Never Have I Ever S1
May 29, 2020🔻Coming of age ഡ്രാമകളിൽ സ്ഥിരമായി പിന്തുടരുന്ന ഒരു ഫോർമുലയുണ്ട്. ഫാമിലി റിലേഷൻ, ക്വീർ പ്രണയം, ലവ്, സെക്സ് അങ്ങനെ നീണ്ടുപോകും അവ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ. ഈ സീരീസും അതിൽ നിന്നൊട്ടും വിഭിന്നമല്ല. എങ്കിലും അഭിനേതാക്കളുടെ charm കൊണ്ട് കണ്ടിരിക്കാൻ പ്രേരിപ്പിക്കുന്ന ഒന്നായി മാറുന്നുണ്ട് ഈ netflix റിലീസ്.
Year : 2020
Episodes : 10
Run Time : 30min each
🔻15 വയസ്സുകാരി ദേവിയാണ് സീരീസിലെ ഫോക്കസ്. ഇന്ത്യൻ വംശജയായ ദേവി അമേരിക്കൻ സ്റ്റൈലുമായി സിങ്ക് ആയിപ്പോവുകയാണ്. എന്നാൽ അവിടെയാണ് ഇന്ത്യൻ കൾച്ചർ പിന്തുടരുന്ന അമ്മ നളിനി പലപ്പോഴും ഒരു തടസ്സമായി നിൽക്കുന്നത്. കൂടെ പഠിക്കുന്ന മറ്റ് വിദ്യാർത്ഥികളെ പോലെ തനിക്കും അർമ്മാദിച്ച് സ്‌കൂൾ കാലം കഴിയണമെന്ന ആഗ്രഹം ഉണ്ടെങ്കിലും പല കാര്യങ്ങളും അതിന് തടസ്സം നിൽക്കുന്നു. അവയെ രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് സംവിധായിക.
🔻ഫാമിലി ഇമോഷൻസിനും കോൺഫ്ലിക്റ്റുകൾക്കും അർഹമായ പ്രാധാന്യം നല്കുന്നുണ്ടെന്നതാണ് സീരീസിൽ ഞാൻ കണ്ട സവിശേഷത. മറ്റെല്ലാ ക്ലിഷേകളും എല്ലാ എപ്പിസോഡുകളിലും ആവർത്തിക്കുമ്പോഴും ദേവിയും അച്ഛനുമായുള്ള റിലേഷൻ കാണിക്കുന്നതിന് ഒരു പ്രത്യേക ഭംഗി തന്നെയാണ്. അമ്മയുമായുള്ള വഴക്കുകളും അങ്ങനെ തന്നെ. കൂട്ടുകാരുമായുള്ള സ്നേഹബന്ധങ്ങളും പഠിപ്പിസ്റ്റ് സ്ഥാനത്തിനായി ബെന്നുമായുള്ള മത്സരവുമൊക്കെ കണ്ടിരിക്കാൻ രസമാണ്. ഇടയ്ക്കിടെ വന്നുപോവുന്ന കുഞ്ഞ് നർമ്മങ്ങളും നല്ല അനുഭൂതി സമ്മാനിക്കുന്ന രംഗങ്ങളുമൊക്കെ ആസ്വാദനത്തിന് ഗുണം ചെയ്യുന്നുണ്ട്.
🔻ഇന്ത്യൻ കൽച്ചറിനെ മാത്രം ഫോക്കസ് ചെയ്തുള്ള എപ്പിസോഡ് ഒരൽപം കടന്നുപോയി എന്നൊരു തോന്നൽ കാഴ്ചയിൽ ഉണ്ടായി. സംഗതി ഏറെക്കുറെ ഉള്ളതാണെങ്കിലും ഒരു teasing ലെവലിൽ മാത്രമായിപ്പോയ അവതരണമാണ് ആ എപ്പിസോഡിന്റേത്. ആസ്വാദനത്തിന്റെ ഒഴുക്കിനെ അത് ബാധിക്കുന്നുമുണ്ട്. എങ്കിലും അത് കഴിയുമ്പോൾ സംഗതി വീണ്ടെടുക്കുന്നുണ്ട്. അപ്രതീക്ഷിതമായി യാതൊന്നും സംഭവിക്കുന്നില്ലെങ്കിലും തുടർന്ന് കാണാണ് പ്രേരിപ്പിക്കുന്നവയാണ് ഓരോ എപ്പിസോഡുകളും. സമയദൈർഖ്യം കുറവാണെന്നതും ഗുണമാണ്.
🔻ദേവിയെ അവതരിപ്പിച്ച മൈത്രേയിയുടെ പ്രസൻസ് തന്നെയാണ് സീരീസിന്റെ charm. സ്‌ക്രീൻ നിറഞ്ഞുനിൽക്കുന്ന പ്രകടനം കൊണ്ട് മനസ്സ് കീഴടക്കും മൈത്രേയി. സീരീസ് കഴിഞ്ഞപ്പോ പുതിയൊരു ക്രഷ് കൂടി ഉണ്ടായി. ലീ റോഡ്രിഗസ്. ഫാബിയോളയുടെ വേഷം ലീയുടെ കയ്യിൽ ഭദ്രമായിരുന്നു. ദേവിയുടെ അച്ഛൻ വേഷം ആളുടെ പ്രകടനം നന്നേ ബോധിച്ചു. വളരെ തന്മയത്വത്തോടെ തന്റെ വേഷം ചെയ്ത് ഫലിപ്പിച്ചിട്ടുണ്ട് പുള്ളിക്കാരൻ. വർണ്ണശബളമായ ദൃശ്യങ്ങളും സന്ദർഭത്തോട് ചേർന്ന് നിൽക്കുന്ന പശ്ചാത്തലസംഗീതവും ഓരോ രംഗങ്ങളുടെയും മാറ്റ് കൂട്ടുന്നു.
🔻FINAL VERDICT🔻
ബിഞ്ച് വാച്ചിനായി യാതൊരു ആകുലതകളുമില്ലാതെ കണ്ടുതീർക്കാൻ സാധിക്കുന്ന ഒരു സീരീസ് തെരഞ്ഞെടുക്കുന്നുണ്ടെങ്കിൽ മോശമല്ലാത്ത ഒരു ഓപ്‌ഷനാണ് Never have I ever. പുതുമകൾ യാതൊന്നുമില്ലെങ്കിലും നേരമ്പോക്കിന് പറ്റിയൊരു സീരീസ്. 'American Born Confused Desi" എന്നൊക്കെ ഭാഗികമായി വിശേഷിപ്പിക്കാം സീരീസിന്റെ ഉള്ളടക്കത്തെ. കുറച്ച് ചിരിക്കാനും ഒരൽപം കോൺഫ്ലിക്റ്റുകളുടെ ഭാഗമാകാനും തയ്യാറെങ്കിൽ പ്രതീക്ഷകളില്ലാതെ സമീപിച്ചോളൂ.
AB RATES ★★★☆☆
0 Comments