When They See Us S1
May 26, 2020🔻ചില കഥാപാത്രങ്ങളുടെ ദയനീയത കണ്ട് നിയന്ത്രിക്കാനാവാത്ത വിധം കരഞ്ഞിട്ടുണ്ടോ? നിസ്സഹായരായി നിൽക്കുന്ന അവരെക്കണ്ട് നെഞ്ച് പിടഞ്ഞിട്ടുണ്ടോ? കേവലം കെട്ടുകഥയിലെ സൃഷ്ടി എന്നതിനപ്പുറം ഇവരൊക്കെ നമ്മളെപ്പോലെ ചൂടും ചൂരുമുള്ള മനുഷ്യരാണെന്ന് അറിയുമ്പോൾ സ്തംഭിച്ച് നിന്നുപോയിട്ടുണ്ടോ? ഈ സീരീസ് കണ്ടുകഴിഞ്ഞപ്പോൾ മേല്പറഞ്ഞതൊക്കെയും അനുഭവിച്ചറിഞ്ഞ അവസ്ഥയായിരുന്നു ഒരു പ്രേക്ഷകന് എന്ന നിലയിലും ഒരു മനുഷ്യൻ എന്ന നിലയിലും എന്റെ അവസ്ഥ.!!
Year : 2019
Episodes : 4
Run Time : 1h-1h 10min
🔻1989ലെ ഒരു രാത്രി. ജോഗിങ്ങിനായി പുറത്തേക്കിറങ്ങിയ 28കാരി ക്രൂരമായി പീഡനത്തിനിരയായി മരണത്തോട് മല്ലടിക്കുകയാണ്. ആരാണീ കുറ്റകൃത്യത്തിന് പിന്നിലെന്ന് ഒരു തുമ്പും കിട്ടാതിരുന്ന പോലീസിന്റെ മുന്നിലേക്കാണ് ഒരു പറ്റം ടീൻസ് അതേ രാത്രി ആ പ്രദേശത്ത് നടത്തിയ അഴിഞ്ഞാട്ടം പരാതിയായി എത്തുന്നത്. അന്വേഷണത്തിനായി ഇറങ്ങിയ പോലീസിന്റെ പിടിയിൽ കുറച്ചുപേർ അകപ്പെട്ടെങ്കിലും ഭൂരിഭാഗം ആൾക്കാരും രക്ഷപ്പെട്ടിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടവരാകട്ടെ 14നും 16നും ഇടയിലുള്ളവരും കറുത്തവരും. പീഡനത്തിനിരയായി ആ സ്ത്രീയെ കണ്ടെത്തിയ പ്രദേശത്ത് നിന്ന് അധികദൂരം സെൻട്രൻ പാർക്കിനില്ലാത്തതിനാൽ സംശയത്തിന്റെ ചൂണ്ടുവിരൽ നീണ്ടത് അഞ്ച് കുട്ടികളിലേക്കാണ്. ഭാവിയിൽ അവർ അറിയപ്പെട്ടത് 'Central Park Five' എന്ന പേരിലും.
🔻ഇത്തരത്തിൽ നീചമായ ഒരു പ്രവർത്തിയിൽ പങ്കാളികളാവാൻ ശാരീരികമായും മാനസികമായും പൂർണ്ണമായി പാകപ്പെടാത്തവർക്ക് മേലാണ് പോലീസ് ആ കുറ്റകൃത്യം ചുമത്താൻ ശ്രമിച്ചത് എന്നതായിരുന്നു ഈ കേസിലെ കൗതുകകരമായ വസ്തുത. മണിക്കൂറുകളോളം ചോദ്യം ചെയ്യലിന് വിധേയരായ പ്രായപൂർത്തിയാവാത്ത കുട്ടികൾ മാനസികമായി ഒരുപാട് അസ്വസ്ഥനായിരുന്നു. പോലീസുകാർ മുതലെടുത്തതും ഈ അസ്വസ്ഥതയെയാണ്. ഒന്നും ചെയ്യാതെ, തങ്ങൾക്ക് തൊട്ടപ്പുറത്ത് എന്താണ് സംഭവിച്ചതെന്ന് പോലും അറിയാത്ത 5 കുട്ടികൾ. അവരുടെ ഭാവി തന്നെ താറുമാറാവാൻ ആ രാത്രി മാത്രം മതിയായിരുന്നു.
