Ramaleela (2017) - 158 min
September 30, 2017
🔺പ്രതി ഞാനാവണമെന്ന് ഒരു തീരുമാനം ഉള്ളത് പോലെ
🔻തെളിവുകൾ തീരുമാനിക്കും പ്രതി ആരാവണമെന്ന്
🔻Story Line🔻
അഡ്വക്കേറ്റ് രാമനുണ്ണി MLA സ്ഥാനം രാജിവെച്ച് പുതിയ പാർട്ടിയിലേക്ക് ചേക്കേറുന്നതും അടുത്ത ഇലക്ഷനെ അഭിമുഖീകരിക്കാൻ ഒരുങ്ങുകയും ചെയ്യുകയാണ്.അതിൽ വിജയിക്കാൻ അദ്ദേഹത്തിന്റെ തന്ത്രങ്ങളും ടാക്റ്റിക്സും എങ്ങനെയാണെന്നും പിന്നീട് അദ്ധേഹം നേരിടേണ്ടി വരുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ കഥ.
🔻Behind Screen🔻
ഇത്രയേറെ വിവാദങ്ങളോടെ ഒരു മലയാള ചിത്രം റിലീസിന് ഒരുങ്ങിയിട്ടുണ്ടാവില്ല.ജനുവരി 28ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം ഇത്രയേറെ സമ്മർദങ്ങൾ താങ്ങി മാസങ്ങൾക്ക് ശേഷമാണ് റിലീസ് ചെയ്തത്.ഒരുതരത്തിൽ സിനിമക്ക് നല്ല പബ്ലിസിറ്റി ലഭിക്കുവാൻ തന്നെയാണ് അത് ഉപകരിച്ചതും.ഈ സമയത്തു റിലീസ് ചെയ്യുവാൻ ടോമിച്ചൻ കാണിച്ച ധൈര്യത്തിന് കയ്യടികൾ.
ഇരട്ടതിരക്കഥാകൃത്തുക്കളിൽ നിന്ന് വേർപിരിഞ്ഞ ശേഷം സച്ചിയൊരുക്കിയ എല്ലാ ചിത്രങ്ങളും എനിക്ക് ഏറെ ഇഷ്ടപ്പെട്ടതായിരുന്നു.ഈ സിനിമയിലുള്ള എന്റെ ഏക പ്രതീക്ഷയും അതായിരുന്നു.സച്ചിയുടെ തിരക്കഥയിൽ നവാഗതനായ അരുൺ ഗോപിയാണ് രാമലീല സംവിധാനം ചെയ്തിരിക്കുന്നത്.ഒറ്റവാക്കിൽ പറഞ്ഞാൽ ഗംഭീരം..!!
അത്രയേറെ ഇഷ്ടപ്പെട്ടു ഈ ചിത്രം.മികച്ച തിരക്കഥയുടെ മികവുറ്റ ആവിഷ്കാരം.അതാണ് രാമലീല. ചിത്രത്തിലേക്ക് ചികഞ്ഞ് നോക്കുകയാണെങ്കിൽ ഒരുപാട് നല്ല വശങ്ങൾ കാണുവാൻ സാധിക്കും.മോശം കണ്ടുപിടിക്കുക വളരെ പാടാണ് താനും.വെറും പൊളിറ്റിക്സിലേക്ക് മാത്രം കഥയെ ഒതുക്കാതെ നായകന്റെ കുടുംബബന്ധങ്ങൾക്കും അർഹമായ പ്രാധാന്യം നൽകി തന്നെയാണ് കഥ പറഞ്ഞ് പോയിരിക്കുന്നത്.അമ്മ-മകൻ രംഗങ്ങളിലെ ഓരോ ഡയലോഗുകളും അത് വിളിച്ചോതുന്നു.
അതുകൂടാതെ ശേഷം ഒരു റിവഞ്ച് ത്രില്ലർ ജേണറിലേക്കും ചിത്രം കടക്കുന്നു.പഴുതുകൾ ഒന്നുമില്ല എന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള സച്ചിയുടെ തിരക്കഥയും ഡയലോഗുകളും, ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത, നവാഗതസംവിധായകന്റെ യാതൊരു ഏറ്റക്കുറച്ചിലുകളുമില്ലാത്ത അരുൺ ഗോപിയുടെ ആഖ്യാനവും ആദ്യാവസാനം കയ്യടി അർഹിക്കുന്നുണ്ട്.ആദ്യത്തെ ചെറിയ മെല്ലെപ്പോക്കിന് ശേഷം തീർത്തും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ചിത്രം തന്നെയാണ് രാമലീല.
