Lakshyam (2017) - 120 min
May 06, 2017
''ചെയ്യാത്ത കുറ്റത്തിന് ഇനിയും പോലീസുകാരുടെ ക്രൂരപീഢനങ്ങൾക്ക് ഇരയായിക്കൂടാ..എങ്ങനെയും എനിക്ക് രക്ഷപ്പെട്ടേ മതിയാവൂ..എന്റെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ ഇതിലും നല്ല അവസരം ഇനി കിട്ടില്ല''
പീരുമേട് ഫോറസ്റ്റ് ഏരിയ വഴി വരികയായിരുന്ന പോലീസ് ജീപ്പ് ഒരു അപകടത്തിൽ പെട്ട് വനത്തിലേക്ക് മറിയുന്നു..അതിൽ നിന്ന് രണ്ട് കുറ്റവാളികൾ രക്ഷപെടുകയും ചെയ്യുന്നു..വിമൽകുമാറും മുസ്തഫയും..ചെയ്യാത്ത കുറ്റത്തിന് ജയിൽശിക്ഷ വിധിക്കപ്പെട്ട വ്യക്തിയാണ് വിമൽകുമാർ..കിട്ടിയ അവസരത്തിൽ യഥാർഥ കുറ്റവാളിയെ കണ്ടുപിടിക്കാൻ ഇറങ്ങിപ്പുറപ്പെടുകയാണ് അദ്ധേഹം..കൂടെ മുസ്തഫയെയും കൂട്ടുന്നു..
പോലീസ് വലയത്തിൽ നിന്ന് രക്ഷപെടാൻ കുറച്ച് ദിവസങ്ങൾ അവർക്ക് കാട്ടിൽ തന്നെ ചെലവിടേണ്ടി വരുന്നു.. തുടർന്നുള്ള സംഭവങ്ങളും അവരുടെ ജീവിതവും പങ്കുവെക്കലാണ് ചിത്രം..
മലയാളികൾക്ക് വ്യത്യസ്തമായ ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ജിത്തു ജോസഫ്..പ്രത്യേകിച്ചും ത്രില്ലറുകൾ..അദ്ധേഹത്തിന്റെ തിരക്കഥയിൽ നവാഗതനായ അൻസാർ ഖാൻ സംവിധാനം ചെയ്ത ചിത്രമാണ് ലക്ഷ്യം..ഒരു ത്രില്ലർ വാഗ്ദാനം ചെയ്യുന്ന ട്രെയിലറായിരുന്നു ചിത്രത്തിന്റേത്..സത്യത്തിൽ സിനിമക്ക് സംഭവിച്ചതെന്തെന്നാൽ കഥയുടെ ഭൂരിഭാഗവും ആദ്യ പകുതിയിൽ തന്നെ പറഞ്ഞുതീർത്തിരുന്നു..കിടിലൻ ഇന്റർവെൽ പഞ്ച് കൂടി ആയപ്പോൾ പ്രേക്ഷകരിൽ അവശേഷിച്ചത് തുഛമായ ചോദ്യങ്ങൾ മാത്രമായിരുന്നു..ബാക്കി എല്ലാത്തിനുമുള്ള ഉത്തരങ്ങൾ നേരത്തെ തന്നെ ലഭിച്ചിരുന്നു... ക്ലൈമാക്സിന് മാത്രമായി ഒരുക്കിയ രണ്ടാം പകുതിയാണ് ചിത്രത്തിന്റേത്..അത് തന്നെയാണ് സിനിമയുടെ പോരായ്മയും..സമയദൈർഘ്യം കുറവായിരുന്നിട്ടും രണ്ടാം പകുതി വലിച്ച് നീട്ടിയത് ആസ്വാദനത്തെ ബാധിച്ചിട്ടുണ്ട്..
സ്വപ്നങ്ങളുടെ ഒരു ഘോഷയാത്ര തന്നെയുണ്ട് ചിത്രത്തിൽ..ഏത് നേരവും സ്വപ്നം കണ്ടിരിക്കുന്ന കേന്ദ്രകഥാപാത്രങ്ങൾ..സമയം ദീർഘിപ്പിക്കുന്നതിനല്ലാതെ യാതൊരു ഉപകാരവുമില്ലാത്ത രംഗങ്ങളായി അവ അവശേഷിച്ചു...ചില vfx വർക്കുകൾ നന്നായിരുന്നു..ഒരു തരത്തിൽ ഊഹിക്കാൻ പറ്റിയ ക്ലൈമാക്സാണ് ചിത്രത്തിന്റേതെങ്കിലും അതിന്റെ ട്രീറ്റ്മെന്റ് ഇഷ്ടപ്പെട്ടു..
ഇന്ദ്രജിത്ത്,ബിജുമേനോൻ എന്നിവരാണ് വിമലിനെയും മുസ്തഫയെയും അവതരിപ്പിച്ചത്..ഒട്ടും വെല്ലുവിളി ഉയർത്താത്ത റോളായിരുന്നു ഇരുവരുടേതും..ശിവദയുടേതും അങ്ങനെ തന്നെ..മൂവരും നല്ല പ്രകടനം തന്നെ കാഴ്ച്ചവെച്ചു..
ഭൂരിഭാഗവും വനത്തിലാണ് കഥ നടക്കുന്നത്..ആയതിനാൽ തന്നെ വനഭംഗി പരമാവധി ഒപ്പിയെടുക്കാൻ ഛായാഗ്രാഹകൻ സിനു സിദ്ധാർഥ് ശ്രമിച്ചിട്ടുണ്ട്..കാനനഭംഗി ആവോളമുണ്ട് ചിത്രത്തിൽ..പശ്ചാത്തലസംഗീതം ഒരുക്കിയത് അനിൽ ജോൺസൺ ആണ്..നല്ല രീതിയിൽ തന്നെ അദ്ധേഹം അത് കൈകാര്യം ചെയ്തു..ക്ലൈമാക്സ് രംഗങ്ങളിലെ സംഗീതം നന്നായി ഇഷ്ടപ്പെട്ടു.
ഒരു മുഴുനീള ത്രില്ലർ പ്രതീക്ഷിച്ച് ആരും ചിത്രത്തെ സമീപിക്കേണ്ട..അത് ചിത്രം പ്രദാനം ചെയ്യുന്നില്ല..വലിയ പ്രതീക്ഷ ഇല്ലാതെ കണ്ടാൽ ചെറിയ സംതൃപ്തിയോടെ ഇറങ്ങി വന്നേക്കാൻ മാത്രം പാകത്തിന് ഒരുക്കിയ തിരക്കഥയും അതിനൊത്ത സംവിധാനവും..അത്രമാത്രമാണ് ചിത്രം വാഗ്ദാനം ചെയ്യുന്നത്..അതിനാൽ കാണാൻ ആഗ്രഹിക്കുന്നവർ അമിതപ്രതീക്ഷകൾ ഇല്ലാതെ ചിത്രത്തെ സമീപിക്കുക..എന്തിരുന്നാലും കഴിഞ്ഞ വർഷത്തെ ബോംബ് കഥയെക്കാളും മികച്ച് നിൽക്കുന്നുണ്ട് ചിത്രം..
അഭിപ്രായം വ്യക്തിപരം..തീയേറ്ററിൽ കണ്ട് വിലയിരുത്തുക..
My Rating :: ★★★☆☆
0 Comments