Thondimuthalum driksakshiyum (2017) - 135 min

July 01, 2017

🔺ഡോ ആ ചെക്കൻ എന്നാ തീറ്റയാ..
🔻കളിയാക്കാതെ സാറേ, ഈ പ്രായത്തിലൊക്കെ ഭയങ്കര വിശപ്പാ..


'മഹേഷിന്റെ പ്രതികാരം'..ഈയൊരു വർഷക്കാലം ഇത്രയധികം ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ഒരു സിനിമ വേറെയുണ്ടാവില്ല..മേക്കിംഗിൽ പെർഫക്ഷന്റെ പര്യായമായി മാറിയ 'പോത്തേട്ടൻ ബ്രില്യൻസ്' എന്നും സിനിമാപ്രേമികൾക്ക് ഒരു ഹരമായിരുന്നു..വളരെ ലളിതമായ ആഖ്യാനവും ഒട്ടും മുഷിപ്പിക്കാതെ രസകരമായി പറഞ്ഞ് പോയ കഥാഗതിയും എത്ര കണ്ടാലും മതിവരാത്ത ഒരു സിനിമയാക്കി മഹേഷിന്റെ പ്രതികാരത്തെ സംവിധായകൻ മാറ്റുകയായിരുന്നു..സ്റ്റേറ്റ് മുതൽ നാഷണൽ അവാർഡ്‌ വരെ വാരിക്കൂട്ടിയ ചിത്രം മലയാള സിനിമയ്ക്ക് പൊൻതൂവൽ ആണെന്നതിൽ സംശയമില്ല..ആ ടീമിലുള്ള പ്രതീക്ഷ വർധിക്കുവാനും കാരണം ആ സിനിമയുടെ ഭംഗിയായിരുന്നു..രണ്ടാം സിനിമ പ്രഖ്യാപിച്ചപ്പോഴും ഓരോരുത്തരും പ്രതീക്ഷിച്ചതും അങ്ങനെയൊരു ലളിതമായ ചിത്രം തന്നെ..

🔻Story Line🔻
കാസർകോട് നടക്കുന്ന ഒരു മോഷണവും പിന്നീട് പോലീസ് സ്റ്റേഷനെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം..


ഇത്ര ലളിതമായേ ഈ ചിത്രത്തിന്റെ കഥ പറയാൻ ആവൂ, അല്ലെങ്കിൽ എനിക്ക് അറിയൂ..ആസ്വാദനത്തിന് ഭംഗം വരുമെന്നതിനാൽ കൂടുതൽ കഥ ചേർക്കുന്നില്ല..

🔻Behind Screen🔻
മഹേഷിന്റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രം..ഒരു പാരഗ്രാഫിൽ എഴുതി തീർക്കാം സിനിമയുടെ കഥ..അത്രമാത്രം ചെറുതും ലളിതവുമാണ് ആ കഥ..എന്നാൽ അത് വികസിപ്പിച്ച് ഒരു ഫീച്ചർ ഫിലിം ആക്കിയതിലാണ് സജീവ് പാഴൂർ എന്ന എഴുത്തുകാരനിലെ ക്രാഫ്റ്റ് വ്യക്തമാവുന്നത്..മഹേഷിന്റെ പ്രതികാരത്തിനേക്കാൾ റിയലിസ്റ്റിക്കായ ഒരു സിനിമ അനുഭവമാണ് തൊണ്ടിമുതൽ..എന്നാൽ അതൊട്ട് ബോറടിപ്പിക്കുന്നുമില്ല താനും..ഇതിലെ കഥാപാത്രങ്ങളൊക്കെയും സമൂഹത്തിലെ ഒരുവനോ ഒരുവളോ മാത്രമാണ്..ഒരു പ്രത്യേക കഥാപാത്രത്തിനായുള്ള രംഗങ്ങളോ  ഏച്ചുകെട്ടലുകളോ ഒന്നും കൃത്രിമമായി ഉണ്ടാക്കിയിട്ടില്ല..അവതരണത്തിൽ നാം സ്ഥിരം കണ്ടുവരുന്ന ശൈലികൾ പിന്തുടരാതെ വളരെ ലളിതവും റിയലിസ്റ്റിക്കുമായ ഒരു ആഖ്യാനശൈലിയാണ് സംവിധായകൻ ഉപയോഗിച്ചിരിക്കുന്നത്..ക്യാമറക്ക് മുന്നിൽ വരുന്ന ഓരോരുത്തർക്കും ഓരോ കഥ പറയാൻ കാണും..അങ്ങനെ എല്ലാവരും ഓരോ കഥാപാത്രങ്ങളാവുകയാണ് ചിത്രത്തിൽ..ഓരോ കഥാപാത്രത്തിന്റേയും നിർമ്മിതി അതിനുദാഹരണമാണ്..പേരുൾപ്പടെ കടമെടുത്ത പ്രസാദ് എന്ന കള്ളനെ തന്നെ ശ്രദ്ധിച്ചാൽ പഠനവിധേയമാക്കാൻ ഒരുപാടുണ്ട്..ഓരോ ഡയലോഗിലും അദ്ധേഹത്തിന്റെ അവസ്ഥ വിശദമായിരുന്നു..തീറ്റയെ പരിഹസിക്കുന്നവർക്ക് വിശപ്പ് എന്താണെന്ന് പരിചയപ്പെടുത്തുന്ന സംഭാഷണങ്ങൾ അദ്ധേഹത്തിന്റെ ഭൂതകാലത്തെയും ഇപ്പോഴത്തെ അവസ്ഥയെയും വരച്ച് കാട്ടുന്നതാണ്..അതിന് വേണ്ടി ഫ്ലാഷ്ബാക്ക് രംഗങ്ങളോ സിനിമാറ്റിക്ക് ഗിമ്മിക്കുകളോ ഉൾപ്പെടുത്താതെ ഡയലോഗുകളിലൂടെ എത്തിച്ചത് മറ്റൊരു ബ്രില്യൻസ്..ജാതീയത കൊടികുത്തി വാഴുന്ന ഈ സമൂഹത്തിൽ മിശ്രവിവാഹത്തിന് മുതിരുന്നത് എത്ര സാഹസികമാണെന്നും ഒരു വിവരണത്തിന്റെയോ അധികം സംഭാഷണങ്ങളുടെയോ പോലും അകമ്പടിയില്ലാതെ കാണികളിൽ അനുഭവപ്പെടുത്തുന്നുണ്ട് ചിത്രം..


