Bingo : The King Of The Mornings
March 13, 2019🔻തന്റെ അമ്മയുടെ കൈ പിടിച്ചാണ് അഗസ്റ്റോ ആദ്യമായി ആ സ്റ്റേജിലേക്ക് കയറുന്നത്. കാണികൾക്ക് മുന്നിൽ അമ്മയോടൊപ്പം നിൽക്കുമ്പോൾ അവന് ലഭിച്ച കയ്യടികൾ ലോകം കീഴടക്കിയ ഒരുവനുണ്ടാവുന്ന അത്ഭുതവും സന്തോഷവുമാണ് നൽകിയത്. സ്റ്റേജ് ഡിസൈൻ ചെയ്യാൻ ഉപയോഗിച്ച ലൈറ്റുകളുടെ വെളിച്ചത്തിൽ ആ മുഖത്തെ അർമാദം പൂർണ്ണമായി വെളിവായിരുന്നു. അന്നവൻ ഉറപ്പിച്ചു താനുമൊരു അഭിനേതാവാകുമെന്ന്.
Year : 2017
Run Time : 1h 53min
🔻ആഗ്രഹിച്ച തുടക്കമായിരുന്നില്ല അഗസ്റ്റോവിന് ലഭിച്ചത്. സോഫ്റ്റ്-പോൺ മൂവികളിൽ നായകനായി അഭിനയിക്കേണ്ടി വന്നെങ്കിലും ഭാവിയിൽ ഇതിനൊരു മാറ്റമുണ്ടാകുമെന്ന് അടിയുറച്ച് വിശ്വസിച്ചു അദ്ദേഹം. അതിനായി പരിശ്രമിച്ചു. ആയിടക്കാണ് അമേരിക്കയിൽ trendsetter ആയിരുന്ന Bingo ഷോയിൽ ക്ലൗൺ ആയി അഭിനയിക്കാൻ അവസരം കിട്ടിയത്. തുടർന്ന് അദ്ദേഹത്തിന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവ് തന്നെയായി അത്.
🔻തന്റെ ഒറ്റ കഴിവ് കൊണ്ടാണ് അഗസ്റ്റോ 'ക്ലൗൺ' എന്ന കഥാപാത്രത്തെ ജനകീയമാക്കിയത്. സ്ക്രിപ്റ്റിൽ ഉള്ളതിനപ്പുറം കോമഡി നമ്പറുകളും നർമ്മം പകരുന്ന ശരീരഭാഷ്യവും തന്റേതായ രീതിയിൽ ആ കഥാപാത്രത്തിന് പകരാൻ അദ്ദേഹത്തിന് സാധിച്ചു. പ്രതീക്ഷക്കുമപ്പുറം ഷോ ഹിറ്റായി. ഒപ്പം കഥാപാത്രവും. എന്നാൽ കഥാപാത്രത്തെ ഗംഭീരമാക്കിയ അഭിനേതാവോ.?
🔻തുടക്കത്തിൽ ആ കഥാപാത്രത്തിന്റെ സ്വീകാര്യത അദ്ദേഹത്തെ വളരെയേറെ സന്തോഷവാനാക്കി. എന്നാൽ ഒരു പരിധി കഴിഞ്ഞപ്പോൾ പല കാര്യങ്ങളും അദ്ദേഹത്തെ വേട്ടയാടാൻ തുടങ്ങി. തന്റെ മകൻ, അമ്മ തുടങ്ങി പിന്തുണയുമായി നിന്ന പലരും ആദ്യം മനസ്സിലാക്കിയ കാര്യം അഗസ്റ്റോവിന് ബോധ്യപ്പെടാൻ അൽപ്പം വൈകി. കഥാപാത്രത്തെ മാത്രമാണ് പ്രേക്ഷകന് കാണുന്നതെന്ന സത്യം.
🔻ഒരു ഗംഭീര അനുഭവമാണ് ഈ ചിത്രം സമ്മാനിച്ചത്. നർമ്മരംഗങ്ങളിലൂടെ വളരെയേറെ രസിപ്പിച്ചാണ് ചിത്രം മുന്നേറിയതെങ്കിലും പിന്നീട് മറ്റൊരു തലത്തിലായി യാത്ര. അഗസ്റ്റോ എന്ന കഥാപാത്രത്തെ പൂർണ്ണമായി പരിചയപ്പെടുത്താൻ സംവിധായകനായി. ഒപ്പം Brichtaയുടെ പകർന്നാട്ടവും. പല വൈകാരിക രംഗങ്ങളും അതിമനോഹരമായിരുന്നു. ഒപ്പം വളരെ ലളിതവും. കൃത്രിമത്വം തോന്നാത്ത വിധം അവ അവതരിപ്പിച്ചതിന് ആസ്വാദനം സിനിമ കണ്ടുകഴിയുമ്പോൾ നമുക്ക് മനസ്സിലാവും.
🔻മികച്ച ക്യാമറ വർക്കുകൾ, പശ്ചാത്തലസംഗീതം, പഴയ കാലഘട്ടത്തെ വിശ്വസനീയമാം വിധം അവതരിപ്പിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച ആർട്ട് ഡയറക്ഷൻ തുടങ്ങി സർവ്വ മേഖകളകളിലും ആധിപത്യം പുലർത്തുന്നുണ്ട് ചിത്രം. ഒടുവിലേക്ക് വരുമ്പോൾ ഓരോ രംഗങ്ങളും മനസ്സിനെ വല്ലാതെ ആകർഷിക്കുന്നതിൽ ഈ ഘടകങ്ങൾ വഹിച്ച പങ്ക് വളരെ വലുതാണ്.
🔻FINAL VERDICT🔻
വാഴ്ത്തപ്പെടാതെ പോവുന്ന ചില പ്രതിഭകളുണ്ട് ഈ ലോകത്ത്. ബഹുമതി അർഹിച്ചിട്ടും ലഭിക്കാതെ പോവുന്നവർ. അഗസ്റ്റോയും അത്തരത്തിൽ ഒരുവനാണ്. കണ്ട് തന്നെ അറിയുക ആ ജീവിതം.
AB RATES ★★★★☆
ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests
0 Comments