As One -AKA- Ko-ri-a (2011) - 2h 7m
August 28, 2018💢ഇരു കൊറിയൻ കരകളിലും ഏറ്റവും പ്രചാരമുള്ള കായിക ഇനമാണ് 'ടേബിൾ ടെന്നീസ്. അതുകൊണ്ട് തന്നെയാണ് ആദ്യമായി ഇരു രാജ്യങ്ങളും ഒരുമിക്കാൻ ഈ കായിക ഇനം കാരണമായതും. 1991ൽ അരങ്ങേറിയ ടേബിൾ ടെന്നീസ് ടൂർണ്ണമെന്റിൽ ആദ്യമായി 'കൊറിയ' എന്ന പേരിൽ ഒരു ടീമിറങ്ങി. എന്നാൽ കാര്യങ്ങൾ വിചാരിക്കുന്നത് പോലെ എളുപ്പമല്ല.
💢1987 കാലഘട്ടത്തിൽ ഉണ്ടായ ചില ബോംബിങ്ങുകളാണ് അങ്ങനെയൊരു ഉദ്യമത്തിന് സാക്ഷ്യം വഹിച്ചത്. അതിന് ശേഷമുണ്ടായ ചില ചർച്ചകളുടെ അവസാനഘട്ട തീരുമാനമായിരുന്നു ഇരു രാജ്യങ്ങളുടെ ടീമുകളും ചേർത്ത് ഒരൊറ്റ കൊറിയൻ ടീമിനെ ഇറക്കുകയെന്നത്. ടേബിൾ ടെന്നീസിൽ ഇരു രാജ്യങ്ങളും അതികായന്മാരായിരുന്നെങ്കിലും അവർക്ക് മുന്നിൽ വന്മതിൽ പോലെ നിന്ന രാജ്യമാണ് ചൈന. ഫൈനലിൽ തോറ്റ് മടങ്ങേണ്ട ചരിത്രമായിരുന്നു എന്നും കൊറിയയുടേത്. രണ്ട് കൊറിയയിലെ ശക്തരായ കളിക്കാർ ഉണ്ടെങ്കിലും ചൈനക്ക് മുന്നിൽ ദുർബ്ബലരാവുകയായിരുന്നു. അതുകൊണ്ട് തന്നെ രാജ്യത്തിന്റെ ഐക്യം ഊട്ടിയുറപ്പിക്കാനും ടീമിനെ ശക്തിപ്പെടുത്താനും ഈ തീരുമാനത്തിനാവും എന്ന് കരുതി.
ടൂർണമെന്റിന് രണ്ട് മാസം മുമ്പ് മാത്രം ഈ തീരുമാനമറിഞ്ഞ കായികതാരങ്ങളുടെ മാനസികാവസ്ഥ ഒന്ന് ഊഹിച്ച് നോക്കാവുന്നതേ ഉള്ളൂ. പലതവണ എതിരെ പൊരുതിയവർ ഇനിമുതൽ തോളോട് തോൾ ചേർന്ന് പൊരുതണമെന്ന പ്രഖ്യാപനം അവരിൽ എത്രത്തോളം ആഘാതം ഉണ്ടാക്കിക്കാണും. തുടർന്നുള്ള രണ്ട് കൂട്ടരുടെയും മാനസികമായ തയ്യാറെടുപ്പുകളാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ചരിത്രത്തിൽ രേഖപ്പെടുത്തിയ സംഭവം കൂടിയാവുമ്പോൾ അതിന് മാറ്റ് കൂടും.
