Tiyaan (2017) - 167 min

July 09, 2017

"ഒരു വേദാചാര്യനായ ഞാൻ ഒരു ആൾദൈവത്തിന് മുന്നിലും മുട്ട് മടക്കില്ല..എന്റെ സ്ഥലം ആർക്കും വിട്ടുകൊടുക്കുകയുമില്ല..പേര് പോലും അറിയാത്ത ആ ഒരാൾ തന്ന ധൈര്യം പോരാടാൻ ഒരു ഊർജമായി തോന്നുന്നു"


"ഈ അടുത്ത കാലത്ത്" "LRL" എന്നീ രണ്ട് ചിത്രങ്ങൾ കൊണ്ട് മലയാളമനസ്സിൽ മുരളി ഗോപി ഉണ്ടാക്കിയ ഇമേജ് ചെറുതല്ല..അദ്ധേഹം ഓരോ പ്രൊജെക്ടുകൾ അന്നൗൻസ് ചെയ്യുമ്പോഴും പ്രതീക്ഷ വർധിക്കുക മാത്രമേ ഉണ്ടായിരുന്നുള്ളൂ..പ്രത്യേകിച്ച് പ്രിത്വിരാജും ഇന്ദ്രജിത്തും കൂടി ചിത്രത്തിൽ ഒരുമിക്കുന്നു എന്ന് അറിഞ്ഞപ്പോൾ.."ടിയാൻ" ആ പ്രതീക്ഷ കാത്തോ?

🔻Story Line🔻
വേദാചാര്യനായ പട്ടാഭിരാമൻ താമസിക്കുന്ന മണ്ണിൽ ആൾദൈവത്തിന്റെ ആശ്രമം പണിയാനുള്ള ഒരുക്കങ്ങൾ നടക്കുകയാണ്..അതിനുള്ള കുടിയൊഴിപ്പിക്കലുകളും തകൃതിയായി നടന്നുകൊണ്ടിരിക്കുന്നു..അവിടെയുള്ളവരരുടെ ആകെയുള്ള ജലസ്രോതസ്സ് പട്ടാഭിരാമന്റെ വീട്ടിലെ വറ്റാത്ത കിണറാണ്..


എന്നാൽ ഒരു സാഹചര്യത്തിൽ ആശ്രമത്തിന്റെ കവാടം പണിയുവാനായി പട്ടാഭിരാമന്റെ വീടും പൊളിച്ച് നീക്കണമെന്ന ഗുരുകല്പന ഉണ്ടാവുന്നു..എന്നാൽ വേദാചാര്യന്മാർ തനിക്കായി എഴുതിത്തന്ന മണ്ണ് വിട്ടുകൊടുക്കാൻ തയ്യാറല്ല പട്ടാഭിരാമൻ..അവിടെ തുടങ്ങുന്നു ബ്രാഹ്മണനും ആൾദൈവവും തമ്മിലുള്ള പോരാട്ടം..

🔻Behind Screen🔻
അണിയറയിൽ "മുരളി ഗോപി" എന്ന നാമമാണ് ചിത്രത്തെ കാത്തിരിക്കുവാൻ എറ്റവും പ്രേരിപ്പിച്ച ഘടകം..മുരളി ഗോപിയുടെ തിരക്കഥയിൽ ചിത്രം സംവിധാനം ചെയ്തത് ജിയൻ കൃഷ്ണകുമാറാണ്..ബിഗ് ബഡ്ജറ്റിൽ വലിയ ക്യാൻവാസിൽ ഈ ചിത്രം ചെയ്യാൻ കാണിച്ച ധൈര്യത്തിന് അഭിനന്ദനങൾ..ചിത്രത്തിന്റെ കഥയെ പറ്റി പറയുകയാണെങ്കിൽ ആൾദൈവങ്ങൾ, തത്വമസി,അസുരൻ,ദേവൻ,പശുക്കൾ, തുടങ്ങി സമകാലീന ഇന്ത്യയിലെ എല്ലാ കഥാപാത്രങ്ങളെയും ചിത്രത്തിൽ പ്രതിപാദിച്ചിട്ടുണ്ട്..കൂട്ടത്തിൽ ബ്രാഹ്മണഹിന്ദുത്വത്തിന്റെ മേൽക്കോയ്മയും..ഒരു വശത്തു ആൾദൈവങ്ങളുടെ  ദിനംപ്രതിയുള്ള വളർച്ചയിൽ തിരക്കഥാകൃത്തു വാചാലനാവുമ്പോൾ മറുവശത്തു ബ്രാഹ്മണരെ ഉയർത്തിക്കാട്ടുന്ന തരത്തിലുള്ള പല സംഭാഷണങ്ങളും കുത്തിനിറച്ചിരിക്കുന്ന തിരക്കഥ കൂടിയാവുന്നു ചിത്രത്തിന്റെത്..രണ്ടാം പകുതിയിൽ മുംബൈ അധോലോകവും മൂന്നാംകിട ഹെറോയിസകഥ കൂടി ആവുമ്പോൾ ആഹാ..!!


