Earth :: ഇന്ത്യ- പാക് വിഭജനതിന്റെ നേർക്കാഴ്ച
August 15, 2017രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ആഘോരാത്രം പണിയെടുത്ത ധീരദേശാഭിമാനികളുടെ പോരാട്ടവും സമരചരിത്രവുമൊക്കെ പ്രേക്ഷകനിൽ തീവ്രമായ വൈകാരികത സൃഷ്ടിച്ച ചിത്രങ്ങൾ നാം അഭ്രപാളികളിൽ കണ്ടിട്ടുണ്ട്.സ്വന്തം ജീവൻ പോലും വെടിയാൻ തയാറായി പോരാട്ടത്തിനിറങ്ങിയ സ്വാതന്ത്ര്യസമരസേനാനികൾ നമ്മളിൽ പലപ്പോഴും ദേശീയ വികാരങ്ങൾ ഉണർത്താൻ തക്ക കരുത്തുറ്റ കഥാപാത്രങ്ങളായി സ്ക്രീനിൽ തെളിഞ്ഞപ്പോൾ പലപ്പോഴും അവർ കയ്യടി ഏറ്റുവാങ്ങിയിട്ടുണ്ട്..ഗാന്ധിജിയും ഭഗത് സിങ്ങും മംഗൾ പാണ്ഡേയും പഴശ്ശിരാജയുമൊക്കെ നമ്മുടെ വീരപുരുഷന്മാർ ആവുമ്പോൾ ഇന്ന് ഞാൻ ആഗ്രഹിക്കുന്നത് അവയിൽ നിന്ന് വിഭിന്നമായ ഒരു തിരിഞ്ഞ്നോട്ടത്തിനാണ്.ഇന്ത്യാ മഹാരാജ്യത്തിന്റെ ഹൃദയത്തിൽ വീണ ഒരു വിള്ളൽ.അഥവാ ഒരിക്കലും ഉണങ്ങാത്ത ഒരു മുറിവ്.ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിലടിച്ച്, ജീവിച്ചിരുന്ന രാജ്യത്തിന്റെ മാറ് പിളർത്തി രണ്ടായി വിഭജിച്ച് ഒരതിർത്തി നിർണയിച്ച് ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിൽ ഒന്നായി മാറിയ സംഭവം.ഇന്ത്യ-പാക് വിഭജനം.
🔻Earth :: ഇന്ത്യ-പാക് വിഭജനത്തിന്റെ നേർക്കാഴ്ച :: ഒരു അവലോകനം🔻
Bapsi Sidhwaയുടെ 'Cracking india' എന്ന നോവലിനെ ആധാരമാക്കി Deepa Mehta തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രം.Fire, Earth, Water എന്ന അദ്ദേഹത്തിന്റെ ട്രയോളജിയിലെ നടുക്കഷ്ണം.പോളിയോ ബാധിച്ച എട്ട് വയസ്സുകാരി ലെനി സെത്വയുടെ കണ്ണുകളിലൂടെയാണ് സംവിധായകൻ കഥ പറഞ്ഞ് പോവുന്നത്.ഒരു പാഴ്‌സി കുടുംബത്തിൽ ജനിച്ച് വളർന്ന ലെനിയിലൂടെ '1947' എന്ന ഇന്ത്യ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വർഷത്തിലേക്ക് ഒരു തിരിഞ്ഞ്നോട്ടം.
രണ്ടാം ലോക മഹായുദ്ധത്തിൽ കനത്ത തിരിച്ചടി ഏറ്റുവാങ്ങിയ ബ്രിട്ടണ് ബ്രിട്ടീഷ് ഇന്ത്യയിലെ ആധിപത്യം അവസാനിപ്പിച്ച് തിരിച്ച് പോവുകയല്ലാതെ മറ്റു വഴികളില്ലായിരുന്നു.ഇത് മുന്നേ കണ്ടുകൊണ്ടാവണം സ്വാതന്ത്ര്യത്തിന് വേണ്ടി ഒരുമിച്ച് നിന്ന് പോരാടിയവരെ മതത്തിന്റെ പേരിൽ വർഗീയ വിഷം കുത്തിനിറച്ച് സമാധാനം ഇല്ലാതാക്കാനുള്ള കരുക്കൾ 1905 മുതൽക്കേ അവർ നീക്കിതുടങ്ങിയത്.കോളനികളായി തിരിച്ച് ഇന്ത്യയെ വിഭജിച്ച് ഭരിച്ചതും അതിന്റെ ഒരു ഭാഗം തന്നെയായിരുന്നു.അവസനം 1947ൽ സ്വാതന്ത്ര്യം നൽകാമെന്ന് അവർ പ്രഖ്യാപിച്ചപ്പോൾ ബ്രിട്ടീഷ് ഇന്ത്യയിലെ സ്ഥിതിഗതികൾ മുമ്പത്തെത്തിന് സമാനമായിരുന്നില്ല.
