Miss Sloane (2016) - 132 min

August 25, 2017

"രാഷ്ട്രീയം ഒരു ചതുരംഗക്കളിയാണ്.എതിരാളിയുടെ നീക്കങ്ങൾ മുൻകൂട്ടി പ്രവചിച്ച് അതിനെതിരെ കരുക്കൾ നീക്കുന്നവനാരോ അവനാണ് വിജയി.എന്നാൽ സ്ലോവേനിന്റെ കാര്യത്തിൽ അവളുടെ നീക്കങ്ങൾ മുൻകൂട്ടി പ്രവചിക്കുക ചില സമയത്ത് അസാധ്യമെന്ന് തോന്നിപ്പോവും"



🔻Story Line🔻
രാജ്യത്തെ അറിയപ്പെടുന്ന ഒരു ലോബിയിസ്റ്റ് ആണ് സ്ലോവേൻ.ഓരോ ബില്ലുകൾക്കെതിരെയും അനുകൂലിച്ചും ഉയർന്നുവരുന്ന പ്രക്ഷോഭങ്ങളെ തങ്ങളുടെ ഉപഭോക്താവിന്റെ ആവശ്യങ്ങൾക്കനുസരിച്ച് കാര്യങ്ങൾ അവർക്ക് അനുകൂമാവുന്ന രീതിയിൽ അവരുടെ ദിശയിലേക്ക് തിരിച്ച് വിടുക.അതിന് വേണ്ടി ഏതറ്റം വരെയും പോവാൻ സ്ലോവേൻ മടിക്കാറില്ല.തന്റെ വിജയവും റെപ്യുട്ടെഷനും മാത്രമാണ് അവൾക്ക് വലുത്.


ആയിടക്കാണ് അമേരിക്കയിൽ Heaton-Harris ബിൽ നടപ്പിലാവാൻ പോവുന്നു എന്ന വാർത്ത പ്രചരിക്കുന്നത്.ജനങ്ങളുടെ കൈകളിലെ തോക്കുകൾ പരമാവധി ഉപഭോഗം കുറക്കുക.അത് മൂലമുള്ള ക്രൈമുകൾ കുറക്കുക.ഇതായിരുന്നു ബില്ലിന്റെ ഉദ്ദേശം.ആ സമയത്താണ് ഒരു പ്രമുഖ തോക്ക് നിർമാണ കമ്പനി സ്ലോവേനേ കാണാൻ ചെല്ലുന്നത്.അവർക്ക് ഒരു ആവശ്യമേ ഉണ്ടായിരുന്നുള്ളൂ.ബില്ലിനോടുള്ള അനുകൂല തരംഗം അതിനെതിരെയാക്കുക.

ശ്രമകരമായ ധൗത്യമാണെങ്കിലും ഒരു വെല്ലുവിളി പോലെ സ്ലോവേൻ ഏറ്റെടുത്തു.ആയിടക്കാണ് അനുകൂല തരംഗത്തെ പിന്തുണക്കുന്ന Rodolfo Schmidt അവളെ കാണാൻ ഇടയാകുന്നത്.തുടർന്നുള്ള സംഭവവികാസങ്ങളാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.

🔻Behind Screen🔻
Jonathan Pereraയുടെ തിരക്കഥയിൽ John Madden സംവിധാനം ചെയ്ത ചിത്രമാണ് Miss Sloane. അമേരിക്കയിലെ അഴിമതിയിൽ മുങ്ങിയ രാഷ്ട്രീയത്തിന്റെ മുഖം വെളിച്ചത്ത് കൊണ്ടുവരികയാണ് ചിത്രത്തിലൂടെ സംവിധായകൻ ചെയ്തിരിക്കുന്നത്.


രാഷ്ട്രീയം ഒരു ലഹരിയാണ്.ഒരാളെ എന്ത് വൃത്തികേടും ചെയ്യാൻ പ്രേരിപ്പിക്കുന്ന ഒരുതരം മത്തുപിടിപ്പിക്കുന്ന ലഹരി.ചിത്രം മുന്നോട്ട് വെക്കുന്നത് അമേരിക്കൻ രാഷ്ട്രീയത്തിന്റെ ഒരു വശമാണ്.ജയം എന്നത് മാത്രം മുന്നിൽ കണ്ട് പണിയെടുക്കുന്ന സ്ലോവേൻ ഒരു പ്രതീകവും.രാഷ്ട്രീയമെന്ന ചതുരംഗക്കളിയിൽ എതിരാളികളുടെ നീക്കങ്ങളെ കവച്ചുവെക്കുന്ന നീക്കങ്ങൾ നടത്തുന്നവർക്കെ വിജയമുള്ളൂ.അതിന് ഏതറ്റം വരെയും പോവാൻ മടിക്കാത്തവളാണ് സ്ലോവേൻ.തന്റെ കൂടെ ജോലി ചെയ്യുന്നവർക്ക് പോലും അവളുടെ നീക്കങ്ങൾ അവസാന നിമിഷം വരെ അറിയാൻ സാധിക്കില്ല.വിജയം അവൾക്കൊരു ഭ്രാന്തായി മാറുമ്പോൾ ജയിക്കാൻ ഞാൻ എന്ത് വൃത്തികെട്ട കളിയും കളിക്കും എന്ന നിലപാടാണ് അവളുടേത്.

