ഒരായിരം കിനാക്കളാൽ (2018) - 141 min

April 07, 2018

"പണമില്ലാത്തവൻ പിണമാകുന്ന സമൂഹത്തിൽ സ്വപ്നസാക്ഷാത്കാരത്തിന്  പണത്തിനായി നെട്ടോട്ടം ഓടുന്നവർ"



🔻STORY LINE🔻

പതിനഞ്ച് വർഷത്തെ ലണ്ടൻ ജീവിതത്തിൽ താൻ സമ്പാദിച്ച പണമെല്ലാം പല ഇടപാടുകളിലായി നഷ്ടപ്പെട്ട് നട്ടം തിരിയുകയാണ് ശ്രീറാം. ഒരുപാട് പ്രാരാബ്ധങ്ങളും കടക്കെണികളും നിറഞ്ഞ ജീവിതം നയിക്കുന്ന പുള്ളിക്കാരൻ അവയൊക്കെ തരണം ചെയ്യാനായി സ്വീകരിക്കുന്ന വഴികളൊക്കെയും നിരാശ മാത്രമാണ് സമ്മാനിച്ചിട്ടുള്ളത്.

ആയിടെയാണ് ജയ്സണെ ശ്രീറാം കണ്ടുമുട്ടുന്നത്. തുടർന്ന് ജീവിതത്തിൽ പച്ചപിടിക്കാനായി ഇരുവരും നടത്തുന്ന ശ്രമങ്ങളിലൂടെ ചിത്രം മുന്നേറുന്നു.


🔻BEHIND SCREEN🔻

ചിത്രത്തിന്റെ ട്രെയിലറും പോസ്റ്ററുകളുമെല്ലാം ഒരു ഫാമിലി മൂവി എന്ന തോന്നലാണ് മനസ്സിൽ ഉണ്ടാക്കിയിരുന്നത്. എന്നാൽ പ്രതീക്ഷക്ക് വിപരീതമായി ത്രില്ലർ സ്വഭാവം കൂടി കൈവരിക്കുന്ന ചിത്രമാണ് സംവിധായകൻ പ്രമോദ് മോഹൻ ഒരുക്കിയിരിക്കുന്നത്.

തുടക്കം തന്നെ ഒരു ഗാനത്തിലൂടെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നു ചിത്രം. അവരുടെ പല സ്വഭാവങ്ങളുടെയും പൂർവ്വകാലസംഭവങ്ങളുടെയും ചിത്രം കാണികളുടെ മനസ്സിൽ സൃഷ്ടിക്കുന്നുണ്ട് ആ ഗാനം. അതിന് ശേഷം സിനിമയിൽ ഇനി വരാനിരിക്കുന്ന കഥാപാത്രങ്ങളെ പറ്റിയുള്ള വ്യക്തമായ രൂപരേഖ പരിചയപ്പെടുത്തുന്നു. അതിന് സമയമെടുക്കുന്നുമുണ്ട്. പിന്നീട് പ്രധാനഭാഗങ്ങളിലേക്ക് കടക്കുന്നു.

ഒരു സിനിമയെന്നാൽ രണ്ടര മണിക്കൂർ വേണമെന്ന ശാഠ്യം ഉള്ളതുപോലെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഡീറ്റെയ്ലിങ്ങ് വളരെ കൂടിപ്പോയത് പോലെ തോന്നി പലയിടങ്ങളിലും. ആദ്യ പകുതി പല വഴികളിലായി കഥ പുരോഗമിച്ച് പ്രതീക്ഷിച്ചിരുന്ന പോയിന്റിൽ തന്നെ ഇടവേളക്ക് പിരിഞ്ഞു. അതിന് ശേഷമുള്ള പകുതി ഒരു രാത്രിയിലെ സംഭവവികാസങ്ങളാണ് പറയുന്നത്. അവിടെ കഥാപാത്രങ്ങളെ ബന്ധിപ്പിച്ചിരിക്കുന്ന പോയിന്റുകൾ വിശ്വാസനീയമാം വിധം നനായിട്ടുണ്ട്. അവരുടെ സ്വഭാവങ്ങൾ പരിചയപ്പെടുത്തിയിട്ടുള്ളതിനാൽ ഒരിക്കലും ആ സന്ദർഭങ്ങളിൽ നിരാശയോ അവിശ്വസനീയതയോ തോന്നില്ല. അവയൊക്കെ ലിങ്ക് ചെയ്തിരിക്കുന്നതിൽ സംവിധായകന്റെ സാമർഥ്യം വെളിവാകുന്നുണ്ട്.

ഇടക്കിടെ ചെറിയ ട്വിസ്റ്റുകളും അപ്രതീക്ഷിത സംഭവങ്ങളും നർമ്മങ്ങളും കോർത്തിണക്കി വിരസത തോന്നിക്കാത്ത വിധം മുന്നോട്ട് പോവുന്നുണ്ട് ചിത്രം. എങ്കിലും കുറച്ചുകൂടി വേഗത കൈവരിക്കമായിരുന്നു ഇത്തരത്തിലൊരു ആഖ്യാനശൈലി അവലംബിക്കുമ്പോൾ. പലർക്കും അതൊരു പോരായ്മയായി തോന്നിയേക്കാം. ഏറ്റവും ഒടുവിൽ തൃപ്തികരമായ ഒരു ക്ലൈമാക്സ് കൂടി നൽകി തൃപ്തികരമായ അനുഭവം സമ്മാനിക്കുന്നു ഈ കിനാവുകൾ.

🔻ON SCREEN🔻

ബിജുമേനോനെ ഈയടുത്തായി പല സിനിമകളിലും കാണാറുള്ള പതിവ് കഥാപാത്രങ്ങൾ പോലെ തന്നെ നിഷ്കളങ്കനായ ഒരുവനായി നല്ല പ്രകടനം കാഴ്ച്ചവെച്ചു. എങ്കിലും ഇനിയും ഇത്തരത്തിലുള്ള കഥാപാത്രങ്ങൾ, അഥവാ ശൈലി തുടർന്നാൽ മടുപ്പാകുമെന്ന കാര്യം സംശയമില്ല. കൂടെ ഷാജോണും സായികുമാറും റോഷനും നായികമാരുമടക്കം ഏവരും തങ്ങളുടെ കഥാപാത്രങ്ങളെ ഭംഗിയാക്കി.

🔻MUSIC & TECHNICAL SIDES🔻

കഥാസന്ദർഭങ്ങൾക്ക് ചേർന്ന രീതിയിലുള്ള പശ്ചാത്തലസംഗീതം തന്നെയാണ് ചിത്രത്തിന്റേത്. കൂടെ രാത്രികാലദൃശ്യങ്ങൾ നല്ല രീതിയിൽ പകർത്തിയിട്ടുമുണ്ട്.


🔻FINAL VERDICT🔻

പ്രതീക്ഷിക്കാതെ കിട്ടിയ നല്ലൊരു അനുഭവം. അതാണീ ചിത്രം. ദൈർഘ്യം കൂടുതലാണെന്നത് ഒരു പോരായ്മ തന്നെയാണ്. ഒന്നുകൂടി ട്രിം ചെയ്തിരുന്നെങ്കിൽ കുറെ കൂടി ആസ്വാദനം സമ്മാനിച്ചേനെ. എങ്കിലും നിരാശപ്പെടുത്താത്ത ഒന്നായി അവസാനിക്കുന്നു ഒരായിരം കിനാക്കളാൽ.

MY RATING :: ★★★☆☆

You Might Also Like

0 Comments