ലാഹോറിലായിരുന്നു ലെനിയുടെ ജനനം.ഓർമവെച്ച കാലം മുതൽക്കേ അവളെ അമ്മയെ പോലെ പരിചരിച്ച ആയ അവളുടെ കൂടെ ഉണ്ടായിരുന്നു.ശാന്ത.കാഴ്ചകൾ കാണാൻ കൊണ്ടുപോവാനും സ്നേഹവും വാത്സല്യവും കൊണ്ട് മനസ്സ് നിറക്കുവാനും ഒരു കളിക്കൂട്ടുകാരിയെ പോലെ കൂടെ കളിക്കാനുമൊക്കെ എന്നും കൂടെ ഉണ്ടായിരുന്നു അവൾ.വൈകുന്നേരങ്ങളിൽ അവർ സ്ഥിരമായി പോവാറുള്ള ഉദ്യാനത്തിൽ ശാന്തയുടെ ഒരുപറ്റം കൂട്ടുകാരെ ലെനി എന്നും കണ്ടിരുന്നു.പരസ്പരം കളിചിരികൾ കൈമാറിയിരുന്ന, സ്നേഹിക്കാൻ മാത്രം അറിയാമായിരുന്ന കുറച്ച് സുഹൃത്തുക്കൾ.ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും സിഖുമെല്ലാം അവരിൽ ഉണ്ടായിരുന്നെങ്കിലും ജാതി-മത വേർതിരിവുകൾ ഇല്ലാതെ അവർ എന്നും ഒത്തുകൂടി.പരസ്പരം സന്തോഷങ്ങൾ പങ്കുവെച്ചു.ലെനിയും അവരിൽ ഒരംഗം ആവുകയായിരുന്നു.
1947 മാർച്ചിൽ ബ്രിട്ടനിന്റെ തകർച്ചയുടെ വാർത്തകൾ ഇന്ത്യയിൽ എത്തിത്തുടങ്ങി.അവസാനം സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയല്ലാതെ മറ്റ് വഴികളില്ല എന്നത് എല്ലാ ഇന്ത്യക്കാരെയും സന്തോഷം കൊണ്ട് ആനന്ദനൃത്തം ചെയ്യിക്കുന്ന വാർത്തയായി.എന്നാൽ ആ സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല.മറുവശത്ത് ഇന്ത്യ ഉപഭൂഖണ്ടതിന്റെ വിഭജനത്തിന്റെ വാർത്തകളും ഉയർന്നുതുടങ്ങിയിരുന്നു.ബ്രിട്ടീഷ് തന്ത്രങ്ങൾ പൂർണവിജയം കൈവരിച്ചതിന്റെ ഫലമായി ഹിന്ദുക്കളും മുസ്‌ലിങ്ങളും സിഖുകാരും തങ്ങൾക്ക് തങ്ങളുടേതായ ഭൂമി വേണമെന്ന് ആവശ്യം ഉന്നയിച്ച് രംഗത്തെത്തി.അതോടെ ഭീകരതയുടെ മറ്റൊരു മുഖം വെളിവാക്കാൻ തുടങ്ങുകയായിരുന്നു.
പിന്നീടുള്ള ശാന്തയുടെയും കൂട്ടുകാരുടെയും ഒത്തുചേരലുകളിൽ വിഭജനവും ഒരു വിഷയമായി ഉയർന്നുവന്നു.അതിനെ സംബന്ധിച്ച് തർക്കങ്ങൾ പതിവായി.കൂട്ടത്തിൽ രസികനായിരുന്ന ദിൽ നവാസിൽ നിന്ന് പോലും അവർ പ്രതീകക്ഷിക്കാത്ത പ്രതികരണങ്ങളാണ് ഉണ്ടായത്.കൂട്ടത്തിൽ ഒരേയൊരു പെൺതരിയായ ശാന്ത ഇതൊക്കെ കേട്ട് പിണങ്ങിപ്പോവാൻ തുടങ്ങുമ്പോഴല്ലാതെ അവർ ഈ വിഷയത്തെ പ്രതിപാതിച്ചുള്ള സംസാരം നിർത്തിയിരുന്നില്ല.എന്നാൽ ഹസ്സൻ മാത്രം ഇവയിലൊന്നും ഇടപെടാതെ സൗമ്യത പാലിച്ചു.ദേശീയതയേക്കാൾ അവൻ പ്രാധാന്യം നൽകിയിരുന്നത് സുഹൃത്ത്ബന്ധത്തിനായിരുന്നു.അങ്ങനെ ഓരോ ദിവസം കഴിയുന്തോറും പുതിയ പുതിയ വാർത്തകൾ അവർ കേട്ടുതുടങ്ങി. ഇന്ത്യക്കും പാക്കിസ്ഥാനും ഓരോ സ്ഥലങ്ങൾ പകുത്ത് നൽകുന്ന പ്രഖ്യാപനങ്ങൾ അവർക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.ഏറ്റവുമൊടുവിൽ ഉണ്ടായ ഒരു പ്രഖ്യാപനത്തോടെ അവിടുത്തെ സ്ഥിതിഗതികൾ ആകെ മാറി മറിയുകയായിരുന്നു.തങ്ങളെല്ലാവരും കളിച്ച് വളർന്ന ലാഹോർ പാകിസ്ഥാനും ഗുർദാസ്പൂർ ഇന്ത്യക്കും ഭിന്നിച്ച് നൽകിയിരിക്കുന്നു.പിന്നീട് നടന്നതെല്ലാം ഒരു ദുസ്വപ്നം കണക്കെ മറക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ്.
