Pullikkaran Staraa (2017) - 135 min

September 03, 2017

"ഇവൻ ആള് വഷളനാണ്.ജനിച്ച് വീണുടനെ നേഴ്‌സ് എന്നെപ്പറ്റി പറഞ്ഞതാണ്.പിന്നീട് ഓരോ വർഷം കഴിയുന്തോറും ഓരോരോ ഇരട്ടപ്പേരുകൾ എനിക്ക് വീണുകൊണ്ടേയിരുന്നു.ഇനി എന്റെ അങ്കം കൊച്ചിയിലാണ്.അവിടെ എന്റെ അവസ്ഥ എന്താകുവോ എന്തോ."


🔻Story Line🔻
രാജകുമാരിയിലെ സേനാപതിയിലായിരുന്നു രാജകുമാരന്റെ ജനനം.ജനിച്ച നിമിഷം തന്നെ നേഴ്സിന്റെ എവിടെയോ അവന്റെ കൈ കൊണ്ടപ്പോൾ നേഴ്‌സ് അവനെ നോക്കി പറഞ്ഞു
ഇവനൊരു വശളനാണെന്ന്.അതായിരുന്നു അവന്റെ ആദ്യത്തെ പെണ്ണുകേസ്.പിന്നീട് വളർന്ന് വലുതാവുന്തോറും അവന്റേതല്ലാത്ത കാരണത്താൽ ഓരോരോ പേരുകൾ വീണുകൊണ്ടേ ഇരുന്നു.അതും പെൺവിഷയങ്ങളിൽ.


അങ്ങനെ രാജകുമാരൻ വളർന്ന് വലുതായി.ഇപ്പൊ ടീച്ചർമാരെ ട്രെയിൻ ചെയ്യിക്കുന്ന ജോലിയാണ് പുള്ളിയിടേത്.ഇതുവരെ കല്യാണവും കഴിച്ചിട്ടില്ല.കൊച്ചിയിലേക്ക് ട്രാൻസ്ഫർ കിട്ടി കൂട്ടുകാരൻ കുര്യൻ ഒപ്പിച്ചുകൊടുത്ത ഫ്ലാറ്റിൽ താമസിക്കുന്ന പുള്ളിക്കാരന്റെ ജീവിതത്തിലേക്ക് രണ്ട് പെണ്ണുങ്ങൾ കടന്നുവരുമ്പോഴുണ്ടാവുന്ന സംഭവങ്ങളാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.

🔻Behind Screen🔻
7th ഡേ എന്ന ചിത്രത്തിന് ശേഷം ശ്യാംധർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പുള്ളിക്കാരൻ സ്റ്റാറാ'.രതീഷ് രവിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.വലിയ ഹൈപ്പും ലളിതമായ പ്രമോഷനും ആയിരുന്നതിനാൽ തീരെ പ്രതീക്ഷയില്ലാതെയാണ് ചിത്രം കാണാൻ കയറിയത്.


ഇടുക്കിയിലെ രാജകുമാരിയിൽ ആയിരുന്നു രാജകുമാരന്റെ ജനനം.പെണ്ണുകേസുകൾ കാരണം നാട്ടിൽ നല്ല ചീത്തപ്പേരായിരുന്നു അവന്. അങ്ങനെ അവസാനം ടീച്ചർമാരെ ട്രെയിൻ ചെയ്യിക്കുന്ന ജോലിയിൽ അദ്ദേഹം പ്രവേശിച്ചു.ഒടുവിൽ കൊച്ചിയിലേക്ക് ട്രാൻസ്ഫറും കിട്ടി.ബാല്യകാല സുഹൃത്തായ കുര്യന്റെ ഫ്ലാറ്റിനടുത്ത് മറ്റൊരു ഫ്ലാറ്റിൽ താമസവും തുടങ്ങി.

പുള്ളിക്കാരൻ ബാച്ചിലറാണ്.മുഴുവൻ ചീത്തപ്പേര് ആയതിനാൽ കല്യാണം കഴിച്ചിട്ടില്ല.കഴിക്കാനൊട്ട് ആഗ്രഹവും ഇല്ല.അതിനിടയിൽ രണ്ട്‌ പെണ്ണുങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നു.അത് പുള്ളിയുടെ ജീവിതത്തെ എങ്ങനെ മാറ്റുന്നു എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഡാർക്ക് മൂഡിൽ കഥ പറഞ്ഞ ആദ്യ ചിത്രത്തിൽ നിന്ന് മാറി വളരെ കളർഫുൾ ആയി ഒരുക്കിയിരിക്കുകയാണ് സംവിധായകൻ തന്റെ രണ്ടാം ചിത്രം.നായകന്റെ ചെറുപ്പകാലത്തെ രസകരമായ വിവരണത്തിൽ നിന്ന് തുടങ്ങുന്ന ചിത്രം പിന്നീട് കാണിക്കുന്നത് കൊച്ചിയിലെത്തുന്ന നായകനെയാണ്.ഇടുക്കിക്കാരൻ ആയതിനാൽ വാ തോരാതെ സംസാരിക്കുന്ന പ്രകൃതമാണ് രാജകുമാരന്റേത്.ലൗഡ്സ്പീക്കറിലെ മൈക്ക് എന്ന കഥാപാത്രത്തെ അനുസ്മരിപ്പിക്കും വിധമാണ് ആദ്യത്തെ കുറച്ച് സംസാരങ്ങൾ.പിന്നീട്‌ കുര്യനും ഓമനയും രാജകുമാരനും ചേർന്നുള്ള രസകരമായ സംഭാഷണങ്ങളും സന്ദർഭങ്ങളുമൊക്കെയായി മുന്നോട്ട് പോവുന്നു.പിന്നീട് മഞ്ജരിയും മഞ്ജിമയും രാജകുമാരന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നതോടെ കഥ വികസിക്കുന്നു.

