Heidi
March 20, 2019🔻ഈ സിനിമയിൽ ഇഷ്ടപ്പെട്ട കാര്യങ്ങളുടെ ലിസ്റ്റ് എടുത്താൽ ഒരുപാട് എഴുതാൻ കാണും. ഓരോ കഥാപാത്രങ്ങളുടെയും അഭിനയം മുതൽ ടെക്‌നികൾ സൈഡുകൾ പുലർത്തുന്ന നിലവാരം വരെ അതിൽ ഉൾപ്പെടും. ഒരുതരത്തിൽ 'മോഹിപ്പിക്കുന്ന സിനിമ' എന്ന പ്രയോഗം യോജിക്കുന്ന മറ്റൊരു ചിത്രം. അതാണ് Heidi.
Year : 2015
Run Time : 1h 51min
🔻അവളുടെ ആഗമനം ആൽപ്സിന്റെ താഴ്വരകൾക്ക് പുതിയൊരു ഉണർവ്വ് സമ്മാനിച്ചിരുന്നു. മുമ്പുള്ളതിനേക്കാൾ വശ്യത ആ മലയോരങ്ങളിൽ കാണപ്പെട്ടു. ഒപ്പം അവിടെ താമസിക്കുന്നവരിലും പ്രസരിപ്പ് ദർശിക്കാനാവുമായിരുന്നു. നന്മയുടെ പുതു കണികകൾ പലരിലും മുളപൊട്ടി. മാറ്റത്തിന്റെ മാലാഖയായിട്ടായിരുന്നു ഹെയ്ദി അവിടെ എത്തിയത്. തനിക്ക് ചുറ്റുമുള്ളവരിൽ സന്തോഷത്തിന്റെയും നന്മയുടെയും ദൂത് കൈമാറാൻ വന്ന മാലാഖ. ആ മാറ്റങ്ങൾ തുടങ്ങിയതാവട്ടെ തന്റെ മുത്തച്ഛനിൽ നിന്നും.
🔻നിഷ്കളങ്കത നിറഞ്ഞ ചിരിയുടെയും കുസൃതിയുടെയും പര്യായമായിരുന്നു ഹെയ്ദി. അത് മറ്റുള്ളവരിലേക്കും പകർന്ന് നൽകാനായിടത്തായിരുന്നു അവൾ ജീവിതത്തിൽ വിജയിച്ചത്. ഏവരും ഒരുപോലെ ക്രൂരനെന്ന് വിശേഷിപ്പിച്ച മുത്തച്ഛനിലും ഒപ്പം ഫ്രാങ്ക്ഫർട്ടിലെ കൊട്ടാരത്തിൽ താമസിച്ചിരുന്ന ആ കുട്ടിയിലും ഒരുപോലെ മാറ്റങ്ങൾ കാണാനായെങ്കിൽ ഹെയ്ദിയുടെ സ്വാധീനം അവിടെ നമുക്ക് മനസ്സിലാക്കാം. ഒരുപക്ഷെ നമ്മുടെ ജീവിതത്തിൽ അനുഭവിച്ചറിഞ്ഞിട്ടുള്ള ചിലരുടെ പ്രതിരൂപമാവാം അവൾ.
🔻ജീവിതത്തിൽ സന്തോഷം അനുഭവിച്ചറിയേണ്ടത് പ്രകൃതിയിൽ നിന്നാണെന്ന വലിയൊരു സന്ദേശം ചിത്രം കൈമാറുന്നുണ്ട്. ഭൗതിക ജീവിതത്തിൽ സമ്പന്നതയെ തേടി പോകുന്നവർ മറക്കുന്ന വലിയൊരു സത്യമാണത്. എന്ത് മനോഹരമായാണ് അത് കാട്ടിത്തരുന്നതെന്ന് കണ്ടറിയണം. പ്രകൃതി പോലും ഒരു കഥാപാത്രമെന്ന നിലയിൽ നിലകൊള്ളുന്നതും അസ്തിത്വം കൈവരിക്കുന്നതും അവതരണത്തിന്റെ സൗന്ദര്യം കാണിച്ച് തരുന്നു.
🔻ഒരു ചിരിയിൽ സന്തോഷം പ്രസരിപ്പിക്കാൻ എല്ലാവർക്കും സാധിക്കണമെന്നില്ല. എന്നാൽ Anuk Steffen എന്ന കൊച്ച് സുന്ദരി അത്ഭുതപ്പെടുത്തി. എപ്പോഴൊക്കെ ക്യാമറക്ക് മുന്നിൽ വരുന്നോ അപ്പോഴൊക്കെ ഒരു പുഞ്ചിരി പകരും ആ കുട്ടി. അത്ര നിഷ്കളങ്കത പ്രകടമാണ് ഹെയ്‌ദിയിൽ. സിനിമയുടെ ഏറ്റവും വലിയ ആസ്വാദനരഹസ്യം ആ കാസ്റ്റിങ്ങ് തന്നെയാണ്. ഒപ്പം ക്ലാരയായി ഇസബെല്ലും പക്വതയാർന്ന പ്രകടനം കാഴ്ചവെച്ചു.
🔻ആൽപ്സിന്റെ പർവ്വതനിരകളുടെ വശ്യസൗന്ദര്യം ഗംഭീരമാം വിധം ഒപ്പിയെടുത്തിട്ടുണ്ട് ചിത്രത്തിൽ. സിനിമയോട് അത് വളരെയേറെ അടുത്ത് നിൽക്കുന്നുമുണ്ട്. ഒപ്പം പശ്ചാത്തലസംഗീതത്തിന്റെ മാധുര്യം രുചിച്ചറിയാൻ പലപ്പോഴും സാധിക്കുന്നുണ്ട്.
🔻FINAL VERDICT🔻
നന്മയുടെ അംശങ്ങൾ മാത്രം നിറഞ്ഞുനിൽക്കുന്ന അതിമനോഹരമായ സിനിമയാണ് Heidi. 'മോഹിപ്പിക്കുന്ന സിനിമ' എന്ന വിശേഷണം എല്ലാ അർത്ഥത്തിലും യോജിച്ച് നിൽക്കുന്ന ചിത്രം തീർച്ചയായും കാണേണ്ട ഒന്ന് തന്നെയാണ്. ഒരുപക്ഷെ നമ്മളിലും ഒരു മാറ്റം കൊണ്ടുവരാൻ ഹെയ്ദിക്ക് കഴിഞ്ഞേക്കും.
AB RATES ★★★★☆
ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests
0 Comments