പിന്നീടങ്ങോട്ട് പാലായനങ്ങളുടെ ദിവസങ്ങളായിരുന്നു.ലാഹോറിൽ ജീവിച്ചിരുന്ന ഹിന്ദുക്കൾ മനസ്സില്ലാമനസ്സോടെ ഗുർദാസ്‌പ്പൂരിലേക്കും അവിടെ ജീവിച്ചിരുന്ന മുസ്ലിങ്ങൾ ലാഹോറിലേക്കും എത്തിപ്പെടാൻ പാടുപെടുന്ന കാഴ്ച.വളരെ ബുദ്ധിമുട്ടി കാൽനടമാർഗം സ്വീകരിച്ച് ഭൂരിഭാഗവും പാലായനം തുടങ്ങിയപ്പോൾ ദിൽ നവാസ് ഗുർദാസ്പൂരിൽ നിന്ന് തന്റെ സഹോദരിമാർ ട്രെയിനിൽ ലാഹോറിലേക്ക് എത്തുമ്പോൾ സ്വീകരിക്കാനുള്ള സന്തോഷത്തിൽ സ്റ്റേഷനിൽ നിലയുറപ്പിച്ചു.വളരെ താമസിച്ചാണെങ്കിലും ട്രെയിൻ എത്തിയതിന്റെ ആഹ്ലാദത്തിൽ ആർപ്പ് വിളിച്ച് ട്രൈനിലേക്ക് ഓടിക്കയറിയ നവാസിന് കാണാൻ സാധിച്ചത് ഹൃദയഭേരിയായ കാഴ്ചയാണ്.ചുവരിലും തറയിലുമായി പറ്റിപ്പിടിച്ച രക്തക്കറകളും ഒരിറ്റ് ജീവൻ പോലും ബാക്കിയില്ലാത്ത എണ്ണമറ്റ മൃതശരീരങ്ങളും.തന്റെ സഹോദരിമാരുടെ മാറിടങ്ങൾ അറുത്തെടുത്ത് ചാക്കിലാക്കി ട്രെയിനിലയച്ചവരോട് നവാസിന് ആ സന്ദർഭത്തിൽ ഒരു വികാരമേ ഉണ്ടായിരുന്നുള്ളൂ.'പക'.അത് ഒരു തുടക്കം മാത്രമായിരുന്നു.ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ കൊയ്ത വർഗീയ കലാപങ്ങളുടെയും കൂട്ടക്കുരുതികളുടെയും ഞെട്ടിപ്പിക്കുന്ന നേർകാഴ്ചകളുടെ തുടക്കം.
ആ രാത്രി തന്നെ പ്രതിഷേധാഗ്നികൾ ആളിക്കത്തിത്തുടങ്ങിയപ്പോൾ നവാസ് അതെല്ലാം നോക്കിക്കാണുകയായിരുന്നു. താൻ ഒരിക്കൽ കൂട്ടുകാരുമൊത്തിരുന്ന് പട്ടം പറത്തി രസിച്ച തന്റെ വീടിന്റെ മട്ടുപ്പാവിൽ നിന്ന് അന്യമതസ്ഥരുടെ വീടുകളും ആരാധനാലയങ്ങളും കത്തിച്ചാമ്പലാകുന്നത് അവനിൽ ആനന്ദം നിറക്കുന്നുണ്ട്.അതേസമയം ആക്രമം അഴിച്ച് വിട്ടിരുന്ന ഹിന്ദുക്കൾ ഒരു മുസ്ലിമിനെ കയ്യിലും കാലിലും കയർ കെട്ടി രണ്ട് കാറുകളിലായി ബന്ധിച്ച് എതിർദിശയിലേക്ക് വലിച്ച് കീറുന്ന ഒരു രംഗമുണ്ട്.ഒരു നിമിഷമെങ്കിലും നാം കണ്ണടച്ചുപോവുന്ന ഒരു രംഗം.ഇതിന് സാക്ഷിയാവുന്ന ലെനി വീട്ടിൽ ചെന്ന് തന്റെ കൂട്ടുകാരനുമൊത്ത് കളിപ്പാവയെ ഇരുകാലികളിലും പിടിച്ച് വലിച്ച് കരയുന്ന രംഗം ചിത്രത്തിലെ ഏറ്റവും വേട്ടയാടുന്ന രംഗങ്ങളിൽ ഒന്നാവുന്നു.