ഇന്നത്തെ ചില രാഷ്ട്രീയ സാഹചര്യങ്ങളെയും പത്രമാധ്യമങ്ങളെയുമൊക്കെ ട്രോളാനും ചിത്രം മറക്കുന്നില്ല.എന്നാൽ ഒരു രാഷ്ട്രീയ പാർട്ടിയോടും കൂറുപുലർത്തിയുള്ള കഥപറച്ചിലല്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്.ക്ലീഷേകളെ പരമാവധി ഒഴിവാക്കിക്കൊണ്ട് പുതുമയുള്ള ആഖ്യാനശൈലി സ്വീകരിച്ച് തെല്ലും ബോറടിപ്പിക്കാതെ മുന്നോട്ട് പോവുന്ന ചിത്രം ഈ വർഷത്തെ നല്ല ത്രില്ലറ്റുകളിൽ ഒന്നാണെന്നതിൽ സംശയമില്ല.
🔻On Screen🔻
രാമനുണ്ണി എന്ന കഥാപാത്രമായി ദിലീപ് മികച്ച പ്രകടനം കാഴ്ച്ചവെച്ച് കയ്യടി നേടി.ഡയലോഗുകൾ പലതും വ്യക്തിജീവിതവുമായി ബന്ധമുണ്ടെന്ന് തോന്നിയാൽ തികച്ചും സ്വാഭാവികം.ഈയടുത്തിറങ്ങിയ ഒരുപാട് സിനിമകളിൽ അദ്ധേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം ഇത് തന്നെ.
സഖാവ് രാഗിണി രാഘവൻ എന്ന സ്ത്രീ കഥാപാത്രത്തെ രാധിക ശരത് കുമാർ ഗംഭീരമാക്കി.ദിലീപ്-രാധിക കോമ്പിനേഷൻ സീനുകൾ മികച്ചതായിരുന്നു.ഷാജോണിന്റെ കലക്കൻ പ്രകടനം പലയിടങ്ങളിലും ചിരിപ്പിച്ചു.വിജയരാഘവൻ, സിദ്ധീഖ് തുടങ്ങിയവരും അവരുടെ വേഷങ്ങൾ ഭംഗിയാക്കി.
🔻Music & Technical Sides🔻
ഗോപി സുന്ദറിന്റെ പശ്ചാത്തലസംഗീതം നന്നായിരുന്നു.എന്നാൽ ടൈറ്റിൽ സോങ്ങ് LRLന്റേതിന് സമാനമായി തോന്നി. ബാക്കിയുള്ള ഗാനങ്ങളും വലിയ മെച്ചമുണ്ടായില്ല.
ഛായാഗ്രഹണം നിർവ്വഹിച്ച ഷാജി അഭിനന്ദനം അർഹിക്കുന്നുണ്ട്.മിഴിവേകുന്ന പല ഷോട്ടുകളും ചിത്രത്തിലുണ്ട്.വിവേക് ഹർഷന്റെ എഡിറ്റിംഗും മികച്ച് നിന്നു.
🔻Final Verdict🔻
പൊളിറ്റിക്കൽ ത്രില്ലർ എന്ന ജേണറിനോട് നീതിപുലർത്തുന്ന ചിത്രം തന്നെയാണ് രാമലീല.ദിലീപിന്റെ സമീപകാല ചിത്രങ്ങളുമായി താരതമ്യം ചെയ്താൽ ബഹുദൂരം മുന്നിലാവും രാംലീലയുടെ സ്ഥാനം.തീയേറ്ററിൽ തന്നെ കണ്ട് വിജയിപ്പിക്കേണ്ട ചിത്രമാണ് ഇത്.സിനിമയെന്നത് ഒരു വ്യക്തിയല്ല, ഒരു കൂട്ടം ആളുകളുടെ അധ്വാനവും സ്വപ്നങ്ങളുമാണെന്നാണ് എന്റെ കാഴ്ച്ചപ്പാട്.
My Rating :: ★★★★☆
0 Comments