ആദി (2018) - 158 min

January 26, 2018

🔺ആദി ഇപ്പോൾ എന്ത് ചെയ്യുന്നു.?
🔻Still Chasing My Dreams


🔻Story Line🔻
ഒരു മ്യൂസിക് ഡയറക്റ്ററായി സിനിമയിൽ കയറിപ്പറ്റണമെന്നാണ് ആദിയുടെ ആഗ്രഹം.അതിനായി പരിശ്രമിക്കുന്നുണ്ടെങ്കിലും വിജയം ഭാഗ്യം കടാക്ഷിച്ചിരുന്നില്ല.

അങ്ങനെ ജീവിതം മുന്നോട്ട് നായിക്കവേ ബാംഗ്ലൂരിൽ ഒരാവശ്യത്തിനായി ആദിക്ക് പോവേണ്ടി വരുന്നു.കൂടെ തന്റെ സ്വപ്നത്തിന് മുതല്കൂട്ടാക്കാവുന്ന ഒരു പ്ലാനും മനസ്സിലുണ്ടായിരുന്നു.എന്നാൽ പ്രതീക്ഷക്ക് വിപരീതിയമായി ഒരു അനർത്ഥസംഭവം അവിടെ അരങ്ങേറുന്നു.തുടർന്ന് അതിജീവനത്തിനായുള്ള ആദിയുടെ പോരാട്ടമാണ് ചിത്രം.

🔻Behind Screen🔻
ഒരുപക്ഷേ ഒരു പുതുമുഖത്തിന് ഇത്ര ഗംഭീര സ്വീകരണം ഇതുവരെ ലഭിച്ചുകാണില്ല.സിനിമ അനൗൻസ് ചെയ്തപ്പോൾ മുതൽ ഏവരും ഒരുപോലെ ഉറ്റുനോക്കിയിരുന്ന ഒരു സംരംഭം.കൂടെ ദൃശ്യത്തിലൂടെ ഞെട്ടിച്ച ജീത്തു ജോസഫ് ഒരുക്കുന്ന സിനിമയാണെന്നത് പ്രതീക്ഷകൾ വൻ തോതിൽ വർധിപ്പിച്ചു.

മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ ഗാനത്തോടെ ഒരു ഫീൽ ഗുഡ് പ്രകൃതം സമ്മാനിച്ചുകൊണ്ടാണ് സിനിമ തുടങ്ങുന്നത്.തുടർന്ന് ആദിയുടെ കുടുംബത്തിനെയും സ്വപ്നങ്ങളെയും പരിചയപ്പെടുത്തി പതിഞ്ഞ താളത്തിൽ മുന്നേറി കുറച്ച് സഞ്ചരിച്ച ശേഷം ഒരു ത്രില്ലർ പരിവേഷം സ്വീകരിക്കുന്നു.അങ്ങനെ പതിയെ വേഗത കൈമുതലാക്കി മുന്നോട്ട് പോയി ഇടക്ക് പാർക്കർ രംഗം കൂട്ടിച്ചേർത്ത് ഇടവേളയെത്തുമ്പോൾ പ്രതീക്ഷയുണർത്തി പിരിയുന്നു.


ഇടവേളക്ക് ശേഷവും സ്ഥിതിയിൽ വലിയ മാറ്റമില്ല.എന്നാൽ ഇടക്ക് വീണ്ടും വന്ന ഒരു പാർക്കർ രംഗം ശരിക്കും ത്രസിപ്പിക്കുന്നതായിരുന്നു.അങ്ങനെ ഇടക്കിടെ ആകാംശയിലാഴ്ത്തി മുന്നേറി ഒടുവിലത്തെ 30 മിനിറ്റ് അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചക്കുകളഞ്ഞു.അത്രനേരമുണ്ടായിരുന്ന പതിയേയുള്ള ഒഴുക്കിനെ പാടെ മനസ്സിൽ നിന്ന് മാറ്റി നിർത്തി കിടിലൻ എക്സ്പീരിയൻസ് ആണ് നൽകിയത്.വലിയ രീതിയിൽ ത്രില്ലടിപ്പിക്കുന്ന ക്ളൈമാക്സും അവസാനമുള്ള ബാക്കപ്പ് പ്ലാനും നിറഞ്ഞ കയ്യടികൾക്ക് സാക്ഷിയായി.അത്ര ഗംഭീരമായ അവതരണമായിരുന്നു ആ 30 മിനിറ്റിൽ കാണാൻ സാധിച്ചത്.

ജീത്തു ജോസഫിന്റെ ഒരു ബ്രില്യൻസ് കാണാൻ സാധിച്ചത് പാർക്കർ രംഗങ്ങളിലാണ്.നായകന് ഒരു ഹീറോയിക്ക് പരിവേഷം നൽകാതെ അതിജീവനത്തിനുള്ള മാർഗമായി മാത്രം പാർക്കർ സീനുകളെ ആശ്രയിച്ചത് ഒരുപക്ഷേ ആക്ഷൻ സീനുകൾ നൽകുന്ന ഇമ്പാക്റ്റിനെക്കാൻ ഗുണം ചെയ്തിട്ടുണ്ട്.അതിന്റെ പുതുമയും പെർഫെക്ഷനും കാണാൻ ത്രില്ലായിരുന്നു.അങ്ങനെ കൃത്യമായ ഇടവേളകളിൽ അവ ഉൾപ്പെടുത്തി കയ്യടി വാങ്ങുന്നുണ്ട് സംവിധായകൻ.ചുമ്മാതല്ല പരിശീലിക്കാൻ പ്രണവിനെ അവിടേക്ക് അയച്ചത്.