ശാന്തയെ താൻ സ്നേഹിക്കുന്നുണ്ടെങ്കിലും അവൾക്ക് ഹസനോടാണ് സ്നേഹമെന്ന് അറിയാവുന്ന നവാസിന് ഇരുവരോടുമുള്ള വിധ്വേഷം കനക്കുക കൂടിയാണ് ഈ സാഹചര്യത്തിൽ.ആരുടെയും പക്ഷം പിടിക്കാതെ സംയമനം പാലിക്കുന്ന പാഴ്‌സി മതക്കാരുടെ വീട്ടിലാണ് ശാന്ത താമസിക്കുന്നതെന്നുള്ള ഒരു ധൈര്യം മാത്രമാണ് അവൾക്ക് ആധാരം.ഒടുവിൽ വിവാഹം കഴിക്കാൻ തീരുമാനിക്കുന്ന ഹസനും ശാന്തയും ഗുർദാസ്പൂരിലേക്ക് പാലായനം ചെയ്യാൻ തയ്യാറെടുക്കുമ്പോൾ മുസ്ലിങ്ങൾ ലാഹോറിലെ സകലമേഖലകളിലും ആധിപത്യം സ്ഥാപിച്ച് കഴിഞ്ഞിരുന്നു.തങ്ങളുടെ ജന്മനാട് വിട്ട് പോവാൻ മടിക്കുന്ന ഹിന്ദുക്കളും സിഖുകാരും ഇസ്‌ലാമിലേക്ക് ചേക്കേറുമ്പോൾ അതിൽ അഭയം കണ്ടെത്തുന്നു.എന്നാൽ പിറ്റേന്ന് രാവിലെ ഹസന്റെ ശ്വാസമറ്റ ശരീരം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തുമ്പോൾ കാര്യങ്ങൾ കൂടുതൽ വഷളാവുന്നു.
ഒടുവിൽ ലെനിയുടെ വീട്ടിലേക്കും ആൾകാർ ഇരച്ച് കയറുമ്പോൾ ശാന്ത ആയിരുന്നു അവരുടെ ലക്ഷ്യം.അവളെ വീട്ടിൽ ഒളിപ്പിച്ച് ഗുർദാസ്പൂരിലേക്ക് പാലായനം ചെയ്‌തെന്ന് ലെനിയും വീട്ടുകാരും ജോലിക്കാരും ഒരുപോലെ പറയുമ്പോൾ അത് പ്രതിഷേധക്കാർ വിശ്വസിച്ചു.ഒരാളൊഴികെ.ദിൽ നവാസ്.ഒരു ഹീറോയെ പോലെ രംഗപ്രവേശം ചെയ്ത നവാസ് നിഷ്കളങ്കയായ ലെനിയോട് ശാന്ത എവിടെയാണെന്ന് ചോദിക്കുമ്പോൾ താൻ സ്നേഹത്തോടെ 'Ice Candy Man' എന്ന് വിളിക്കുന്ന നവാസിനോട് അവൾ സത്യം മറച്ച് വെക്കുന്നില്ല.എന്നാൽ ആ നിമിഷം ഹീറോ എന്നത് ആന്റിഹീറോ പരിവേഷം ആവുമ്പോൾ താൻ ഒരിക്കൽ സ്നേഹിച്ചിരുന്ന ശാന്തക്ക് പോലും അവിടെ സുരക്ഷിതത്വം കൊടുക്കുന്നില്ല.ഒടുവിൽ അവർ അവളെയും പിടിച്ച് കൊണ്ട് പോവുമ്പോൾ നിസ്സഹായരായി നോക്കിനിൽക്കാൻ മാത്രമേ അവർക്ക് ആവുന്നുള്ളൂ.
വർഷങ്ങൾക്കിപ്പുറം ലെനി തന്റെ ആയയെ ഓർക്കുമ്പോൾ തന്റെ പാതി നഷ്ടപ്പെട്ട വേദനയാണ് ഓർമകൾ അവൾക്ക് സമ്മാനിച്ച മറുപടി. ജീവിച്ചിരിപ്പുണ്ടോ അതോ അവരുടെ കൈകളാൽ കൊല്ലപ്പെട്ടോ എന്ന് പോലും അറിയാതെ ഒരു നൊമ്പരമായി മാത്രം ശാന്ത അവളിൽ അവശേഷിക്കുന്നു.
അതെ.ശാന്ത ഒരു നൊമ്പരമാണ്.വർഗീയത തലക്ക് പിടിച്ച് നടത്തിയ കോലാഹളങ്ങളിൽ കൊല്ലപ്പെട്ട ലക്ഷക്കണക്കിന് നിരപരാധികളിൽ ഒരുവൾ.ഒരു വിങ്ങലോടെയല്ലാതെ ചിത്രം നമുക്ക് കണ്ടുതീർക്കാൻ ആവില്ല.ഓരോരുത്തരിലും അവൾ ഒരു നൊമ്പരമായി അവശേഷിക്കും.കണ്മുന്നിൽ നിന്ന് മായാത്ത ഹൃദയം നടുക്കുന്ന ഒരുപിടി കാഴ്ചകളും ഓർമകളും സമ്മാനിച്ച് ചിത്രം അവസാനിക്കുന്നു.വിഭജനത്തിനിടയിൽ കൊല്ലപ്പെട്ട ലക്ഷക്കണക്കിന് ആളുകളും ജീവൻ പോലും പണയം വെച്ച് പാലായനം ചെയ്ത പന്ത്രണ്ട് ലക്ഷത്തിൽ പരം നിരപരാധികളും ദേശീയതയുടെ ബാക്കിപത്രമാവുന്നു."Earth" എന്ന നാമം ചിത്രത്തിന് എത്രത്തോളം അനുയോജ്യമാണെന്ന് കണ്ടുകഴിയുമ്പോൾ നമുക്ക് മനസിലാവും.മണ്ണിന് വേണ്ടി തമ്മിലടിച്ച് മരിച്ച നമ്മുടെ പൂർവികരുടെ കഥയാണ് അത്.
