Spyder (2017) - 155 min
September 27, 2017
"ഒരു ക്രൈം നടന്ന് കഴിഞ്ഞ് ക്രിമിനലിനെ പിടിക്കുന്നതിനെക്കാൾ നല്ലത് അത് നടക്കുന്നതിന് മുൻപേ തടയുന്നതാണ് .അതിന് സാധിക്കുന്നത് കൊണ്ടാണ് ഈ ജോലി ഞാൻ ഇത്രയധികം ഇഷ്ടപെടുന്നത്.എന്നാൽ ഇപ്പൊ വന്ന ഈ ഫോൺകോൾ.അതിൽ എന്തെങ്കിലും നിഗൂഢതയുണ്ടോ.?"
🔻Story Line🔻
ഇന്റലിജൻസ് ബ്യുറോയിലെ ഫോൺ ടാപ്പിങ്ങ് ഡിപ്പാർട്ട്മെന്റിൽ വർക്ക് ചെയ്യുകയാണ് ശിവ.ഒരു ക്രൈം നടക്കുന്നതിന് മുന്നേ അത് തടഞ്ഞ് ക്രൈം റേറ്റ് പരമാവധി കുറക്കുയാണ് ശിവയുടെ ലക്ഷ്യം.സ്വന്തമായി ഓരോ സോഫ്റ്റ്വയറും പുള്ളിക്കാരൻ ഡെവലപ്പ് ചെയ്തിട്ടുണ്ട്.
അങ്ങനെ ജോലിയിൽ ആത്മസംതൃപ്തി നേടി മുന്നോട്ട് പോവുമ്പോഴാണ് അവിചാരിതമായി ഒരു കോൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുന്നത്.അതിനെ തുടർന്ന് ഉണ്ടാവുന്ന സംഭവങ്ങളും അന്വേഷണങ്ങളുമാണ് തുടർന്നുള്ള ചിത്രത്തിന്റെ പോക്കിൽ കൈകാര്യം ചെയ്യുന്നത്.
🔻Behind Screen🔻
തമിഴ് സിനിമാ സ്നേഹികൾക്ക് ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് A.R. മുരുഗദോസ്.അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് സ്പൈഡർ.മഹേഷ് ബാബുവുമായി ആദ്യമായി കൈകോർത്ത ചിത്രമെന്ന പ്രത്യേകതയും സ്പൈഡറിനുണ്ട്.മുരുഗദോസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
ടെക്നോളജിക്ക് പ്രാധാന്യം നൽകിയുള്ള ടീസറും ട്രെയിലറും ആരാധകരിൽ ആവോളം പ്രതീക്ഷ നിറക്കുന്നതായിരുന്നു.എല്ലാ കാര്യത്തിലും അഗ്രകണ്യനായ ശിവ സമൂഹത്തിൽ കുറ്റകൃത്യങ്ങൾ കുറക്കണമെന്ന ആഗ്രഹവുമായി നടക്കുന്ന നായകനാണ്.അതുകൊണ്ട് തന്നെയാണ് ഉയർന്ന ജോലികൾ പലതും ഉപേക്ഷിച്ച് ഫോൺ ടാപ്പിങ്ങ് ജോലി തെരഞ്ഞെടുത്തത്.അതുവഴി കുറ്റകൃത്യങ്ങൾ നടക്കുന്നതിന് മുന്നേ പ്രതിരോധിക്കുകയാണ് പുള്ളിയുടെ ലക്ഷ്യം.
എന്നാൽ ഇടക്ക് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുന്ന ഒരു ഫോൺ കോളും തുടർന്നുണ്ടാവുന്ന സംഭവങ്ങളും അദ്ദേഹത്തിന്റെ സ്വപ്നങ്ങൾക്ക് വിലങ്ങ് തടിയാവുന്നു.തുടർന്ന് വില്ലനുമായുള്ള ക്യാറ്റ് ആൻഡ് മൗസ് പ്ലെ ആണ് സിനിമ.
പതിഞ്ഞ രീതിയിൽ നായകന്റെ പ്രണയവും ജോലിയുമൊക്കെ പരിചയപ്പെടുത്തിയാണ് ചിത്രം തുടങ്ങുന്നത്.എന്നാൽ കുറച്ച് മുന്നോട്ട് പോവുമ്പോൾ വില്ലന്റെ എൻട്രിയോടെ കഥ ചൂട് പിടിക്കുന്നു.അതിനിടയിലും നായകന്റെ അനാവശ്യ പ്രണയം ആസ്വാദനം കെടുത്തുന്നുണ്ട്.കൂടെ ആവശ്യമില്ലാത്ത ഗാനങ്ങളും.ആദ്യ പകുതിയിൽ വില്ലന് കൊടുത്തിരിക്കുന്ന ബിൾഡ്-അപ്പ് അപാരമാണ്.ഇന്റർവെൽ പഞ്ചും കൂടി ആയപ്പോൾ ആദ്യ പകുതി നല്ല രീതിയിൽ ആസ്വധിക്കാനായി.എന്നാൽ രണ്ടാം പകുതിയിലേക്ക് വന്നപ്പോൾ കഥ വിഭിന്നമായിരുന്നു.