പ്രത്യേകിച്ച്‌ കഥയൊന്നും ഇല്ലെങ്കിലും വല്യ ബോറടിയോ വിരസതയോ തോന്നാതെ നീങ്ങുന്ന ആദ്യപകുതിയും അനാവശ്യമായ സീനുകളും പാട്ടുകളും കുത്തിനിറച്ച രണ്ടാം പകുതിയുമാണ് പുള്ളിക്കാരന്റേത്.ശ്യാംധർ എന്ന സംവിധായകനിൽ നിന്ന് പ്രതീക്ഷിച്ച നിലവാരത്തിന്റെ പകുതി പോലും ചിത്രത്തിലില്ല.സാരോപദേശങ്ങൾ വാരി വിതറാൻ വേണ്ടി മാത്രമുള്ള സീനുകൾ പലപ്പോഴും മടുപ്പിച്ചപ്പോൾ വളരെ കുറച്ച് മാത്രമേ നിലവാരം പുലർത്തിയുള്ളൂ.നർമരംഗങ്ങൾ പകുതി മാത്രമേ വിജയം കണ്ടുള്ളൂ.നായകനെ പൊക്കിപ്പറയാനും സൗന്ദര്യത്തെ പുകഴ്ത്താനും മാത്രമുള്ള കുറച്ച് കഥാപാത്രങ്ങളും ചിത്രത്തിലുണ്ട്.ബോറടിപ്പിക്കുന്നില്ല എന്ന ഒറ്റ ഘടകം മാറ്റിനിർത്തിയാൽ ഒരു പുതുമയും അവകാശപ്പെടാനില്ലാത്ത കണ്ടുവരുന്ന ഫോർമാറ്റിൽ തന്നെ കടഞ്ഞെടുത്ത ഒരു ചിത്രമായി മാറുന്നു പുള്ളിക്കാരനും.

🔻On Screen🔻
രാജകുമാരൻ എന്ന കഥാപാത്രം മമ്മൂട്ടിയെ പോലൊരു പ്രതിഭയ്ക്ക് നിഷ്പ്രയാസം ചെയ്യാവുന്ന ഒന്നാണ്.മമ്മൂക്കയുടെ കയ്യിൽ ഭദ്രമായിരുന്നു ആ കഥാപാത്രം.അന്യായ ലുക്കും സ്ക്രീൻ പ്രസൻസും പരമാവധി ഉപയോഗിച്ചിട്ടുണ്ട്.ആശാ ശരത്തിനെ കാണാൻ പതിവിലും സുന്ദരിയായിരുന്നു.നല്ല രീതിയിൽ തന്റെ കഥാപാത്രവും ഭംഗിയാക്കി.ദീപ്തി സതിയുടെ പ്രകടനം ശരാശരിയിൽ മാത്രം ഒതുങ്ങി.


ദിലീഷ് പോത്തനും ഇന്നസെന്റും ഹരീഷ് പെരുമണ്ണയും പറയുന്ന ചില കൗണ്ടറുകൾ പലപ്പോഴും ചിരിപ്പിച്ചു.എന്നാൽ കുറെയിടങ്ങളിൽ നനഞ പടക്കങ്ങളായി അവ.

🔻Music & Technical Sides🔻
ശരാശരി നിലവാരം പുലർത്തുന്ന പശ്ചാത്തലസംഗീതവും അനാവശ്യമായ ഗാനങ്ങളും ചിത്രത്തിന്റെ ദൈർഘ്യം കൂട്ടാൻ മാത്രമേ ഉപകരിച്ചുള്ളൂ.എന്തിനെന്ന് പോലും അറിയാത്ത മൂന്ന് ഗാനങ്ങൾ രണ്ടാം പകുതിയിൽ തെല്ലൊന്ന് ക്ഷമ പരീക്ഷിച്ചു.


ഛായാഗ്രഹണം നന്നായിരുന്നു.മഴവില്ലിനെക്കാൾ കൂടുതൽ നിറങ്ങൾ സ്ക്രീനിൽ ദർശിക്കാനായി.മമ്മൂട്ടിയുടെ കോസ്‌ട്യും എത്രയെത്ര നിറങ്ങളിലാണോ നിറഞ്ഞ് നിന്നത്.

🔻Final Verdict🔻
സാരോപദേശങ്ങളുടെ പുസ്തകമാണ് പുള്ളിക്കാരൻ.പലതും മടുപ്പിച്ചപ്പോഴും ചിലത് മാത്രം ആശ്വാസം നൽകി.ഒരു പുതുമയും അവകാശപ്പെടാനില്ലാത്ത കഥയും ആഖ്യാനവും തന്നെയാണ് ചിത്രത്തിന്റേതെങ്കിലും ബോറടി കുറവാണ് എന്നതാണ് ഏക ആശ്വാസം.എന്തിനെന്ന് പോലും അറിയാത്ത പല സീനുകളും പാട്ടുകളും വെട്ടിച്ചുരുക്കിയിരുന്നെങ്കിൽ കുറച്ചുകൂടി നന്നായേനെ എന്ന് തോന്നി.ഒരു പ്രതീക്ഷയും ഇല്ലാതെ പോയാൽ തിയേറ്റർ വിട്ട് ഇറങ്ങുമ്പോൾ അവിടെ ഉപേക്ഷിക്കാവുന്ന, ശരാശരി ആസ്വാദനം മാത്രം പ്രദാനം ചെയ്യുന്ന ചിത്രമാവുന്നു പുള്ളിക്കാരൻ സ്റ്റാറാ.


My Rating :: ★★½

You Might Also Like

0 Comments