Udhaharanam Sujatha (2017) - 126 min
September 29, 2017
'വെളുപ്പാൻകാലത്ത് മുതൽ ഞാനീ പണിയെടുക്കുന്നത് എന്റെ മകളുടെ ഭാവി മാത്രം മുന്നിൽ കണ്ടാണ്.എന്നാൽ അവൾ അതിൽ അലംഭാവം കാട്ടുമ്പോൾ പിടയുന്നത് എന്റെ നെഞ്ചാണ്''
🔻Story Line🔻
നാല് വർഷം മുൻപ് മരണപ്പെട്ടതാണ് സുജാതയുടെ ഭർത്താവ്.അന്നുമുതൽ സുജാതക്ക് മകൾ ആതിര മാത്രമാണ് കൂട്ട്.വീട്ടുജോലിയെടുത്തും ചെറിയ ജോലികൾ ചെയ്തും കുടുംബം നോക്കിയിരുന്ന സുജാതക്ക് ഒറ്റ സ്വപ്നമേ ഉണ്ടായിരുന്നുള്ളൂ.തന്റെ മകളുടെ ഭാവി.
മകളും തന്നെപ്പോലെ ഒരു വേലക്കാരി ആവരുതെന്ന് സുജാത അതിയായി ആഗ്രഹിച്ചു.എപ്പോഴും അതിനെപ്പറ്റിയായിരുന്നു സുജാതയുടെ വേവലാതി.എന്നാൽ മകൾ പഠനത്തിൽ ശരാശരി നിലവാരം മാത്രമാണ് പുലർത്തുന്നതെന്നറിഞ്ഞ സുജാത അത് തരണം ചെയ്യാൻ എന്ത് ചെയ്യുന്നു എന്നാണ് സിനിമ കൈകാര്യം ചെയ്യുന്നത്.
🔻Behind Screen🔻
സിനിമയുടെ ടൈറ്റിലിൽ നിതീഷ് തിവാരിയുടെ കഥ എന്നാണ് കാണിക്കുന്നത്.അദ്ദേഹത്തിന്റെ കഥയിൽ 2016ൽ ബോളിവുഡിൽ റിലീസ് ആയ ചിത്രമാണ് "Nil Battey Sannata".പിന്നീട് അത് 'അമ്മ കണക്ക്' എന്ന പേരിൽ തമിഴിലേക്ക് റീമേക്ക് ചെയ്തു.അതിന്റെ മലയാളം പതിപ്പാണ് "ഉദാഹരണം സുജാത".
ഒരു ചേരിനിവാസിയായ സുജാത ദിവസേന വീട്ടുവേലകളും മറ്റു ചെറുജോലികളും ചെയ്താണ് വീട്ടുചിലവുകൾ നടത്തിയിരുന്നത്.ആകെ കൂട്ടിനുണ്ടായിരുന്ന മകളെ ജീവനുതുല്യം സ്നേഹിച്ചിരുന്ന സുജാതക്ക് മകൾ തന്നെപോലെ ഒരു വേലക്കാരി ആവരുതെന്ന അതിയായ ആഗ്രഹം ഉണ്ടായിരുന്നു.അതിനുള്ള ഒരേയൊരു പോംവഴി വിദ്യാഭാസമാണെന്ന ഉത്തമബോധ്യവും സുജാതയിൽ ഉണ്ട്.അതിനായി മകൾക്ക് ആവുന്നത്ര വിദ്യാഭ്യാസം നൽകാനുള്ള ശ്രമത്തിലാണ് സുജാത.എന്നാൽ മകൾ സുജാതയുടെ ആഗ്രഹങ്ങൾക്ക് പലപ്പോഴും എതിരാണ് നിൽക്കുന്നത്.ഇത് സുജാതയുടെ സ്വപ്നങ്ങ്ൾക്ക് ഒരു വിലങ്ങുതടി ആവുന്നു.
