My Picks Of 2017

January 01, 2018

സിനിമയോട് ഇത്ര അഭിനിവേശം തോന്നുന്നത് ഇതാദ്യമായാണ്.അതാണ് കഴിഞ്ഞ വർഷം എനിക്ക് സമ്മാനിച്ച ഏറ്റവും വലിയ പ്രത്യേകതയും.അമ്പാനി നൽകിയ ജിയോയും ദിവസേനയുള്ള 4 gbയും തീർക്കാനുള്ള മാർഗം മാത്രമായിരുന്നു സിനിമ.എന്നാൽ ഇപ്പോൾ കാര്യങ്ങൾ അങ്ങനല്ല.ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ് സിനിമ.2017ലെ ഇഷ്ടചിത്രങ്ങളിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടമാണ് ഇനി.


🔻തൊണ്ടിമുതലും ദൃക്സാക്ഷിയും : സിനിമ സംവിധായകന്റെ കലയാണ്.കേവലം ഒരു വിനോദോപാധി എന്നതിൽ ഉപരി പ്രേക്ഷകരുമായി സംവദിക്കാനുള്ള മാധ്യമം കൂടിയാണ് സിനിമ.അത് ഏറ്റവും നല്ല രീതിയിൽ ഉപയോഗിക്കുന്നവനാരോ അവനാണ് ഏറ്റവും മികച്ച സംവിധായകർ.അത്തരത്തിൽ നോക്കുകയാണെങ്കിൽ ഈ വർഷം ഇറങ്ങിയതിൽ ഏറ്റവും നല്ല സംവിധായകൻ എന്ന് ഞാൻ പറയുക ദിലീഷ് പോത്തനെ ആയിരിക്കും.ഒരു ചെറിയ സന്ദർഭത്തിലൂന്നി അദ്ദേഹം പറഞ്ഞ കാര്യങ്ങൾ വളരെ ഗൗരവം അർഹിക്കുന്നതും.പതിവ് സ്പൂണ് ഫീഡിങ്ങ് രീതികൾക്ക് വിരാമമിട്ട് തന്റേതായ ആവിഷ്കാര സ്വാതന്ത്ര്യതത്തിലൂടെ ആശയങ്ങൾ കടത്തിവിട്ട് പ്രേക്ഷകരെ കൊണ്ട് ചിന്തിപ്പിച്ച സംവിധായകന് കയ്യടികൾ.ഈ വർഷം എന്നെ ഏറ്റവും രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സിനിമ.കൂടെ ഫഹദിന്റെ ഗംഭീര പ്രകടനവും ഈ വർഷം ഏറെ ഇഷ്ടമുള്ളതാക്കി.


🔻മായാനദി : ഹൃദ്യതയുടെ മായാജാലവും പ്രണയത്തിന്റെ മാസ്മരികതയും ഒഴുകുന്ന നദിയിലായിരുന്നു ഞാൻ നീന്തിത്തുടിച്ചത്.പ്രണയമെന്ന വികാരത്തെ ഇത്ര മനോഹരമായി സ്ക്രീനിൽ ഈയടുത്ത് കണ്ടിട്ടില്ല ഞാൻ.ഒരു സ്ലോ പോയിസൻ കണക്കെ മനസ്സിൽ കയറിക്കൂടി ഈ മായാനദിയും.ഒരു വർഷാവസാനം ഇത്ര മനോഹരമായതിൽ അതിയായ സന്തോഷം.