🔻അമേരിക്കയിൽ തുടർന്നുവരുന്ന racial discriminationന്റെ ഇരകളാണ് ഈ അഞ്ച് പേർ എന്ന് ചുരുക്കത്തിൽ നമുക്ക് പറയാൻ സാധിക്കും. യാതൊരു തെളിവുകളും ഇല്ലാതെ, അന്ന് രാത്രി വീടിന് പുറത്തായിരുന്നു എന്ന ഒറ്റ കാരണം കൊണ്ട് അവരെ കുറ്റവാളികളായി കരുതുമ്പോഴും സംഭവസ്ഥലത്ത് നിന്ന് ലഭിച്ച തെളിവുകൾ യഥാർത്ഥ കുറ്റവാളികളിലേക്ക് നയിച്ചേക്കുമെന്ന ബോധ്യം ഉണ്ടാവുമ്പോഴും അവയൊക്കെയും അവഗണിച്ച് ഇവരെ തടങ്കലിലിടാൻ പോലീസിനെ പ്രേരിപ്പിച്ചത് വർണ്ണവിവേചനം തന്നെയാണ് എന്ന് നിസ്സംശയം പറയാം. അതിനായി ഘോരഘോരം പ്രസംഗിച്ച ഒരു മഹാൻ കൂടിയുണ്ട്. Donald Trump. അവരെ തൂക്കിലേറ്റാനായി തനിക്ക് സാധിക്കും വിധം ആ കേസിന് പബ്ലിസിറ്റി കൊടുക്കുകയായിരുന്നു ആ രാഷ്ട്രീയക്കാരൻ. ഇവയൊക്കെയും ബാധിച്ചത് ആരോപണവിധേയരായവരുടെയും അവരുടെ കുടുംബത്തിന്റെയും ഭാവിയെ മാത്രമായിരുന്നു എന്നതാണ് വസ്തുത.
🔻ഗംഭീര അവതരണമികവ് കൊണ്ട് ഒരിക്കൽ പോലും ഒരു ഡ്രാമയായി ഫീൽ ചെയ്യാതെ ത്രില്ലറിലേക്കും ഇമോഷണൽ റോളർ കോസ്റ്റർ റൈഡിലേക്കും സീരീസിനെ അപ്ലിഫ്റ്റ് ചെയ്യുകയാണ് സംവിധായകൻ. കഥാപാത്രങ്ങളുടെ വൈകാരികചുഴിയിൽ പൂർണ്ണമായും നമ്മൾ അകപ്പെട്ടുപോവുന്നിടത്താണ് അവർ അത്രമേൽ നമ്മെ വേട്ടയാടുന്നത്. ഇമോഷണലി വളരെ ഡിസ്റ്റർബിങ്ങ് ആയ ഫീൽ നൽകുന്നുണ്ട് സീരീസ് പലപ്പോഴും. കോടതി വാദങ്ങളും വിധി പറയുന്ന രംഗവുമൊക്കെ വേറൊരു തലത്തിലേക്ക് സീരീസിനെ ഉയർത്തുകയാണ്. അവരെപ്പോലെ നമ്മളും നിസ്സഹായരായിപ്പോവുന്ന അവസ്ഥ അത്രമേൽ ദയനീയമാണ്. കണ്ണിൽ നിന്ന് വെള്ളം പൊടിയും വിധം നമ്മൾ അതിൽ പെട്ടുപോയിരിക്കും എന്നതാണ് സത്യം.
