Laskar Pelangi (The Rainbow Troops) (2008) - 124 min

August 19, 2017

"അടച്ചുപൂട്ടലിന്റെ വക്കിലെത്തി നിന്നപ്പോഴാണ് ഇവർ പത്ത് പേരും പഠിക്കാൻ സന്നദ്ധരായി ഞങ്ങൾക്ക് മുന്നിലെത്തിയത്.ഇനി ഇവരാണ് സ്‌കൂളിന്റെ യശസ്സ് ഉയർത്താൻ ഞങ്ങൾക്ക് മുന്നിലുള്ള മാർഗം"


🔻Story Line🔻
1970കളിലെ ഒരു പാഠ്യവർഷത്തിന്റെ തുടക്കം.എല്ലാ സ്‌കൂളുകളിലും കുട്ടികൾ പുതിയ ഉടുപ്പുകളും പുസ്തകങ്ങളുമായി സന്തോഷത്തോടെ ഒത്തുകൂടുന്ന സുദിനം.അങ്ങനെ എല്ലായിടത്തും സന്തോഷം അലയടിക്കുമ്പോൾ ഒരിടത്ത് മാത്രം സ്ഥിതി മറിച്ചായിരുന്നു.മുഹമ്മദിയ്യ എലമന്ററി സ്‌കൂളിൽ.

ഒരുകാലത്ത് പേരുകേട്ട സ്കൂളായിരുന്നു മുഹമ്മദിയ്യ.എന്നാൽ ഓരോ വർഷം കഴിയുന്തോറും മറ്റ് മുന്തിയ സ്‌കൂളുകൾ ഓരോന്നായി പ്രവർത്തനം ആരംഭിക്കുന്തോറും മുഹമ്മദിയ്യയിൽ കുട്ടികളുടെ കൊഴിഞ്ഞ് പോക്ക് ഗണ്യമായി കൂടിക്കൊണ്ടിരുന്നു.ഒടുവിൽ സ്‌കൂൾ പൂട്ടാൻ സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഒരു ഇളവ് കൊടുത്തിരുന്നു. പത്ത് കുട്ടികൾ ഉണ്ടെങ്കിൽ സ്‌കൂൾ തുറന്ന് പ്രവർത്തിക്കാം.

പിന്നെ അതിനുള്ള തത്രപ്പാടിലായിരുന്നു എല്ലാവരും.ടീച്ചർ മുസ്ലിമയും ഹർഫാനും കിണഞ്ഞ് പരിശ്രമിച്ച് പത്ത് കുട്ടികളെ അവസാനം സ്‌കൂളിലേക്ക് കൊണ്ടുവന്നു.പഠിക്കാൻ യാതൊരു സാഹചര്യവും സാമ്പത്തികവും ഇല്ലാത്ത, എന്നാൽ കുറെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉള്ള കുട്ടികൾ.തുടർന്ന് അവരുടെ സ്‌കൂൾ ജീവിതവും അധ്യാപകരുമായുള്ള മാനസിക അടുപ്പവും സൗഹൃദവും രസകരമായ കുറച്ച് സംഭവങ്ങളിലുമൂടെ കഥ വികസിക്കുന്നു.

🔻Behind Screen🔻
യഥാർത്ഥ സംഭവങ്ങളാണ് ചിത്രത്തിന്റെ ആധാരം.Andrea Hirata എഴുതിയ ഇതേ പേരിലുള്ള നോവൽ ആസ്പദമാക്കി Riri Riza സംവിധാനം ചെയ്ത ചിത്രമാണ് Laskar Pelangi. വളരെ ശ്രദ്ധയും ഗൗരവവും അർഹിക്കുന്ന വിഷയം തന്റെ സിനിമക്ക് വേണ്ടി തിരഞ്ഞെടുത്തതിൽ സംവിധായകൻ അഭിനന്ദനം അർഹിക്കുന്നു.ബെലിടങ് ഐലന്റിലെ സർക്കാർ സ്കൂളുകളുടെയും മതപഠനസ്‌കൂളുകളുടെയും യഥാർത്ഥ അവസ്ഥ തുറന്ന് കാണിക്കുകയായിരുന്നു സംവിധായകന്റെയും കൂടെ അണിയറയിൽ പ്രവർത്തിച്ചവരുടെയും ലക്ഷ്യം.

