Baishe Srabon (2011) - 120 min

August 02, 2018


💢കൊൽക്കത്തയിലെ കൊലപാതകങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുവരികയാണ്. അവയിൽ ഭൂരിഭാഗവും തെളിയിക്കപ്പെടുന്നുണ്ടെങ്കിലും ഒരു തുമ്പും കിട്ടാത്ത മറ്റൊരു വിഭാഗം കൂടിയുണ്ട്. അർധരാത്രി മാത്രം നടക്കുന്ന ചില കൊലപാതകങ്ങൾ. അവയ്ക്ക് ഇതുവരെ ഒരു തെളിവുകളും ലഭിച്ചിട്ടില്ല. കൊലപാതകരീതികൾ തമ്മിൽ ഒരു സാമ്യവും ഇല്ല. പക്ഷെ അതൊരു സീരിയൽ കില്ലിങ്ങ് ആണ്. ആ മൃതദേഹങ്ങളുടെ അടുത്ത് നിന്ന് ലഭിച്ച കവിതകുറിപ്പുകൾ സാക്ഷ്യം വെക്കുന്നത് ഒരു സീരിയൽ കില്ലിങിലേക്കാണ്.

അന്വേഷണങ്ങളിൽ മിടുക്കനായ അഭിജിത്ത് ഇത്തവണ അൽപ്പം കുഴങ്ങി നിൽക്കുകയാണ്. കേസന്വേഷണം തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും ഇതുവരെ ഒരു നിഗമനത്തിൽ എത്താൻ ആയിട്ടില്ല. അതിനനുസരിച്ച് കൊലപാതകങ്ങളുടെ എണ്ണം ക്രമാതീതമായി കൂടിക്കൊണ്ടേയിരിക്കുന്നു. ഇതിൽ ആശങ്കയിലായി മേലുദ്യോഗസ്ഥൻ മറ്റൊരാളെ കൂടി അഭിജീത്തിന്റെ പിന്തുണക്കായി നിയോഗിക്കാൻ ആലോചന നടത്തുന്നു. വർഷങ്ങളിലായി സസ്പെൻഷനിലായ പ്രബീറിനെ കേസന്വേഷണത്തിനായി യൂണിഫോം ധരിപ്പിക്കുന്നു. എന്നാൽ അതൊരു നല്ല നീക്കമായിരുന്നു..?

💢ഈ സിനിമയുടെ തുടക്കം നല്ലൊരു പ്രതീക്ഷ നൽകുന്നതായിരുന്നു. ടൈറ്റിൽ എഴുതിക്കാണിക്കുന്ന രംഗങ്ങളൊക്കെയും ഒരു ത്രില്ലറിലേക്ക് നയിക്കുന്നതാവുമെന്ന  വ്യക്തമായ സൂചനയാണ് നൽകിയത്. അതുപോലെ തന്നെയായിരുന്നു തുടക്കത്തിന് ശേഷം മുന്നോട്ടുള്ള പോക്കും. എന്നാൽ പൂർണ്ണമായും ത്രില്ലറല്ല, മറിച്ച് വ്യക്തികളുടെ ജീവിതത്തിലേക്കും കഥ കടക്കുന്നുണ്ട്. ഒരുതരത്തിൽ അത് കഥയുടെ പോസിറ്റിവ് എലമെന്റ് തന്നെയാണ്. പക്ഷെ അതിന്റെ ആധിക്യം പലപ്പോഴും ത്രില്ലറെന്ന ഫീൽ നഷ്ടപ്പെടുത്തുന്നുണ്ട്.

💢സ്ലോ പേസ്ഡ് ത്രില്ലറുകൾ നല്ല രീതിയിൽ ആസ്വദിക്കുന്ന വ്യക്തിയെന്ന നിലയിൽ കഥ പറയുന്ന രീതി ആദ്യമൊരു പ്രശ്നമായി തോന്നിയതേ ഇല്ല. എന്നാൽ ത്രില്ലടിച്ച് വരുന്ന മൊമന്റുകളിൽ കൃത്യമായി അനാവശ്യമായ സീനുകളും രണ്ട് പാട്ടുകളും കുത്തിക്കയറ്റിയത് ആസ്വാദനത്തെ തന്നെ സാരമായി ബാധിച്ചു. സിനിമയിൽ തോന്നിയ ഏക നെഗട്ടീവും ആ സീനുകളും പാട്ടുകളുമാണ്. അവയ്ക്ക് ശേഷം വീണ്ടും പേസ് വീണ്ടെടുത്ത് ട്രാക്കിലാവുന്നുണ്ട് ചിത്രം.

💢കേസന്വേഷണം നടക്കുന്ന വഴികളും അത് ചെന്നെത്തുന്ന അവസാനവുമൊക്കെ തൃപ്തി നൽകുന്നതാണ്. അത് കഴിഞ്ഞുള്ള സീനുകൾ ഗംഭീരമായിരുന്നു. സിനിമയിലെ ഏറ്റവും ബെസ്റ്റ് സീൻ അത് തന്നെ. അതുവരെ കണ്ട മികവായിരുന്നില്ല ഒടുവിൽ കാണാനായത്. എന്തായാലും ഇടക്കിടെ നൽകിയ വിരസത ആ ഒറ്റ സീനിൽ മറികടക്കാനായി ചിത്രത്തിന്.

💢മുൻനിരയിൽ നിന്ന രണ്ട താരങ്ങളുടെയും പ്രകടനം തൃപ്തികരമായിരുന്നു. കൂടെ കവിയുടെയും. അതോടൊപ്പം രാത്രികാല ദൃശ്യങ്ങൾ നല്ല രീതിയിൽ പകർത്താനായിട്ടുണ്ട്. അവസാനഭാഗങ്ങളിലെ ബിജിഎം നന്നായിട്ടുണ്ട്.

🔻FINAL VERDICT🔻

എഡ്ജ് ഓഫ് സീറ്റ് ത്രില്ലർ എന്ന് പറയാനാകില്ലെങ്കിലും നല്ലൊരു ത്രില്ലർ എന്ന് അവകാശപ്പെടാൻ സാധിക്കുന്ന ചിത്രമാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്. കേസന്വേഷണത്തിലുപരി രണ്ട് അന്വേഷണ ഉദ്യോഗസ്ഥരുടെ ജീവിതത്തിലേക്കുള്ള എത്തിനോട്ടം കൂടിയാവുമ്പോൾ തൃപ്തി നൽകുന്ന ചിത്രം ബംഗാളിൽ നിന്ന് ലഭിക്കുന്നു.

MY RATING:: ★★★½

You Might Also Like

0 Comments