Perfect Strangers (2017) - 97 min

April 20, 2018

"ഫോണുകളാൽ തകർക്കപ്പെടുന്ന ബന്ധങ്ങളും വിശ്വാസങ്ങളും"


💢ഏഴ് സുഹൃത്തുക്കൾ അന്ന് അത്താഴത്തിനായി കൂടുകയാണ്. പണ്ട് മുതലേ പരസ്പരം അറിയാമായിരുന്ന അവർ വീണ്ടും കൂടുമ്പോൾ വിരസമായ ഒരു രാത്രിയാവാൻ ആരും ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ വ്യത്യസ്തമായ എന്തെങ്കിലും പദ്ധതികൾ കൂടി ആസൂത്രണം ചെയ്യണമെന്ന ആഗ്രഹവും പലർക്കും ഉണ്ടായിരുന്നു. ഒടുവിൽ അവർ ഒരു തീരുമാനത്തിലെത്തി.

എല്ലാവരും അവരുടെ ഫോണുകൾ തീന്മേശയിൽ വെക്കുക. അതിനുശേഷം വരുന്ന കോളുകളും മെസേജുകളും കേൾക്കുക ഫോണിന്റെ ഉടമസ്ഥൻ മാത്രമായിരിക്കില്ല. അവർ ഏഴ് പേർക്കും അത് സ്വന്തമാണ്. വ്യവസ്ഥിതികളും നിയമങ്ങളും മുന്നോട്ട് നിരത്തി കളി ആരംഭിക്കുന്നു. എന്നാൽ ആ കളി അവർക്ക് തിരിച്ചടിയാവാൻ അധികം സമയം വേണ്ടിവന്നില്ല.

💢ഒരുപക്ഷെ ഇന്ന് ജീവിതത്തിൽ നിന്ന് ഒഴിച്ചുകൂടാൻ പറ്റാത്ത അഭിവാജ്യ ഘടകമായി മാറിയിരിക്കുകയാണ് മൊബൈൽ ഫോണും ഇന്റർനെറ്റും. വായുവും വെള്ളവും ഭക്ഷണവും പോലെ തന്നെ ഒന്ന്. പല ഗുണങ്ങളും വിളമ്പാൻ സാധിക്കുമെങ്കിലും അതിനേക്കാൾ കൂടുതൽ ദോഷങ്ങളും അവ മൂലം സംഭവിക്കുന്നുണ്ട് എന്നത് മറ്റൊരു വശം. ശാരീരികമായും മാനസികമായും പല ദോഷങ്ങളും ജീവിതത്തിൽ സംഭവിക്കുന്നുണ്ട്. എന്നാൽ തിരിച്ചറിയുന്നില്ല, അല്ലെങ്കിൽ വകവെക്കുന്നില്ല എന്ന് മാത്രം.

💢ചെറുപ്പം മുതൽ തന്നെ പരസ്പരം അറിയാവുന്നവർ ആയിട്ട് കൂടി അവർ തമ്മിലുള്ള അകലവും രഹസ്യങ്ങളും ഈ ഫോണിനുള്ളിലാണ്. ഒരുപക്ഷെ വലുതായിരുന്നു അവരുടെ ലോകവും മനസ്സും ഇടുങ്ങിയതാക്കാൻ ഫോണുകൾ പ്രധാന പങ്ക് വഹിച്ചിരുന്നു. ആ ഒരു കളിയിലൂടെ പുറത്ത് വന്നത് അവർ പോലും പ്രതീക്ഷിക്കാത്ത പല രഹസ്യങ്ങളും ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമാണ്. ഒരുപക്ഷെ അത്രനാളെത്തെ അവരുടെ സൗഹൃദവും മനസ്സിന്റെ ഒരുമയും പൊടുന്നനെ നിഷ്പ്രഭമാക്കിയ വിവരങ്ങൾ.

💢വളരെ സരസമായി തുടങ്ങുന്ന ചിത്രം ഏതാണ്ട് ഭൂരിഭാഗവും അങ്ങനെ തന്നെ പോവാനാണ് ശ്രമിച്ചിട്ടുള്ളത്. ആകാംഷ നിലനിർത്തുന്ന ഭാഗങ്ങൾ വരുമ്പോഴും ചിലയിടങ്ങളിൽ അങ്ങനെയാവുന്നുണ്ട് ചിത്രം. അതൊരിക്കലും ഒരു കുറവല്ല. ഒരുപക്ഷെ കാണികളുടെ ജീവിതവുമായി പലപ്പോഴും റിലേറ്റ് ചെയ്യാവുന്ന, അല്ലെങ്കിൽ ഭാവിയിൽ റിലേറ്റ് ചെയ്യപ്പെട്ടേക്കാവുന്ന സന്ദർഭങ്ങളും ഉണ്ട്. അത് തന്നെയാണ് ഏറ്റവും മികച്ച് നിൽക്കുന്ന ഘടകവും. ഒരു നിമിഷം പോലും വിരസത നൽകാത്ത നല്ലൊരു അനുഭവം സമ്മാനിക്കുന്നു ചിത്രം.

🔻FINAL VERDICT🔻

കേൾക്കുമ്പോൾ തന്നെ കൗതുകം തോന്നുന്ന പ്ലോട്ടും അതിന്റെ മികവുറ്റ ആവിഷ്‌കാരവും. ഉറ്റ സുഹൃത്തുക്കൾ എന്ന് വിശ്വസിച്ചിരുന്നവർ പോലും തീർത്തും അപരിചിതരായി മാറുന്ന കാലമാണ് ഈ യുഗം. അത് വളരെ ഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു സംവിധായകൻ. തീർച്ചയായും കണ്ടിരിക്കാവുന്ന ഒന്നായി മാറുന്നു ഈ കളിയും.

MY RATING :: ★★★½

You Might Also Like

0 Comments