🔻അങ്കമാലി ഡയറീസ് : അങ്കമാലിയുടെ ഹൃദയഭാഗത്ത് എന്നെ നിർത്തി ചുറ്റുമുള്ളവ വീക്ഷിക്കാൻ പറയുകയായിരുന്നു ലിജോ ജോസ് എന്ന ക്രാഫ്റ്റ്മാൻ.അങ്കമാലിയുടെ യഥാർത്ഥ ജീവിതങ്ങളുടെ നേർക്കാഴ്ചയെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രം ലിജോയുടെ ധൈര്യമാണ് ഏറ്റവും അത്ഭുതപ്പെടുത്തിയത്.86 പുതുമുഖങ്ങളും തകർത്തഭിനയിച്ചപ്പോൾ പല ഭാവി വാഗ്ദാനങ്ങളെയും സിനിമ സമ്മാനിച്ചു.കൂടെ മികച്ച സംഗീതവും ഛായാഗ്രഹണവും സിനിമയുടെ മാറ്റ് വർധിപ്പിച്ചു.


🔻പറവ : ഫാൻസ് ഷോ കണ്ടിട്ട് എന്നെത്തന്നെ ചീത്ത വിളിച്ചുപോയ സിനിമ.ഇത്ര മനോഹരമായ ഒരു ചിത്രം അവരുടെയിടയിൽ ആസ്വാദനത്തിന്റെ തരിമ്പ് പോലും നഷ്ടപ്പെടുത്തിയത്തിൽ ഇപ്പോഴും ഖേദിക്കുന്ന ഒന്ന്.ഫോർട്ട് കൊച്ചിയുടെ സ്ഥിരം ചിത്രീകരണങ്ങളുടെ പൊളിച്ചെഴുത്തായിരുന്നു പറവ.ഫോർട്ട് കൊച്ചിയെ ഇത്ര ഹൃദ്യമായി ചിത്രീകരിച്ച ആദ്യ സിനിമയാവും ഇത്.ഒരു പുതുമുഖ സംവിധായകന്റെ യാതൊരു മന്ദതകളുമില്ലാത്ത മനോഹരമായ ചിത്രീകരണം.ഈ പറവ പറന്ന് കയറിയത് ഹൃദയത്തിലേക്കായിരുന്നു.


🔻ടേക്ക് ഓഫ് : ഒരു യഥാർത്ഥ സംഭവത്തെ സ്ക്രീനിൽ എത്തിക്കുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.പൊലിറ്റിക്കളി ഈ സിനിമയോടുള്ള വിയോജിപ്പ് ആദ്യമേ രേഖപ്പെടുത്തുന്നു.എന്നാൽ ഒരു സിനിമയെന്ന രീതിയിൽ മാത്രം സമീപിച്ചപ്പോൾ ഗംഭീര അനുഭവമാണ് ലഭിച്ചതെന്ന് പറയാതെ തരമില്ല.മഹേഷിന്റെ സംവിധാന മികവും പാർവതിയുടെയും ഫഹദിന്റെയും കുഞ്ചാക്കോ ബോബന്റെയും മികച്ച പ്രകടനങ്ങളും മികച്ച തീയേറ്റർ അനുഭവം സമ്മാനിച്ചു ഈ ചിത്രം.


🔻ഗോദ : ശുദ്ധാഹാസ്യത്തിലൂടെ ഈ വർഷം ഏറ്റവും ചിരിപ്പിച്ച ചിത്രം എന്ന പേര് ഗോദക്ക് സ്വന്തം.വളരെ ലളിതമായ ആഖ്യാനവും അതിനേക്കാൾ സുന്ദരമായ മുഹൂർത്തങ്ങളും വളരെ ഫ്ലെക്സിബിളായ അഭിനയ പാടവവും കൊണ്ട് എല്ലാ മേഖലയിലും തൃപ്തി സമ്മാനിച്ച ഒന്ന്.മനോഹരമായ പാട്ടുകൾ ഇപ്പോഴും പ്ളേലിസ്റ്റിൽ ഉണ്ട്.


🔻തരംഗം : ഒരു പരീക്ഷണചിത്രമെന്ന നിലയിൽ ഇത്രയേറെ തൃപ്തി തന്ന ഒന്ന് ഈ വർഷം ഇല്ല.കഥയിലല്ല, കഥപറയുന്ന രീതിയിലാണ് തരംഗം പുതുമ വാഗ്ദാനം ചെയ്തത്.ഒരു പുതുമുഖ സംവിധായകൻ എന്ന നിലയിൽ ഇങ്ങനെയൊരു ഉദ്യമത്തിന് മുതിർന്നതിൽ അഭിമാനമുണ്ട്.


