The Seventh Seal (1957) - 96 min

May 17, 2017

"ഇനി എന്റെ ഒരു നീക്കങ്ങളും പിഴച്ചുകൂടാ..ഒരു തന്ത്രങ്ങളും പുറത്തായിക്കൂടാ..ശ്രദ്ധ അണുവിട തെറ്റിയാൽ നാളത്തെ സൂര്യോദയം കാണാൻ ഞാനുണ്ടാവില്ല..കാരണം എന്റെ എതിരാളി മരണമാണ്''


മരണം നിന്റെ മുന്നിൽ നിൽക്കുകയാണ്..ഭൂമിയിലെ നിമിഷങ്ങൾ എണ്ണപ്പെട്ട് കഴിഞ്ഞു..അവസാനത്തെ ഒരാഗ്രഹം പറയാനുള്ള അവസരവും നിന്റെ മുന്നിലുണ്ട്..ഒരെണ്ണം ചിന്തിച്ച് പറയുക പ്രയാസം തന്നെ..എന്നാൽ ബ്ലോക്കിന്റെ മുന്നിൽ ചിരിച്ച് കൊണ്ട് മരണമെത്തിയപ്പോൾ അദ്ധേഹം പറഞ്ഞത് തന്റെ കൂടെ ചെസ്സ് കളിക്കണമെന്നായിരുന്നു..കൂടെ ഒരു പന്തയവും..താൻ കളി ജയിച്ചാൽ തനിക്ക് ഇനിയും ആയുസ്സ് നീട്ടിക്കിട്ടണം..മറിച്ചാണെങ്കിൽ മരണത്തിന് കീഴടങ്ങാനും അദ്ധേഹം തയ്യാറാണ്..

നാട്ടിലാകെ പ്ലേഗ് പടർന്നിരിക്കുന്ന സമയമാണത്..ആയതിനാൽ തന്നെ മരണത്തിന് പിടിപ്പത് പണിയുണ്ട്.. അതുകൊണ്ട് തന്നെ ഒറ്റ ഇരുപ്പിൽ കളിച്ച് തീർക്കുക പ്രയാസകരം തന്നെ..തുടർന്ന് അവരുടെ കളി പുരോഗമിക്കുന്നത് ഒരു യാത്രയിലാണ്..പടയാളിയായി സേവനമനുഷ്ടിച്ചിരുന്ന ബ്ലോക്ക് തന്റെ ഭാര്യയെ തേടിയുള്ള അലച്ചിലിലാണ്..യാത്രാമധ്യേ ബ്ലോക്ക് പിന്തുടരുന്ന ഓരോ സാഹചര്യങ്ങളും മരണവുമായി ബന്ധപ്പെട്ടത് തന്നെ..

Ingmar Bergmen തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് The Seventh Seal..അദ്ധേഹത്തിന്റെ തന്നെ ഡ്രാമയായ 'Wood painting'നെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്..തന്റെ ചിത്രത്തിന്റെ തീമിനെ പറ്റി അദ്ധേഹം വിശേഷിപ്പിച്ചത് 'Silence Of God' എന്നാണ്..അക്ഷരാർഥത്തിൽ യോജിക്കുന്ന ഒന്ന് തന്നെ അത്..അന്നും ഇന്നും ഒരേ പോലെ പ്രസക്തി ആർജിക്കുന്ന സംഭവവികാസങ്ങൾ കൊണ്ട് സമ്പന്നമായ ചിത്രം..തന്റെ യാത്രയിലുടനീളം ബ്ലോക്ക് കണ്ടുവരുന്ന ഓരോ സംഭവങ്ങളും ഓരോ വ്യക്തികളും പല അർഥതലങ്ങൾ വഹിക്കുന്നവരാണ്..(പലതും പ്രതിപാദിക്കണമെന്നുണ്ട്..എന്നാൽ സ്പോയിലർ ആവുമെന്നതിനാൽ ചുരുക്കുന്നു)..അവയൊക്കെ കണ്ട് തന്നെ മനസ്സിലാക്കേണ്ടതാണ്..ദൈവം,മതം,സ്നേഹം തുടങ്ങിയവയുടെ അർഥം തേടിയുള്ള ഒരു യാത്ര കൂടിയാണിത്..എന്നാൽ അവക്കൊന്നും കൃത്യമായ നിർവചനം നൽകുവാൻ ആർക്കും സാധ്യമല്ല..മരണത്തിന് പോലും..ലോകസിനിമകളിലെ തന്നെ ക്ലാസിക്കുകളിൽ ഒന്നായി വിശേഷിപ്പിക്കുന്ന ചിത്രം ഇതുവരെയുള്ളതിൽ മികച്ച സൃഷ്ടികളിൽ ഒന്ന് തന്നെ..സംവിധായകനെ ഇത്രയധികം പ്രശസ്തനാക്കിയതും ഈ ചിത്രം തന്നെയാണ്..

Bengt EKerot അഭിനയിച്ച മരണത്തിന്റെ വേഷം ശ്രദ്ധേയമാണ്..എപ്പോഴും മുഖത്ത് പുഞ്ചിരി മാത്രമുള്ള, ആർക്കും കബളിപ്പിക്കാനാവാത്ത മരണം..Max Sydov ആണ് ബ്ലോക്കിനെ മികച്ചതാക്കിയത്..Nils poppe, Gunnar തുടങ്ങിയവർ മറ്റ് പ്രമുഖ വേഷങ്ങൾ ചെയ്തു..

ചിത്രത്തിന്റെ ഛായാഗ്രഹണവും സംഗീതവും ആ കാലഘട്ടത്തിലേത് വെച്ച് നോക്കുമ്പോൾ മികച്ചത് തന്നെ..വിഷ്വൽസ് പലതും ഞെട്ടിക്കുന്നതും വളരെ പ്രാധാന്യം അർഹിക്കുന്നതുമാണ്..

മരിക്കുന്നതിന് മുമ്പ് ഒരു തവണയെങ്കിലും കണ്ടിരിക്കേണ്ട ചിത്രങ്ങളുടെ ലിസ്റ്റ് എടുത്താൽ മുൻപന്തിയിൽ കാണും ഈ ചിത്രം..അത്രമാത്രം കാലിക പ്രസക്തി നിറഞ്ഞ ചിത്രമാണിത്..അന്നും ഇന്നും അങ്ങനെതന്നെ.. എല്ലാവരും മരണത്തെ കണ്ട് തന്നെ രുചിക്കുക..ഒറ്റവാക്കിൽ പറഞ്ഞാൽ 'A Masterpiece'

My Rating :: ★★★★½

You Might Also Like

0 Comments