Adam Joan (2017) - 164 min

September 01, 2017

"ഏഴ് വർഷം മുമ്പാണ് ഞങ്ങൾ ഒന്നിച്ചത്.സന്തോഷത്തിന്റെ നാളുകളായിരുന്നു അവ.അപ്പോഴാണ് അപ്രതീക്ഷിതമായി ആ അതിഥി ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്നത്.കുടുംബത്തിലെ ആദ്യ ട്രാജഡിക്ക് വഴിവെച്ച ഒരു വരവ്.ഇപ്പോൾ ഏഴ് വർഷത്തിന് ശേഷം വീണ്ടും ഒന്നുകൂടിയാവുമ്പോൾ ഞങ്ങൾക്ക് താങ്ങാവുന്നതിനുമപ്പുറത്തേക്ക് കാര്യങ്ങൾ കടന്നുകയറുന്നു"



🔻Story Line🔻
കൊച്ചിയിൽ പ്ലാന്ററായ ആദം ആമിയുമൊത്തുള്ള ഹണിമൂൺ ആഘോഷിക്കാനാണ് സ്കോട്ട്ലാന്റിലെത്തിയത്.എന്നാൽ അപ്രതീക്ഷിതമായി ഒരു അതിഥി അവർക്കിടയിലേക്ക് കടന്നുവരുന്നതോടെ കുടുംബത്തിന്റെ താളം തെറ്റുന്നു.അതോടെ കുടുംബത്തിൽ നിന്ന് അകന്നു കഴിയുകയായിരുന്ന ആദം വീണ്ടും കടുംബത്തെ കാണാൻ എത്തുന്ന സമയത്ത്‌ അവിചാരിതമായ മറ്റൊരു ട്രാജഡിക്ക് കൂടി സാക്ഷിയാവേണ്ടി വരുന്നു.അവിടെ നിന്നാണ് ചിത്രത്തിന്റെ തുടർന്നുള്ള സഞ്ചാരം.


🔻Behind Screen🔻
മാസ്റ്റേഴ്സ്, ലണ്ടൻ ബ്രിഡ്‌ജ്‌ എന്നീ ചിത്രങ്ങൾക്കായി തൂലിക ചലിപ്പിച്ച ജിനു.വി.അബ്രഹാം ആദ്യം സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രമാണ് ആദം ജോൺ.തിരക്കഥയെഴുതിയ രണ്ടു ചിത്രങ്ങളും ആദ്യദിനം തന്നെ തീയേറ്ററിൽ ആസ്വാധിച്ചിരുന്നതിനാൽ കുന്നോളമില്ലെങ്കിലും കുന്നിക്കുരുവോളം പ്രതീക്ഷ മനസ്സിലുണ്ടായിരുന്നു.എന്നാൽ ആ പ്രതീക്ഷ അസ്ഥാനത്തായില്ല.


ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധായകൻ തന്നെയാണ്.ഇമോഷനുകളുടെ ഒരു കോക്ടെയിൽ ആണ് ചിത്രം.സന്തോഷം,വിരഹം,സസ്‌പെൻസ്,ട്രജഡി എന്നിങ്ങനെ പല വൈകാരിക ഘട്ടങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ പറഞ്ഞുപോവുന്നത്.ആദ്യ രംഗത്തിൽ തന്നെ പ്രേക്ഷകരിൽ ആകാംഷ ആവോളം ഉണർത്തിയുള്ള തുടക്കമാണ് ആദമിന്റേത്. പിന്നീട് ആദമിന്റെ പ്രണയത്തിലേക്കും സന്തോഷങ്ങളിലേക്കും നയിച്ച് അതിൽ നിന്ന് ട്രാജഡിയിലേക്കും അന്വേഷണങ്ങളിലേക്കുമായി ചിത്രം കടക്കുന്നു.

മികച്ച തിരക്കഥയും അതിനൊത്ത പക്വതയാർന്ന മേക്കിങ്ങുമാണ് ചിത്രത്തിന്റെ നെടുന്തൂൻ. വൈകാരിക രംഗങ്ങളും ഡയലോഗുകളും ഏച്ചുകെട്ടലുകളില്ലാതെ അവയുടെ തീവ്രത ഒട്ടും ചോരാതെ തന്നെ കാണികളിലേക്കെതിക്കാൻ സംവിധായകനായി.ശേഷം വിശ്വാസകൗതുകങ്ങൾ പ്രേക്ഷകരിൽ നിറക്കുന്ന ട്രീറ്റ്മെന്റ് കൂടിയായപ്പോൾ തീർത്തും വ്യത്യസ്തമായ ഒരു അനുഭവമാകുന്നു ആദം ജോൺ.

