Comrade In America-CIA (2017) - 134 min

May 06, 2017

''ഇനി വെറും 14 ദിവസം മാത്രം..ലക്ഷ്യസ്ഥാനം അമേരിക്ക..നേർവഴിക്ക് നോക്കിയാൽ അവിടെ എത്തിച്ചേരുക അസാധ്യം തന്നെ..എന്നാൽ ആ ദിവസത്തിന് മുമ്പ് എനിക്ക് അവിടെ എത്തിയേ തീരൂ..എന്റെ പ്രണയസാക്ഷാത്കാരത്തിനായി''



മലയാളികൾക്ക് എപ്പോഴും പുതുഅനുഭവങ്ങൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് അമൽ നീരദ്..എപ്പോൾ കണ്ടാലും ഫ്രഷ്നസ് തരുന്ന ഒരു പിടി ചിത്രങ്ങൾ സമ്മാനിച്ച വ്യക്തി..എല്ലാ സിനിമയിലും തന്നിലെ സംവിധായകന്റെ കയ്യൊപ്പ് പതിപ്പിച്ച ക്രാഫ്റ്റ്മാൻ..സ്റ്റൈലിഷ് ചിത്രങ്ങളുടെ രാജകുമാരന്മാരിൽ ഒരാൾ..'കുള്ളന്റെ ഭാര്യ എന്ന ഹ്രസ്വചിത്രത്തിന് ശേഷം ഒരു മുഴുനീള ചിത്രവുമായി വന്നിരിക്കുകയാണ് അമൽ നീരദ്..അതും മലയാളത്തിലെ ഏറ്റവും സ്റ്റൈലിഷ് യുവതാരമായ ദുൽഖറിനൊപ്പം..പ്രതീക്ഷക്ക് വക നൽകാൻ ഇതിൽപരം എന്ത് വേണം..

ചുവപ്പിനെ കൂട്ടുപിടിച്ച് ഈ വർഷം ഇറങ്ങുന്ന മൂന്നാമത്തെ ചിത്രം.. അതായിരുന്നു ചിത്രത്തിന്റെ ടീസർ കണ്ടപ്പോൾ തോന്നിയത്..എന്നാൽ ഒരു ലവ് സ്റ്റോറി കൂടിയായിരിക്കും ചിത്രം എന്ന് പോസ്റ്ററുകളിൽ നിന്ന് വ്യക്തമായിരുന്നു..അങ്ങനെ കാറൽ മാർക്സിന്റെ 199ആം ജന്മദിനത്തിൽ ചിത്രം തീയേറ്ററുകളിലെത്തി..

കമ്മ്യൂണിസം നേഞ്ചോട് ചേർത്ത് പിടിച്ച് ജീവിക്കുന്ന സഖാവാണ് അജി മാത്യു..കോൺഗ്രസ് കുടുംബത്തിലാണ് ജനിച്ചതെങ്കിലും സാഹചര്യം അവനിൽ കമ്മ്യൂണിസത്തോടുള്ള പ്രിയം വർദ്ധിപ്പിച്ചു..അങ്ങനെ ആദർശധീരനായ ഒരു കമ്മ്യൂണിസ്റ്റായി അജി വളർന്നു..

കോളേജിൽ അവനൊരു പ്രണയമുണ്ടായിരുന്നു..സാറ..അതായിരുന്നു അവളുടെ പേര്..അമേരിക്കയിൽ ജനിച്ച് വളർന്ന ഇന്ത്യൻ പെൺകുട്ടി..ഒരു പ്രത്യേക സാഹചര്യത്തിൽ അവന് അമേരിക്കയിലേക്ക് ഒരു യാത്ര പുറപ്പെടേണ്ടി വരുന്നു..തന്റെ പ്രണയിനിക്ക് വേണ്ടിയുള്ള ഒരു സാഹസം നിറഞ്ഞ യാത്ര..ഇതാണ് ചിത്രത്തിന്റെ സാരാംശം..

യഥാർഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് CIA..ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഷിബിൻ ഫ്രാൻസിസ് ആണ്..തന്റെ മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു പരിചരണമാണ് സംവിധായകൻ ചിത്രത്തിന് നൽകിയിട്ടുള്ളത്..എന്നാൽ കഥാപരമായ ദൗർബല്യം ചിത്രത്തിൽ പല സന്ദർഭങ്ങളിലും പ്രകടമാണ്..

ദുൽഖറിന്റെ കിടിലൻ ഇൻട്രോയും പശ്ചാത്തലഗാനവും ശരിക്കും കോരിത്തരിപ്പിച്ചത് തന്നെ..ആദ്യ പകുതി നായകന്റെ കുടുംബവും രാഷ്ട്രീയവും ക്യാമ്പസും എല്ലാം പറഞ്ഞാണ് മുന്നോട്ട് പോവുന്നത്..വളരെ രസകരമായി തന്നെയാണ് ഇടവേള വരെ ചിത്രം മുന്നോട്ട് പോയത്..എടുത്ത് പറയത്തക്ക പല നല്ല രംഗങ്ങളും അടങ്ങിയതായിരുന്നു ആദ്യ പകുതി..അതിൽ ഏറ്റവും രസകരം തന്റെ മാതൃകാ പുരുഷൻമാരായ സ്റ്റാലിൻ, ലെനിൻ, മാർക്സ്, ചെഗുവേര എന്നിവരുമായി അജി സംസാരിക്കുന്ന രംഗമായിരുന്നു..ചിത്രത്തിലെ വളരെ മികച്ച രംഗങ്ങളിൽ ഒന്നായി തോന്നി അത്..ദുൽഖർ-സൗബിൻ-ദിലീഷ് പോത്തൻ കോമ്പിനേഷൻ ഉയർത്തിവിട്ട കോമഡികളും ചിരിക്ക് വക നൽകിയിരുന്നു..വികാരഭരിതമായ ദുൽഖറിന്റെ ഒരു രംഗവും മികച്ചതായിരുന്നു..ആകെ കല്ലുകടിയായി തോന്നിയത് ഒറ്റ നോട്ടത്തിൽ നായകന്റെയും നായികയുടെയും ഹൃദയത്തിൽ പ്രേമം മുളപൊട്ടിയ രംഗമായിരുന്നു..ഒരു തരത്തിലും അതിന്റെ തീവൃത സിനിമയിൽ കാണിക്കുവാൻ ശ്രമിച്ചിട്ടില്ല..ഒരു ഗാനത്തിലൂടെ വെറുതെ പറഞ്ഞ് പോവുന്നതല്ലാതെ മറ്റൊരു നല്ല രംഗവും അതെപറ്റി ഉണ്ടായിരുന്നില്ല..

രണ്ടാം പകുതി ഒരു അഡ്വഞ്ചർ മോഡിലാണ് മുന്നോട്ട് പോവുന്നത്..തുടർന്ന് ചിത്രത്തിന്റെ വേഗതയും ഊർന്ന് പോയി..പല ഘട്ടങ്ങളിലും അനാവശ്യമെന്ന് തോന്നിപ്പിച്ച രംഗങ്ങൾ ഉണ്ടായിരുന്നു തുടക്കത്തിൽ..ചിത്രത്തിനു അവസാനവും അങ്ങനെ തന്നെ.. അവസാന മാസ്സ് രംഗം അധികപ്പറ്റായി തോന്നി..അല്ലെങ്കിൽ ഫാൻസുകാർക്ക് വേണ്ടി മാത്രം പടച്ച ഒന്ന്..അതിന് മുമ്പ് നിർത്തിയിരുന്നെങ്കിൽ നന്നായേനേ എന്ന് തോന്നി..അങ്ങനെ മൊത്തത്തിൽ തൃപ്തി തരാത്ത രണ്ടാം പകുതി ആയിരുന്നു ചിത്രത്തിന്റേത്..

