Varnyathil Ashanka (2017) - 137 min
August 18, 2017
"ഒരുപാട് പ്രശ്നങ്ങൾ തലക്ക് മുകളിൽ ഉള്ളപ്പോഴാണ് ഞങ്ങൾ നാലുപേരും കണ്ടുമുട്ടിയത്.ഇന്നെന്ന ദിവസം ജീവിതത്തിലെ സകല ബാധ്യതകളുടെയും അവസാന ദിനമാക്കാനായിരുന്നു ഞങ്ങൾ ഈ പ്ലാനിന് ഇറങ്ങിപ്പുറപ്പെട്ടത്.എന്നാൽ അതിനിടക്ക് അഞ്ചാമതൊരാൾ പ്രതീക്ഷിക്കാതെ കയറിവന്നിരിക്കുന്നു ഈ മുഹൂർത്തസമയത്ത്"
🔻Story Line🔻
കൗട്ട ശിവൻ, ഗിൽബേർട്ട്, വിൻസൻ, പ്രതീഷ് എന്നീ നാല് കള്ളന്മാർ.ആവശ്യത്തിലധികം പ്രശ്‌നങ്ങൾ അവർക്കുണ്ട്.അങ്ങനെ ജീവിതം തട്ടിയും മുട്ടിയും മുമ്പോട്ട് പോവുമ്പോഴാണ് ഇവർ നാല് പേരും ഒരു കണ്ടുമുട്ടുന്നത്.
അങ്ങനെ സകല പ്രശ്‌നങ്ങളും അവസാനിപ്പിക്കാനായി അവർ ഒരു വമ്പൻ മോഷണം പ്ലാൻ ചെയ്യുന്നു.സന്ദർഭവും സമയവും ഒത്തിണങ്ങി വന്നപ്പോൾ അവർ അത് നടത്താൻ തീരുമാനിച്ചു.അങ്ങനെ അവരുടെ പ്ലാനിങ് പലതും വിജയിച്ച് മുന്നേറുമ്പോഴാണ് ദയാനന്ദൻ എന്ന സാധാരണക്കാരൻ ഇവർക്കിടയിലേക്ക് കടന്നുവരുന്നത്.തുടർന്ന് അവരുടെ നീക്കങ്ങളും പ്രതീക്ഷകളും പലതും താളം തെറ്റുന്നു.
🔻Behind Screen🔻
'നിദ്ര' 'ചന്ദ്രേട്ടൻ എവിടെയാ' എന്നീ ചിത്രങ്ങൾക്ക് ശേഷം സിദ്ധാർഥ് ഭരതൻ ഒരുക്കിയ ചിത്രം.തിരക്കഥ ഒരുക്കിയിരിക്കുന്നത് ത്രിശൂർ ഗോപാൽജിയാണ്.രസകരമായ ടൈറ്റിൽ തന്നെയാണ് ചിത്രത്തിനെ ശ്രദ്ധേയമാക്കുന്നത്.
"മറ്റൊന്നിന്‍ ധര്‍മ്മയോഗത്താ-
-ലതുതാനല്ലയോ ഇത്
എന്ന് വർണ്ണ്യത്തിലാശങ്ക
ഉല്‍പ്രേക്ഷാഖ്യായലംകൃതി!!”
മലയാളവ്യാകരണത്തിലെ ഒരർത്ഥാലങ്കാരമായ ഉൽപ്രേക്ഷയുടെ ലക്ഷണം.
കള്ളാദികള്ളനെന്ന ടൈറ്റിൽ സോങ്ങും തോൽപാവക്കൂത്തിനൊപ്പമുള്ള സീക്വൻസുകളും ആകർശകമാണ്.പിന്നീട് ഓരോരുത്തരെയായി സ്ക്രീനിൽ പരിചയപ്പെടുത്തുകയാണ് സംവിധായകൻ.അവിടെ ക്ളീഷേകൾ പാരമാവധി ഒഴിവാക്കാൻ അദ്ദേഹത്തിന് ആയിട്ടുണ്ട്.കള്ളനായത്തിന് പിന്നിലെ കദനകഥയോ മോഷണത്തിന് പ്രേരിപ്പിക്കുന്ന സംഭവവികാസങ്ങളോ ഒന്നും തന്നെ ഏച്ചുകെട്ടിയിട്ടില്ല. കള്ളന്മാരായി തന്നെ അവതരിപ്പിച്ച് അതുപോലെ തന്നെ മുന്നോട്ട് പോവുകയാണ് ചെയ്തിട്ടുള്ളത്.നാല് കള്ളന്മാരിലൂടെയാണ് തുടക്കമെങ്കിലും ഒരു ആക്ഷേപഹാസ്യ രീതിയിൽ മുതലെടുക്കാനാണ് ചിത്രം കൂടുതലും ശ്രമിച്ചിട്ടുള്ളത്.
