The Lunchbox (2013) - 105 min

August 11, 2017

"ഒരു ഊണ് എന്റെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ അനവധിയാണ്..ഉള്ളറിഞ്ഞ് സന്തോഷിക്കുവാനും കൂട്ടുകൂടുവാനും എന്നിൽ പ്രേരണയായത് വഴിതെറ്റി വന്ന ആ ടിഫിൻ ബോക്‌സാണ്"



🔻Story Line🔻
ഭർത്താവിന്റെ സ്നേഹം പിടിച്ച്പറ്റാനായി തന്റെ പാചകത്തിൽ പുതിയ പരീക്ഷണങ്ങൾ നടത്തി ലഞ്ച് ബോക്‌സിൽ കൊടുത്തുവിടുന്ന ഇല..ആ ലഞ്ച്ബോക്‌സ് ഡബ്ബാവാലയുടെ കയ്യിൽ ഏൽപ്പിച്ച് വൈകുന്നേരം അദ്ദേഹത്തിന്റെ അഭിപ്രായം കേൾക്കുവാനുള്ള കാത്തിരിപ്പിലാണ് അവൾ..എന്നാൽ ഡബ്ബാവാലകൾ കൈമാറി കൈമാറി ട്രെയിനിൽ യാത്ര ചെയ്ത് അവസാനം അത് എത്തിച്ചേരുന്നത് സാജനിലാണ്..ഭാര്യ മരിച്ചതിന് ശേഷം ഏകാന്തത അനുഭവിക്കുന്ന,മറ്റാരുമായും അധികം ചങ്ങാത്തം പങ്കിടാൻ ആഗ്രഹിക്കാത്ത സാജനിൽ..ആ ഒരു വഴിതെറ്റൽ രണ്ട് പെരുടെയും ജീവിതം തന്നെ പല മാറ്റങ്ങൾക്കും വിധേയമാക്കുന്നതായിരുന്നു..


🔻Behind Screen🔻
Ritesh Batra എന്ന സംവിധായകന്റെ കന്നിസംരംഭം..ഷോർട്ട് ഫിലിമുകളിലൂടെ തന്റെ കഴിവ് തെളിയിച്ചിരുന്ന റിതേഷിന്റെ ആദ്യ ഫീച്ചർ ഫിലിം..ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും അദ്ദേഹം തന്നെയാണ്..ഒരു നവാഗത സംവിധായകന് കിട്ടാവുന്ന ഏറ്റവും മികച്ച തുടക്കങ്ങളിൽ ഒന്നായിരുന്നു ആ ചിത്രം..


അതിമനോഹരമായ ഒരു പ്രണയകഥയാണ് ലഞ്ച്ബോക്സിന്റേത്..മുംബൈ മഹാനഗരം പോലെ തിരക്കുള്ള ഒരു നഗരത്തിൽ ഒരാൾക് മറ്റൊരാളുടെ സ്നേഹവും വാത്സല്യവും കിട്ടുക എന്നത് തന്നെ വലിയ കാര്യമാണ്..എന്നാൽ അത് പല ഡബ്ബാവാലകൾ കൈമാറി ട്രെയിൻ കയറി വീണ്ടും ഡബ്ബാവാലകളുടെ കൈകളിലൂടെ സഞ്ചരിച്ച് ഒരു ലഞ്ച്ബോക്സിന്റെയും സ്നേഹത്താൽ തയ്യാറാക്കിയ ഊണിന്റെയും ഒരു കത്തിന്റെയും രൂപത്തിലാണ് വരുന്നത് എന്നതാണ് അതിന്റെ സൗന്ദര്യം..

ചെറുപ്പമായിരുന്നിട്ടും തന്നെ വേണ്ടത്ര സ്നേഹിക്കാത്ത ഭർത്താവിന്റെ പ്രീതി പിടിച്ച് പറ്റാൻ വേണ്ടി തയാറാക്കുന്ന ഭക്ഷണം മറ്റൊരാളാണ് കഴിച്ചതെന്ന് അറിയുമ്പോളുണ്ടാവുന്ന വിഷമം അവളിൽ നിന്ന് മായുന്നത് അത് രുചിച്ച ആൾ തന്നെ ഗൗനിക്കുന്നു എന്ന തോന്നൽ ഉണ്ടാവുമ്പോളാണ്..ആ ഭക്ഷണം രുചിച്ച സാജനാവട്ടെ സ്ഥിരം കടയിൽ നിന്ന് എത്തിക്കാറുള്ള ഒരേ രുചി കുറെ നാളുകൾക്കു ശേഷം മറ്റൊന്നിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടതിന്റെ അത്ഭുതത്തിലും എന്നാൽ സന്തോഷത്തിലുമാണ്..ഉൾവലിഞ്ഞ ഒരുവനായ സാജൻ, താൻ അഡ്രസ്സ് തെറ്റി വന്ന ഭക്ഷണമാണ് താങ്കൾ രുചിച്ചതെന്ന് പിറ്റേന്ന് ഇല ഒരു പേപ്പറിൽ എഴുതി ടിഫിനിൽ വെക്കുമ്പോഴാണ് അറിയുന്നത്..അതിനൊരു മറുപടിക്കത്തും അദ്ദേഹം അയച്ചു..അതൊരു തുടക്കം മാത്രമായിരുന്നു..

