Parava (2017) - 146 min

September 21, 2017

"ഞങ്ങൾ പൊന്നുപോലെ വളർത്തിയ പ്രാവിനെയാണ് കാണാതായിരിക്കുന്നത്.ഈ വർഷത്തെ മത്സരത്തിൽ പങ്കെടുപ്പിക്കാൻ ഇനി ഒന്നിനെ വളർത്തിക്കൊണ്ട് വരുക എന്നത് അസാധ്യമാണ്"




🔻Story Line🔻
മട്ടാഞ്ചേരിയിലെ രണ്ട് കുട്ടികളിലൂടെയാണ് കഥ വികസിക്കുന്നത്.ആ വർഷത്തെ പ്രാവ് പറത്തൽ ടൂർണമെന്റിനുള്ള തയ്യാറെടുപ്പിൽ നിന്ന് തുടങ്ങി അവർക്ക് ചുറ്റുമുള്ളവരിലേക്കും കഥ ചെന്നെത്തുന്നു.അവിടുത്തെ സാധാരണക്കാരിലൂടെയും കുടുംബത്തിലൂടെയും യാത്ര കൊണ്ടുപോവുന്നു.കുറച്ച് പേരുടെ സ്വപ്നങ്ങളിലേക്കും.

🔻Behind Screen🔻
പറവ.കാത്തിരിക്കാൻ കാരണങ്ങൾ ഏറെയായിരുന്നു ഈ ചിത്രം.സൗബിൻ സാഹിർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം.തൊട്ടതെല്ലാം പൊന്നാക്കി മാത്രം ശീലമുള്ള അൻവർ റഷീദ് നിർമിക്കുന്നു എന്ന പ്രത്യേകത മറ്റെന്തിനേക്കാളും പ്രതീക്ഷ നൽകുന്നതായിരുന്നു.കൂടെ ദുൽഖർ സൽമാന്റെ കാമിയോ അപ്പിയറൻസും.അങ്ങനെ പ്രതീക്ഷ നൽകുന്ന ഘടകങ്ങൾ അനവധി ആയിരുന്നു.അവയെല്ലാം ചിത്രം കാത്തോ എന്ന് ഇനി പരിശോധിക്കാം.

സൗബിന്റെ കഥക്ക് സൗബിനും മുനീറും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.കൗതുകം ഉണർത്തുന്ന കഥാ അന്തരീക്ഷമാണ് ചിത്രത്തിന്റേത്.അതിന്റെതായ രീതിയിൽ കൗതുകം ഉണത്തുന്നുമുണ്ട് തുടക്കത്തിൽ.എന്നാൽ കൂടുതൽ ദൂരം ചെല്ലുന്തോറും കഥ പ്രവചിക്കാവുന്ന തരത്തിലേക്ക് രൂപാന്തരപ്പെടുന്നു.കഥ പറച്ചിലിലും ചെറിയ ഇഴച്ചിൽ അനുഭവപ്പെടുന്നു.കാണികളെ പൂർണമായും ലയിച്ചിരുത്തുന്നതിൽ വിജയിച്ചിട്ടില്ല എന്ന് പറയേണ്ടി വരും.

സ്വാഭാവിക നർമത്തിന്റെ അകമ്പടിയോടെ സാഹചര്യങ്ങൾ പരമാവധി രസകരമാക്കാൻ ശ്രമിച്ചിട്ടുണ്ട് തിരക്കഥാക്രിത്തുക്കൾ.അത് ഭൂരിഭാഗവും വിജയം കണ്ടിട്ടുമുണ്ട്.നാടകീയത തെല്ലും അനുഭവപെടുന്നില്ല എന്നത് ഒരു പ്ലസ് പോയിന്റായി തോന്നി.അങ്ങനെ മേന്മകൾ അവകാശപ്പെടാൻ ഏറെയുണ്ട് ചിത്രത്തിൽ.