രസകരമായി മുന്നേറുന്ന കഥയാണെങ്കിലും അവയിലേക്ക് ആനുകാലിക പ്രസക്തിയുള്ള ആശയങ്ങളുടെയും സംഭവങ്ങളുടെയും കോർത്തിണക്കൽ ബുദ്ധിപരമായാണ്.നോട്ട് നിരോധനവും രാഷ്ട്രീയ സംഘർഷങ്ങളും പൂട്ടിപോയ ബാറിലെ തൊഴിലാളികൾ നേരിടുന്ന പ്രശ്നവും ഹാർത്താലുമൊക്കെ പ്രതിപാദ്യ വിഷയങ്ങളായി വരുന്നുണ്ട്.അതും തികച്ചും രസകരമായി.കഥാപാത്രവികസനത്തിനായി ഉപയോഗിക്കുന്ന സന്ദർഭങ്ങളൊക്കെയും സന്ദർഭോചിതമായി നർമസംഭാഷണങ്ങളാൽ നയിച്ചത് തിരക്കഥാകൃതിന്റെ മിടുക്കാണ്. വിരസത സൃഷ്ടിച്ചേക്കാമായിരുന്ന രംഗങ്ങളൊക്കെയും രസകരമായതും കൗതുകമുള്ളതാക്കാനും സംഭാഷണങ്ങൾ സഹായിച്ചിട്ടുണ്ട്.സെമി റിയലിസ്റ്റിക് രീതിയിലുള്ള ആഖ്യാനമായതിനാൽ സിനിമയിൽ വേഗത കുറവാണ്.എന്നാൽ അതൊരു കുറവായി തോന്നിയില്ല.
പഴയകാല കഥാപാത്രങ്ങളിൽ ചിലരെ ചില രംഗങ്ങളിലൂടെ ഓർമപ്പെടുത്തുന്നുണ്ട് ചിത്രം.സന്ദേശം എന്ന ചിത്രത്തിലെ യശ്വന്ത് സഹായിയുടെ ഫ്ലെക്സ് ബോർഡും ആർ.ഡി.പി നേതാക്കളുടെ മാലയിട്ട ഫോട്ടോകളും മീശമാധവനിലെ മാളയുടെ കഥാപാത്രത്തിന്റെ ചിത്രവുമൊക്കെ ചിരിയുണർത്തുന്ന കാഴ്ചയാണ്.രാഷ്ട്രീയ സംഘട്ടനത്തിന്റെ ഫലമായെത്തുന്ന ഹർത്താലിനെ മുതലെടുക്കുന്ന കള്ളന്മാരുടെ കഥയാണ് ചിത്രം മുന്നോട്ട് വെക്കുന്നത്.
കഥാപരിസരവും കഥാപാത്രങ്ങളും വിശ്വസനീയമായി അവതരിപ്പിക്കപ്പെടുമ്പോഴും മോഷണ സമയത്ത് സാധാരണ ഒരു സന്ദർഭം ആവശ്യപ്പെടുന്ന വേഗത ചിത്രത്തിനില്ല.സാഹസികമായ ഒരു കവര്‍ച്ചയുടെ ചിത്രീകരണമെത്തുമ്പോള്‍ സിനിമ കുറേക്കൂടി മന്ദതാളത്തിലേക്ക് അമരുന്നുമുണ്ട്.എന്നാല്‍ തുടര്‍രംഗങ്ങളിലെ സംഭവവികാസങ്ങളിലൂടെ ആസ്വാദനത്തിലുണ്ടാവുന്ന ഇടര്‍ച്ച സംവിധായകന്‍ മറികടക്കുന്നുണ്ട്.കൂടെ ആ സമയത്തുള്ള നർമ്മനമ്പറുകളും കൗണ്ടറുകളും പരിസരത്തെ രസകരമാക്കുന്നുമുണ്ട്.
സാധാരണ സിനിമകളിൽ കാണുന്ന പോലെ അവസാനം സാരോപദേശം നിറഞ്ഞതാക്കാൻ ശ്രമിക്കാത്ത ഒരു പ്രസംഗമുണ്ട്. പ്രതീക്ഷിച്ചതിന് വിപരീതമായി അതും രസകരമാക്കി, ക്ലിഷേ ഒഴിവാക്കി അവതരിപ്പിക്കുന്നതിൽ അണിയറക്കാർ വിജയിച്ചു.ടെയിൽ എൻഡും പ്രസക്തിയുള്ള ഒന്നുതന്നെയാണ്.
