A Day
August 27, 2019🔻ടൈം-ലൂപ്പ് പ്രമേയമാക്കിയ സിനിമകൾ പലതും വന്നുപോയതാണ് കൊറിയൻ ഇൻഡസ്ട്രിയിൽ. ഓരോന്നും പുതു അനുഭവങ്ങൾ തന്നെയായിരുന്നു സമ്മാനിച്ചതും. എന്നാൽ അവയിൽ നിന്നൊക്കെ വേറിട്ട് നിൽക്കുന്ന, പുതുമ സമ്മാനിക്കുന്ന ചില ഘടകങ്ങളാണ് ഈ ചിത്രത്തെ മാറ്റി നിർത്തുന്നത്. ഒരുപക്ഷെ കാഴ്ചയിൽ ഏറെ ശ്രദ്ധ ആകർഷിച്ചതും അത്തരം കാര്യങ്ങൾ തന്നെയാണ്.
Year : 2017
Run Time : 1h 30min
🔻നാട്ടിലേക്ക് ഫ്‌ളൈറ്റ് വഴി മടങ്ങിവരുന്ന ഒരു സർജനിൽ നിന്നാണ് കഥ തുടങ്ങുന്നത്. നാട്ടിലെത്തിയ ശേഷം പ്രിയപ്പെട്ടവരെ കാണാനായി ഇറങ്ങുന്ന യങിന് കാണേണ്ടി വന്നത് ഒരു ദുരന്തകാഴ്ചയാണ്. അവിടെ അയാൾ വീണ്ടും ഉറക്കം ഉണരുന്നു. തുടർന്ന് സമയത്തിന്റെ കബളിപ്പിക്കലിൽ അയാൾ പെട്ടുപോവുന്നു.
🔻തുടക്കം മുതൽ തന്നെ ആഖ്യാനത്തിലൂടെ കാണികളെ കയ്യിലെടുത്താണ് കഥയുടെ പോക്ക്. ഒരുപക്ഷെ ഒരു നിമിഷം പോലും നമ്മുടെ ശ്രദ്ധ കഥയിൽ നിന്ന് വഴുതി മാറാത്ത വിധം വേഗതയിലുള്ള അവതരണം. അതിനൊപ്പം അപ്രതീക്ഷിതമായ ചില എലമെന്റുകൾ കൂടി ഇടയ്ക്കിടെ ഇട്ടുതരുന്നതോടെ കാര്യങ്ങൾ കൂടുതൽ interesting ആവുന്നുണ്ട്. അവിടെയാണ് ടൈം-ലൂപ്പ് അൽപ്പം പുതുമ നൽകുന്നത്.
🔻ലളിതമായ കഥയാണ് ചിത്രത്തിന്റേത്. എന്നാൽ അവതരണത്തിൽ അത്തരത്തിലൊരു ചിന്ത നമ്മിൽ ജനിപ്പിക്കുന്നില്ല സംവിധായകൻ. ഓരോ നിമിഷവും നമ്മെക്കൊണ്ട് ചിന്തിപ്പിച്ചുകൊണ്ടിരിക്കുന്നിടത്താണ് അദ്ദേഹത്തിന്റെ മിടുക്ക് അനുഭവിക്കാൻ സാധിക്കുക. കഥാപാത്രങ്ങളെ അത്ര നന്നായി ബന്ധിപ്പിക്കുന്നുണ്ട് ആ ചെറിയ കഥയിലൂടെ. ഒപ്പം പല ഇമോഷനുകളും കൃത്യമായി ബ്ലെൻഡ് ചെയ്ത് പോവാനും സാധിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
🔻ഗംഭീര പ്രകടനങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു കരുത്ത്. ആ കഥാപാത്രങ്ങൾ എത്ര effective ആയാണ് കഥയിലേക്ക് ഇഴുകിച്ചേരുന്നതെന്ന് കണ്ടറിയണം. അത്ര മികവ് പുലർത്തുന്നുണ്ട് അഭിനേതാക്കൾ. ഒപ്പം ചടുലതയേറിയ എഡിറ്റിംഗും ആസ്വാദനത്തിന് മുതൽക്കൂട്ടാണ്.
🔻FINAL VERDICT🔻
ടൈം-ലൂപ്പ് കൺസെപ്റ്റിൽ തന്നെ അൽപ്പം വ്യത്യസ്തത പുലർത്തുന്ന ചിത്രമെന്ന നിലയിൽ നല്ലൊരു അനുഭവമാണ് 'A Day' സമ്മാനിച്ചത്. ഒന്നര മണിക്കൂറിൽ തൃപ്തികരമായ ആസ്വാദനം പ്രദാനം ചെയ്യുന്ന ചിത്രം തീർച്ചയായും നിരാശ നൽകാത്ത ഒന്നാവും.
AB RATES ★★★½
ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests
0 Comments