ലോകത്തിന്റെ പല ഭാഗത്തും അനധികൃതമായി നിലനിൽക്കുന്ന സാത്താൻ വർഷിപ്പേഴ്സും ആഭിചാരകർമങ്ങളും ബ്ലാക്ക്മാസും കഥയിൽ പരാമർശവിഷയങ്ങളാവുമ്പോൾ പുതു അനുഭവമാകുന്ന ട്രാക്കിലേക്ക് ചിത്രം കടക്കുന്നു.അവയെപ്പറ്റി അറിയാനുള്ള കൗതുകം പണ്ടുമുതലേ ഉള്ളതുകൊണ്ടാവാം ആ സന്ദർഭങ്ങളൊക്കെയും ഇത്ര ആസ്വദിക്കാൻ സാധിച്ചത്.

ഇതിനുമുമ്പ് സാത്താൻ വർഷിപ്പേഴ്സിന്റെ പറ്റി പറയുന്ന "റെയിൻ റെയിൻ കം എഗൈൻ" എന്ന ചിത്രം വൻ ദുരന്തത്തിൽ കലാശിച്ചിരുന്നു. ഇത്തരത്തിലുള്ള ആശയങ്ങളും വിശ്വാസങ്ങളും ശ്രോതാവിൽ ചെറിയ രീതിയിലെങ്കിലും ഇമ്പാക്റ്റ് ഉണ്ടാക്കാൻ സാധിക്കുന്ന ഒന്നായതിനാൽ പൂർവശ്രദ്ധയോടെയുള്ള പരിചരണം ഈ വിഷയം ആവശ്യപ്പെടുന്നുണ്ട്.അത് പൂർണ്ണമായും മനസ്സിലാക്കിയുള്ള ട്രീട്ട്മെന്റ് ആണ് സംവിധായകന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്.ദൈവത്തിലുള്ള വിശ്വാസം നശിക്കുമ്പോൾ സ്വാഭാവികമായും ഇരുട്ടിന്റെ ശക്തികളെ തേടുന്നവർ സമൂഹത്തിൽ കാണുമല്ലോ.അവ പൂർണ്ണമായും ഉന്മൂലനം ചെയ്യുക തീർത്തും അസാധ്യം.

ബോറടിപ്പോക്കാതെ നീങ്ങുന്ന ആദ്യ പകുതി നല്ല ഇന്റർവെൽ പഞ്ചോടെ അവസാനിക്കുന്നു.രണ്ടാം പകുതിയുടെ തുടക്കം വേഗതയോടെ ആണെങ്കിലും ക്ലൈമാക്‌സിനോടടുക്കുമ്പോൾ താരതമ്യേന പേസിങ്ങ് നഷ്ടമാവുന്നു.ക്ലൈമാക്‌സ് രംഗങ്ങളിലെ ഫൈറ്റ് സീനുകൾ നന്നായിരുന്നു.എന്നാൽ ആ സമയത്ത് അതല്ല പ്രതീക്ഷിച്ചിരുന്നത് എന്നതാണ് മറ്റൊരു സത്യം.അത്രയും നേരം ആകാംഷയോടെ കാത്തിരുന്നതിന് പര്യാപ്തമായ ഒരു ക്ലൈമാക്‌സല്ല ലഭിച്ചതെന്ന ഒരു ചെറിയ നിരാശ മാത്രം അവശേഷിക്കുന്നു.അവസാന ഇമോഷനൽ സീക്വനസുകളും എന്റിങ്ങും മികച്ച രീതിയിൽ വാർത്തെടുത്തതാണ്. സമയദൈർഖ്യം കാരണം അവസാനത്തോടടുക്കുമ്പോൾ ലേശം ലാഗ് തോന്നിച്ചെങ്കിലും അനാവശ്യമായ സീനുകൾ ഉള്ളതായി തോന്നിയില്ല.

ആദം ജോണിന്റെ ഹോളിവുഡ് സ്റ്റൈൽ മേക്കിങ്ങ് നിലവാരം പുലർത്തുന്നുണ്ട്.മലയാളസിനിമക്ക് ഒരു മുതൽക്കൂട്ടാണ് സംവിധായകൻ.നല്ലൊരു ക്രാഫ്റ്റ്മാനെ ജിനു എന്ന സംവിധായകനിൽ കാണാൻ സാധിക്കുന്നുണ്ട്.ഇനിയും ഇത്തരം വ്യത്യസ്തമായ സൃഷ്ടികൾ അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കുന്നു.

