Asmaa (2011) - 96 min

January 23, 2018

🔺നിനക്ക് വേണ്ടി ഞാൻ എന്താണ് പ്രാർത്ഥിക്കേണ്ടത്?
🔻എന്റെ മകളുടെ വിവാഹം നടക്കാൻ പ്രാർത്ഥിക്കണം.ഹബീബ.അതാണവളുടെ പേര്.ഹബീബ ബിൻത് അസ്മാ.


🔻Story Line🔻
മറ്റുള്ളവർക്ക് അവളൊരു സാധാരണ സ്ത്രീ ആയിരുന്നു.ഭർത്താവിലാതെ സ്വന്തം മകൾക്ക് വേണ്ടി, അവളുടെ നല്ല ഭാവിക്കായി ദിവസേന ജോലിനോക്കുന്ന ഒരുവൾ.ബാക്കിയുള്ളവരെ പോലെ തന്നെ അവരുടെ കണ്ണിൽ അവൾ അത്രമാത്രമായി ഒതുങ്ങി.

എന്നാൽ അതായിരുന്നില്ല അസ്മാ.മറ്റാരോടും പറയാത്ത ഒരു രഹസ്യം അവൾക്കുണ്ടായിരുന്നു.തന്റെ വാപ്പക്കും താൻ ദിവസേന രാവിലെ സമയം ചെലവിടുന്ന ആ ഓർഗനൈസേഷനിലെ കുറച്ച് കൂട്ടുകാർക്കുമല്ലാതെ മറ്റാരോടും തുറന്ന് പറഞ്ഞിട്ടില്ലാത്ത ഒന്ന്.താനൊരു HIV +ve ആണെന്ന സത്യം.

ആ സമയത്താണ് ഒരു ടെലിവിഷൻ ചാനലിൽ ഇന്റർവ്യൂവിനായി അസ്മാ ക്ഷണിക്കപ്പെടുന്നത്.തുടർന്നുള്ള അസ്മയുടെ ജീവിതവും തന്റെ ഭൂതകാലത്തിന്റെ ഓർമകളും പങ്കിടുകയാണ് അസ്മാ ഇവിടെ.

🔻Behind Screen🔻
Amr Salamaയുടെ മൂന്നാം സംവിധാനസംരംഭമായിരുന്നു asmaa.ഒരു സിനിമ എന്നതിലുപരി ജനങ്ങൾക്കുള്ള ഒരു സന്ദേശമായിരുന്നു തന്റെ ഈ സിനിമയിലൂടെ സംവിധായകൻ ഉദ്ദേശിച്ചത്.AIDS ബാധിച്ചവരെ സംബന്ധിച്ച സമൂഹത്തിന്റെ പൊതുബോധത്തെ തച്ചുടക്കാൻ സാധിച്ച ഒന്ന്.

ഒരേ ഒരു സ്വപ്നമേ അസ്മക്ക് ഇപ്പോൾ ഉള്ളൂ.മരണത്തിന് മുമ്പ് തന്റെ മകളുടെ വിവാഹം നടന്ന് കാണുക.രോഗം മൂലം ക്ഷീണിതയായിട്ടും എന്നും എയർപോർട്ടിലെ ക്ളീനിങ്ങ് ജോലിക്ക് പോയിക്കൊണ്ടിരുന്നത് അതുകൊണ്ടാണ്.തനിക്ക് പെയിൻകില്ലർ വാങ്ങാൻ മാത്രം തികയുന്ന ശമ്പളം കൊണ്ട് പരമാവധി തിട്ടപ്പെടുത്തി ഒരു ജീവിതം മുന്നോട്ട് നയിച്ചു.എങ്കിലും എന്തൊക്കെയോ രഹസ്യങ്ങൾ മനസ്സിനെ അലട്ടുന്ന ഭാവങ്ങൾ സദാ പ്രകടമായിരുന്നു.