അനുരാഗകരിക്കിൻവെള്ളത്തിന് ശേഷം നവീൻ ഭാസ്കർ തിരക്കഥ രചിച്ച ചിത്രം കൂടിയാണ് സുജാത.സഹായിയായി മാർട്ടിൻ പ്രക്കാട്ടും ഉണ്ട്.ചിത്രത്തിന്റെ കഥ ഏതാണ്ട് ഊഹിക്കാവുന്നതാണെങ്കിലും പ്രേക്ഷകനുമായി റിലേറ്റ് ചെയ്യാൻ സാധിക്കുന്ന ഒരുപാട് മുഹൂർത്തങ്ങൾ ഉണ്ടെന്നതാണ് ചിത്രത്തിന് ജീവൻ നൽകുന്നത്.ഒരു അമ്മയുടെയും മകളുടെയും ബന്ധം മനോഹരമായി ആവിഷ്കരിച്ചിട്ടുണ്ട് ചിത്രത്തിൽ.കൂടെ രണ്ട് തലമുറകളുടെ സ്വപ്നങ്ങൾ തമ്മിലുള്ള തമ്മിലുള്ള അന്തരവും.സ്വന്തം വീട്ടിലെ കാര്യം തന്നെ ആലോചിച്ചാൽ മതി നമുക്ക് കാര്യം മനസ്സിലാവാൻ.നമ്മുടെ മാതാപിതാക്കളുടെ ഏറ്റവും വലിയ സ്വപ്നമെന്നത് നമ്മുടെ വിജയമാണ്.അവർ ചെറുപ്പത്തിൽ അനുഭവിച്ച ദുരിതങ്ങളും കഷ്ടപ്പാടുകളും നമുക്ക് ഉണ്ടാവരുതെന്ന ഇച്ഛയാണ് അവരെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഘടകം.അതാണ് ഇന്നത്തെ സമൂഹം മറന്നുപോവുന്നതും.അത് ഏറ്റവും ഭംഗിയായ രീതിയിൽ തന്നെ കാണിച്ച് തന്നിരിക്കുകയാണ് സംവിധായകനും കൂട്ടരും.ആദ്യ ചിത്രത്തിനായി ഇത്തരത്തിൽ ഒരു പ്രമേയം തെരഞ്ഞെടുത്തതിന് അഭിനന്ദനങ്ങൾ.
കണ്ണ് നനയിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മുഹൂർത്തങ്ങളാലും ഡയലോഗുകളാലും സമ്പന്നമാണ് ചിത്രം.കോച്ചിങ് സെന്ററിൽ സുജാത ചോദിക്കുന്ന ചോദ്യം എന്റേതുൽപ്പടെ പല വീടുകളിലും ചോദിച്ച് കേട്ടിട്ടുള്ള ഒന്നാണ്.അങ്ങനെ പല മികച്ച സന്ദർഭങ്ങളും കോർത്തിണക്കിയിട്ടുണ്ട്.ഇടക്കിടെ നുറുങ്ങ് നർമങ്ങളും നല്ല രംഗങ്ങളും സമ്മാനിച്ച് മുന്നോട്ട് പോവുന്ന ചിത്രം ഒരു വേളയിൽ ക്ലീഷേയിലേക്ക് നിലംപതിക്കുമെന്ന തോന്നൽ ഉണ്ടാക്കിയെങ്കിലും അവിടെ നിന്നും ഉയിർത്തെഴുന്നേറ്റ് നല്ലൊരു എന്റിംഗും നൽകി പ്രേക്ഷകരുടെ മനസ്സ് നിറക്കുന്നു.
സ്വപ്നം കാണാൻ മറക്കുന്ന തലമുറയെ സ്വപ്നം കണ്ട് മുന്നേറുവാൻ പ്രേരിപ്പിക്കുകയാണ് ചിത്രം.വെറും ഫീൽ ഗുഡ് എന്ന പേരിൽ ഒതുങ്ങാതെ, സാരോപദേശങ്ങളിൽ മുങ്ങിപ്പോവാതെ, മേന്മയോടെ മെനഞ്ഞെടുത്ത ഒരു ചിത്രമാണ് 'ഉദാഹരണം സുജാത'.