നവകാല ഇന്ത്യയിൽ ബ്രാഹ്മണഹിന്ദുത്വം മൂലം ക്രൂരത അനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾ കൈകോർത്തുപിടിച്ച് ഒരുമിക്കുമ്പോൾ മുരളി ഗോപിയുടെ ഈ തിരക്കഥയുടെ പ്രസക്തി എന്തെന്ന് മനസിലാവുന്നില്ല.. എന്താണ് താങ്കൾ പറയുവാനുദ്ദേശിച്ചത്..വർത്തമാനകാല ബ്രാഹ്മണത്വത്തെ വെള്ള പൂശുന്ന ഒന്നായി മാത്രം തോന്നുന്നവയായിരുന്നു അങ്ങനെയുള്ള സന്ദർഭങ്ങളിലും സംഭാഷണങ്ങളിലും ഏറെയും.. തിരക്കഥാകൃത്തിന്റെ സംഘിചായ്‌വ് പരസ്യമായ രഹസ്യമാണ്..ആ ഒരു അർത്ഥത്തിൽ നോക്കുമ്പോൾ "കാറ്റുള്ളപ്പോൾ തൂറ്റുക" എന്ന പഴഞ്ചൊല്ല്‌ അന്വർത്ഥമാകുന്നു ഇവിടെ..

ആൾദൈവങ്ങളുടെ വളർച്ച ഗൗരവകരമായ രീതിയിൽ തന്നെ ചിത്രം കൈകാര്യം ചെയ്യുന്നുണ്ട്..അതിനു പിന്നിലെ കളികളും കുടിലതന്ത്രങ്ങളും അർഹിക്കുന്ന പ്രാധാന്യം കൊടുത്തുകൊണ്ട് തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്..എങ്കിലും ബാക്കിയുള്ള സമകാലീനവിഷയങ്ങളൊന്നും വേണ്ടത്ര തീവ്രതയോടെ പറഞ്ഞിട്ടില്ല..ചില കഥാസന്ദർഭങ്ങൾ ചിത്രത്തിന് തീരെ യോജിക്കാത്തവിധം ഏച്ചുകെട്ടിയതാണ്.. ചിത്രത്തിന്റെ ദൈർഘ്യം കൂട്ടുവാനും അതുവഴി കാണികളുടെ ക്ഷമ പരീക്ഷിക്കുവാനും മാത്രമേ ഇവ ഉപയോഗപ്പെട്ടിട്ടുള്ളൂ..

🔻On Screen🔻
പട്ടാഭിരാമനിൽ നിന്നാണ് കഥയുടെ തുടക്കം.ആ വേഷം അവതരിപ്പിച്ചത് ഇന്ദ്രജിത്താണ്..മിതത്വത്തോടെയുള്ള അഭിനയം..കിട്ടിയ വേഷം ഭംഗിയാക്കി..വലിയ ഡയലോഗുകൾ പറയുമ്പോൾ  ലേശം നാടകീയത അനുഭവപ്പെട്ടതൊഴിച്ചാൽ തൃപ്തികരമായിരുന്നു.. പ്രിത്വിരാജിന്റെ അസ്‌ലൻ മുഹമ്മദ്..സ്ക്രീൻ പ്രെസൻസാൽ നിറഞ്ഞു നിന്ന കഥാപാത്രം..ആദ്യ പകുതിയിൽ വളരെ കുറച്ചു രംഗങ്ങൾ മാത്രമേ ഉണ്ടായിരുന്നൂവെങ്കിലും രണ്ടാം പകുതിയിൽ പ്രാധാന്യമുള്ള വേഷമായിരുന്നു..എന്നാൽ ഫ്ലാഷ്ബാക്കിലെ മുംബൈ അധോലോകവും അവിടുത്തെ സംഘട്ടനവും കണ്ടു മടുത്ത ക്ലിഷേകളും ഹീറോയിസവും തിരുകിക്കയറ്റി മടുപ്പൻ രംഗങ്ങളാക്കി.. കിട്ടിയ കഥാപാത്രം നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് പ്രിത്വി..