🔻കുറ്റാരോപിതരുടെ ജയിൽവാസവും അതിന് ശേഷമുള്ള ജീവിതവുമൊക്കെ കൃത്യമായി point-out ചെയ്യാൻ പിന്നണിയിലുള്ളവർക്ക് സാധിച്ചിട്ടുണ്ട്. ജയിൽവാസത്തിന് ശേഷം അവരുടെ ജീവിതം എത്രത്തോളം ദുർഘടമായിരുന്നെന്നത് നാം കാണേണ്ട കാഴ്ച തന്നെയാണ്. ജയിലിൽ അവരനുഭവിച്ച യാതനകളും അതിനെ തരണം ചെയ്യാനെടുത്ത രീതികളുമൊക്കെ അവതരിച്ച് ഫലിപ്പിക്കുന്നതിൽ അണിയറപ്രവർത്തകർ വിജയിച്ചിട്ടുണ്ട്. വൈകാരിക രംഗങ്ങൾ പരിധി കവിഞ്ഞ് ഡ്രമാറ്റിക്ക് ആക്കാതിരുന്നത് ആസ്വാദനത്തിന് നന്നേ ഗുണം ചെയ്തിട്ടുണ്ട്. റിയലിസ്റ്റിക്ക് ആയ അവതരണം പലയിടങ്ങളിലും സീരീസിന്റെ മേന്മ വർദ്ധിപ്പിച്ചിട്ടുണ്ട്. അവസാന രണ്ട് എപ്പിസോഡുകളിൽ അത് അടുത്തറിയാൻ സാധിക്കും.
🔻അപാര പെർഫോമൻസുകളുടെ അടയാളപ്പെടുത്തൽ കൂടിയാണ് ഈ സീരീസ്. ഓരോരുത്തരെയും എടുത്ത് പറയാൻ നിന്നാൽ ഉടനെങ്ങും തീരാത്തത് കൊണ്ട് അതിന് മുതിരുന്നില്ല. അഞ്ച് പേരുടെ കഥാപാത്രങ്ങളെ രണ്ട് കാലഘട്ടങ്ങളിലായി അഭിനയിച്ച് ഫലിപ്പിച്ചവർ തങ്ങളുടെ ഭാഗം ഗംഭീരമാക്കിയിട്ടുണ്ട്. വൈകാരിക രംഗങ്ങളൊക്കെ top notch perfomance എന്ന് തന്നെ വിശേഷിപ്പിക്കാം. പല റോളുകളിലായി തിളങ്ങിയവർ ഇനിയും ഒരുപാടുണ്ട്. ടെക്നിക്കലി മികച്ചുനിൽക്കുന്നവയാണ് ഛായാഗ്രഹണവും പശ്ചാത്തലസംഗീതവും. പല രംഗങ്ങളെയും വൈകാരികമായി ഉയർത്തുന്നതിൽ അവയൊക്കെയും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
🔻FINAL VERDICT🔻
Depressing, haunting, heart breaking and terrifying flick. Netflixന് ഏറ്റവും കൂടുതൽ കാഴ്ചക്കാരെ സമ്മാനിച്ച സീരീസുകളിൽ ഒന്നായി മാറാൻ 'When they see us'ന് അധികം സമയം വേണ്ടിവന്നില്ല. ജീവിതത്തിൽ തീർച്ചയായും കണ്ടിരിക്കേണ്ടവയിൽ ഒന്നായി ഞാൻ നിർദ്ദേശിക്കുന്ന സീരീസുകളിൽ മുന്തിയ സ്ഥാനം ഈ സീരീസിനുണ്ടാവും. ചുരുക്കിപ്പറഞ്ഞാൽ 'MUST WATCH, MUST WATCH, MUST WATCH'.!!
MY RATING :: ★★★★½
സീരീസ് Netflixലും ടെലിഗ്രാം ചാനലിലും ലഭ്യമാണ്. Abi Suggests
0 Comments