Manifest S1
March 04, 2019🔻ആദ്യമായിട്ടാണ് ഒരു സീരീസ് എപ്പിസോഡ് റിലീസ് അനുസരിച്ച് കാണുന്നത്. അങ്ങനെയൊരു ആഗ്രഹം മനസ്സിൽ ഉണ്ടായിരുന്നത് കൊണ്ട് എപ്പോഴോ ടെലെഗ്രാമിൽ ഒരു എപ്പിസോഡ് കണ്ടപ്പോൾ ഡൗൺലോഡ് ചെയ്ത് കാണാൻ തുടങ്ങിയതാണ്. പിന്നീട് ഓരോ ആഴ്ചയും അടുത്ത എപ്പിസോഡ് റിലീസിനുള്ള കാത്തിരിപ്പായി. കാത്തിരിപ്പിന്റെ സുഖം അവിടെ നന്നായി അറിഞ്ഞു.
Year : 2018-19
Season : 1
Episode : 16
Run TIme : 40-50min
🔻വർഷം 2013. ഫാമിലി ടൂറിന് ശേഷം തങ്ങളുടെ റിട്ടേൺ ഫ്ലൈറ്റ് കാത്തിരുന്നപ്പോഴാണ് അവർ ആ അന്നൗൺസ്‌മെന്റ് കേട്ടത്. അവർ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ഫ്‌ളൈറ്റിന് ശേഷമുള്ളതിന് പോവുകയാണെങ്കിൽ കുറച്ച് പൈസ റീഫണ്ട് ഉണ്ട്. പിന്നെ മക്കെലയും ബെന്നും കൂടെ മകൻ ക്യാലും അതിന് വരാനായി തയ്യാറെടുത്തു.
യാത്രക്കിടയിൽ പെട്ടെന്ന് ആകാശത്ത് വെച്ച് ഒരു ചുഴിയിൽ അവർ അകപ്പെട്ടു. കുറച്ച് നേരം ചില ബുദ്ധിമുട്ടുകൾ അവർക്കുണ്ടായെങ്കിലും വൈകാതെ തന്നെ എല്ലാം പഴയ അവസ്ഥയിലായി. പിന്നീട് ഫ്ലൈറ്റും ലാന്റ് ചെയ്തു. എന്നാൽ അപ്പോൾ കാര്യങ്ങൾ പഴയത് പോലെയായിരുന്നില്ല. It Was 2018. തങ്ങൾ അവിടുന്ന് പുറപ്പെട്ടിട്ട് 5 വർഷങ്ങൾ പിന്നിട്ടിരുന്നു.
🔻ആദ്യ എപ്പിസോഡിന്റെ ഗംഭീര അവതരണം ബാക്കിയുള്ളതും കാണാൻ പ്രേരിപ്പിക്കും എന്ന് തീർച്ച. മേൽ പറഞ്ഞ സ്റ്റോറി ലൈൻ 15 മിനിറ്റിൽ തന്നെ പറയുന്നുണെങ്കിലും ബാക്കിയുള്ള ചില മെയിൻ കണ്ടന്റുകൾ ആ എപ്പിസോഡിൽ കാണിക്കുന്നുണ്ട്. പിന്നീട് കഥയെ മുന്നോട്ട് നയിക്കുന്നത് ആ മിസ്റ്ററിയാണ്.
🔻Machela, Ben, Cal എന്നിവരെ കേന്ദ്രീകരിച്ചാണ് കഥ ഭൂരിഭാഗവും മുന്നോട്ട് പോവുന്നത്. 5 വർഷം പിന്നിട്ട ഭൂമിയിലേക്ക് ഇവർ മൂന്നുപേരും എത്തുമ്പോൾ ഇവർക്കും അതുപോലെ ചുറ്റുമുള്ളവർക്കും സംഭവിച്ച മാറ്റങ്ങൾ മികച്ച രീതിയിൽ കാണിച്ചിട്ടുണ്ട്. കൂടെയുണ്ടാവുമെന്ന് പ്രതീക്ഷിച്ച പലരെയും ഒരു ഫ്‌ളൈറ്റ് യാത്രയിൽ നഷ്ടപ്പെടുക, താങ്ങും തണലുമായി നിന്ന പലരും മരണത്തിന് കീഴടങ്ങുക, ചുറ്റുമുള്ളവർക്ക് മുന്നിൽ തങ്ങൾ സംശയത്തിന്റെ നിഴലിലാണെന്ന തോന്നൽ ഉണ്ടാവുക തുടങ്ങിയ നിമിഷങ്ങളിലെ കോൺഫ്ലിക്റ്റുകൾ തുടക്കം മുതൽ ഒടുക്കം വരെ കൈകാര്യം ചെയ്യുന്നുണ്ട്. എന്നാൽ ചില ഘട്ടങ്ങളിൽ കാഴ്ചക്കാരുടെ മൂഡിനോട് ചേരാതെ പോവുന്നുണ്ട് ഇത്തരത്തിലുള്ള സന്ദർഭങ്ങൾ. കഥാപാത്രങ്ങൾക്ക് അവ ആവശ്യമാണെങ്കിലും misplace ആയതുപോലെയൊരു തോന്നൽ. അതൊഴിച്ചാൽ കേന്ദ്രകഥാപാത്രങ്ങളുടെ ഇമോഷൻസ് ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട് സംവിധായകൻ.