മുരളി ഗോപിയുടെ ആൾദൈവവും ശ്രദ്ധേയകഥാപാത്രമായിരുന്നു..ദിനംപ്രതി വർധിച്ചുവരുന്ന ആൾദൈവങ്ങൾക്കിട്ട് ഒരു കൊട്ടാണ് ആ കഥാപാത്രം..ചിത്രത്തിൽ ആകെ ഇഷ്ടപ്പെട്ട സംഗതിയും അത് മാത്രമാണ്..അനന്യ,സുരാജ്,ഷൈൻ ടോം തുടങ്ങിയവർ മറ്റു വേഷങ്ങൾ ചെയ്തു..

🔻Music & Technical Sides🔻
വളരെ ഇഴച്ചിൽ അനുഭവിപ്പിക്കുന്ന കഥാഗതിയിൽ കുറച്ചെങ്കിലും ചിത്രത്തെ താങ്ങിനിർത്തിയത് വിഷ്വൽസും പശ്ചാത്തലസംഗീതവുമാണ്..സതീഷ് കുറുപ്പ് നിർവഹിച്ച ഛായാഗ്രഹണം വളരെ മികച്ചതായിരുന്നു..കണ്ണിനു കുളിർമയേകുന്ന വിഷ്വൽസ് സിനിമയുടെ പ്രത്യേകതയാണ്..അതുപോലെ തന്നെ ഗോപി സുന്ദറിന്റെ  പശ്ചാത്തലസംഗീതവും സന്ദർഭത്തോട് യോജിച്ച് നിന്നു..പാട്ടുകൾ ശരാശരിക്ക് താഴെ മാത്രം ഒതുങ്ങി..സംഘട്ടനരംഗങ്ങൾ അറുബോറൻ ആയിരുന്നെന്ന് പറയാതെ വയ്യ..ഈ കാലത്തും ഇങ്ങനെയുള്ളവ നിലനിൽക്കുന്നുണ്ടല്ലോ എന്നാലോചിക്കുമ്പോഴാ..!!


🔻Final Verdict🔻
മുൻ ചിത്രങ്ങളിലൂടെ തിരക്കഥാകൃത്ത് ഉയർത്തിയ പ്രതീക്ഷകൾക്ക് കോട്ടം തട്ടുന്ന തിരക്കഥയാണ് ചിത്രത്തിന്റേത്.. എന്തൊക്കെയോ കുറെ കാര്യങ്ങൾ പറഞ്ഞുപോവുന്നുണ്ടെങ്കിലും തീവ്രതയോടെ വേണ്ടത്ര വിഷയങ്ങൾ അതേപടി പറഞ്ഞിട്ടില്ല..സമകാലീന വിഷയങ്ങളെ തൊട്ടുതലോടി പോവുന്ന ചിത്രം ബ്രാഹ്മണത്വത്തിനുള്ള താരാട്ടാണ്.. രണ്ടേമുക്കാൽ മണിക്കൂർ തീയേറ്ററിൽ ക്ഷമയോടെ ഇരുന്ന ഈയുള്ളവന് ചിത്രം നൽകിയത് നിരാശ മാത്രം..


സന്തോഷമായി ഗോപിയേട്ടാ സന്തോഷമായി..!!

My Rating :: ★½

NB : സന്തോഷം തോന്നിയ ഒരു നിമിഷം സിനിമ കണ്ട് ഇറങ്ങിയപ്പോൾ അടുത്ത സ്ക്രീനിൽ തൊണ്ടിമുതലിന് ടിക്കറ്റെടുക്കാൻ നിന്നവരുടെ നീണ്ട ക്യൂ കണ്ടപ്പോഴായിരുന്നു..നല്ല സിനിമകൾ പ്രേക്ഷകർ സ്വീകരിക്കുന്നു എന്ന് അറിയുമ്പോഴുള്ള സന്തോഷം..!!

You Might Also Like

0 Comments