🔻On Screen🔻
ആദം ജോൺ എന്ന കേന്ദ്രകഥാപാത്രത്തെ പ്രിത്വിരാജ് കയ്യടക്കത്തോടെ ഭംഗിയായി സ്ക്രീനിലെത്തിച്ചു.സാധാരണ വൈകാരിക മുഹൂർത്തങ്ങൾ കൈകാര്യം ചെയ്യുമ്പോൾ നാടകീയത നിഴലിക്കുന്ന പ്രിത്വിയുടെ പ്രകടനം ഇത്തവണ പൂർണ തൃപ്തി നൽകുന്നതായിരുന്നു.വളരെ മികച്ച രീതിയിൽ തന്റെ കഥാപാത്രത്തിന് ജീവൻ നൽകി പ്രിത്വിരാജ്.സ്ക്രിപ്റ്റ് സെലക്ഷനിൽ ശ്രദ്ധ പുലർത്തുന്ന പ്രിത്വിക്ക് മികച്ച ഒരു കഥാപാത്രം കൂടി ചിത്രം സമ്മാനിക്കുന്നു.നായികക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.


ചിത്രത്തിലുടനീളം മുഴുനീള കഥാപാത്രങ്ങളായി നരേനും ഭാവനയും ലെനയും തങ്ങളുടെ വേഷങ്ങൾ മികച്ചതാക്കി.നല്ല കാസ്റ്റിങ്ങ് ആണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.ആരും തങ്ങളുടെ കഥാപാത്രങ്ങൾ മോശമാക്കിയില്ല.

🔻Music & Technical Sides🔻
അതിഗംഭീര ക്യാമറ വർക്കാണ് ചിത്രത്തിന്റേത്.സ്‌കോട്ടലാന്റിന്റെ മുഴുവൻ വശ്യതയും തന്റെ ക്യാമറകണ്ണുകളിലോടെ പകർത്തിയ ജിത്തു ദാമോദർ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചത് കണ്ണഞ്ചിപ്പിക്കുന്ന ഫ്രയിമുകളാണ്.ഡാർക്ക് മൂഡിൽ കഥ പറയുന്ന ചിത്രത്തിന്റെ സ്വഭാവത്തോട് ചേർന്ന് നിൽക്കുന്ന രീതിയിലാണ് മുഴുവൻ ഷോട്ടുകളും ഫ്രയിമുകളും.കളർ ടോണും ഡാർക്ക് ഫീൽ പ്രേക്ഷകനിൽ നൽകുന്നുണ്ട്.


ദീപക് ദേവ് ഒരുക്കിയ രണ്ട്‌ ഗാനങ്ങളും നന്നായിരുന്നു.അതിൽ പ്രിത്വി പാടിയ ഗാനം സാന്ദർഭികമായ ഫീൽ തരുന്നതിൽ വഹിച്ച പങ്ക് ചെറുതല്ല.വൈകാരിക രംഗങ്ങളിലെ മുഴുവൻ ഫിലും അതേ തീവ്രതയോടെ പ്രേക്ഷകരിൽ എത്തിക്കാൻ പശ്ചാത്തലസംഗീതത്തിനും സാധിച്ചു.ത്രില്ലടിപ്പിക്കുന്നതിനും ഇമോഷണൽ ഫീൽ നൽകുന്നതിനും സംഗീതം മികച്ച പങ്ക് വഹിച്ചു.എഡിറ്റിങ്ങും നന്നായിരുന്നു.

🔻Final Verdict🔻
ഡാർക്ക് മൂഡിൽ കഥ പറഞ്ഞ് പോവുന്ന വ്യത്യസ്ഥമായ ഒരു അനുഭവം.ഇതുവരെ അധികം കണ്ടുപരിചരിച്ചിട്ടില്ലാത്ത പരിചരണവും വ്യത്യസ്തമായ കഥയും കാണികളിൽ കൗതുകം നിറക്കും. ടെക്നിക്കൽ സൈഡ് പുലർത്തുന്ന മേന്മ സംവിധായകന് കൊടുത്ത പിന്തുണ വളരെ വലുതാണ്.ത്രില്ലിംഗ് എലമെന്റ്സും വൈകാരിക മുഹൂർത്തങ്ങളും മികച്ച ഡയലോഗുകളുടെ അകമ്പടിയോടെ സമന്വയിപ്പിച്ച് ഒരുക്കിയ തിരക്കഥയും ജിനു അബ്രഹാം എന്ന ക്രാഫ്റ്റ്മാന്റെ പരിചരണവും കൂടിയായപ്പോൾ പക്വതയുള്ള ഒരു ത്രില്ലറിന് സാക്ഷിയായി.ഓണം റിലീസുകളിൽ ഏറ്റവും തൃപ്തി നൽകിയ ചിത്രമായി മാറുന്നു ആദം ജോൺ.


My Rating :: ★★★½


You Might Also Like

0 Comments