Beautiful CIty
March 22, 2019🔻തന്റെ പ്രിയ കൂട്ടുകാരൻ അക്ബറിന് 18 വയസ്സ് തികയുന്നതിലുള്ള സന്തോഷമായിരുന്നു ആലക്ക്. അതുകൊണ്ട് തന്നെയാണ് അതൊരു ആഘോഷമാക്കാനും അവൻ തീരുമാനിച്ചതും. എന്നാൽ അതിന് മറ്റൊരു വശം കൂടിയുണ്ടായിരുന്നു.18 തികഞ്ഞപ്പോൾ അക്ബറിനെ അവിടെ കാത്തിരുന്നത് വധശിക്ഷയാണ്. 2 വർഷം മുമ്പ് താൻ സ്നേഹിച്ച പെണ്ണിനെ കൊലപ്പെടുത്തിയ കേസിൽ ലഭിച്ച വധശിക്ഷ.
Year : 2004
Run Time : 1h 41min
🔻അക്ബറിന്റെ വധശിക്ഷക്ക് ചുരുക്കം ചില ദിനങ്ങൾ മാത്രം അവശേഷിക്കുമ്പോഴാണ് ആല റീഹാബിറ്റേഷൻ സെന്ററിൽ നിന്ന് പുറത്തിറങ്ങിയത്. മരിച്ചുപോയ പെൺകുട്ടിയുടെ പിതാവിൽ നിന്ന് അക്ബറിനെ വെറുതെ വിടാനുള്ള സമ്മതം വാങ്ങുക എന്നതായിരുന്നു ആലക്കുള്ള ദൗത്യം. അതിനായി ആല തുനിഞ്ഞിറങ്ങി.
🔻സഹനത്തിന്റെയും ക്ഷമയുടെയും സന്ദേശം പകരുകയാണ് ഈ ചിത്രം. തന്റെ മകളെ കൊലപ്പെടുത്തിയവന് മാപ്പ് കൊടുക്കാൻ തയാറാകാത്ത പിതാവിനെയും തന്റെ ആത്മസുഹൃത്തിനെ കൊലക്കയറിൽ നിന്ന് രക്ഷിക്കാനായി പോരാടുന്ന ആലയുടെയും കഥയാണ് മനോഹരമായ ഈ നഗരം നമുക്ക് കാട്ടിത്തരുന്നത്.
🔻അസ്ഗർ ഫർഹാദിയുടെ കരവിരുതിൽ വിരിഞ്ഞ മറ്റൊരു അത്ഭുതമാണ് ഈ ചിത്രം. ചില വേളകളിൽ ഒരു ഇമോഷനിൽ നിന്ന് മറ്റൊന്നിലേക്ക് വ്യതിചലിക്കുന്നത് നമ്മൾ അറിയുക പോലുമില്ല. കഥാപാത്രങ്ങളുടെ മനസികസംഘർഷങ്ങളിലൂടെ തന്നെയാണ് കഥ സഞ്ചരിക്കുന്നത്. അത് നമ്മെ സ്പർശിക്കുകയും ചെയ്യും. പ്രണയം മുഖ്യഘടകമായി വന്നിടാം തൊട്ടുള്ള ഭാഗങ്ങൾ സുന്ദരമായ അനുഭവമായിരുന്നു.
🔻Taranehയുടെ നിഷ്കളങ്കമായ മുഖവും ചിരിയും ചിത്രത്തിൽ ഹൈലൈറ്റായി നിൽക്കുന്നുണ്ട്. ഒപ്പം Babakന്റെ ആലയും മികച്ചുനിന്നു. ഇരുവരും തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ കാഴ്ചയിൽ നല്ലൊരു അനുഭവമായി. റഹ്മത്തിയെന്ന കഥാപാത്രം വൈകാരികമായ പല മുഹൂർത്തങ്ങളിലൂടെ കടന്നുപോവുന്ന ഒന്നായി മാറി.
🔻FINAL VERDICT🔻
മികച്ച പ്രമേയവും അവതരണവും ഒത്തിണങ്ങിയപ്പോൾ ലഭിച്ചത് സുന്ദരമായ ഒരു ഇറാനിയൻ സിനിമയാണ്. ഫർഹാദിയോടുള്ള ഇഷ്ടം വീണ്ടു വീണ്ടും കൂടിക്കൊണ്ടിരിക്കുന്നു ഓരോ ചിത്രം കണ്ടുകഴിയുമ്പോഴും. കഥാപാത്രങ്ങളുടെ വൈകാരികത നമ്മെ അലട്ടും എന്നുറപ്പാണ്. അത് തന്നെയാണ് ചിത്രത്തിന്റെ ഭംഗിയും.
AB RATES ★★★★☆
ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests
0 Comments