💢ഒരു സ്പോർട്ട്സ് മൂവി എന്ന നിലയിലും ഇമോഷണൽ ഡ്രാമ എന്ന നിലയിലും തിളങ്ങുന്നുണ്ട് As-One. യഥാർത്ഥ സംഭവമാകുമ്പോൾ കാര്യങ്ങൾ നമുക്ക് നേരത്തെ വ്യക്തമാണ്. ആ ഗെയിമിൽ എന്താണ് സംഭവിച്ചതെന്നും എങ്ങനെയാണ് കൊറിയക്കാരുടെ ഇടയിൽ മാറ്റമുണ്ടാക്കിയതുമെന്നൊക്കെ പകൽ പോലെ വ്യക്തം. എന്നിട്ടും മികച്ച രീതിയിൽ അവ സ്‌ക്രീനിൽ പകർത്താൻ സംവിധായകനായിട്ടുണ്ട്. പ്രേക്ഷകനെ പിടിച്ചിരുത്തുന്നതും അവതരണത്തിലെ മിടുക്ക് തന്നെ.
💢ഇരു കൊറിയകളിലെയും നമ്പർ വൺ താരങ്ങളായിരുന്നു Hyun Jung Hwa, Li Bun Hui എന്നിവരെ മുൻനിർത്തിയാണ് കഥ പറയുന്നത്. കൂടെ മറ്റ് താരങ്ങളുമുണ്ട്. ടൂർണമെന്റിന് രണ്ട് മാസം മാത്രം ശേഷിക്കെ ഇരു കരയിലെയും കളിക്കാർ എങ്ങനെ പൊരുത്തപ്പെട്ടുവരുന്നു എന്നൊക്കെ സരസമായി കാണിക്കുന്നുണ്ട്. ഓരോ സന്ദർഭങ്ങളും നമുക്ക് ഊഹിക്കാമെങ്കിലും അതൊരു പോരായ്മയായി തോന്നില്ല. സിനിമയുടെ അവസാനഭാഗങ്ങൾ ഇമോഷണലായി ഒരുപാട് മുന്നിട്ട് നിക്കുന്നുണ്ട്. ഒരുപാട് പരിമിതികൾ ഉള്ള നോർത്ത് കൊറിയയിൽ മറ്റുള്ളവരെ ബന്ധപ്പെടുന്ന കാര്യം പോലും ദുർഘടം പിടിച്ചതാവുമ്പോൾ വീണ്ടും കണ്ടുമുട്ടുമോ ഇല്ലയോ എന്ന ചോദ്യം മനസ്സിനെ അലട്ടുന്നുണ്ട്.
💢സ്പോർട്ട്സിന് പ്രാധാന്യം നൽകി തന്നെയാണ് കഥയുടെ പോക്ക്. ടേബിൾ ടെന്നീസ് ഗെയിമിലെ രംഗങ്ങളിൽ അത് പ്രകടവുമാണ്. താരങ്ങളിൽ നല്ല മെയ്‌വഴക്കം ഓരോ രംഗങ്ങളിലും പ്രകടമായിരുന്നു. ചിത്രീകരണത്തിന് ഏകദേശം 4 മാസം മുമ്പ് മുതൽ താരങ്ങൾ ടേബിൾ ടെന്നീസ് പരിശീലിച്ചിരുന്നു. അതിന് അവരെ സഹായിച്ചത് ജീവിതത്തിലെ യഥാർത്ഥ താരങ്ങളും. അതുകൊണ്ട് തന്നെ അത്തരം രംഗങ്ങൾ നല്ല രീതിയിൽ ആസ്വദിക്കാൻ കഴിയുന്നുണ്ട്.
🔻FINAL VERDICT🔻
കൊറിയൻ ചരിത്രത്തിലെ നിർണ്ണായകമായ വഴിത്തിരിവുകളിൽ ഒന്നെന്ന് വിശേഷിപ്പിക്കാവുന്ന ഈ ഒത്തുചേരൽ സിനിമയായപ്പോൾ മികച്ച കാഴ്ചാനുഭവം തന്നെയായാണ് പ്രേക്ഷകർക്ക് ലഭിച്ചത്. തീക്ഷ്ണമായ മുഹൂർത്തങ്ങളാലും റ്റീബിൽ ടെന്നീസിന്റെ ആവേശത്താലും കാണികളെ പിടിച്ചിരുത്തുന്ന നല്ലൊരു ചിത്രം.
MY RATING :: ★★★½
0 Comments