ബിൽ പാസ് ആക്കുന്നത് സേനറ്റർമാരുടെ വോട്ടിങ്ങിലൂടെയാണ്.അപ്പോൾ ലോബിയിസ്റ്റുകളുടെ ജോലി പരമാവധി സെനറ്റർമാരെ അവരുടെ പാതയിലേക്ക് കൊണ്ടുവരിക എന്നതാണ്.സ്ലോവേനിന്റെ തന്ത്രങ്ങൾ പലപ്പോഴും ഒരു പൂട്ടാണ്. മറ്റാർക്കും അവ മറികടക്കാൻ സാധ്യമല്ല.അതിന് കരുവാക്കുന്നത് ആരെയാണെന്നും ആർക്കും അറിയാൻ സാധിക്കില്ല.ഒരു താഴ്‌ച്ച ഉണ്ടായാൽ അടിപതറാതെ അതിനെതിരെ മറ്റൊരു നീക്കം പ്രയോഗിക്കാനുള്ള കുശാഗ്രബുദ്ധി അവളിൽ ആവോളമുണ്ട്.പല ഘട്ടങ്ങളിലും നമുക്ക് അത് കാണാൻ സാധിക്കും.സെനറ്റർമാരെ വരുതിയിലാക്കാൻ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് കാണുമ്പോൾ ചിലപ്പോൾ നമ്മളിൽ ആശ്ചര്യവും എന്നാൽ ചിലയിടങ്ങളിൽ അമർഷവും തോന്നും.സ്വാർഥതയുടെ പര്യായമാണ് ഒരുതരത്തിൽ സ്ലോവേൻ.

വളരെ നല്ല രീതിയിൽ ത്രില്ലടിപ്പിക്കുന്ന ഒരു പൊളിറ്റിക്കൽ ത്രില്ലറാണ് ചിത്രം.ഓരോ നീക്കങ്ങളും നമ്മൾ ആകാംഷയോടെ കാത്തിരിക്കും വിധമാണ് ചിത്രത്തിന്റെ അവതരണം.വോട്ടിങ് നിലയുടെ ഉയർച്ച-താഴ്ച്ചകൾ കാണുമ്പോൾ അടുത്തതെന്ത് എന്ന് നമ്മെ എപ്പോഴും ചിന്തിപ്പിച്ചുകൊണ്ടിരിക്കും.കെട്ടുറപ്പുള്ള തിരക്കഥയും മികച്ച ആഖ്യാനവും ചിത്രത്തെ താങ്ങിനിർത്തുന്നു.കൂടെ അഭിനേതാക്കളുടെ പ്രകടനവും.

🔻On Screen🔻
സ്ലോവേൻ ആയി സ്ക്രീനിൽ നിറഞ്ഞ് നിന്നത് Jessica Chastain ആണ്.കരുത്തുറ്റ പ്രകടനമായിരുന്നു ജെസിക്കയുടേത്.അപാര സ്ക്രീൻ പ്രസൻസും ഡയലോഗ് ഡെലിവരിയും.മറ്റുള്ളവരെല്ലാം ജെസിക്കക്ക് മുന്നിൽ ഒന്നുമല്ല എന്ന് തോന്നിപ്പിക്കും വിധമാണ് കഥാപാത്ര സൃഷ്ടി.


Mark Strong, Alison Pill, Jake Lacy, John Lithgow തുണ്ടങ്ങിയവരും തങ്ങളുടെ വേഷങ്ങൾ മികച്ചതാക്കി

🔻Music & Technical Sides🔻
ചിത്രത്തിന്റെ ആഖ്യാനത്തിനനുസരിച്ച് ഓരോ നിമിഷവും ചടുല വേഗത നൽകുന്ന പശ്ചാത്തലസംഗീതമാണ് ഒരുക്കിയിരിക്കുന്നത്.സന്ദർഭങ്ങൾക്ക് വേഗത നൽകാൻ സംഗീതം നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ട്.ക്യാമറ വർക്കുകൾ ചിത്രം ആവശ്യപ്പെടുന്ന രീതിയിൽ ഭംഗിയായി ചെയ്തിട്ടുണ്ട്.


🔻Final Verdict🔻
അനുദിനം ശ്രദ്ധയാർജിക്കുന്ന പ്രമേയത്തിന്റെ മികച്ച രീതിയിലുള്ള ആവിഷ്കാരം.ഓരോ നിമിഷം കഴിയുമ്പോഴും കാണികളിൽ ആകാംഷ ജനിപ്പിക്കുന്ന രീതിയിലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ആയതിനാൽ തന്നെ കണ്ട് തുടങ്ങിയാൽ ഒറ്റയിരിപ്പിന് കണ്ട് തീർക്കാൻ പാകത്തിന് വേഗതയിൽ തയാറാക്കിയിരിക്കുന്ന ചിത്രം ഒരു നിമിഷം പോലും ബോറടിപ്പിക്കില്ല.നല്ലൊരു പൊളിറ്റിക്കൽ ത്രില്ലർ എന്ന രീതിയിൽ ധൈര്യമായി സമീപിക്കാം സ്ലോവേനെ.


My Rating :: ★★★½


You Might Also Like

0 Comments