The Other Me AKA Eteros Ego (2016) - 1h 41min
August 11, 2018💢ക്രിമിനോളജി പ്രൊഫസ്സർ ആണെങ്കിലും തന്റെ ക്ളാസുകൾ കഴിഞ്ഞാൽ ലൈനിസ് നേരെ വരിക തന്റെ അച്ഛന്റെ പക്കലേക്കാണ്. ഹോസ്പിറ്റലിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന അച്ഛനൊപ്പം സമയം ചിലവഴിക്കുകയാണ് അദ്ദേഹത്തിന് മനസ്സിൽ ഏറ്റവും സന്തോഷകരമായ കാര്യം. ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന ലൈനിസിന് കൂട്ടായി മറ്റാരും ഉണ്ടായിരുന്നില്ല.
ഒരുനാൾ തന്റെ പ്രൊഫസറായ അരിസ്റ്റോട്ടിലിസിന്റെ പക്കൽ നിന്നാണ് ആ കേസ് ഫയലിൽ പോലീസിനെ അനുഗമിക്കണമെന്ന വാർത്ത ലൈനിസ് കേട്ടത്. ഒരു കൊലപാതകരംഗത്തിലാണ് പിന്നീട് അവർ ചെല്ലുന്നത്. അതിൽ ലൈനിസിനെ ഏറ്റവുമധികം ആകർഷിച്ച ഘടകം അവിടെ എഴുതിവെച്ചിരുന്ന വചനങ്ങളായിരുന്നു. പൈതഗോറിയൻ വചനങ്ങൾ അദ്ദേഹത്തിൽ ജിഞ്ജാസ സൃഷ്ടിച്ചു. എന്നാൽ ഒരു കൊലപാതകത്തിൽ അത് അവസാനിച്ചിരുന്നില്ല. അത് തുടർന്നുകൊണ്ടേയിരുന്നു.
💢ആദ്യമായി കാണുന്ന ഗ്രീക്ക് ചിത്രമാണ് 'Eteros Ego'. ഗ്രീക്ക് എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിൽ വരിക തത്വചിന്തകന്മാരുടെയും കണക്കിൽ അഗ്രകണ്യന്മാരുടെയും പേരുകളാണ്. സിനിമയിലേക്ക് കടന്നപ്പോഴും അങ്ങനെ തന്നെ. പൈതഗോറസിനെ കൂട്ടുപിടിച്ചാണ് കൊലപാതകപാരമ്പര ബന്ധിപ്പിച്ചിരിക്കുന്നത്. കണക്കിലെ കളികൾ ഇത്തവണ ശരിക്കും ആകാംഷ സമ്മാനിക്കുന്നുമുണ്ട്. അതാണ് സിനിമയിലെ ഏറ്റവും ആകർഷകമായ ഘടകവും.
💢പതിവ് ത്രില്ലറുകളെപ്പോലെ അതിവേഗതയിലുള്ള കഥ പറച്ചിലല്ല ചിത്രത്തിന്റേത്. പതിയെ പറഞ്ഞുതുടങ്ങി പ്രേക്ഷകരെ സിനിമയുടെ പാതയിലേക്ക് കൊണ്ടുവന്ന ശേഷം താല്പര്യമുണർത്തുന്ന രീതിയിൽ ഓരോ കാര്യങ്ങളും പരിചയപ്പെടുത്തുകയാണ് സംവിധായകൻ. ഒരു നിമിഷം പോലും വിരസത നൽകാതെ, അധികം വേഗതയില്ലാതെ സഞ്ചരിക്കുന്ന ത്രില്ലറുകൾ വിരളമാണ്. അതോടൊപ്പം ഘട്ടം ഘട്ടമായുള്ള വെളിപ്പെടുത്തലുകൾ ആകാംഷയും ആവേശവും നൽകുന്നതുമാണ്.
💢അവസാനം വരെ ത്രില്ലടിപ്പിച്ച് മുന്നോട്ട് പോവുമ്പോഴും ക്ലൈമാക്സ് എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നായി മാറുന്നില്ല. വ്യക്തിപരമായി ഇഷ്ടപ്പെട്ടെങ്കിലും മറ്റൊരു ആംഗിളിൽ നിന്ന് നോക്കുമ്പോൾ അതും ശരിയായില്ല എന്നൊരു തോന്നൽ മനസ്സിൽ അവശേഷിക്കുന്നു. അതോടൊപ്പം ഒരു ചോദ്യചിഹ്നവും. എങ്കിലും ത്രില്ലർ എന്ന രീതിയിൽ പുതിയൊരു അനുഭവമായിരുന്നു Eteros Ego.
🔻FINAL VERDICT🔻
കണക്കിലെ കളികൾ കൊണ്ട് സമ്പന്നമായ ത്രില്ലർ എന്ന രീതിയിൽ വളരെയധികം ആകാംഷ പകരുന്നുണ്ട് ഈ ചിത്രം. സ്ലോ പേസ് ആണെങ്കിൽ കൂടി പ്രേക്ഷകരെ പിടിച്ചിരുത്താൻ കഴിയുന്നിടത്താണ് ചിത്രം വിജയിക്കുന്നത്. അതുകൊണ്ട് തന്നെ സിനിമ സമ്മാനിച്ചത് പൂർണ്ണ സംതൃപ്തിയാണ്. നിരാശ നൽകില്ല എന്ന് ഉറപ്പ്.
MY RATING :: ★★★★☆
0 Comments