Three Billboards Outside Ebbing, Missouri (2017) - 115 min

January 14, 2018

"I know you have every qualities to become a good cop.Coz deep inside you are a decent man.But its your past which make you what now you are"




🔻Story Line🔻
തന്റെ വീട്ടിലേക്കുള്ള മടക്കയാത്രയിലാണ് മിൽഡ്രഡ് അവ ശ്രദ്ധിച്ചത്.റോഡിലൂടെ യാത്ര ചെയ്യുന്ന ആരുടെയും ശ്രദ്ധ പിടിച്ച് വാങ്ങാൻ തക്ക തലയെടുപ്പോടെ നിക്കുന്ന മൂന്ന് ബിൽബോർഡുകൾ.എബ്ബിങ്ങ് പരസ്യകമ്പനി വക ബോർഡുകളിൽ നിലവിൽ പരസ്യങ്ങൾ ഒന്നും തന്നെയില്ല.പിറ്റേന്ന് തന്നെ മിൽഡ്രഡ് എബ്ബിങ്ങ് കമ്പനിയിലേക്ക് ചെന്നു.

പിന്നീട് ആ മൂന്ന് ബോർഡുകളിലും തൂങ്ങിയ ഫ്ളക്സുകൾ ഒരുപക്ഷേ പലരുടെയും ജീവിതത്തെ ഇത്രയേറെ ബാധിക്കുമെന്ന് അറിവുണ്ടായിട്ടും മിൽഡ്രഡ് ഒരുക്കിയത് തനിക്ക് ലഭിക്കാത്ത നീതിനിഷേധത്തിന്റെ ബാക്കിപത്രമായി ആവും.സംഭവിച്ചത് അതിലും ഭീകരമായ കാര്യങ്ങളായിരുന്നു അതിന് മുമ്പും ശേഷവും..!

🔻Behind Screen🔻
ഗോൾഡൻ ഗ്ലോബ് നിശയിൽ ബെസ്റ്റ് മോഷൻ പികച്ചറിനുള്ള അവാർഡ് കരസ്ഥമാക്കിയ ചിത്രം തലനാരിഴക്കാണ് മികച്ച സംവിധായകനുള്ളത് നഷ്ടമായത്.Martin McDonagh തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം പ്രമേയം കൊണ്ടും അവതരണം കൊണ്ടും ഏവരുടെയും ശ്രദ്ധയും കയ്യടിയും പിടിച്ചുപറ്റിയതാണ്.

നീതിനിഷേധത്തിൽ നിന്നാണ് ആ കഥയുടെ തുടക്കം.ഏഴ് മാസങ്ങൾക്ക് മുമ്പ് റേപ്പ് ചെയ്ത് കൊലപ്പെടുത്തിയ തന്റെ മകളുടെ ഘാതകരെ കണ്ടുപിടിക്കാനാവത്ത പൊലീസിനോടും നിയമാസംഹിതകളോടുമുള്ള പോരാട്ടമായിരുന്നു മിൽഡ്രഡിന്റേത്.മറ്റെല്ലാവരും ഉപയോഗിക്കുന്ന ക്ളീഷേ മാർഗങ്ങളിൽ നിന്ന് ഒരു മുഴം മുന്നേയുള്ള കുതിപ്പ്.അധികമാരും യാത്ര ചെയ്യില്ലെങ്കിലും യാത്ര ചെയ്യുന്നവരുടെ മുഴുവൻ ശ്രദ്ധയും പിടിച്ചുപറ്റുന്ന രീതിയിലുള്ള മൂന്ന് ബിൽബോർഡുകൾ..! മൂന്ന് സ്ലോഗണുകൾ.!