പിന്നെ എടുത്ത് പറയേണ്ടത് പോലീസ് സ്റ്റേഷനാണ്..ഇത്ര റിയലിസ്റ്റിക്കായ പോലീസ് സ്റ്റേഷൻ ഒരു ചിത്രത്തിലും കണ്ടിട്ടില്ല..ആക്ഷൻ ഹീറോ ബിജുവിലെ പോലീസ് ഹീറോ എന്ന പ്രതീകത്തെ തിരുത്തി എഴുതുന്നതാണ് ഇതിലെ പോലീസ് സ്റ്റേഷൻ..അധികാര വർഗത്തിന്റെ മേൽകോയ്മയും ക്രെഡിറ്റ് കിട്ടാനുള്ള അവസരം മുതലാക്കുന്നതിന്റെ  ഉദാഹരണങ്ങളും വളരെ രസകരമായി, ഹാസ്യാത്മകമായി ചിത്രീകരിച്ചിട്ടുണ്ട്..സദാചാര പോലീസ് ചമയുന്നതിലും ആൾക്കൂട്ടത്തെ പ്രേരിപ്പിക്കുന്നത് ഈ അധികാരബോധമാണ്..

സംഭാഷണങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റ് തന്നെയാണ്..ഒറ്റവരി ഡയലോഗുകൾ കൊണ്ട് ഒരു ലോകം തന്നെ കാണികൾക്ക് മുന്നിൽ തുറന്ന് കാട്ടുന്ന വിധം പ്രാധാന്യമുള്ളതും എന്നാൽ രസകരവുമാണവ..കഥാപാത്രനിർമ്മിതികളിലും കഥാസന്ദർഭത്തിന്റെ മുന്നോട്ട്പോക്കിലും ഇവ വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണ്..