🔻ശാന്തയുടെ വേഷം നന്ദിതാ ദാസ് അവിസ്മരണീയമാക്കിയപ്പോൾ അമീർ ഖാൻ തന്റെ ഉജ്ജ്വല പ്രകടനം കൊണ്ട് ദിൽ നവാസിനെ മികവുറ്റതാക്കി.ബോളിവുഡ് അധികം ഉപയോഗിച്ച് കണ്ടിട്ടില്ലാത്ത രാഹുൽ ഖന്ന എന്ന പ്രതിഭയുടെ അരങ്ങേറ്റം ഈ ചിത്രത്തിലൂടെയായിരുന്നു.Maia sethna ലെനിയായി വേഷമിട്ടപ്പോൾ അമ്മ വേഷം Kitna Gidwaiയുടെ കൈകളിൽ ഭദ്രമായിരുന്നു.
🔻Giles Nuttgensന്റെ ഛായാഗ്രഹണം അതിഗംഭീരമായിരുന്നു.കലാപങ്ങളും ഏറ്റുമുട്ടലുകളും മനസ്സിനെ വിടാതെ പിന്തുടരുന്ന അനുഭവങ്ങളാവുന്നു.A. R Rahman തന്റെ മാസ്മരിക സംഗീതം കൊണ്ട് പാട്ടുകളും പശ്ചാത്തലസംഗീതവും ജീവനുള്ളതാക്കി.Barry Farrellന്റെ എഡിറ്റിങ്ങും ചിത്രത്തിന് ഗുണം ചെയ്തിട്ടുണ്ട്.ചിത്രത്തിന്റെ നട്ടെല്ല് തിരക്കഥ തന്നെയാവുമ്പോൾ ഇവയെല്ലാം പൂർണ പിന്തുണ പ്രഖ്യാപിച്ച ഘടകങ്ങളാവുന്നു.
ചിത്രം കണ്ടുകഴിഞ്ഞപ്പോൾ ഓർമ വന്നത് നമ്മുടെ ദേശിയ ഗാനത്തിന്റെ രചയിതാവും നോബൽ സമ്മാന ജേതാവുമായ റബിന്ത്രനാഥ് ടാഗോറിന്റെയും അരുന്ധതി റോയിയുടെയും വാക്കുകളാണ്..
🔻"ദേശസ്നേഹം നമ്മുടെ അന്തിമ ആത്മീയ അഭയസ്ഥാനമല്ല.വജ്രത്തിന് പകരം കുപ്പിച്ചില്ല് വാങ്ങാൻ ഞാൻ തയ്യാറല്ല.ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം ദേശസ്നേഹം മനുഷ്യരാശിയുടെ മേൽ വിജയം വരിക്കാൻ അനുവദിക്കില്ല"- ടാഗോർ🔻
🔻"നമ്മളിവിടെ കൊട്ടിഘോഷിക്കുന്ന ദേശഭക്തി എന്ന സങ്കല്പത്തോട് എനിക്കൊട്ടും ആദരവില്ല.ഞാൻ മനസിലാക്കിയിടത്തോളം നമുക്ക് താൽപര്യമില്ലാത്ത സമുദായങ്ങളെ അടക്കി നിർത്താനുള്ള ഒരു വിദ്യ മാത്രമാണ് അത്.നിങ്ങൾ അസമത്വം,വെറുപ്പ് തുടങ്ങിയ എല്ലാ ചീത്തകാര്യങ്ങളും വളർത്തിയെടുത്തിട്ട് അതിന് മുകളിൽ പതാക നാട്ടുകയാണ് ചെയ്യുന്നത്.ഇന്ത്യൻ ഭരണവ്യവസ്ഥയിലെ ഈ സങ്കല്പം തന്നെ അശ്ലീലമാണ്"- അരുന്ധതി റോയ്🔻
ദേശീയത എന്ന മത്തുപിടിപ്പിക്കുന്ന ലഹരി ആറ്റം ബോംബിനെക്കാൾ മാരകമായ ഒരു ആയുധമാണ്.സ്വാതന്ത്ര്യത്തിന് വേണ്ടി കൈകോർത്ത് തോളോടുതോൾ ചേർന്ന് നിന്ന് പോരാടിയ സഹോദരനെ ജാതിയുടെയും മതത്തിന്റെയും പേരിൽ ആക്രമിക്കാൻ പ്രേരിപ്പിക്കുന്ന ഒരു ലഹരി.ആട്ടിൻകുട്ടികളെ തമ്മിലടിപ്പിച്ച് ചോര കുടിച്ച ചെന്നായയുടെ വേഷം ബ്രിട്ടീഷുകാർ ഭംഗിയാക്കിയപ്പോൾ നഷ്ടപ്പെട്ടത് നമുക്കാണ്.പൊലിഞ്ഞത് നമ്മുടെ ജീവനുകളാണ്.പല ഭാഷയും ഒരു മനസ്സുമായി കഴിഞ്ഞിരുന്ന നമ്മൾ തമ്മിൽ കണ്ടാൽ വാളെടുക്കുന്ന തരത്തിലേക്ക് നയിക്കാൻ തക്ക ശേഷിയുണ്ടായിരുന്നു ചെന്നായയുടെ തന്ത്രങ്ങൾക്ക്.അതിന് അവർ ഉപയോഗിച്ച ആയുധമാവട്ടെ ദേശീയതയും.ജീവനറ്റ് കിടന്ന ലക്ഷക്കണക്കിന് മൃതദേഹങ്ങളും ചോര വീണ് മലിനമായ മണ്ണും ദേശീയതക്ക് വളമായപ്പോൾ അത് തഴച്ച് വളർന്നു.അവിടെയാണ് ഈ ചിത്രത്തിന്റെ പ്രസക്തി ഇന്നും നിലനിൽക്കുന്നത്.