ഇഷ്ടപ്പെട്ട മറ്റൊരു കാര്യം എന്തെന്നാൽ നായകന്റെ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ വിവരിക്കുവാൻ കൃത്രിമമായി ഏച്ചുകെട്ടിയ രംഗങ്ങൾ ഒന്നും തന്നെ ചിത്രത്തിലില്ലായിരുന്നു എന്നതാണ്.. പല ഡയലോഗുകളിലും അദ്ധേഹത്തിന്റെ ആദർശം വ്യക്തമായിരുന്നു..ഇപ്പോഴത്തെ പല സംഭവങ്ങളെയും വിമർശിക്കുവാനും ചിത്രം ശ്രമിച്ചിട്ടുണ്ട്..

ദുൽഖർ അജി മാത്യുവായി ശരിക്കും തകർത്തു..അപാര സ്ക്രീൻ പ്രസൻസും ഡയലോഗ് ഡലിവറിയും..ഇമോഷണൽ രംഗങ്ങളും കയ്യടക്കത്തോടെ അദ്ധേഹം അവതരിപ്പിച്ചു..കയ്യടി വാരിക്കൂട്ടിയ രംഗങ്ങൾ ഒരുപാടുണ്ടായിരന്നു ചിത്രത്തിൽ..മറ്റൊരു കിടിലൻ പെർഫോമൻസ് സിദ്ധീഖിന്റേതായിരുന്നു..കയ്യടി വാങ്ങിയ ഗംഭീര പ്രകടനം..ദുൽഖർ-സിദ്ധീഖ് കോഡിനേഷൻ സീനുകൾ കലക്കി..നായികമാരായ കാർത്തിക, ചാന്ദ്നി എന്നിവർക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല..

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് രണദിവെയാണ്..ഒരു വിഷ്വൽ ട്രീറ്റ് തന്നെയായിരുന്നു ചിത്രം..പല കിടിലൻ ഫ്രയിമുകളും കണ്ണിന് കുളിർമയേകുന്നവയായിരുന്നു..ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം അതിഗംഭീരം..'കണ്ണിൽ കണ്ണിൽ' എന്ന ഗാനം ന്നന്നായിരുന്നു..എന്നാൽ 'വാനം തിളതിളക്കണ്' എന്നത് സന്ദർഭവുമായി കേൾക്കാൻ രസകരമായിരുന്നില്ല..ഇൻട്രോ സമയത്തുള്ള ഗാനം ആവേശകരമായിരുന്നു..

ആകെ മൊത്തത്തിൽ ചിത്രത്തിന്റെ ടെക്നിക്കൽ സൈഡും അഭിനേതാക്കളും തൃപ്തി നൽകി.. എന്നാൽ തിരക്കഥ, രണ്ടാം പകുതിയിൽ കൈവിട്ട് പോവുന്നത് പോലെയാണ് തോന്നിയത്..ദുർബലമായ കഥ ശരിക്കും ആസ്വാദനത്തിന് തിരിച്ചടിയായി..രണ്ടാം പകുതിയിൽ ശരിക്കും ഇഴച്ചിൽ അനുഭവപ്പെട്ടു..ആയതിനാൽ തന്നെ എന്നിലെ പ്രേക്ഷകന് ശരാശരിയിൽ താഴെ മാത്രം സംതൃപ്തിയാണ് ചിത്രം നൽകിയത്.. എന്നിരുന്നാലും അമിത പ്രതീക്ഷകൾ ഇല്ലാതെ സമീപിച്ചാൽ ചിത്രം സംതൃപ്തി നൽകിയേക്കും..

അഭിപ്രായം വ്യക്തിപരം.. തിയേറ്ററിൽ കണ്ട് വിലയിരുത്തുക

My Rating :: ★★☆☆☆

You Might Also Like

0 Comments