ഒരു കേന്ദ്രകഥാപാത്രത്തെ മാത്രം പ്രതിഷ്ഠിക്കാതെ വ്യത്യസ്തവും ആകർഷകവുമായ കഥാസന്ദർഭങ്ങളിലൂടെ സഞ്ചരിച്ച് പ്രേക്ഷകരെ കയ്യിലെടുക്കുന്ന രീതി കയ്യടി അർഹിക്കുന്നു.മൂന്നാം സംരംഭം എന്ന രീതിയിൽ തന്റെ കരിയർ ഗ്രാഫ് ഉയർത്തുന്ന ഒരു ശ്രമത്തിന് തുണിഞ്ഞതിന് അഭിനന്ദനം അർഹിക്കുന്നു സിദ്ധാർഥ്.മികച്ച തിരക്കഥയുടെ കയ്യടക്കത്തോടെയുള്ള അവതരണം.
🔻On Screen🔻
ചിത്രത്തിന്റെ കാസ്റ്റിങ് എടുത്ത് പറയേണ്ട ഘടകമാണ്.ടിപ്പിക്കൽ വേഷങ്ങളിൽ നിന്ന് മാറിയുള്ള കുഞ്ചാക്കോ ബോബന്റെ വേഷപ്പകർച്ച നടനിലെ പ്രതീക്ഷ വർധിപ്പിക്കുന്നു.നല്ല രീതിയിൽ തന്നെ തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.ചെമ്പൻ വിനോദും മണികണ്ഠനും മത്സരിച്ച് കൗണ്ടർ പറഞ്ഞപ്പോൾ ഇരുവരും നന്നേ ബോധിച്ചു.ഷൈൻ ടോം ചാക്കോയും തന്റെ വേഷം ഭംഗിയാക്കി.
സുരാജിന്റെ ഗംഭീര പ്രകടനത്തിന് ഒരിക്കൽ കൂടി സാക്ഷിയായി.അദ്ദേഹത്തിന്റെ എൻട്രിയോടെ മറ്റുള്ളവരൊക്കെ സൈഡിലേക്ക് ഒതുങ്ങി എന്ന് പറയേണ്ടി വരും.അമ്മാതിരി പെർഫോമൻസ്.കള്ള് കുടിച്ച് വരുന്ന രംഗവും അവസാന പ്രസംഗവുമൊക്കെ വീണ്ടും വീണ്ടും ഓർതോർത്ത് ചിരിക്കാൻ പാകത്തിന്.രചനയും തന്റെ ചെറിയ വേഷം മോശമാക്കിയില്ല.
🔻Music & Technical Sides🔻
ടൈറ്റിൽ സോങ് അല്ലാതെ മറ്റു ഗാനങ്ങളൊന്നും ചിത്രത്തിനില്ല.രസകരമായ പശ്ചാത്തലസംഗീതവും മികച്ച ഛായാഗ്രഹണവും ചിത്രത്തിന്റെ മികവ് വർധിപ്പിക്കുന്നു.സ്വാഭാവികത നിറഞ്ഞ സന്ദർഭങ്ങൾ ആവിഷ്കരിക്കാൻ എഡിറ്റിങ്ങും ക്യാമറയും വളരെ സഹായിച്ചിട്ടുണ്ട്.
🔻Final Verdict🔻
ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സിനിമകൾ മലയാളത്തിൽ വിരളമാണ്.ആ ലിസ്റ്റിലേക്ക് വർണ്യത്തിൽ ആശങ്ക കൂടി കടന്നു കൂടുന്നു.ആക്ഷേപഹാസ്യത്തിന്റെ സാധ്യതകൾ പരമാവധി ഉപയോഗിച്ച് ഒരുപോലെ രസകരവും അതേ സമയം പരിഹാസത്തിനും വേദിയാക്കിയിരിക്കുന്നു സംവിധായകൻ തന്റെ ചിത്രം.കെട്ടുറപ്പുള്ള തിരക്കഥയെ പക്വതയോടെ സമീപിച്ചപ്പോൾ പിറന്നത് അംഗീകരിക്കപ്പെടേണ്ട ഒരു ആക്ഷേപഹാസ്യമാണ്.ആശങ്കയില്ലാതെ ടിക്കറ്റെടുത്താൽ മനസ്സ് നിറഞ്ഞ് കണ്ടിറങ്ങാം വർണ്യത്തിൽ ആശങ്ക.
My Rating :: ★★★½

0 Comments