Njandukalude Naattil Oridavela (2017) - 131 min

September 02, 2017

"പെട്ടെന്നൊരു ദിവസം അമ്മ വിളിച്ചിട്ട് വരാൻ പറഞ്ഞപ്പോ ഞാൻ പേരിനെങ്കിലും ഒന്ന് മോഹിച്ചു എന്റെ കല്യാണം നടത്താനാവുമെന്ന്.ഇടക്ക് അച്ഛന്റെ ഒരു ഫോൺ കാളിലും 'ക' വെച്ച് തുടങ്ങുന്ന എന്തോ പറയുന്നത് കേട്ടു.ഇനിയത് കല്യാണം തന്നെ ആവുമോ അതോ..?"



🔻Story Line🔻
അന്ന് രാവിലെ ജോഗിങിന് പോയി വന്ന് കുറച്ച് നേരം റെസ്റ്റ് എടുത്ത് കുളിക്കാൻ കയറിയപ്പോഴായിരുന്നു ഷീല ചാക്കോക്ക് ആ സംശയം ഉടലെടുത്തത്.തനിക്ക് ക്യാൻസർ ആണോ എന്ന്.അന്ന് രാത്രി തന്നെ തന്റെ ഭർത്താവ് ചാക്കോയോട് ആ സംശയം പങ്കുവെക്കുകയും ചെയ്തു.തലമുറകളായി പേടിത്തൊണ്ടന്മാരായിരുന്ന കുടുംബത്തിലെ ഇപ്പോഴത്തെ കണ്ണിയായ ചാക്കോക്ക് ആ വാർത്ത കേട്ടപ്പോൾ മുതൽ മനസ്സിൽ ആദിയായി.


മൂന്ന് മക്കളും ഭർത്താവുമടങ്ങിയ കുടുംബത്തിന്റെ പിന്തുണ ലഭിക്കണമെന്ന ആഗ്രഹത്തോടെ പിറ്റേന്ന് തന്നെ തന്റെ മകൻ കുര്യനെ ലണ്ടനിൽ നിന്ന് വിളിച്ച് വരുത്തിയ ഷീലയുടെയും കുടുംബത്തിന്റെയും തുടർജീവിതമാണ് സിനിമയുടെ ഇതിവൃത്തം.

🔻Behind Screen🔻
പ്രേമം എന്ന സിനിനയിലൂടെ നമ്മെ ചിരിപ്പിച്ച അൽത്താഫ് സലിം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള'.അൽത്താഫും ജോർജ് കോരയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.നിവിൻ പോളി നിർമിച്ച ചിത്രം ഒരു കുടുംബത്തിന്റെ കഥയാണ് മുന്നോട്ട് വെക്കുന്നത്.


കുവൈറ്റിൽ സ്ഥിരതാമസമായിരുന്ന ചാക്കോയും കുടുംബവും നാട്ടിലെത്തിയിട്ട് വർഷങ്ങളായി.ചാക്കോ റിയൽ എസ്റ്റേറ്റ് ബിസിനസും ഷീല ചാക്കോ ലെക്ചറരും ആണ്.മൂന്ന് മക്കളും ഉണ്ട്.രണ്ട് പെണ്ണും ഒരാണും.അങ്ങനെ സന്തോഷജീവിതം മുന്നോട്ട് നയിക്കുന്നതിനിടയിലാണ് ക്യാൻസർ എന്ന രോഗം അവർക്കിടയിൽ ഒരു തടയിടുന്നത്.പിന്നീട് ആ കുടുംബം ആ അവസ്ഥയുമായി എങ്ങനെ മുന്നോട്ട് പോവുന്നു എന്നാണ് ചിത്രത്തിൽ കാണിക്കുന്നത്.

ഒരു സെന്റിമെന്റൽ അപ്പ്രോച്ച് അല്ല സംവിധായകൻ ചിത്രത്തിന്മേൽ നടത്തിയിരിക്കുന്നത്.പരമാവധി രസകരമായി കഥ പറഞ്ഞ് പ്രേക്ഷകരുമായി സംവദിക്കുന്ന സംവിധായകനെ നമുക്കിവിടെ കാണാം.കണ്ണീർ സീരിയലുകളിലേക്ക് കൂപ്പുകുത്താവുന്ന പ്രമേയം ആയിരുന്നിട്ട് കൂടി അതിനെ എങ്ങനെ ട്രീറ്റ് ചെയ്തിരിക്കുന്നു എന്നതാണ് ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്.

‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള.’അർബുദത്തിൽ നിന്ന് താൻ നേടിയ മോചനത്തെ കുറിച്ച് ചന്ദ്രമതി ടീച്ചർ എഴുതിയ പുസ്തകം.ചിത്രത്തിന്റെ തീമും അത് തന്നെയായത് കൊണ്ടാവും അതേ നാമം സ്വീകരിച്ചത്.അർബുദം ബാധിച്ച് കഷ്ടപ്പെടുന്ന അനേകം വ്യക്തികളെ നമുക്ക് ചുറ്റും നിഷ്പ്രയാസം കാണാൻ സാധിക്കും.ചിലർ ധൈര്യം കൊണ്ട് അവയെ കവച്ചുവെച്ച് ജീവിത്തിലേക്ക് തിരിച്ചുവരുമ്പോൾ മറ്റു ചിലർ തുടക്കത്തിലേ ജീവിതത്തിൽ നിന്ന് പിൻവാങ്ങുന്നു.നമുക്കും നാളെ ഇങ്ങനെയൊരു അവസ്ഥ ഉണ്ടായിക്കൂടാ എന്നില്ല.ആയതിനാൽ തന്നെ നമ്മോട് തന്നെ ചേർത്ത് വെക്കാൻ പറ്റിയ പ്രമേയവും കഥാസന്ദർഭങ്ങളുമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.അതീവ പ്രാധാന്യം അർഹിക്കുന്ന വിഷയം മുഴുവൻ സമയവും ഗൗരവത്തോടെ പരിചരിക്കുന്നത് ഒഴിവാക്കി നർമ്മത്തിന്റെ മേമ്പൊടിയോടെ മിതമായ വേതയിൽ പറഞ്ഞുപോയിരിക്കുന്നു സംവിധായകൻ.

പൊതുവെ കഥ പറഞ്ഞ് വരുന്ന ഫോർമാറ്റിൽ നിന്ന് മാറി മുഴുവൻ നേരവും സരസമായാണ് കഥ പറഞ്ഞ് പോയിരിക്കുന്നത്.എന്നാൽ തീവ്രത ഒട്ടു ചോരുന്നുമില്ല താനും.അവയിലൂടെ പല മെസേജുകളും ചിത്രം കൈമാറുന്നുമുണ്ട്.ഈയൊരവസ്ഥ നമുക്കോ നമ്മുടെ പ്രിയപ്പെട്ടവർക്കോ വന്നാൽ നാം എങ്ങനെയാവണം അതിനെ സമീപിക്കേണ്ടത് എന്നതിനെ വളരെ കൃത്യമായി കാണിച്ചുതരുന്നുണ്ട് ചിത്രം.എങ്ങനെയാവരുത് എന്ന് കാണിച്ച് എങ്ങനെയാവണമെന്ന് നമ്മെകൊണ്ട് തന്നെ ചിന്തിപ്പിക്കുന്നു സംവിധായകൻ ഇവിടെ.

ഒരു ശരാശരി വേഗതയിലാണ് ചിത്രത്തിന്റെ സഞ്ചാരം.ആയതിനാൽ തന്നെ പലയിടങ്ങളിലും ലാഗ് ഫീൽ ചെയ്യുന്നുമുണ്ട്.എന്നാൽ രസച്ചരട് പൊട്ടാതെ കൃത്യമായ ഡയലോഗുകളും നർമ്മസംഭാഷണങ്ങളും ഉൾപ്പെടുത്തി വിരസതയിലേക്ക് കൂപ്പുകുത്താതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട് അൽത്താഫ്.കുര്യൻ എന്ന ലണ്ടൻ പത്രാസുകാരന്റെ രസകരമായ സ്വഭാവവും സംഭാഷണങ്ങളും പലപ്പോഴും നമ്മെ ചിരിപ്പിക്കും.ഷീല കുര്യന്റെ ധൈര്യവും ആത്മവിശ്വാസവും പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്തും.അങ്ങനെ രസകരമായ കഥാപാത്രങ്ങളും സന്ദർഭങ്ങളും കൂട്ടിയിണക്കി ഭംഗിയായി ഒരു കുടുംബകഥ പറയുകയാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള.കഥാപാത്രങ്ങളൊക്കെയും ഒരു മിഡിൽ ക്ലാസ് ഫാമിലിയിൽ കാണാവുന്നവരാണ്.

