The Son -AKA- El Hijo
August 07, 2019🔻ത്രില്ലറുകൾ ഒരുക്കുന്നതിൽ കൊറിയൻ ഇൻഡസ്ട്രിയുടെ കഴിവ് അസൂയാവഹമാണെങ്കിൽ അതിൽ മിസ്റ്ററി സൃഷ്ടിച്ചെടുക്കുന്നതിന്റെ കാര്യത്തിൽ സ്പാനിഷ് സിനിമകളോടാണ് അസൂയ. എത്ര ഭംഗിയായാണ് അവ നമ്മുടെ മനസ്സിലേക്ക് ഇരച്ചുകയറുകയെന്ന് പറയുക പ്രയാസകരമാണ്. ഒരുപാട് ഉദാഹരണങ്ങൾ അതിനായി നിരത്താനും സാധിക്കും. അത്തരത്തിൽ മിസ്റ്ററിയുടെ സാന്നിധ്യം ഉപയോഗിച്ചുകൊണ്ട് ലളിതമായൊരു പ്രമേയത്തെ കാണികളെ വേട്ടയാടുന്ന ഒന്നായി മാറ്റിയിരിക്കുകയാണ് The Son.
Year : 2019
Run Time : 1h 32min
🔻ഒരുപാട് അവശതകളിലൂടെയുള്ള സഞ്ചാരമായിരുന്നു ലോറൻസോയുടെ ജീവിതം. പലപ്പോഴും ജീവിതം നിയന്ത്രണാതീതമായെന്ന് തോന്നിയെങ്കിലും നല്ലൊരു പുലർച്ചെക്കായി അദ്ദേഹം ജീവിതം നയിച്ചു. തന്റെ പാഷനായ പെയിന്റിങ്ങ് അദ്ദേഹം എല്ലായ്പ്പോഴും കൂടെ കൊണ്ടുനടന്നിരുന്നു. ഒടുവിൽ തന്റെ അമ്പതാമത്തെ വയസ്സിലാണ് തനിക്കും ഒരു ജീവിതമുണ്ടെന്ന് അദ്ദേഹത്തിന് ബോധ്യമായത്. ഭാര്യ സിഗ്രിഡുമായുള്ള ജീവിതത്തിൽ ഒരു ജൂനിയർ ലോറൻസോ പിറക്കാൻ പോവുന്നെന്ന വാർത്ത അദ്ദേഹത്തിന് എന്തെന്നില്ലാത്ത സന്തോഷം നൽകി. എന്നാൽ വിധി മറ്റൊന്നായിരുന്നു അദ്ദേഹത്തിനായി കരുതി വെച്ചത്.
🔻വളരെ ലളിതമാണ് സിനിമയുടെ basic plot. എന്നാൽ അതിനെ മോശമല്ലാത്ത രീതിയിൽ തിരക്കഥയാക്കി, മിസ്റ്ററി എലമെന്റുകൾ ഭംഗിയായി സംയോജിപ്പിച്ച് അവതരിപ്പിച്ചിടത്താണ് സംവിധായകന്റെ വിജയം. ചില പോരായ്മകൾ ഉണ്ടെങ്കിൽ പോലും അവ കാര്യമാക്കാതെ സിനിമയിലേക്ക് ശ്രദ്ധ ചെലുത്തി ഇരുത്തുന്നതും ആ കഴിവ് തന്നെയാണ്. ഈ ചിത്രത്തിന്റെ ഏറ്റവും മികച്ച വശവും മിസ്റ്ററി കൈകാര്യം ചെയ്തിരിക്കുന്ന രീതിയാണ്. പാരലൽ നറേഷനിലൂടെ നമ്മിൽ ആകാംഷ നിറക്കാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. മിസ്റ്ററിയെ സംബന്ധിച്ച ബാക്കി കാര്യങ്ങളിലേക്ക് കടക്കാത്തത് സ്പോയിലർ ആവുമെന്നതിനാലാണ്.
🔻സിനിമ അവസാനം ഒഴിച്ചിടുന്ന ചില ചോദ്യങ്ങളുണ്ട്. അവയ്ക്ക് നാം കണ്ടെത്തുന്ന ഉത്തരത്തിൽ നമുക്ക് തന്നെ തൃപ്തി തോന്നാത്തിടത്താണ് സിനിമയുടെ പോരായ്മ നിലനിൽക്കുന്നത്. Why എന്നതാണ് അവസാന ചോദ്യം എങ്കിൽ പോലും അതിന് തൃപ്തികരമായ ഒരുത്തരം എവിടെ നിന്നും ലഭിക്കുക സാധ്യമല്ല. എന്നാൽ അതിന് പകരം മറ്റൊരു counter question അവശേഷിപ്പിക്കുന്നിടത്ത് ആ പോരായ്മ ഒരു പരിധി വരെ തരണം ചെയ്യുന്നുണ്ട് ചിത്രം. ഒപ്പം disturbed ആയ ഒരു മനസ്സ് നമുക്ക് സമ്മാനിച്ച് ചിത്രം അവസാനിക്കുമ്പോൾ മിസ്റ്ററി-ത്രില്ലർ എന്ന നിലയിൽ സംതൃപ്തി നൽകുന്നു ചിത്രം.
🔻ഗംഭീരമെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ആർട്ട് വർക്കും പശ്ചാത്തലസംഗീതവുമാണ് ചിത്രത്തിന്റേത്. മിസ്റ്ററി കാത്തുസൂക്ഷിക്കുന്നതിന് ഏറ്റവും ഗുണം ചെയ്ത കാര്യവും ഇവ തന്നെയാണ് എന്ന കാര്യത്തിൽ സംശയമില്ല. സ്ലോ പേസ് ആണെങ്കിൽ കൂടി ആവശ്യമുള്ള സമയത്ത് എഡിറ്റിംഗും ക്യാമറ വർക്കുകളും നിലവാരത്തിനൊത്ത് ഉയരുന്നുണ്ട്. ഒപ്പം മികച്ച പെർഫോമൻസുകൾ കൂടി അടയാളപ്പെടുത്തുന്നുണ്ട് ചിത്രം.
🔻FINAL VERDICT🔻
സ്പാനിഷ് മിസ്റ്ററി ത്രില്ലറുകളുടെ പാതയിൽ തന്നെ ചിത്രം സഞ്ചരിക്കുമ്പോഴും മുൻമാതൃകയില്ലാത്ത ഒരനുഭവമാകുന്നുണ്ട് The Son. ടെക്നിക്കൽ സൈഡുകൾ മിസ്റ്ററി എലമെന്റുകളെ ഭംഗിയായി കാത്തുസൂക്ഷിക്കുന്നിടത്ത് സിനിമ അവസാനിക്കുമ്പോഴുൾ നമ്മുടെ മനസ്സിൽ തോന്നുന്ന ചോദ്യങ്ങളുടെ ആഘാതം വർദ്ധിക്കുന്നുണ്ട്. സ്ലോ പേസ്ഡ് സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് തൃപ്തികരമായ ഒരനുഭവമാകും ചിത്രം നൽകുക.
AB RATES ★★★☆☆
0 Comments