Thupparivaalan (2017) - 159 min

September 15, 2017

"ഒരാളുടെ വേഷത്തിലും രൂപത്തിലും ഭാവത്തിലും സംസാരത്തിലും എല്ലാം അയാൾ കൊണ്ടുവരുന്ന കേസിന്റെ പ്രതിഫലനം കാണാനാവും.എന്റെ ബുദ്ധിയെ പരമാവധി ഉപയോഗിക്കുന്ന കേസുകൾ കൈകാര്യം ചെയ്യാനാണ് എനിക്ക് താല്പര്യം.ഈ കേസ് അങ്ങിനെയൊന്നാവുമെന്ന് മനസ്സ് പറയുന്നു"




🔻Story Line🔻
എപ്പോഴും ബുദ്ധിയെ ഉണർത്തുന്ന കേസുകൾ കൈകാര്യം ചെയ്യാനാണ് ഡിറ്റക്ട്ടീവ് കനിയന് താല്പര്യം.കുറെയധികം കേസുകൾ തന്നെ തേടിയെത്തുന്നുണ്ടെങ്കിലും തന്റെ അസാമാന്യ ബുദ്ധിപാടവം കൈമുതലായുള്ള കനിയന് തൃപ്തി നൽകുന്നവ ആയിരുന്നില്ല അവയൊന്നും.

അങ്ങനെ കേസ് കിട്ടാതെ ഭ്രാന്ത് പിടിച്ചിരിക്കുന്ന അവസരത്തിലാണ് ഒരു കൊച്ചു കുട്ടി കനിയനെ ഒരു കേസിന്റെ ആവശ്യത്തിനായി സമീപിക്കുന്നത്.തന്റെ പട്ടിക്കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ആ കുട്ടിക്ക് തോന്നിയ ചില സംശയങ്ങൾ കനിയനുമായി പങ്കുവെക്കവേ ചില കൗതുകങ്ങൾ കനിയന്റെ മനസ്സിൽ ഉണ്ടാവുന്നു.അവയും അവയെ ചുറ്റിപ്പറ്റിയ കേസന്വേഷണവുമാണ് തുടർന്ന് ചിത്രത്തിൽ പറയുന്നത്.

🔻Behind Screen🔻
വ്യത്യസ്തങ്ങളായ പ്രമേയങ്ങളും ആഖ്യാനവും കൊണ്ട് പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ സംവിധായകരുടെ പട്ടികയെടുത്താൽ മുൻപന്തിയിൽ കാണുന്ന ഒരു പേരാണ് 'മിഷ്കിൻ'.പിശാസിന് ശേഷം മിഷ്കിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് തുപ്പരിവാലൻ.

ഡിറ്റക്ട്ടീവ് കഥാപാത്രങ്ങളെയും കഥകളെയും ഇഷ്ടപ്പെടുന്നവർക്ക് ഒഴിവാക്കാനാവാത്ത ഒരു കഥാപാത്രമുണ്ട്.മരണത്തിൽ നിന്ന് പോലും ഉയിർത്തെഴുന്നേറ്റ ഷെർലക്ക് ഹോംസ്.മരണമില്ലാത്ത ഷെർലോക്കിനെ അനുസ്മരിച്ചാണ് ചിത്രം തുടങ്ങുന്നത്.ചിത്രത്തിലെ നായകനായ കനിയും ഷെർലോക്കിനെ പോലെ ഒരുവനാണ്.

ബുദ്ധിയെ പരമാവധി ഉദ്ധരിപ്പിക്കുന്ന കേസുകൾ ആണ് കനിക്ക് താല്പര്യം.ഷെർലോക്കിന് വാട്സണെ പോലെ കനിയുടെ സന്തതസഹചാരിയായി കൂട്ടുകാരൻ മനോഹറും ഉണ്ട്.തന്റെ താൽപര്യത്തിനൊത്ത കേസുകൾ കിട്ടാത്ത വിഷമത്തിൽ ഇരിക്കവേയാണ് ഒരു സ്കൂൾ വിദ്യാർത്ഥി തന്റെ പട്ടിയുടെ മരണം അന്വേഷിക്കണം എന്ന ആവശ്യവുമായി കനിയുടെ അടുത്ത് എത്തുന്നത്.ആളുകളെ കാണുന്ന മാത്രയിൽ അവരുടെ സ്വഭാവവും വ്യക്തിത്വവും പരമാവധി ഊഹിക്കുന്ന കനിയന് കേസിൽ എന്തോ ഒരു താൽപര്യം ഉടലെടുക്കുന്നു.തുടർന്നുള്ള കേസന്വേഷണവും അതിനോടാനുബന്ധിച്ച് എത്തിചേരുന്ന മറ്റ് ദുരൂഹതകളുമാണ് മിഷ്കിൻ ഇത്തവണ തയ്യാറാക്കിയിരിക്കുന്നത്.

ഒരുതരത്തിൽ ഷെർലോക്ക് ഹോംസിനെ തമിഴിലേക്ക് പറിച്ച് നട്ടിരിക്കുകയാണ് എന്ന് വേണമെങ്കിൽ പറയാം.കനിയന്റെ കഥാപാത്രവും ജീവിതസാഹചര്യവും സ്വഭാവവുമൊക്കെ അങ്ങനെ തന്നെയാണ്.അപ്പോഴുണ്ടാവുന്ന വെല്ലുവിളി ആ കഥാപാത്രത്തോട് പരമാവധി നീതി പുലർത്തുന്ന ഒരു കഥ മെനഞ്ഞെടുക്കുന്നതാണ്.ഒരു ഗംഭീര കഥയും അതിനുതകുന്ന മേക്കിങ്ങും ചിത്രത്തിൽ കാണാൻ സാധിക്കും.