🔻On Screen🔻
ചിത്രം കണ്ട് കഴിഞ്ഞ് ഇറങ്ങിയ ഒരാൾ ചിത്രത്തിൽ ഈ കഥാപാത്രം വേറൊരാൾ ചെയ്തിരുന്നെങ്കിൽ നന്നായേനേ എന്ന് പറയില്ല..കാരണം കാസ്റ്റിംഗിലും ഉണ്ട് ഒരു ബ്രില്യൻസ്..ചിത്രത്തിലെ ഏറ്റവും സങ്കീർണമായ കഥാപാത്രമായ കള്ളനെ അഭിനയിച്ച് ഫലിപ്പിക്കാൻ ഫഹദിനെക്കാൾ മികച്ചൊരു നടൻ നമ്മുടെ ഇൻഡസ്ട്രിയിലില്ല..പുരികങ്ങളും കണ്ണുകളും വരെ അഭിനയിക്കുക എന്നൊക്കെ പറയില്ലേ, അതിതാണ്..ഇത്ര നിഷ്കളങ്കനായ ഒരു കള്ളനെ ഇനി കാണാൻ കിട്ടില്ല..ആദ്യ പകുതിയിൽ പ്രേക്ഷകനെ പോലും കുഴപ്പിച്ച് കളയുന്ന പ്രകടനം..ഇടവേളയിലെ ആ കയ്യടി വാങ്ങിയ ചിരി കൂടി ആയപ്പോൾ തന്നെ മനസ്സ് കീഴടക്കി ഫഹദ്..ഇപ്പോഴത്തെ യുവനടന്മാരിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടൻ ഫഹദാണ്..ഞൊടിയിടയിൽ റയുന്ന ഭാവങ്ങൾ കൊണ്ട് പ്രേക്ഷകനിൽ ഒരു പ്രത്യേക അനുഭൂതി സൃഷ്ടിക്കാനുള്ള കഴിവ് ആ നടനിലുണ്ട്..സ്വന്തമായി ഒരു ഇമേജ് ഉണ്ടാക്കാൻ തന്നെ വിട്ടുകൊടുക്കാതെ പുതുപരീക്ഷണങ്ങൾക്ക് മുതിരുന്ന ഇത്തരം നടന്മാർ ഒരു മുതൽക്കൂട്ടാണ്..ചുറ്റുമുള്ളവരെ പോലും ആശയക്കുഴപ്പത്തിലാക്കുന്ന അദ്ധേഹത്തിന്റെ കണ്ണുകളും ചിരിയും വശ്യത നിറഞ്ഞ ഒന്നാണ്..ഈ കഥാപാത്രം ചെയ്യാൻ എന്തുകൊണ്ടും പ്രാപ്തൻ അദ്ധേഹം തന്നെ..


ആക്ഷൻ ഹീറോ ബിജുവിന് ശേഷം സുരാജിന്റെ സ്വാഭാവികത നിറഞ്ഞ മറ്റൊരു കഥാപാത്രം..പ്രസാദ്..ഗംഭീരം..ഫഹദിന്റേതിനോട് കിടപിടിക്കത്തക്ക മറ്റൊരു റോൾ..നിമിഷാ സജയൻ എന്ന പുതുമുഖം അവതരിപ്പിച്ച ശ്രീജയുടെ റോളും ഉഗ്രൻ തന്നെ..ഒരു തുടക്കക്കാരിയുടെ യാതൊരു വ്യാകുലതകളുമില്ലാതെ വളരെ തന്മയത്വത്തോട് കൂടിയുള്ള പ്രകടനം..മലയാള സിനിമക്ക് ഇനിയും ഒരുപാട് ഉപയോഗിക്കാനാവും മേൽപറഞ്ഞ മൂവരെയും..

അലൻസിയർ അവതരിപ്പിച്ച പോലീസ് വേഷം ശ്രദ്ധേയമാണ്..എന്തും സ്വന്തം ക്രെഡിറ്റിൽ ആക്കാൻ ശ്രമിക്കുന്ന അദ്ധേഹത്തിന്റെ വേഷവും പഠനവിധേയമാക്കാവുന്ന ഒന്ന് തന്നെ..പ്രത്യേകിച്ച് മൊഴിയെടുക്കൽ സന്ദർഭങ്ങളിലേത്..പോലീസ് സ്റ്റേഷനിൽ അവതരിപ്പിച്ചിരിക്കുന്ന ഭൂരിഭാഗം കഥാപാത്രങ്ങളും യഥാർഥ പോലീസുകാരാണെന്നുള്ളത് ആ രംഗങ്ങളിലെ മേന്മ വർധിപ്പിക്കുന്നുണ്ട്..പ്രത്യേകിച്ച് എസ്.ഐയുടെ റോളിലെത്തിയ സാറും കാക്കിയിടാത്ത പോലീസുകാരനും..കുറച്ച് നേരം കൊണ്ട് തന്നെ മനസ്സിൽ നിന്ന് മായാതെ തീയേറ്റർ വിടുമ്പോൾ നമ്മുടെ മനസ്സിൽ തങ്ങിനിൽക്കുന്നുണ്ട് ഓരോ കഥാപാത്രങ്ങളും..സ്വാഭാവികത നിറഞ്ഞ് നിൽക്കുന്ന, ഒട്ടും നാടകീയത കലരാത്ത അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ചതിന് ഏവരും അഭിനന്ദനം അർഹിക്കുന്നു..