🔻ഉദാഹരണം സുജാത : റീമേക്ക് ആണെങ്കിൽ കൂടി നല്ല വൃത്തിയായി കാര്യങ്ങൾ അവതരിപ്പിച്ച ചിത്രം.ഒരുപക്ഷേ പല സന്ദർഭങ്ങളിലും ജീവിതത്തിലെ ചില അനുഭവങ്ങളുമായി റിലേറ്റ് ചെയ്യാൻ പറ്റി എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.ക്ളീഷേകൾ ഒഴിവാക്കാൻ ശ്രമിച്ചുള്ള ആഖ്യാനം ചിത്രത്തെ ഇഷ്ടപ്പെടുത്തുന്ന ഘടകമായി.കൂടെ തൃപ്തി നൽകിയ പ്രകടനങ്ങളും.


🔻ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള : കണ്ണീർ സീരിയലുകളിലേക്ക് പൂണ്ട് പോയേക്കാവുന്ന ഒരു പ്രമേയത്തെ ഇത്ര മനോഹരമായ സ്ക്രീനിൽ എത്തിച്ച സംവിധായകൻ അൽത്താഫിന്റെ സിനിമയാണ് ഞണ്ടുകൾ.ചിരിച്ചുകൊണ്ട് കണ്ണുനിറക്കുക എന്ന അനുഭൂതി തീയേറ്ററിൽ ഉണ്ടാക്കിയ ചിത്രം.ലളിതമായ സന്ദർഭങ്ങളും ഏച്ചുകെട്ടില്ലാത്ത നർമങ്ങളുമായി രസിപ്പിക്കുകയും ജീവിക്കാൻ പലർക്കും കരുത്ത് നൽകുകയും ചെയ്ത ചിത്രം.ഒരു പ്രമേയത്തെ ഇങ്ങനെയും സിനിമയാക്കാം എന്ന് കാണിച്ചു തന്നു സംവിധായകൻ.


🔻വർണ്യത്തിൽ ആശങ്ക : ആക്ഷേപഹാസ്യ സാധ്യതകളെ പരമാവധി ഉപയോഗിച്ച് ഒരു ദിവസത്തെ സംഭവങ്ങളിലൂന്നി വളരെയേറെ സാധ്യതകൾ തുറന്നിട്ട ചിത്രം.സാന്ദർഭിക നർമങ്ങളിലൂടെ സഞ്ചരിച്ച് അതുവഴി പരമാവധി പ്രസക്തിയുള്ള വിഷയങ്ങളും കൈകാര്യം ചെയ്ത് തന്റെ കയ്യൊപ്പ് സംവിധായകന്റെ നല്ലൊരു ചിത്രത്തിന് കൂടി സാക്ഷിയായി.കൂടെ സുരാജിന്റെ കിടിലൻ പ്രകടനവും.

ഇതുകൂടാതെ രാമലീല, ആദം ജോണ്,Adventures Of Omanakkuttan, കാറ്റ്, തുടങ്ങി ഒരുപിടി ചിത്രങ്ങളും ഈ വർഷം തൃപ്തി നൽകിയിരുന്നു.മുന്തിരിവള്ളികളും എസ്രയും കഴിഞ്ഞ വർഷം നല്ലൊരു തുടക്കം സമ്മാനിച്ചു.ഒരുപിടി നിരാശ സമ്മാനിച്ച ചിത്രങ്ങളും 2017ൽ ഉടലെടുത്തിരുന്നു.ഈ വർഷം മലയാള സിനിമക്ക് കൂടുതൽ മികച്ച ചിത്രങ്ങൾ സമ്മാനിക്കട്ടെ എന്നാശംസിക്കുന്നു.

അബീദ്😇
#AB

You Might Also Like

0 Comments