രണ്ടരമണിക്കൂറിലധികം ദൈർഖ്യമുള്ള ചിത്രമാണെങ്കിലും ഒരു നിമിഷം പോലും കഥയുടെ ഒഴുക്കിൽ നിന്ന് മാറി സഞ്ചരിക്കുന്നില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്.മിഷ്കിൻ താൻ ചെയ്യുന്ന ജോലിയോട് നൂറുശതമാനം നീതി പുലർത്തിയിട്ടുണ്ടെന്ന് കണ്ടമാത്രയിൽ ബോധ്യമാവും.ഒരു സെക്കന്റ് പോലും ബോറടിപ്പിക്കാതെ അനാവശ്യ രംഗങ്ങളോ ഗാനങ്ങളോ ഒന്നുംതന്നെ ഇല്ലാതെ ഓരോ നിമിഷവും ത്രിലടിപ്പിച്ച് കൊണ്ടുപോവുന്നുണ്ട് സംവിധായകൻ.തുടക്കം മുതൽ ഒടുക്കം വരെ ഒരേ വേഗതയെന്നതിനാൽ ദൈർഘ്യം ഒരു പ്രശ്നമായി തോന്നിയതെ ഇല്ല.

നായകൻ അതിസമർത്ഥനാണെങ്കിൽ അതുക്കും ഒരുപടി മുന്നിലാണ് വില്ലന്മാർ.നായകനും വില്ലനും തമ്മിലുള്ള 'ക്യാറ്റ് ആൻഡ് മൗസ്' പ്ലെ മിഷ്കിൻ സ്റ്റൈലിൽ കിടിലൻ ആയി ചിത്രീകരിച്ചിരിച്ചിരിക്കുന്നു.ഓരോ നിമിഷവും പ്രേക്ഷകരിൽ ആവേശം കൊള്ളിക്കുന്ന കഥാസന്ദർഭങ്ങൾ ശരിക്കും ത്രില്ലടിപ്പിക്കുന്നവയാണ്.മിഷ്കിന്റെ ചില പ്രത്യേക ട്രീറ്റ്മെന്റുകൾ പല സീനുകളെയും പ്രത്യേക ഭംഗിയുള്ളതാക്കുന്നു.സ്ഥിരം ഫൈറ്റ് സീനുകളിൽ നിന്ന് മാറി ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ കാണാൻ അതീവരസകരമാണ്.അങ്ങനെ ആകെ മൊത്തത്തിൽ മിഷ്കിൻ സ്റ്റൈലിൽ പിറന്ന നല്ല കിടിലൻ ത്രില്ലറാണ് തുപ്പരിവാലൻ.മിഷ്കിന്റെ സിനിമാജീവിതത്തിൽ മറ്റൊരു പൊൻതൂവലാണ് ചിത്രം.

🔻On Screen🔻
വിശാൽ എന്ന നടനിലെ ക്യാലിബർ പരമാവധി കനിയൻ എന്ന കഥാപാത്രത്തിനായി സംവിധായകൻ ഉപയോഗിച്ചിട്ടുണ്ട്.ഒരു സുപ്രധാന സീനിൽ ഒഴികെ ബാക്കിയെല്ലാ സീനുകളിലും ഗംഭീര പ്രകടനം കാഴ്ച്ച വെച്ചു വിശാൽ.ഫൈറ്റ് സീക്വനസുകളിലെ മെയ്വഴക്കവും ബോഡി ലാൻഗ്വേജുമൊക്കെ കിടിലൻ തന്നെ.മനോഹർ എന്ന കഥാപാത്രത്തെ പ്രസന്നയും മനോരമാക്കി.വില്ലൻ വേഷങ്ങളിൽ ഭാഗ്യരാജും വിനയ്യും ആൻഡ്രിയയുമൊക്കെ കിടിലൻ പ്രകടനങ്ങൾ.നായകനോട് ഒപ്പത്തിനൊപ്പം നിൽക്കുന്ന വില്ലന്മാർ.

🔻Music & Technical Sides🔻
ഒറ്റ ഗാനം പോലും ചിത്രത്തിലില്ല.കഥയുടെ വേഗത്തിന് ആക്കം കൂട്ടുന്ന പശ്ചാത്തലസംഗീതം മികച്ചുനിൽക്കുന്നു.കാർത്തിക്കിന്റെ ഛായാഗ്രഹണവും ചിത്രത്തിനെ വിഷ്വലി റിച്ച് ആക്കുന്നു.

🔻Final Verdict🔻
ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ അനാവശ്യമായ ഒരു സീനോ ഗാനമോ ഇല്ലാതെ മുഴുവൻ നേരവും ത്രില്ലടിച്ചിരുന്ന് കണ്ട ചിത്രം.മിഷ്കിന്റെ കയ്യൊപ്പ് ചിത്രത്തിൽ പ്രകടമാവുമ്പോൾ കാണികൾക്ക് പൂർണ തൃപ്തി നൽകുന്നു തുപ്പരിവാലൻ.പ്രതീക്ഷകൾക്ക് അപ്പുറം തൃപ്തി നൽകുന്ന ചിത്രം തീയേറ്ററിൽ തന്നെ ആസ്വധിക്കുക.

My Rating :: ★★★★☆

You Might Also Like

0 Comments