🔻Music & Technical Sides🔻
ഇപ്പോൾ മലയാളത്തിൽ ഉള്ളതിൽ റിയലിസ്റ്റിക് ടച്ചുള്ള ജീവിതങ്ങൾ ഏറ്റവും മികച്ച രീതിയിൽ പകർത്താൻ കഴിവുള്ളത് രാജീവ് രവിക്കാണെന്നത് നിസ്സംശയം പറയാവുന്ന ഒന്നാണ്..ഈയൊരു സിനിമക്ക് ഛായാഗ്രാഹകനായി രാജീവ് രവിയെ കൂട്ടുപിടിച്ചത് പോത്തേട്ടന്റെ മറ്റൊരു മിടുക്ക്..ആദ്യ കുറച്ച് രംഗങ്ങളിൽ തന്നെ തവണക്കടവിനെ വിശ്വസനീയമായ രീതിയിൽ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു അദ്ധേഹം..ഒരു തരത്തിലുള്ള കൃത്രിമത്വവും അവയിൽ തോന്നുകയില്ല..രണ്ടാം പകുതിയിലെ മർമ്മപ്രധാനമായ രംഗങ്ങളിലൊക്കെയും സിനിമയുടെ പരിചരണത്തെ ഏറ്റവും നന്നായി പിന്തുണക്കുന്ന തരത്തിലുള്ള ക്യാമറാവർക്കുകൾ സമ്മാനിച്ച രാജീവ് രവി ശരിക്കും അഭിനന്ദനം അർഹിക്കുന്നു..


മനോഹരമായ ടൈറ്റിൽ സോങ്ങും സിനിമയുടെ മുമ്പോട്ട് പോക്കിനെ സഹായിക്കുന്ന മറ്റ് രണ്ട് പാട്ടുകളും ഇടക്കിടെ വന്ന് പോവുന്ന പശ്ചാത്തല സംഗീതവും ഒരുക്കി ബിജിപാലും തന്റെ ഭാഗം ഭംഗിയാക്കി..രണ്ടാം പകുതിയിലെ പശ്ചാത്തല സംഗീതം പല സന്ദർഭങ്ങളിലെയും തീവൃത പകരുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്..തത്സമയ ശബ്ദസന്നിവേശവും സിനിമയുടെ പരിചരണത്തിന് വളരേയേറെ സഹായകമായിട്ടുണ്ട്..

🔻 Final Verdict🔻
ഒറ്റ സിനിമകൊണ്ട് തന്നെ സിനിമാസ്നേഹികൾക്ക് ഒരു റഫറൻസായി എന്ന് തന്നെ പറയാവുന്ന ദിലീഷ് പോത്തനും അഭിനയിച്ച് കാണിക്കാൻ പറഞ്ഞാൽ ജീവിച്ച് കാണിക്കുന്ന, കണ്ണുകൾ കൊണ്ട് പോലും മായാജാലം തീർക്കാൻ കെൽപ്പുള്ള ഫഹദും ക്യാമറ കൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന രാജീവ് രവിയും സംഗീതത്തിന്റെ മാസ്മരിക ലോകത്തേക്ക് പ്രേക്ഷകനെ എത്തിക്കാൻ കെൽപുള്ള ബിജിപാലും ഒത്തുചേർന്നപ്പോൾ സ്ക്രീനിൽ തെളിഞ്ഞത് വെറുമൊരു സിനിമ മാത്രമായിരുന്നില്ല, ഇന്നത്തെ സാമൂഹിക വ്യവസ്ഥകളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പരിഹസിച്ച ഒരു ഉത്തമ സൃഷ്ടി കൂടിയാണ്..സിനിമയെന്ന മാധ്യമത്തിലൂടെ തന്റെ ആവിഷ്കാര സ്വാതന്ത്രത്തെ ഏറ്റവുമധികം പ്രയോജനപ്പെടുത്തുന്ന സംവിധായകൻ ഇപ്പോൾ ദിലീഷ് പോത്തൻ തന്നെയാണ്..


ഒരു സിനിമാ ആസ്വാദകൻ എന്ന നിലയിൽ ചിത്രത്തെ സമീപിച്ചാൽ ശരാശരിക്ക് മുകളിൽ സംതൃപ്തി നൽകുന്ന സിനിമയും സിനിമയെ പഠനവിധേയമാക്കുന്ന ഒരു സിനിമാസ്നേഹിക്ക് ഒരു പാഠപുസ്തകവുമാണ് ചിത്രം..ആദ്യ കാഴ്ച്ചയിൽ മനസ്സിലാക്കിയ കുറച്ച് കാര്യങ്ങളും ഇനിയും ഒളിഞ്ഞ് കിടക്കുന്ന ഒരുപാട് സംഗതികളും ചിത്രത്തിലുണ്ട്..ഇനിയും ഒരു പോക്ക് കൂടി പോവേണ്ടി വരും..ഈ വർഷം എന്നെ ഏറ്റവും രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ചിത്രമാവുന്നു തൊണ്ടിമുതലും ദൃക്സാക്ഷിയും..

ദിലീഷേട്ടൻ പറഞ്ഞത് പോലെ ചിത്രം തീയേറ്ററിൽ പോയി കാണുക..ഇഷ്ടപ്പെട്ടാൽ വീണ്ടും കാണുക..

പോത്തേട്ടാ യൂ ആർ ബ്രില്യന്റ്..!!!

My Rating :: ★★★★½

You Might Also Like

0 Comments