ആയിടെയാണ് അസ്മക്ക് ഒരു tv ഷോയിലേക്ക് ക്ഷണം ലഭിച്ചത്.എന്നാൽ അവിടെയും ഒരു വ്യവസ്ഥ അവർ മുന്നോട്ട് വെച്ചു.മുഖം ബ്ലർ ചെയ്യാതെ ടെലികാസ്റ്റ് ചെയ്യപ്പെടണം ആ ഫൂട്ടേജ്.ഒരുപാട് സംവധിക്കാനുണ്ടായിരുന്നു അസ്മക്ക് ആ പരിപാടിയിലൂടെ.തുടർന്ന് പല കടുത്ത തീരുമാനങ്ങളും അസ്മയുടെ ജീവിതത്തെ പ്രതീക്ഷിക്കാത്ത വഴിയിലേക്ക് നയിക്കുന്നു.

പക്കാ റിയലിസ്റ്റിക്ക് അവതരണമാണ് ചിത്രത്തിന്റേത്.അസ്മയുടെ ദിവസേനയുള്ള ജോലികളും സുഹൃത്തുക്കളും വീട്ടുകാരും വഴി കഥാപാത്രത്തെ പറ്റി ഒരു പൊതുസ്വഭാവം രൂപപ്പെടുത്തിയെടുക്കുകയാണ് ആദ്യം ചെയ്തിട്ടുള്ളത്.അതിനോടൊപ്പം തന്നെ ഇനി പ്രത്യക്ഷപ്പെടാനിരിക്കുന്ന കഥാപാത്രങ്ങളിലേക്കും വെളിച്ചം വീശുന്നുണ്ട്.അങ്ങനെ ഒരു പരിധി വരെ സഞ്ചരിച്ച ശേഷം പിന്നീട് ആഖ്യാനം വേറൊരു തലത്തിൽ ആവുന്നു.

അസ്മയുടെ പാസ്റ്റും പ്രെസെന്റും കൃത്യമായ അളവിൽ സ്ക്രീനിൽ പതിയുകയാണ് ശേഷം.എങ്ങനെയാണ് രോഗം പിടിപെട്ടതെന്ന് പലരും ചോദിക്കുന്നത് പോലെ നാമും ചോദിച്ച് പോകും.എന്നാൽ എല്ലാത്തിൽ നിന്നും ഉത്തരം നൽകാതെ അസ്മാ ഒഴിഞ്ഞ് മാറും.തന്റെ സന്തോഷപൂർണമായ ബാല്യവും പ്രണയം തുടിക്കുന്ന കൗമാരവും അവശതകൾ തേടിയെത്തിയ യവ്വനവും വാർധക്യവും ഒരുപോലെ സ്ക്രീൻ പതിയുന്നു.കഥാപാത്രത്തിന്റെ പൂർണ്ണ രൂപം എപ്പോഴും നമുക്ക് ലഭിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.

അസ്മയുടേത് പോലെ തന്നെ ശ്രദ്ധേയമാണ് അവതാരകൻ മുഹ്സിന്റെ വേഷവും.ആദ്യം കുറച്ച് അമർഷമൊക്കെ തോന്നുമെങ്കിലും ഒടുവിൽ ഇഷ്ടം പിടിച്ച് പറ്റുന്നുമുണ്ട് മുഹ്സിൻ.ഹബീബ ഒരു ടിപ്പിക്കൽ കൗമാരക്കാരി ആവുമ്പോൾ അസ്മായുടെ വാപ്പ എപ്പോഴും താങ്ങായി നിൽക്കുന്ന ഒരുവനാകുന്നു.കഥാപാത്രങ്ങളെയൊക്കെയും അനുയോജ്യമായ സ്ഥലങ്ങളിലും സ്ഥാനങ്ങളിലും പ്രതിഷ്ഠിച്ച് സുന്ദരമാക്കുന്നുണ്ട് പല മുഹൂർത്തങ്ങളും.
ചിത്രത്തിന്റെ അവസാന 20 മിനിറ്റ് ഗംഭീരമാണ്.അത്രയും നേരം കണ്ടതത്രയും അർത്ഥവത്താക്കിയ ഒരു സംഗ്രഹം.ഒടുവിൽ എല്ലാ കഥാപാത്രങ്ങളോടും നമുക്ക് തോന്നുക ബഹുമാനം മാത്രം.അസ്മയോടും മുഹ്സിനോടും തീർത്താൽ തീരാത്ത സ്നേഹവും.