വില്ലന്റെ ബിൾഡ്-അപ്പിന് നീതി ലഭിക്കാത്ത അവതരണം ആയി തോന്നി രണ്ടാം പകുതിയിൽ.റെസ്ക്യൂ മിഷനിൽ ടെക്ക്നോളജിയുടെ ഉപയോഗവും അതിന്റെ നടത്തിപ്പും തീരെ തൃപ്തി തരാത്ത വിധത്തിലായിരുന്നു.പിന്നെ VFX വർക്കുകൾ പലപ്പോഴും ശരാശരിയിലും താഴെ മാത്രം നിലവാരം പുലർത്തി.ക്ലൈമാക്സ് ഊഹിച്ച രീതിയിൽ തന്നെ ആയതിനാൽ പുതുമയൊന്നും തോന്നിയില്ല.അങ്ങനെ ആകെ മൊത്തത്തിൽ കൈവിട്ടുപോയ രണ്ടാം പകുതി ആയിരുന്നു ചിത്രത്തിന്റേത്.
നല്ല രീതിയിൽ ആസ്വധിക്കാൻ സാധിക്കുന്ന ആദ്യപകുതിയും ഊഹിക്കാവുന്ന കഥാഗതിയുള്ള രണ്ടാംപകുതിയും അനാവശ്യ പ്രണയവും പാട്ടുകളും സീനുകളും എല്ലാം ഉൾകൊണ്ട, മുരുഗദോസിന്റെ സമീപ കാല ചിത്രങ്ങളിൽ തട്ട് താഴെ നിൽക്കുന്ന ചിത്രമാവുന്നു സ്പൈഡർ.
🔻On Screen🔻
മഹേഷ് ബാബു ലുക്കിൽ മികച്ച് നിന്നപ്പോൾ അഭിനയം പതിവ് പോലെ തന്നെ.യാതൊരു ഭാവമാറ്റങ്ങളും ഇല്ലാതെയുള്ള മുഖം ദർശിക്കാം സദാസമയവും.S.J സൂര്യയുടെ കിടിലൻ വില്ലൻ വേഷമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.അപാര സ്ക്രീൻ പ്രസൻസ് തന്നെയാണ് സൂര്യയുടേത്.എന്നാൽ അവസാനം വില്ലനെ ഒന്നുമല്ലാതാക്കി കാണിച്ചതിൽ വിഷമം തോന്നി.
നായിക എന്നൊരു ആവശ്യമേ ചിത്രത്തിനുണ്ടായിരുന്നില്ല.എങ്കിലും പേരിനൊരു നായികയായി രാകുൽ പ്രീത് സിങ്ങ് എന്തിനോ വന്ന് പോയി.ജയപ്രകാശ് അച്ഛൻ വേഷവും ചെയ്തു.
🔻Music & Technical Sides🔻
എന്തിനോ വേണ്ടി തിളക്കുന്ന പാട്ടുകളാണ് ചിത്രത്തിൽ ഉള്ളത്.ഒരുതരത്തിലും ആസ്വാദനം പകരാത്തതും ആവശ്യമില്ലാത്തതുമായവ.ഹാരിസ് ജയരാജിന്റെ പശ്ചാത്തലസംഗീതം ശരാശരിയിൽ മാത്രം ഒതുങ്ങി.
സന്തോഷ് ശിവന്റെ ക്യാമറയും പുതുകാഴ്ചകൾ ഒന്നും സമ്മാനിച്ചില്ല.പീറ്റർ ഹെയ്നിന്റെ ഫൈറ്റ് സീക്വനസുകളും യാതൊരു പുതുമയും പകർന്നില്ല.മോശം VFXഉം സിനിമയെ പുറകോട്ട് വലിക്കുന്നുണ്ട്.
🔻Final Verdict🔻
മുരുഗദോസിന്റെ കയ്യൊപ്പ് പതിയാത്ത സമീപകാല ചിത്രമാണ് സ്പൈഡർ.നല്ലൊരു പ്ലോട്ടും വില്ലനും ടീമും ഉണ്ടായിട്ടും എല്ലാം വേണ്ടവിധം ഉപയോഗിക്കാത്തത്തിന്റെ പോരായ്മകൾ സിനിമയിലുടനീളം പ്രകടമാവുന്നുണ്ട്.യാതൊരു പ്രതീക്ഷയും ഇല്ലാതെ പോയാൽ ശരാശരി സംതൃപ്തിയോടെ മടങ്ങാം.
My Rating :: ★★½
0 Comments