🔻ത്രിൽ എലമെൻറ്സും ട്വിസ്റ്റുകളും സസ്പെൻസുകളും ആവോളമുണ്ട് 16 എപ്പിസോഡുകളിൽ. മാത്രമല്ല ചില കഥാപാത്രങ്ങളുടെ എൻട്രി അവസാന നിമിഷത്തേക്ക് വരുമ്പോൾ പ്ലോട്ട് ടൈറ്റാക്കുന്നുമുണ്ട്. അതിനനുസരിച്ച് ആസ്വാദനത്തിനും ഗുണം ചെയ്യുന്നുണ്ട്. കഥാപാത്രങ്ങളുടെ കോൺഫ്ലിക്റ്റുകളും ത്രിൽ എലമെൻറ്സും സമന്വയിപ്പിച്ച വിധം ഭൂരിഭാഗവും അഭിനന്ദനം അർഹിക്കുന്നുണ്ട്. ചിലയിടങ്ങളിൽ ചില സംഭവങ്ങൾ സിമ്പിളായി കാണിച്ച് തീർത്തത് അത്ര സുഖം നൽകിയില്ല എന്ന് കൂടി ചേർക്കുന്നു.
🔻സീസൺ 1 പൂർണ്ണമല്ല. അടുത്ത സീസണിലേക്കായി ഒരു ഇടിവെട്ട് ട്വിസ്റ്റും തലയിൽ വലിച്ച് കയറ്റിയിട്ടാണ് 16ആം എപ്പിസോഡ് നിന്നത്. ഒപ്പം എൻഡിങ്ങ് സീനും ഗംഭീരം. സ്വാഭാവികമായും ഒരു രണ്ടാം ഭാഗം സീരീസിന് ഉണ്ടാവും. കണ്ടുകഴിയുമ്പോൾ എത്രയും വേഗം അത് എത്തണമെന്ന ആഗ്രഹവും സീരീസ് ബാക്കിവെക്കും. നമ്മുടെ മനസ്സിനെ അലട്ടുന്ന പ്രധാന ചോദ്യമായി 'What happened' എന്നതിന് ഉത്തരം ഇതുവരെ നൽകാനായിട്ടില്ല. അതും അടുത്ത സീസണിൽ പ്രതീക്ഷിക്കുന്നു.
🔻Ben Stone ആയി Josh Dallasന്റെ പ്രകടനം തന്നെയാണ് ഏറ്റവും ഇഷ്ടപ്പെട്ടത്. സത്യത്തിൽ ആ ഫ്‌ളൈറ്റിൽ ഉണ്ടായിരുന്നതിൽ ഏറ്റവും ഇഷ്ടം തോന്നുക ബെന്നിനോടും ക്യാലിനോടുമാണ്. Jack Messina എന്ന കൊച്ച് പയ്യന്റെ പ്രകടനം ഗംഭീരം. ഒപ്പം മക്കെലയായി Melissaയും നല്ല പ്രകടനം തന്നെ കാഴ്ചവെച്ചു.
🔻സീരീസിലെ ഏറ്റവും സങ്കീർണ്ണമായ കഥാപാത്രം ഗ്രേസിന്റേതായിരുന്നു. ഒരമ്മയായും ഭാര്യയായും ആ കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചിട്ടുണ്ട് സംവിധായകൻ. ഒപ്പം Athenaയുടെ നല്ല പ്രകടനം കൂടിയാവുമ്പോൾ അവരുടെ മാനസികാവസ്ഥ നല്ല രീതിയിൽ കാണികളെ അഫക്റ്റ് ചെയ്യും.
🔻ടെക്നിക്കൽ വശങ്ങൾ നന്നായിരുന്നു. എങ്കിലും ഒരൽപം കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ സീരീസ് ഒന്നുകൂടി interesting ആയേനെ എന്ന് തോന്നി. മക്കെലയും സീക്കും ഒരുമിച്ചുള്ള രംഗങ്ങളിലെ VFX വർക്ക് മോശമായി തന്നെ തോന്നി. അത് മാത്രമാണ് VFXൽ തോന്നിയ അപാകത. ത്രില്ലിലേക്ക് വഴിവെക്കുന്ന രംഗങ്ങളിലെ എഡിറ്റിങ്ങ് ഭൂരിഭാഗവും നന്നായിരുന്നു.
🔻FINAL VERDICT🔻
വ്യത്യസ്തമാർന്ന പ്രമേയവും അതിനനുസരിച്ച് പുതുമയുള്ള കഥയും അവതരണവും സ്വായത്തമാക്കിയ നല്ലൊരു സീരീസ്. ആദ്യ എപ്പിസോഡ് കാണുമ്പോൾ തന്നെ സീരീസിനോട് താൽപര്യം തോന്നുമെന്ന് തീർച്ച. ഇമോഷണൽ അറ്റാച്മെന്റിനും മിസ്റ്ററി നിറഞ്ഞ കഥക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന സീരീസ് മികച്ച അനുഭവം തന്നെയാകുമെന്ന് തീർച്ച. രണ്ടാം സീസണിനായുള്ള കാത്തിരിപ്പ് ഇനിയും ബാക്കി.
AB RATES ★★★½
0 Comments