ചിത്രം കണ്ടിരിക്കുന്നവനെ അതിന്റെ താളത്തിനൊത്ത് കൂട്ടിക്കൊണ്ട് പോവുകയാണ് സംവിധായകൻ..വളരെ ലളിതമായ, ഒരു നിമിഷം പോലും ബോറടിക്കാതെ സാജന്റേയും ഇലയുടെയും കൂടെ നമ്മളും സഞ്ചരിക്കുന്നു..കത്തുകളിൽ എന്താണെന്ന് അറിയാനുള്ള ആകാംശ നമ്മളിൽ എല്ലായ്‌പോഴും ജനിക്കുന്നു..ഇരുവരും പരസ്പരം താങ്ങും തണലും ആവുമ്പോൾ നമ്മുടെ മനസ്സിൽ സന്തോഷവും ഇടക്ക് നൊമ്പരവും ഉടലെടുക്കും..അവർ കണ്ടുമുട്ടാൻ നടത്തുന്ന ശ്രമങ്ങളിലൊക്കെയും നമ്മളും ഒരു ഭാഗമാവുന്നത് പോലെ..ആരെങ്കിലുമൊക്കെ കരുതലും വാത്സല്യവും നൽകാൻ ഉണ്ടായിരുന്നെങ്കിലോ എന്ന് പലപ്പോഴും നമ്മിൽ തോന്നിപ്പിക്കും..കെട്ടുറപ്പുള്ള തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ നേടുന്തൂണ്..അങ്ങേയറ്റം അഭിനന്ദനം അർഹിക്കുന്നു റിതേഷ് ഇങ്ങനെയൊരു മനോഹര ചിത്രം സമ്മാനിച്ചതിന്..

🔻On Screen🔻
ബോളിവുഡിലെ രണ്ട് പ്രതിഭകൾ..ഇർഫാൻ ഖാനും നവാസുദ്ധീൻ സിദ്ദിഖിയും..വേഷപ്പകർച്ചകൾ കൊണ്ട് ഓരോ സിനിമയിലും നമ്മെ അത്ഭുതപ്പെടുത്തുന്നവർ..ഇരുവരേയും സ്ക്രീനിൽ ഒന്നിച്ച് കാണുന്നത് തന്നെ ഒരു സന്തോഷമായിരുന്നു..സാജനായി ഇർഫാൻ ഖാനും അദ്ദേഹത്തിന്റെ അസിസ്റ്റൻറ്റ് ആയി നവാസുദ്ധീനും ഗംഭീര പ്രകടനം..ഇരുവരും തമ്മിലുള്ള കെമിസ്ട്രി പല രംഗങ്ങളിലും മികച്ച ഫീലാണ് സമ്മാനിച്ചത്..


നിമ്രത് കൗറിന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു..ഒരു വീട്ടമ്മയായുള്ള ജീവിതം മനോഹരമായി സ്ക്രീനിലെത്തിച്ചു..മുകളിലത്തെ നിലയിലുള്ള ആന്റിയുമായുള്ള സംസാരം രസകരമായിരുന്നു..കത്ത് കിട്ടി വായിക്കുമ്പോളുണ്ടാകുന്ന ഇർഫാൻ ഖാന്റെയും നിമ്രത്തിന്റെയും സന്തോഷവും സങ്കടവും നമ്മിലേക്ക് പകർന്ന് തരും പോലെ തോന്നും..

🔻Music & Techinical Sides🔻
വളരെ ലളിതവും സന്ദർഭോചിതവുമായുള്ള പശ്ചാത്തല സംഗീതം..സന്ദർഭത്തിന് അനുയോജ്യമാം വിധം മനോഹരമായി കൂട്ടിച്ചേർത്തിരിക്കുകയാണ് സംഗീതം..ഗാനങ്ങൾ ഒന്നും ഇല്ലെങ്കിലും അതൊരു കുറവായി തോന്നുകയെ ഇല്ല..


ബോംബെയിലെ തെരുവുകളും സാധാരണക്കാരുടെ ജീവിതവുമൊക്കെ വളരെ റിയലിസ്റ്റിക് ആയി പകർത്തിരിക്കുകയാണ് ക്യാമറയിലൂടെ..ലോക്കൽ ട്രെയിനിലെ വൻ തിരക്കും ഡബ്ബാവാലകളുടെ കൂട്ടം കൂടിയുള്ള ഇരിപ്പുമൊക്കെ വളരെ രസകരമാണ്..ചിത്രത്തെ വളരെയധികം പിന്തുണക്കുന്ന ഘടകങ്ങളാവുന്നു ലളിതമായ പശ്ചാത്തല സംഗീതവും റിയലിസ്റ്റിക്കായ ഛായാഗ്രഹണവും..

🔻Final Verdict🔻
സ്നേഹവും കരുതലും ചേരുവകളാക്കിയ ഉച്ചയൂണ്..മനോഹരമായ ഒരു പ്രണയകഥ..ചിത്രം തീരുവോളം നമുക്ക് വല്ലാത്തൊരു അനുഭൂതിയാവും സമ്മാനിക്കുക..മനസ്സിൽ തങ്ങിനിൽക്കുന്ന ഒരുപിടി കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും താരങ്ങളുടെ മികച്ച പ്രകടനവും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു..കാണാൻ വൈകിപ്പോയതിൽ ഖേദം തോന്നിയ ചിത്രങ്ങളുടെ പട്ടികയിൽ ലഞ്ച്ബോക്‌സും സ്ഥാനം പിടിച്ചു..തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ തന്നെയാണ് ഇത്..


My Rating :: ★★★★☆

You Might Also Like

0 Comments