Hitman: Agent Jun
May 28, 2020🔻വളരെ സമർത്ഥനായ സൂപ്പർ ഹീറോ ഏജന്റ് ആയിരുന്നു ജുൺ. എന്നാൽ തന്റെ ഇഷ്ട ഹോബിയായി കാർട്ടൂൺ വരക്കൽ തലക്ക് പിടിച്ചത് കൊണ്ട് തന്നെ നൈസായി തന്റെ ജോലിയിൽ നിന്ന് പുള്ളിക്കാരൻ തലയൂരുന്നു. കുടുംബവും കുട്ടിയുമൊക്കെയായി ജീവിക്കാൻ തുടങ്ങിയ ജുൺ ഒരു കലാകാരൻ എന്ന നിലയിൽ വൻ പരാജയമായിരുന്നു.
Year : 2020
Run Time : 1h 50min
🔻ഒരിക്കൽ മദ്യപിച്ച് ലക്കുകെട്ടിരുന്ന സമയത്താണ് തന്റെ കാർട്ടൂണിനായി പുതിയൊരാശയം അദ്ദേഹത്തിന്റെ മനസ്സിലുദിച്ചത്. രണ്ടാമതൊന്ന് ചിന്തിക്കാതെ അദ്ദേഹം ആ ചിന്തകൾ പേപ്പറിലാക്കാൻ തുടങ്ങി. എന്നാൽ ഒരു മുട്ടൻ പണിയാണ് തനിക്ക് വരാനിരിക്കുന്നതെന്ന് കുറച്ച് കഴിഞ്ഞാണ് ജുണിന് മനസ്സിലായത്.
🔻മുമ്പ് കണ്ടിട്ടുള്ള പല സിനിമകളുടെയും തനി പകർപ്പ് തന്നെയാണ് ഈ ചിത്രവും. കഥയിലേക്ക് കടക്കുന്ന വഴികൾ മാത്രം വ്യത്യസ്തമാണ് എന്നതൊഴിച്ചാൽ യാതൊരു പുതുമയും അവകാശപ്പെടാൻ ചിത്രത്തിനില്ല. എന്നാൽ നമ്മെ ചിരിപ്പിക്കുന്ന നർമ്മരംഗങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്. ജേണർ തന്നെ കോമഡിയിൽ ഫോക്കസ് ചെയ്യുന്നതിനാൽ കഥയിൽ വരുന്ന പല കാര്യങ്ങളും വെറും കോമഡിയായി മാത്രം തോന്നിയേക്കാം. അതിൽ ഏജന്റുകളും ടെററിസ്റ്റുകളും വരെ ഉൾപ്പെടും എന്ന് മാത്രം. എങ്കിലും ആ ഒഴുക്കിൽ കണ്ടിരിക്കാവുന്ന ഒന്നായി മാറുന്നുണ്ട് ആ സന്ദർഭങ്ങളൊക്കെയും.
🔻ഇഷ്ടതാരങ്ങൾ കേന്ദ്രകഥാപാത്രമായി വരുന്നത് തന്നെ കണ്ടിരിക്കാൻ ആവേശമാണ്. സിനിമ അതും ഓഫർ ചെയ്യുന്നുണ്ട്. ഒപ്പം നല്ല ആക്ഷൻ സീനുകളും അവിടിവിടെയായി ചിതറിക്കിടപ്പുണ്ട്. അതൊക്കെയും നല്ല അനുഭവങ്ങളാവുന്നുണ്ട്. യാതൊരു ലാഗുമില്ലാതെ നമ്മെ രസിപ്പിച്ചിരുത്തുന്നതിൽ സിനിമ വിജയമാണ്.
🔻FINAL VERDICT🔻
എന്റർടൈൻമെന്റ് മാത്രമാണ് ലക്ഷ്യം വെക്കുന്നതെങ്കിൽ രണ്ട് മണിക്കൂറിൽ താഴെ യാതൊരു ബോറടിയുമില്ലാതെ കണ്ടിരിക്കാവുന്ന ഒരു സിനിമ നമുക്കായി തരികയാണ് സംവിധായകൻ. മറ്റൊന്നും പ്രതീക്ഷിക്കാതെ കുറച്ച് ചിരിക്കാനായി മാത്രം സിനിമയെ സമീപിക്കുക. നേരമ്പോക്കിന് ഉത്തമം.
AB RATES ★★★☆☆
0 Comments