സംവിധായകൻ എന്ന നിലയിൽ സൗബിൻ തന്റെ റോൾ ഭംഗിയാക്കിയിട്ടുണ്ട്.എന്നാൽ തിരക്കഥയിൽ കുറച്ചുകൂടി പുതുമ കൊണ്ടുവരാമായിരുന്നു.പല ഘട്ടങ്ങളിലും ഊഹിക്കാവുന്ന കഥ ആസ്വാദനത്തിന് തിരിച്ചടി ആവുന്നുണ്ട്.കൂടെ കാണികളിൽ പ്രതീക്ഷ ഉണ്ടായിരുന്നതും ഒരുതരത്തിൽ തിരിച്ചടി ആയിട്ടുണ്ട്.അങ്ങനെ ആകെത്തുകയിൽ ശരാശരിക്ക് മുകളിൽ ആസ്വാധനം പ്രദാനം ചെയ്ത ചിത്രമാവുന്നു പറവ.

🔻On Screen🔻
സ്ക്രീനിൽ നിറഞ്ഞ് നിന്നത് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കുട്ടികളാണ്.മനസ്സ് കീഴടക്കുന്ന പ്രകടനം.പല രംഗങ്ങളിലും തകർത്ത് അഭിനയിച്ചു.ഷൈൻ നിഗം താനൊരു ഭാവി വാഗ്ദാനമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു.ലുക്കിലും പ്രകടനത്തിലും വ്യത്യസ്തത കൊണ്ട് അമ്പരപ്പിച്ചു ഷൈൻ.ദുൽഖർ സൽമാൻ തന്റെ വേഷം ഭംഗിയാക്കി.കുറച്ച് നേരമേ ഉള്ളെങ്കിലും കയ്യടി വാങ്ങിക്കൂട്ടി.

സൗബിൻ,ശ്രീനാഥ് ഭാസി,സിദ്ദിഖ്,ഹരിശ്രീ അശോകൻ തുടങ്ങി വമ്പൻ താരനിര തന്നെയുണ്ട് ചിത്രത്തിൽ.ശ്യാം പുഷ്കറിന്റെ ഭാര്യയുടെ ടീച്ചർ വേഷവും മനോഹരമായിരുന്നു.എല്ലാവരുടെയും നല്ല പ്രകടനത്തിനും സാക്ഷിയായി.

🔻Music & Technical Sides🔻
റെക്സ് വിജയന്റെ പാട്ടുകളേക്കാൾ ഏറെ മനോഹരം പശ്ചാത്തലസംഗീതമാണ്.സന്ദർഭത്തോട് ചേർന്ന് നിൽക്കുന്ന സംഗീതം.ടൈറ്റിൽ സോങ് വളരെ രസകരമാണ്. പിന്നീട് വന്ന പാട്ടുകളും കൊള്ളാം.

ലിറ്റിൽ സ്വായമ്പ് ഒരുക്കിയ ദ്രിശ്യവിരുന്ന് കാണേണ്ടത് തന്നെയാണ്.മനോഹരമായ ഫ്രയിമുകളും ഷോട്ടുകളും കണ്ണിന് കുളിർമ നൽകുന്നത് തന്നെ.വ്യത്യസ്തമായ കോസ്റ്റ്യുമും ആകർഷിക്കുന്ന ഘടകം തന്നെയാണ്.

🔻Final Verdict🔻
ഒരു ഡ്രീം കോമ്പോ തന്നെയായിരുന്നു സൗബിൻ-അൻവർ റഷീദ്-ദുൽഖർ സൽമാൻ എന്നിവർ ഒരുമിച്ചപ്പോൾ പ്രേക്ഷകനിൽ ഉണ്ടായത്.എന്നാൽ ആ പ്രതീക്ഷ പൂർണതയിൽ എത്തിക്കുവോളം ത്രിപ്തി നൽകാൻ ചിത്രത്തിനായില്ല.എങ്കിലും സംവിധായകന്റെ ആദ്യ ചിത്രമെന്ന നിലയിൽ പറവ നിലവാരം പുലർത്തുന്നുണ്ട്.അമിതപ്രതീക്ഷ ഇല്ലാതെ സമീപിച്ചാൽ ചിത്രം ത്രിപ്തി നൽകിയേക്കും.

My Rating :: ★★★☆☆

You Might Also Like

0 Comments