🔻"ദേശീയതയും ആനുകാലിക ഇന്ത്യയും"
"അരി വാങ്ങാൻ ക്യൂവിൽ
തിക്കിനിൽകുന്നു ഗാന്ധി
അരികെ കൂറ്റൻ കാറിലേറി
നീങ്ങുന്നു ഗോഡ്‌സെ" -
എൻ.വി.കൃഷ്ണവാര്യരുടെ മേൽപറഞ്ഞ വരികൾക്ക് ഇന്നത്തെ സാമൂഹികാന്തരീക്ഷത്തിൽ എത്രത്തോളം പ്രാധാന്യമുണ്ടെന്ന് പറയാതെ തന്നെ ഏവർക്കും മനസിലാക്കുവാൻ സാധിക്കും.
എഴുപതിയൊന്നാമത് സ്വാതന്ത്ര്യദിനത്തിന്റെ സിമ്പലെന്നോണം പ്രാണവായു പോലും കിട്ടാതെ മരിച്ച എഴുപതിൽ പരം പിഞ്ചുകുഞ്ഞുങ്ങളുടെ ചിത്രങ്ങളും വാർത്തയും രണ്ട് ദിവസമായി നമ്മെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്.എന്നാൽ ഈ വാർത്തയോടുള്ള ഭരണാധികാരികളുടെ പ്രതികരണം കേക്കുമ്പോൾ ശിശുക്കൾക്ക് പശുക്കളുടെ വില പോലുമില്ല എന്ന് തോന്നിപ്പോവും.അതെ.അതാണ് വാസ്തവം.
ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ് എന്ന് പറയപ്പെടുന്ന ആമുഖത്തിൽ(preamble) പ്രതിപാദിക്കുന്ന അഞ്ച് കാര്യങ്ങൾ.പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ, റിപ്പബ്ലിക്ക്(sovereign, Socialist, Secular, Democratic, Republic).ഇവ മാറ്റിയെഴുതപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാമിപ്പോൾ കടന്നുപോവുന്നത്.മതേതരം എന്നത് മാറി ഒരു മതത്തിനോ ജാതിക്കോ വേണ്ടി മാത്രം കെട്ടിപ്പടുക്കുന്ന നിയമങ്ങളും അവ വെടിപ്പായി നടപ്പിലാക്കുന്ന നെറികെട്ട ഭരണഘൂടത്തിന്റെയും അവർക്ക് ഒത്താശ ചെയ്യുന്ന നീതിപീഠങ്ങളും നിയമസംഹിതകളും നിയമപാലകരും ഇന്ത്യൻ ജനാധിപത്യത്തിന് തന്നെ ഭീഷണിയായി മാറുന്ന കാഴ്ച നമ്മുടെ കണ്മുന്നിലുണ്ട്.വല്ലപ്പോഴും മാത്രം രാജ്യത്ത് കാലുകുത്തുന്ന പ്രധാനമന്ത്രിയും വന്നാലുടനെ മേരെ പ്യാരീ ദേശവാസിയോം എന്ന ആമുഖത്തോടെ എന്തെങ്കിലും നിരോധനമോ വിലകൂടലോ അല്ലാതെ സമകാലീന ഇന്ത്യയിൽ നടക്കുന്ന ഭീകരത സൃഷ്ടിക്കുന്ന സംഭവങ്ങളെ പറ്റി യാതൊന്നും പറഞ്ഞ് കേട്ടിട്ടില്ല.