നിവിൻ പോളി എന്ന ബ്രാൻഡിനെ മുൻനിർത്തിയായിരുന്നു പ്രചാരണമെങ്കിലും ചിത്രത്തിൽ സ്കോർ ചെയ്തത് ചാക്കോ-ഷീല ചാക്കോ ദമ്പതികളാണ്.അവരുടെ മൂന്ന് മക്കളും അച്ഛനും മരുമകനും അടങ്ങുന്ന കുടുംബം നമുക്ക് പരിചിതമായ ഒന്നാക്കി മാറ്റുന്നതിൽ സംവിധായകൻ വിജയിച്ചു.ഹാസ്യവും ഗൗരവവും ഒരേ അളവിൽ സമന്യയിപ്പിച്ച് പ്രേക്ഷകരിൽ ഒരു നല്ല ഫീൽ നൽകുവാൻ ചിത്രത്തിനായിട്ടുണ്ട്.ആവശ്യമില്ലായിരുന്നു എന്ന് തോന്നിയ രംഗങ്ങളും ചിത്രത്തിൽ ഉണ്ടായിരുന്നെങ്കിലും അവയിലും ചിരി നിറച്ച് മുഴുവൻ സമയവും രസകരമാക്കി ഒരുക്കിയിരിക്കുന്നു ആദ്യ സംരംഭത്തിൽ സംവിധായകൻ.ഒരു തുടക്കക്കാരന്റെ ചില പോരായ്മകൾ പ്രകടമാണെങ്കിലും അവ മറികടക്കുമെന്ന് പൂർണമായും ഉറപ്പ് നൽകുന്ന മേക്കിങ്ങ് ചിത്രത്തെ മനോഹരമായ ഒന്നാക്കുന്നു.

🔻On Screen🔻
ശാന്തി കൃഷ്ണയുടെ തിരിച്ചുവരവാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പൊസിറ്റിവ്.ഷീല ചാക്കോയായി ഗംഭീര പ്രകടനം.യാതൊരു നാടകീയതയും അനുഭവപ്പെടാതെ ഭംഗിയായി തന്റെ വേഷം കൈകാര്യം ചെയ്തു ശാന്തി കൃഷ്ണ.ചാക്കോയായി ലാലും മികച്ച പ്രകടനം കാഴ്ച്ച വെച്ചു.


നിവിൻ പോളി തന്റെ പല മാനറിസങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും കയ്യടി വാരിക്കൂട്ടിയപ്പോൾ സൃന്ദ, അഹാന തുടങ്ങിയവരും തങ്ങളുടെ റോളുകൾ ഭംഗിയാക്കി.സൈജു കുറുപ്പ്, ശറഫുദ്ധീൻ, ദിലീഷ് പോത്തൻ തുടങ്ങി എല്ലാവരും ചിരിപ്പിക്കുന്നതിൽ തങ്ങളുടെ പങ്ക് പൂർണമാക്കി.

🔻Music & Technical Sides🔻
മനോഹരമായ രണ്ട്‌ ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.കേൾക്കാൻ ഇമ്പമുള്ള ഗാനങ്ങളും സന്ദർഭത്തോട് ചേർന്ന പശ്ചാത്തലസംഗീതവും ഒരുക്കി ജസ്റ്റിൻ വർഗീസ് തന്റെ ഭാഗം ഭംഗിയാക്കി.മുകേഷ് മുരളീധരന്റെ ക്യാമറ വർക്കുകളും ചിത്രത്തോട് നീതിപാലിച്ചു.


🔻Final Verdict🔻
വളരെ സങ്കീർണമായ ഒരു വിഷയത്തെ ഗൗരവത്തോടെ മാത്രം സമീപിക്കാതെ രസകരമായി ഒരുക്കിയിരിക്കുകയാണ് ചിത്രത്തിൽ.മികച്ച സന്ദേശവും നർമം നിറഞ്ഞ സംഭാഷണങ്ങളും സന്ദർഭങ്ങളും ചിത്രത്തിന് മുതൽകൂട്ടാവുന്നു.കണ്ട് കഴിഞ്ഞ് ഇറങ്ങുമ്പോൾ ചുണ്ടുകളിൽ ചെറുപുഞ്ചിരിയോടെ പടിയിറങ്ങാൻ സാധിക്കുന്ന ചിത്രം ധൈര്യമായി ടിക്കറ്റെടുക്കാവുന്ന ഒന്നു തന്നെ.ഓണക്കാലത്ത് കുടുംബസമേതം ആസ്വദിക്കാൻ സാധിക്കുന്ന ഒരു കൊച്ചുചിത്രമാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള.


My Rating :: ★★★☆☆

You Might Also Like

0 Comments