മുഹമ്മദിയ്യ സ്‌കൂളിലെ അധ്യാപകരെയും പത്ത് കുട്ടികളെയും കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോവുന്നത്.സത്യത്തിൽ സിനിമ കണ്ടപ്പോൾ നമ്മുടെ സർക്കാർ സ്‌കൂളുകളുടെ അവസ്ഥയാണ് മനസ്സിൽ തെളിഞ്ഞത്.നിരവധി സർക്കാർ സ്‌കൂളുകൾ നാട്ടിലുള്ളപ്പോഴും ഉയർന്ന സിലബസുകളിൽ കാശ് മുടക്കി പഠിപ്പിക്കാൻ വെമ്പൽ കൊള്ളുന്ന മാതാപിതാക്കളും ആയതിനാൽ ഗണ്യമായി എണ്ണകുറവ് ഉണ്ടാവുന്ന സർക്കാർ സ്‌കൂളുകളും നമ്മുടെ മുന്നിലുണ്ട്.ഈ കാലഘട്ടത്തിൽ അത്തരം സ്കൂളുകളോട് സമൂഹത്തിന് എന്തോ അവജ്ഞയാണ്.ആ പൊതുബോധത്തെ പൊളിച്ചുകാട്ടാനാണ് സംവിധായകൻ ശ്രമിച്ചിരിക്കുന്നത്.കൂടാതെ ജനങ്ങളുടെ ശ്രദ്ധയിൽ പെടുത്താനും.

നമ്മുടെ സർക്കാരിന്റെ ഇമേജ് ഉയർത്തുന്നതിന് പൂട്ടാറായ സ്‌കൂളുകളെ ഏറ്റെടുത്ത് പ്രവർത്തിപ്പിച്ചത് വഹിച്ച പങ്ക് വളരെ വലുതാണ്.പഠിക്കാൻ ആഗ്രഹമുണ്ടായിട്ടും അതിന് യോജിച്ച സന്ദർഭങ്ങളോ പിന്തുണയോ ലഭിക്കാത്ത നിരവധി കുട്ടികൾ നമ്മുടെ നാട്ടിലുണ്ട്.അത്തരത്തിലുള്ളവർക്ക് ആശ്വാസം എന്നും സർക്കാർ വക സ്‌കൂളുകളും സ്ഥാപനങ്ങളും തന്നെയാണ്.സൗജന്യവും നല്ല രീതിയിൽ ശിക്ഷണവും ലഭിക്കുന്ന സ്‌കൂളുകൾ കണ്മുന്നിലുള്ളപ്പോഴും കാശ് മുടക്കി പഠിപ്പിക്കുന്നത് സ്റ്റാറ്റസിന്റെ ഭാഗമായി കൊണ്ടുപോവാൻ ശ്രമിക്കുന്ന മാതാപിതാക്കൾ ഒരുതരത്തിൽ മറ്റുള്ളവർക്ക് വളംവെക്കുകയാണ്.അവരോടുള്ള മുഖംതിരിവും സംവിധായകൻ പറഞ്ഞുവെക്കുന്നു.

കഥാപാത്രസൃഷ്ടികളും കഥാസന്ദർഭങ്ങളും വളരെ ഹൃദയവും രസകരവുമാണ്.സ്‌കൂളിലെ ഓരോ കുട്ടികൾക്കും അവരുടെതായ വിനോദങ്ങളും കഴിവുകളുമുണ്ട്.അവയൊക്കെയും കാണിക്കുമ്പോൾ ഒരു പുഞ്ചിരി നമ്മിൽ നിറക്കുന്നുണ്ട് ചിത്രം.എന്നാൽ സിനിമ കണ്ടുകഴിഞ്ഞപ്പോൾ മനസ്സിൽ ഒരു വിങ്ങലാണ് അവശേഷിച്ചത്.

ഈ ചിത്രത്തിന്റെ പല ലൊക്കേഷനുകളും Bangk Belitung ഗവർണ്മെന്റ്റ് ടൂറിസ്റ്റ് സെൻറ്ററുകളായി പ്രഖ്യാപിച്ചിരുന്നു.മുഹമ്മദിയ്യ എലമന്ററി സ്‌കൂളിന്റെ പുതുക്കിപ്പണിയലിനും പഠനാവശ്യങ്ങൾകുമായുള്ള തുക കണ്ടെത്താനായിരുന്നു അത്.വളരെയേറെ ഗുണം ചെയ്ത ഒരു തീരുമാനം.ടൂറിസ്റ്റുകളുടെ കുത്തൊഴുക്ക് തന്നെയായിരുന്നു പിന്നീട് ആ ലൊക്കേഷനിലേക്ക്.