ഒടുവിൽ സംവിധായകൻ പറയാനുദ്ദേശിച്ച കാര്യങ്ങൾ വളരെ വ്യക്തമായും സ്പഷ്ടമായും നിരത്തി വെക്കുകയാണ്.ഒരു തിരിച്ചറിവ് പകരുകയാണ് കാണികളിൽ അവ.അവഞ്ജയോടെ മാത്രം നോക്കിക്കാണാറുള്ളവർക്ക് സമൂഹത്തിൽ നാം കൊടുക്കേണ്ട സ്ഥാനം.അത് അൽപ്പം വലുതാണ്.

ഇതൊന്നുമല്ല സത്യത്തിൽ ഞെട്ടിച്ചത്.അത്രയും നേരം സ്ക്രീനിൽ കണ്ടത് ഒരു യഥാർത്ഥ ജീവിതമാണെന്ന് കണ്ടപ്പോഴുള്ള പിരിമുറുക്കം.അതിന്റെ തോത് അൽപ്പം വലുത് തന്നെയാണ്.ആദ്യ ഈജിപ്ഷ്യൻ സിനിമ എന്ന നിലയിൽ അസ്മാ സമ്മാനിച്ച അനുഭവം വിലമതിക്കാനാവാത്തതാണ്.തീർച്ചയായും കണ്ടിരിക്കുക അസ്മയുടെ ജീവിതം.നിരാശരാക്കില്ല അവൾ.

🔻On Screen🔻
ഒരിക്കലും മറക്കില്ല അസ്മയുടെ മുഖം ഈ ജീവിതത്തിൽ.അത്രയേറെ മനസ്സിൽ പതിഞ്ഞു ആ സ്നേഹവും വാത്സല്യവും.Hend Sabryയുടെ അതിഗംഭീര പ്രകടനത്തിന് മുമ്പിൽ കണ്ണ്മിഴിച്ച് ഇരിക്കുകയായിരുന്നു ഒന്നര മണിക്കൂർ.അത്ര വിസ്മയിപ്പിച്ചു ഈ പ്രതിഭ.ശാരീരിക അവശതകളും മാനസിക പിരിമുറുക്കങ്ങളുമൊക്കെ അതേ പടി കാണികളിൽ പകരുന്ന രീതിയിലുള്ള നിറഞ്ഞാട്ടം.

മുഹ്സിന്റെ റോൾ Majid Al-Kedwanyയുടെ കൈകളിൽ ഭദ്രമായിരുന്നു.കൂടെ അസ്മയുടെ വാപ്പയുടെയും മകളുടെയും കഥാപാത്രങ്ങൾ അവതരിപ്പിച്ചവരും മികച്ച് നിന്നു.

🔻Music & Technical Sides🔻
പശ്ചാത്തലസംഗീതം തീരെ ഉപയോഗിച്ചിട്ടില്ല എന്ന് തന്നെ പറയാം.കൂടെ റിയലിസ്റ്റിസിറ്റി പൂർണമാക്കുന്ന ക്യാമറക്കാഴ്ചകൾ കൂടിയാവുന്നു അസ്മയുടേത്.

🔻Final Verdict🔻
അതുവരെയുള്ള സകല ഇമേജുകളും ബ്രെക്ക് ചെയ്താരുന്നു അവസാന 20 മിനിറ്റിന്റെ കടന്നുവരവ്.പ്രേക്ഷകരുടെ മനസ്സിൽ വിസ്ഫോടനം സൃഷ്ടിക്കാൻ കെൽപ്പുണ്ടായിരുന്ന, അതിഗംഭീരമായ ഒരു ഉപസംഹാരം.ഒടുവിൽ തെരുവിലൂടെ നടക്കുമ്പോൾ അവളിൽ കാണുന്ന ആ പുഞ്ചിരി സ്വാതന്ത്രത്തിന്റേതാണ്.നേരിൽ കണ്ടാൽ ഒന്ന് കെട്ടിപ്പുണരണം എന്നുണ്ട് അസ്മയെ.അത്രമേൽ സ്നേഹവും ബഹുമാനവും ഉണ്ട് മനസ്സിൽ ഇപ്പോൾ.ഇങ്ങനെയൊരു ജീവിതം ജീവിച്ച് തീർത്തതിന്.ഗംഭീര സിനിമാ-ജീവിത അനുഭവമാണ് അസ്മാ.വേണ്ടെന്ന് വെച്ചാൽ അതൊരു വൻ നഷ്ടം തന്നെയാവും

My Rating :: ★★★★½

You Might Also Like

0 Comments