ഭരണഘടന അനുവദിച്ച് തരുന്ന പ്രാഥമിക ആവകാശങ്ങളായ സ്വാതന്ത്ര്യവും സമത്വവും ഇഷ്ടമുള്ള മതമനുസരിച്ച് ജീവിക്കുവാനുള്ള അവകാശവുമൊക്കെ കീഴ്മേൽ മറിഞ്ഞിരിക്കുകയാണ്.ഭക്ഷണത്തിന്റെ പേരിൽ പോലും കൊലപാതകങ്ങൾ പതിവായ, ന്യൂനപക്ഷങ്ങൾ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്ന, അവർക്ക് വിദ്യാഭാസം നിഷേധിക്കപ്പെടുന്നതുമെല്ലാം സ്ഥിരം സംഭവങ്ങളായി മാറിയിരിക്കുന്നു.ദളിതനായത്തിന്റെ പേരിൽ ആത്മഹത്യ ചെയ്ത രോഹിത് വെമുലയും തിരോധാനം നടന്നിട്ട് മൂന്നക്ക ദിവസങ്ങൾ കഴിഞ്ഞിട്ടും ഇനിയുമൊരു വിവരവും ലഭ്യമല്ലാത്ത നജീബും വീണ്ടും ആവർത്തിക്കപ്പെടുന്നു.ന്യൂനപക്ഷങ്ങൾക്ക് ആംബുലൻസ് സൗകര്യം പോലും ലഭ്യമാകാതെ തന്റെ ഉറ്റവരുടെ മൃതദേഹങ്ങൾ കിലോമീറ്ററുകൾ ചുമന്നുകൊണ്ട് പോവുന്ന ചിത്രങ്ങൾ കണ്ട് കണ്ണ് കലങ്ങാറുണ്ട്.വർഗീയ കലാപങ്ങളും വ്യാജ ഏറ്റുമുട്ടലുകളും ഭരണഘൂടത്തിന്റെ ഒത്താശയോടെ നടത്തപ്പെടുമ്പോൾ ഒരു ഭയത്തോടെയല്ലാതെ നമുക്കിപ്പോൾ ഇന്ത്യയിൽ ജീവിക്കുക സാധ്യമല്ല.
രാജ്യത്തെ അസഹിഷ്ണുത പരസ്യമായി പ്രകടിപ്പിച്ച് കലാകാരന്മാർ ഉൾപ്പടെ പരസ്യമായി രംഗത്ത് വന്നിരുന്നു.എന്നാൽ എല്ലാവരോടും ഭരണഘടനയുടെ തലപ്പതിരിക്കുന്നവർ തന്നെ 'പാകിസ്താനിലേക്ക് പോകൂ' എന്ന് ആക്രോശിക്കുമ്പോൾ വർഗീയ ധ്രുവീകരണമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പരസ്യ പ്രഖ്യാപനം നടത്തുകയാണവർ.രാഷ്ട്രീയ കൊലപാതകങ്ങൾ കയ്യും കണക്കുമില്ലാതെ വർധിക്കുമ്പോൾ മറ്റുള്ളവരെക്കാൾ ഒന്നെങ്കിലും നമ്മുടെ അക്കൗണ്ടിൽ വേണമെന്ന ലാഘവത്തോടെയാണ് രാഷ്ട്രീയ പാർട്ടികൾ ജീവനെടുക്കുന്നത്.കോടികളുടെ കുംഭകോണങ്ങൾ പോലും പെറ്റികേസുകളിലും താഴെ ഒരുങ്ങുമ്പോൾ ഒരു വിഭാഗത്തിന്റെ കയ്യിൽ മാത്രം പണം കുമിഞ്ഞുകൂടുന്നു.പുറമേ നിന്ന് നോക്കുമ്പോൾ വൈവിധ്യങ്ങളുടെ രാജ്യമാണ് ഇന്ത്യ.എന്നാൽ അകമേ ജീവിക്കുന്നവർ ഓരോ നിമിഷവും തങ്ങളുടെ ജീവൻ ഹനിക്കപ്പെട്ടേക്കാമെന്നുള്ള പേടിയിലാണ്.വർധിച്ചുവരുന്ന സ്ത്രീപീഡനങ്ങളും ബാലപീഡനങ്ങളും ദിവസേന ന്യൂസ്കോളങ്ങളിൽ ഇടം നേടുന്ന വാർത്ത മാത്രമായി കലാശിക്കുന്നു.
ഇതാണോ ഗാന്ധിജിയും നെഹ്‌റുവും അംബേദ്കറുമൊക്കെ സ്വപ്നം കണ്ട ഇന്ത്യ.സ്വാതന്ത്ര്യസമരസേനാനികൾ ജാതി-മത-ലിംഗ ഭേദമന്യേ തോളോട് തോൾ ചേർന്ന് നിന്ന് പൊരുതി,മരണം വരെ കൈവരിച്ച് നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നത് ഇങ്ങനെയൊരു ഇന്ത്യയെ വാർത്തെടുക്കാനല്ല.ഇന്ത്യ-പാക് വിഭജനത്തിന്റെ സ്മാരകം എന്നവണ്ണം അവശേഷിക്കുന്ന ഒരു സ്ഥലമുണ്ട്.കാശ്മീർ.ഇരു രാജ്യങ്ങളും സ്നേഹം കൊണ്ട് മറുപടി കൊടുക്കേണ്ട സ്ഥാനത്ത് ബുള്ളറ്റുകൾ മറുപടി പറയുകയാണ് അവിടെ.സമാധാനം എന്തെന്നറിഞ്ഞിട്ട് കാലങ്ങളായ ജനത അവിടെയുണ്ട്.ഇവയൊക്കെയും നമുക്ക് മുന്നിൽ തെളിവുകൾ പോലെ അവശേഷിക്കുമ്പോൾ എങ്ങനെയാണ് സ്വാതന്ത്ര്യം കിട്ടി എന്ന് പറയാനാവുക.?