പോരായ്മകൾ ചിത്രത്തിൽ പ്രകടമായിരുന്നു.പല ഭാഗങ്ങളിലും സംവിധായകന്റെ കയ്യടക്കം നഷ്ടപ്പെട്ടത് പോലെ തോന്നുന്നുണ്ട്.എന്നാൽ അത് തിരിച്ച് പിടിക്കുന്നുമുണ്ട് വൈകാതെ തന്നെ.കൂടെ ചില ഡയലോഗുകളും സന്ദർഭങ്ങളിലും നാടകീയത പ്രകടമാണ്.പിന്നെ അനാവശ്യ രംഗങ്ങളും.ഒന്നുകൂടി കട്ടിങ്ങും ഷേവിങ്ങും നടത്തിയിരുന്നെങ്കിൽ ഇതിലും മികച്ച ഔട്ട്പുട്ട് കിട്ടുമായിരുന്നു.എങ്കിലും അവസാന ഭാഗത്ത് എല്ലാ കുറവുകളും നികത്തി തന്റെ സ്ഥിരം ശൈലിയിൽ ഞെട്ടിച്ചുകളഞ്ഞു സംവിധായകൻ.



പതിയെ തുടങ്ങുന്ന ആദ്യപകുതിയും കൗതുകം കൂട്ടുന്ന രണ്ടാം പകുതിയും ത്രില്ലടിപ്പിക്കുന്ന അവസാന ഭാഗങ്ങളും പാർക്കർ രംഗങ്ങളുടെ അകമ്പടിയോടെ ഭംഗിയാക്കി അവതരിപ്പിച്ച് കാണികളെ കയ്യിലെടുക്കുന്ന ചിത്രമാണ് ആദി. നിരാശപ്പെടുത്തില്ല എന്ന് മനസ്സ് പറയുന്നു.തീയേറ്ററിൽ തന്നെ കാണുക.

🔻On Screen🔻


പ്രണവ് മോഹൻലാലിന്റെ ആദ്യ നായകവേഷം അദ്ദേഹം മോശമാക്കിയില്ല.അഭിനയസാധ്യതകൾ നിറഞ്ഞ ഒരു റോളല്ലെങ്കിലും കഴിവതും ഭംഗിയാക്കാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്.കൂടെ ആക്ഷൻ രംഗങ്ങളിലെ അദ്ദേഹത്തിന്റെ effort കാണാതെ വയ്യ.ഗംഭീരമെന്നെ പറയാനുള്ളൂ.

സിദ്ധീഖിന്റെ അച്ഛൻ വേഷം നന്നായിരുന്നു.ലെനയുടെ അമ്മ വേഷം ലേശം ഓവറാക്കിയെങ്കിലും നന്നായി ചെയ്തിട്ടുണ്ട്.കൂടെ സിജുവിന്റെ വ്യത്യസ്തമായ ഒരു വേഷം കാണാൻ ചിത്രത്തിലൂടെ സാധിച്ചു.അദ്ദേഹവും ഭംഗിയാക്കി.എന്നാൽ നിരാശപ്പെടുത്തിയ ചില പെർഫോമൻസുകൾക്കും സാക്ഷിയായി.

🔻Music & Technical Sides🔻
പൂർണ്ണ തൃപ്തി നൽകുന്നതായിരുന്നില്ല സംഗീതം.പാട്ടുകൾ വീണ്ടും കേൾക്കാൻ പോലും തോന്നില്ല.എന്നാൽ BGM പല സന്ദർഭങ്ങളിലും കിടിലൻ അപ്പ്രോച്ച് ആയിരുന്നു.ത്രില്ലടിപ്പിക്കുന്നതിൽ നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ട്.

ക്യാമറ വർക്കുകൾ പാർക്കർ സീനുകളിലും അവസാനഭാഗങ്ങളിലും വളരെ നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്.ബാക്കി ഭാഗങ്ങളിൽ ചിത്രം ആവശ്യപ്പെടുന്ന രീതിയിൽ ഭംഗിയാക്കിയിട്ടുണ്ട്.VFX തീരെ നിലവാരമില്ലാത്തതായി തോന്നി പലയിടത്തും.

🔻Final Verdict🔻
പ്രണവിന് ലഭിക്കാവുന്ന മികച്ച എൻട്രി തന്നെയാണ് ആദിയിലൂടെ ലഭിച്ചിരിക്കുന്നത്.കഥ കാര്യമായി ഇല്ലെങ്കിലും ഉള്ള സമയം പിടിച്ചിരുത്തുവാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.കാണികളെ ത്രില്ലടിപ്പിച്ചും എൻഗേജ് ചെയ്യിച്ചും സിനിമ അവസാനിപ്പിക്കുന്നതിൽ പൂർണ്ണ വിജയം കണ്ടിട്ടുണ്ട്.അവസാന 30 മിനിട്ടും പാർക്കർ രംഗങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റ് ആവുമ്പോൾ ഏവരും പ്രതീക്ഷിച്ച പോലെ മറ്റൊരു താരപുത്രന്റെ ഉദയത്തിന് കൂടെ മലയാള സിനിമ സാക്ഷിയാവുന്നു.

My Rating :: ★★★½

You Might Also Like

0 Comments