വളരെ ലളിതമായ ആവിഷ്കാരവും മനസ്സിൽ തങ്ങിനിൽക്കുന്ന കഥാപാത്രങ്ങളും കഥയും മനോഹരമായ ഈ കൊച്ചുചിത്രത്തിന്റെ ഭംഗിയാണ്.ഇന്തോനേഷ്യൻ ബോക്‌സ് ഓഫിസിൽ പണം വാരിയ ചിത്രങ്ങളുടെ പട്ടികയിൽ ആദ്യ സ്ഥാനങ്ങളിലൊന്ന് ചിത്രത്തിന് സ്വന്തം.ഒരുപോലെ പ്രേക്ഷക ശ്രദ്ധയ നേടുവാനും അധികാരികളുടെ കണ്ണു തുറപ്പിക്കാനും ചിത്രത്തിന് സാധിച്ചിട്ടുണ്ട്.

🔻On Screen🔻
ചിത്രത്തിലെ കാസ്റ്റിങ് ഗംഭീരമാണ്.ബെലിടങ് തെരുവുകളിൽ കളിച്ച് വളർന്ന കുട്ടികളെ തന്നെയാണ് പത്ത് വിദ്യാർഥികളുടെ വേഷം കൈകാര്യം ചെയ്യാൻ ഏൽപ്പിച്ചത്.തികച്ചും സ്വാഭാവികമായ അഭിനയം കൊണ്ട് മനസ്സിൽ ഇടം പിടിക്കുന്നു എല്ലാവരും. പല നേരങ്ങളിലും ചിരിപ്പിക്കുവാനും വിഷമത്തിലാഴ്ത്തുവാനും അവർക്ക് സാധിച്ചു.അധ്യാപകരുടെ കഥാപാത്രങ്ങൾ ചെയ്തവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി.

🔻Music & Technical Sides🔻
വളരെ ലളിതമാണ് പശ്ചാത്തലസംഗീതം.അതും ആവശ്യമുള്ള സന്ദർഭങ്ങളിൽ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ.വളരെ റിയലിസ്റ്റിക്കായ ക്യാമറയും ചിത്രത്തിന് ജീവൻ നൽകാൻ സഹായിച്ചിട്ടുണ്ട്. കളർ ഗ്രേഡിങ് പഴയ കാല ഫീൽ നൽകുവാൻ പാകത്തിന് ഇണങ്ങി നിന്നു

🔻Awards & Nominations🔻
Bandung ഫിലിം ഫെസ്റ്റിവലിലും ഇന്തോനേഷ്യൻ ഫിലിം ഫെസ്റ്റിവലിലും മികച്ച ചിത്രത്തിനുള്ള പുരസ്കാരം കരസ്ഥമാക്കിയപ്പോൾ International Children & Young Adults Film festivalൽ ഗോൾഡൻ ബട്ടർഫ്‌ളൈ അവാർഡും Udine Far East International Film Festivalൽ ഓഡിയൻസ് അവാർഡും ചിത്രം കരസ്ഥമാക്കി.

🔻Final Verdict🔻
തീർത്തും പ്രാധാന്യവും ആനുകാലിക പ്രസക്തിയുള്ളതുമായ ഒരു വിഷയം കൈകാര്യം ചെയ്ത് കയ്യടി നേടിയ സംവിധായകൻ.നമ്മുടെ നാട്ടിലെ സ്‌കൂളുകളുടെ അതേ അവസ്ഥ തന്നെ സ്ക്രീനിൽ കാണുമ്പോൾ എന്തെന്നില്ലാത്ത ഒരു വിഷമമോ വിങ്ങളോ മനസ്സിൽ തങ്ങിയേക്കാം.വളരെ തന്മയത്വത്തോടെ ലളിതവും എന്നാൽ ഗൗരവത്തോടെയും ആ വിഷയത്തെ സമീപിച്ചതിൽ സംവിധായകൻ പൂർണമായും വിജയിച്ചിട്ടുണ്ട്.ഒരുപോലെ പ്രേക്ഷകശ്രദ്ധയും അധികാരികളുടെ ശ്രദ്ധയും പിടിച്ചുപറ്റിയ ചിത്രം മികച്ച ഒരു സൃഷ്ടി തന്നെ.

My Rating :: ★★★★☆

You Might Also Like

0 Comments