പ്രതികരണങ്ങൾ ഒരുപാട് ഉണ്ടാവുന്നുണ്ട്.തങ്ങൾക്കെതിരെ ശബ്ദം പൊന്തിയേക്കാവുന്ന എല്ലാ രംഗങ്ങളിലും തങ്ങളുടെ കൈകടത്തലുകൾ നടത്തി ആവിഷ്കാരസ്വാതന്ത്ര്യത്തെ തന്നെ ഇല്ലാതാകുന്ന പ്രവണത വർധിച്ച് വരികയാണ്.സംവിധായകരും നടന്മാരുമൊക്കെ തങ്ങളുടെ ചിത്രങ്ങളിലൂടെ ജനങ്ങളുമായി സംവദിക്കാൻ ആഗ്രഹിക്കുമ്പോൾ സെൻസർ ബോർഡിൽ വരെ അധികാരം ഉറപ്പിച്ച് തങ്ങൾക്ക് ആവശ്യമുള്ളതും താരാട്ട് പാടുന്നതുമായവ മാത്രം സ്വീകരിച്ച് ബാക്കിയുള്ളവയെ കത്രികപ്പൂട്ടിന് ഇരയാക്കുന്ന സംഭവങ്ങൾ നിസാരവത്കരിക്കാവുന്നതല്ല.ആവിഷ്കാരസ്വാതന്ത്ര്യത്തെ തന്നെ ഹനിക്കുന്ന ഇത്തരം പ്രവണതകൾ രാജ്യത്തെ അധഃപതനത്തിൽ നിന്ന് അധഃപതനത്തിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്.
🔻"If the freedom of speech is taken away the dumb and silent we may be led, like sheep to the slaughter"- George Washington🔻
യുവാക്കൾ എന്ന നിലയിൽ ഇത്തരം ഫാസിസ്റ്റ് മനോഭാവങ്ങൾക്കെതിരെ നമുക്ക് ഒരുപാട് പ്രതികരിക്കാനാവും.എന്നാൽ അത് വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ഫേസ്ബുക്കിലെ സ്റ്റാറ്റസുകളിലും ഹാഷ്ടാഗുകളിലും ഒതുക്കാതെ സമൂഹമധ്യത്തിൽ ആവണം.ഏവരുടെയും ശ്രദ്ധ പിടിച്ച് പറ്റാൻ നമ്മുടെ പ്രതികരണങ്ങൾക്ക് കഴിയണം.ഏതൊരു രാജ്യത്തിന്റെയും സ്വത്ത് അവിടുത്തെ യവ്വനമാണ്.ആ നിലയിൽ രാജ്യത്തിന് വേണ്ടി നിലകൊള്ളാനും പുരോഗതിക്ക് വേണ്ടി മാത്രം യത്നിക്കാനും നമുക്കാവണം.
ശരിയാണ്.സ്വാതന്ത്ര്യം കിട്ടിയിട്ടുണ്ട്.എന്നാൽ അത് 'ഇന്ത്യക്കാണ്'.'ഇന്ത്യക്കാർക്കല്ല'.സ്വാതന്ത്ര്യം ഇനിയും ഒരു വിദൂര സ്വപ്നമായി അവശേഷിക്കുകയാണ് നമ്മളിൽ.സ്വാതന്ത്ര്യദിനാശംസകൾ വെറും പ്രഹസനങ്ങളായി മാത്രം അവശേഷിക്കുമ്പോൾ ഓരോ ആഗസ്റ്റ് പതിനഞ്ചും ഓരോ ഓർമപ്പെടുത്തലാണ്.നമ്മുടെ രാജ്യത്തിന്റെ ഇന്നിന്റെ അവസ്ഥയെക്കുറിച്ച്.അതുകൊണ്ട് തന്നെ ജാതി-മത-ലിംഗ ഭേദമന്യേ ഏത് സമയത്തും എവിടെ വേണമെങ്കിലും സുരക്ഷിതമായി സഞ്ചരിക്കാവുന്ന,ഏത് മതാടിസ്ഥാനത്തിലും ജീവിക്കാൻ സാധിക്കുന്ന, ഭരണഘൂടങ്ങൾ ജനങ്ങളുടേത് കൂടിയാവുന്ന ഒരു സമയത്തു നമുക്ക് പറയാം ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചെന്ന്. അന്ന് ആശംസിക്കാം സ്വാതന്ത്ര്യദിനാശംസകൾ.
"എല്ലാം മറന്നൊന്നുറങ്ങിയ യാമങ്ങൾ
എന്നേക്കുമായി അസ്തമിച്ച് പോയ്, ഇന്നിനി
നമ്മിലൊരാളിന്റെ നിദ്രക്ക് മറ്റയാൾ
കണ്ണിമ ചിമ്മാതെ കാവൽ നിന്നീടണം
ഇനി ഞാനുണർന്നിരിക്കാം
നീയുറങ്ങുക" -
മണ്മറഞ്ഞു പോയ പ്രിയകവി "ഒ.എൻ.വി"യുടെ ഈ വരികൾ സ്മരിച്ചുകൊണ്ട് നിർത്തുന്നു.
0 Comments