ഒരു പ്രതിഷേധമായിരുന്നു മിൽഡ്രഡിന്റേത്.എതിർപ്പുകൾ പല ദിശകളിൽ നിന്ന് വരുമെന്ന് ഉറപ്പുണ്ടായിട്ടും മുൻകൈ എടുത്ത് ചെയ്ത് തനിക്കും തന്റെ കുടുംബത്തിനും നീതി ലഭിച്ചേ തീരൂ എന്ന ഒറ്റ ഇഛാശക്തി മാത്രമായിരുന്നു കൂട്ട്.ഡിവോഴ്സ് ആയ ഭർത്താവും ആകെ കൂടെയുള്ള മകനും ഈ കാര്യത്തിൽ എതിര് നിൽക്കുമ്പോഴും തന്റെ മകൾ തന്നോടൊപ്പം ചെലവിട്ട അവസാന നിമിഷവും അവളോട് താൻ പറഞ്ഞ അവസാനവാക്കുകളും എപ്പോഴും മിൽഡ്രഡിനെ വേട്ടയാടിക്കൊണ്ടിരുന്നു.കുറ്റക്കാരെ കണ്ടുപിടിക്കാത്തതിന്റെ കുറ്റങ്ങൾ പേറേണ്ടി വരുന്നത് പോലീസ് ഹെഡ് 'വില്ലബി'ക്കാണ്.

ഒരുപാട് നന്മയുള്ള കഥാപാത്രമാണ് വില്ലബി.മറ്റുള്ളവരിൽ നന്മ കണ്ടെത്താൻ ശ്രമിക്കുന്ന, തന്നാലാവുന്നതൊക്കെ പരമാവധി ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തി.അതുതന്നെയാവണം ആ ഫ്ലക്സുകൾ സഹപ്രവർത്തകരെ ചൊടിപ്പിച്ചതും.നീതി ആഗ്രഹിച്ചവൾക്ക് നേരെ യുദ്ധകാഹളം മുഴങ്ങിയതും അതുകൊണ്ട് തന്നെ..

വ്യക്തിത്വമുള്ള കഥാപാത്രങ്ങൾ സിനിമയുടെ നട്ടെല്ലാണ്.മിൽഡ്രഡിൽ തുടങ്ങുന്ന കഥപറച്ചിൽ സഞ്ചരിക്കുന്നത് പലരിലൂടെയാണ്.ഒരുപക്ഷേ ഒരു മനുഷ്യന്റെ രണ്ട് വശങ്ങളും പുറത്ത്കാട്ടി നീതി പാലിക്കുന്ന സിനിമ.മിൽഡ്രഡും വില്ലബിയും ഡിക്സണുമൊക്കെ നമുക്ക് പ്രിയപ്പെട്ടവർ ആവുന്നത് അതുകൊണ്ടാണ്.അവ പറഞ്ഞിരിക്കുന്ന രീതി എത്ര മനോഹരമാണെന്ന് കണ്ടറിയേണ്ടത് തന്നെയാണ്.

താൻ ജീവിക്കുന്ന ബൗണ്ടറിയിൽ ഒരു ഗൗരവമേറിയ കുറ്റക്രത്യം നടന്നിട്ടും ഒരു പരിധി വരെ മാത്രമേ അതിന്റെ ചൂട് ഒരുവനിൽ നിലനിൽക്കൂ.അവയെയെല്ലാം വളരെ വ്യക്തമായി കൗണ്ടർ ചെയ്തുള്ള നിലപാടുകളും വർണ്ണവിവേചനത്തിന്റെ ഇപ്പോഴുമുള്ള നിലനിൽപ്പുമൊക്കെ ചോദിക്കാണിക്കുന്നുണ്ട് സിനിമ.ചിത്രം കണ്ട് തീർന്ന ശേഷവും പലപ്പോഴായി അതിലെ കഥയും കഥാപാത്രങ്ങളും വേട്ടയാടുന്നുണ്ടെങ്കിൽ അത് കൈകാര്യം ചെയ്ത വിഷയത്തിന്റെ തീവ്രത അത്രത്തോളമാവണം.ഈ ചിത്രത്തിന്റെ കാര്യത്തിൽ അത് സത്യമാണ്.കണ്ട് തീർന്നവരാരും മറക്കാൻ ഇടയില്ലാത്ത കഥാപാത്രങ്ങളാണ് ആ മൂന്ന് ബിൽബോർഡുകൾ സമ്മാനിച്ചത്.ഒടുവിൽ മനസ്സിൽ പിരിമുറുക്കം സമ്മാനിച്ച് ചിത്രം അവസാനിക്കുമ്പോൾ പലതിനും ഉത്തരം തേടുകയാവും നാം.ഒരു മോഡേൺ ക്ലാസിക്ക് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ചിത്രം തീർച്ചയായും കണ്ടിരിക്കേണ്ട ഒന്ന് തന്നെയാണ്.