🔻On Screen🔻
തിരിച്ചുവരവിൽ മഞ്ചു വാര്യർ ചെയ്ത ഏറ്റവും മികച്ച വേഷമാണ് സുജാതയുടേത്.ഇതിനു മുമ്പുള്ള വേഷങ്ങളിലെല്ലാം പലപ്പോഴും നാടകീയത പ്രകടമായിരുന്നപ്പോൾ ഇതിൽ സുജാതയായി ജീവിക്കുകയായിരുന്നു മഞ്ചു.ഗംഭീര പ്രകടനം.ഇമോഷണൽ സീക്വൻസുകളിലും മറ്റുമുള്ള പ്രകടനങ്ങൾ എടുത്തുപറയേണ്ടതാണ്.സംസാരശൈലിയും വോയിസ് മോഡുലേഷനുമൊക്കെ മഞ്ചുവിലെ മികച്ച അഭിനേത്രിയെ കാട്ടിത്തരുന്നു.
മകളായി അഭിനയിച്ച അനശ്വരയുടെ പ്രകടനവും നന്നായിരുന്നു.മഞ്ചുവുമായുള്ള കോമ്പിനേഷൻ സീനുകളും കാണാൻ മനോഹരമായിരുന്നു.നെടുമുടി വേണുവിന്റെ റോൾ സാരോപദേശത്തിന്റേതാവുമെന്ന് വിചാരിച്ചെങ്കിലും പൂർണ്ണമായി അങ്ങനെ ആകാതിരുന്നത് നന്നായി.ജോജോയും തന്റെ വേഷത്തിലൂടെ ചിരി പടർത്തി.കൂടെ സ്കൂളിലെ മറ്റു കുട്ടികളും.
🔻Music & Technical Sides🔻
ഗോപി സുന്ദറിന്റെ ഈയടുത്തിറങ്ങിയതിൽ ഏറ്റവും മികച്ച വർക്കുകളിൽ ഒന്നാണ് സുജാതയിലേത്.സന്ദർഭങ്ങളിലെ വൈകാരികത പ്രേക്ഷകരിലേക്ക് എത്തിക്കാൻ പശ്ചാത്തലസംഗീതം വഹിച്ച പങ്ക് ചെറുതല്ല.പാട്ടുകൾ സന്ദർഭോചിതമായി കഥ പറയാൻ ഉപയോഗിച്ച ശൈലി നന്നേ ബോധിച്ചു.ഗാനങ്ങളും നന്നായിരുന്നു.
മധു നീലകണ്ടന്റെ ക്യാമറയും മഹേഷ് നാരായണന്റെ എഡിറ്റിംഗും ചിത്രത്തിന്റെ മൂഡിനോട് യോജിച്ച വിധത്തിലായിരുന്നു.
🔻Final Verdict🔻
യുവതലമുറക്ക് മികച്ചൊരു സന്ദേശം പകരാൻ ശ്രമിക്കുന്ന ചിത്രം.അതിൽ മികച്ച വിജയം കണ്ടിട്ടുമുണ്ട്.മാതാപിതാക്കളും മക്കളും ഒരുമിച്ച് തീയേറ്ററിൽ കാണുക ചിത്രം.കണ്ടുകഴിയുമ്പോൾ മനസ്സിൽ എന്തെങ്കിലുമൊരു മാറ്റം ഉണ്ടാവും എന്നുറപ്പ്.കാരണം ഈ ചിത്രം നമ്മുടെ കണ്ണും മനസ്സും ഒരുപോലെ നിറക്കും.നിറകണ്ണുകളോടെയല്ലാതെ എനിക്ക് ഈ ചിത്രം കണ്ടിറങ്ങാൻ സാധിച്ചില്ല.ഈ വർഷത്തെ ഇഷ്ടചിത്രങ്ങളിൽ സുജാതയും സ്ഥാനം നേടി.
My Rating :: ★★★★☆
0 Comments