Vinci Da
June 12, 2019🔻ഡാവിഞ്ചിയുടെ കടുത്ത ആരാധകനായിരുന്നു അദ്ദേഹം. മേക്കപ്പ് ആർട്ടിസ്റ്റായിരുന്ന അച്ഛനിൽ നിന്ന് കല സ്വായത്തമാക്കി തന്റേതായ പരീക്ഷണങ്ങളിൽ അദ്ദേഹം വ്യാപൃതനായിരുന്നു പലപ്പോഴും. സിനിമ ഇൻഡസ്ട്രിയിൽ ജോലി ചെയ്യാൻ താൽപര്യമായിരുന്നെങ്കിലും തൊഴിലൊനോട് നീതി പുലർത്തുന്നതിനപ്പുറം ഒന്നിനും വില കൊടുത്തിരുന്നില്ല. അതുകൊണ്ട് തന്നെ തന്റെ കഴിവിൽ അഭിമാനവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇത്തരത്തിൽ ഒരാൾ നിയമ വ്യവസ്ഥയോട് ഭ്രാന്തമായ താൽപര്യമുള്ള ഒരു അഡ്വക്കേറ്റുമായി കണ്ടുമുട്ടിയാലോ.?
Year : 2019
Run Time : 1h 57min
🔻സിനിമയുടെ ഓപ്പണിങ്ങ് സീൻ മാത്രം മതി ബാക്കി കാണുവാനുള്ള താൽപര്യം ജനിപ്പിക്കാൻ. കേന്ദ്ര കഥാപാത്രത്തിൽ ഒരാളുടെ സ്വഭാവം തന്നെ ഗംഭീരമായി ആ രംഗം പോട്രേ ചെയ്യുന്നുണ്ട്. ആദ്യ 30 മിനിറ്റോളം കഥാപാത്രങ്ങളെ പരിചയപ്പെടുത്താനാണ് ഉപയോഗിക്കുന്നതെങ്കിലും അതിലിടക്ക് കൗതുകകരമായ വസ്തുതകൾ സമ്മാനിച്ച് കാണികളുടെ താൽപര്യം നഷ്ടപ്പെടാതെ നോക്കുന്നുണ്ട്. തുടർന്ന് കഥയിലേക്ക് കടക്കുമ്പോൾ ഒരു നിമിഷം പോലും അതിൽ നിന്ന് വഴുതിപ്പോവാതെ തീർത്തും കയ്യടക്കത്തോടെ അതിനെ പരിചരിച്ചിട്ടുമുണ്ട്. അത്തരത്തിൽ സംവിധായകന്റെ ക്രാഫ്റ്റ് പതിഞ്ഞ മികച്ച ത്രില്ലറാണ് വിഞ്ചി ഡാ.
🔻കഥയിലേക്ക് കൂടുതൽ കടക്കാത്തത് കാണുമ്പോഴുള്ള കൗതുകം നഷ്ടപ്പെടാതിരിക്കാനാണ്. കാരണം ഒരു ബ്രില്യന്റ് ത്രില്ലർ എന്ന് വിളിക്കത്തക്ക വിധം പെർഫെക്ഷൻ കഥയിലും അവതരണത്തിലും അനുഭവപ്പെടാൻ സാധിക്കും. അതുകൊണ്ട് തന്നെ മുൻ മാത്രകകൾ പരമാവധി ഒഴിവാക്കിയുള്ള ഒരു ത്രില്ലർ നമുക്ക് ആസ്വദിക്കാനും സാധിക്കും. ഒപ്പം പക്വതയാർന്ന ഡയലോഗുകൾ സിനിമയുടെ ഹൈലൈറ്റാണ്. നായകന്റെ നിസ്സഹായാവസ്ഥ അടയാളപ്പെടുത്തുന്ന ഒരു രംഗമുണ്ട്. ചുഴിയിലാഴ്ന്ന ഒരു മനസ്സിനെ ഇതിലും മികവുറ്റ രീതിയിൽ അടയാളപ്പെടുത്താൻ സാധിക്കുമോ എന്ന് തോന്നിപ്പോവും വിധം അപാരം.
🔻റീഥ്വിക്ക് ചക്രബർത്തിയുടെ ഗംഭീര പ്രകടനം വേറൊരു തലത്തിലേക്ക് ആ കഥാപാത്രത്തെ ഉയർത്തുന്നുണ്ട്. ഓരോ ചിരിയിലും തന്നിലെ ഭ്രാന്ത് പ്രകടമാക്കുന്നുണ്ട് അദ്ദേഹം. രുദ്രനിലിന്റെ മികച്ച പ്രകടനം ഇരുവരും തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ ആകാംശയിലാഴ്ത്തുന്നുണ്ട്. ചില രംഗങ്ങളിൽ രുദ്രനിൽ കയ്യടിക്കാൻ തോന്നും വിധം കഥാപാത്രമായി മാറുന്നുണ്ട്. നായികയുടെ പ്രകടനവും നന്നായിരുന്നു. പശ്ചാത്തലസംഗീതം ത്രില്ലർ മൂഡിന് തിരികൊളുത്തുമ്പോൾ ഡാർക്ക് മൂഡിൽ ഒരുക്കിയ രംഗങ്ങൾക്ക് ക്യാമറ വർക്കുകൾ മിഴിവേകുന്നുണ്ട്.
🔻FINAL VERDICT🔻
അധികം കണ്ട് ശീലിച്ചിട്ടില്ലാത്ത കഥയെ ഗംഭീരമായ അവതരണത്താൽ മികച്ച ത്രില്ലറാക്കി മാറ്റുകയാണ് സംവിധായകൻ. തിരക്കഥയും അഭിനേതാക്കളുടെ പ്രകടനങ്ങളും സംഭാഷണങ്ങളും സിനിമയുടെ നട്ടെല്ലാവുമ്പോൾ ഒരിക്കലും നിരാശ സമ്മാനിക്കാത്ത, തൃപ്തി മാത്രം സമ്മാനിക്കുന്ന നല്ലൊരു സിനിമക്ക് സാക്ഷിയാവാം.
AB RATES ★★★★☆
ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests
0 Comments