🔻On Screen🔻
മറ്റാർക്കും പകരക്കാരെ ചിന്തിക്കാൻ പ്രേരിപ്പിക്കാത്ത ചില പ്രകടനങ്ങളുണ്ട്.മുഖം പതിഞ്ഞാൽ അത് മാറിചിന്തിക്കാൻ പ്രേരിപ്പിക്കാത്തവ.സ്ക്രീനിൽ കണ്ട ഓരോ മുഖങ്ങളുടെയും കാര്യം അങ്ങനെതന്നെയായിരുന്നു.തന്റേടിയായ, എന്നാൽ മറ്റാരും കാണാതെ കരയാൻ ആഗ്രഹിക്കുന്ന മിൽഡ്രഡിനെ Frances McDormand അനശ്വരമാക്കിയത് പോലെ മറ്റാർക്കും സാധിക്കില്ല എന്ന് തോന്നിപ്പോകും.ഡോൾഡൻ ഗ്ലോബിൽ മികച്ച നടിക്കുള്ള പുരസ്കാരം കരസ്ഥമാക്കിയ Francesന്റെ അടുത്ത ഉന്നം ഓസ്കാർ ആയിരിക്കും.

കൂടെ തകർത്തഭിനയിച്ച, എന്ന് പറഞ്ഞാൽ കുറഞ്ഞ് പോവും.ജീവിച്ചു എന്ന് പറയേണ്ടി വരും Woody Harrelsonന്റെ പ്രകടനം കണ്ടാൽ.അത്ര ഹ്രദ്യമാണ് അദ്ദേഹത്തിന്റെ കഥാപാത്രം.ഒരുപക്ഷേ അവസാനം ഏറ്റവും കൂടുതൽ ഇഷ്ടം അവശേഷിക്കുക അദ്ദേഹത്തോടാവും.

തന്നിലെ പല വൈകാരിക നിമിഷങ്ങൾ ഭംഗിയാക്കി Sam Rockwell അരങ്ങ് വാണു.ഗോൾഡൻ ഗ്ലോബ് അവാർഡ്സിൽ മികച്ച സഹനടനുള്ള അവാർഡ് കരസ്ഥമാക്കിയ അദ്ദേഹത്തിന്റെ പ്രകടനം അതിശയിപ്പിക്കുന്ന ഒന്നാണ്.

🔻Music & Technical Sides🔻
ചില പ്രത്യേക സന്ദർഭങ്ങളിൽ മാത്രം കടന്നുവരുന്ന പശ്ചാത്തലസംഗീതം അതിമനോഹരമാണ്.ആ സന്ദർഭങ്ങളുടെ തീവ്രത ഇത്രയേറെ കാണികളിലേക്ക് എത്തിക്കാൻ സഹായിക്കുന്നത് സംഗീതം കൊണ്ടുതന്നെയാണ്.കൂടെ സുന്ദരമായ ഛായാഗ്രഹണവും കൂടിയാവുമ്പോൾ പൂർണ്ണമാവുന്നു.

🔻Final Verdict🔻
ഡ്രാമയാണെങ്കിലും ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ മനസ്സിൽ പതിയുന്ന ഒരുപിടി കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും സമ്മാനിച്ച്, പ്രേക്ഷകന്റെ മനസ്സിൽ പിരിമുറുക്കം സൃഷ്ടിക്കാൻ പാകത്തിന് ഒരുക്കി, വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്ത ഒന്നാണ്. ഒരിക്കലും നിരാശ സമ്മാനിക്കില്ല എന്ന് മാത്രമല്ല പല തരത്തിലുള്ള ചിന്തയിൽ ആഴ്ത്തുകയും ചെയ്യും ആ മൂന്ന് ബിൽബോർഡുകൾ.ഗോൾഡൻ ഗ്ലോബിൽ മികച്ച മോഷൻ ചിത്രത്തിനുള്ള അവാർഡ് കരസ്ഥമാക്കിയ ചിത്രം എല്ലാ പ്രേക്ഷകരും കണ്ടിരിക്കേണ്ട ഒന്ന് തന്നെയാണ്

My Rating :: ★★★★½

You Might Also Like

0 Comments