..മനയത്തുവയൽ..അവിടെയാണ് തിരക്കഥാകൃത്ത് ഗുസ്തിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്..ഗുസ്തിയുടെ വീറും വാശിയും തൊട്ടറിഞ്ഞ മണ്ണ്..അവിടെയാണ് ക്യാപ്റ്റനും കൂട്ടരും ഉള്ളത്..തുടർന്ന് ക്യാപ്റ്റന്റെ നേതൃത്തത്തിലുള്ള ഗുസ്തിയുടെ പെരുമയും പാരമ്പര്യവും ഞൊടിയിടയിൽ മനസ്സിലാക്കി തരുന്ന അവതരണവും കോമഡികളുമൊക്കെയായി ചിത്രം മുന്നോട്ട് പോവുന്നു..

ശരാശരിക്ക് മുകളിൽ നിൽക്കുന്ന തിരക്കഥയുടെ കയ്യടക്കത്തോടെയുള്ള അവതരണമാണ് ചിത്രത്തിന്റെ + പോയിന്റ്..ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ വളരെ രസകരമായി പറഞ്ഞ് പോവുന്ന ചിത്രം ഒരു സാഹചര്യത്തിലും മുഷിപ്പുണ്ടാക്കുന്നില്ല..എല്ലാ കഥാപാത്രങ്ങൾക്കും അവരുടേതായ ഒരു നിർവ്വചനം ഉണ്ടെന്നുള്ളതും ഗുണകരമായ വസ്തുതയാണ്..അതിനാൽ തന്നെ ആവശ്യമില്ലാത്ത കഥാപാത്രങ്ങളോ രംഗങ്ങളോ ചിത്രത്തിൽ ഉള്ളതായി തോന്നില്ല..ഒരു സംവിധായകൻ എന്ന നിലയിൽ വീണ്ടും തന്റെ കഴിവ് പ്രകടിപ്പിച്ചിരിക്കുകയാണ് ബേസിൽ.. അഭിനന്ദനങ്ങൾ..

ചിത്രത്തിന്റെ പ്രധാന ആകർഷണം അതിഥിയും ക്യാപ്റ്റനുമാണ്..അതിഥിയെ വാമിഖ ഗബ്ബി ഗംഭീരമാക്കി.. പ്രേക്ഷകഹൃദയം കീഴടക്കുന്ന പ്രകടനം..നായികയെ കൊണ്ട് മലയാളം പറയിപ്പിക്കാൻ മെനക്കെടാതെ പഞ്ചാബിയായി തന്നെ അവതരിപ്പിച്ചത് ഗുണം ചെയ്തിട്ടുണ്ട്..അതിന്റെ കോൺഫിഡന്റ് വാമിഖയുടെ അഭിനയത്തിലും കാണാൻ സാധിക്കും..രജ്ഞി പണിക്കരുടെ ക്യാപ്റ്റൻ കിടിലൻ..സ്ക്രീൻ പ്രസൻസും ഡയലോഗ് ഡെലിവറിയും അപാരം..ടൊവീനോയും തന്റെ റോൾ അനായാസേന കൈകാര്യം ചെയ്തു..തമാശയും ആക്ഷനും പ്രണയവും തുടങ്ങി അവതരിപ്പിക്കേണ്ട എല്ലാ വികാരങ്ങളും മികച്ച രീതിയിൽ കൈകാര്യം ചെയ്ത് കയ്യടി വാങ്ങി..അജുവർഗീസും ഹരീഷും ബിജുക്കുട്ടനും അടങ്ങുന്ന സഹതാരനിരയും ചിരിപ്പിച്ച് മനസ്സിൽ ഇടം നേടി..

വിഷ്ണു ശർമ്മയുടെ ഛായാഗ്രഹണവും ഷാൻ റഹ്മാന്റെ സംഗീതവും വളരെ മികച്ച് നിന്നു..മികച്ച പല ഫ്രെയിമുകളും കണ്ണിന് കുളിർമയേകുന്നതായിരുന്നു..അതിനോടൊപ്പം ഷാനിന്റെ ഫ്രെഷ്നസ്സ് ഉള്ള പശ്ചാത്തലസംഗീതവും ഗാനങ്ങളും കൂടി ആയപ്പോൾ സംഗതി കലക്കി..പാട്ടുകളിൽ കൂടുതലും കഥ മുന്നോട്ട് നയിക്കുന്നതിനാണ് ഉപയോഗിച്ചിരിക്കുന്നത്..അതിനാൽ തന്നെ കേൾക്കാൻ ഇമ്പമുള്ള പാട്ടുകൾ അനാവശ്യമായി തോന്നില്ല..

ഒരു മുഴുനീള സ്പോർട്ട്സ് സിനിമയല്ല ഗോദ..കായികത്തിലൂന്നി മറ്റ് പല കാര്യങ്ങളും ചിത്രത്തിൽ പറഞ്ഞ് പോവുന്നുണ്ട്..അതിന് പിന്നിൽ എല്ലാ വിഭാഗങ്ങളുടെയും പിന്തുണ വളരെ വലുതാണ്..സ്വപ്നം സാക്ഷാത്കരിക്കാൻ ആവാതെ വിഷമിക്കുന്ന അതിഥിയിൽ തുടങ്ങി വീറും വാശിയുമുള്ള ഒരുവളായി തീരുന്നിടത്ത് സിനിമ വിജയം കാണുന്നു..അത് തന്നെയാണ് സിനിമയുടെ ഭംഗിയും..ഈ അവധിക്കാലം കുടുംബസമേതം ധൈര്യമായി ടിക്കറ്റെടുത്ത് കേറി, മനസ്സ് നിറഞ്ഞ് പുറത്തിറങ്ങാൻ പറ്റിയ ഒരു കുഞ്ഞ് ചിത്രം..തിയേറ്ററിൽ തന്നെ ആസ്വദിക്കുക ഈ ഗുസ്തി..

My Rating :: ★★★½


You Might Also Like

0 Comments