The Half Of It
May 26, 2020🔻എഴുത്തിലൂടെ പണം സമ്പാദിക്കുക. എല്ലി ചൂവിന്റെ പ്രധാന പരിപാടി അതാണ്. എഴുതുന്നത് മറ്റൊന്നുമല്ല. കൂടെ പഠിക്കുന്നവർക്കായി പ്രോജക്ടും അസൈന്മെന്റുമൊക്കെയാണ്. എല്ലി അത്ര പ്രഗത്ഭയാണ് എഴുത്തിൽ. ഒപ്പം വായനയും ഒരുപാടിഷ്ടം. സംഗതി ഈ പരിപാടിയിലൂടെ തന്റെ ചെലവിനായുള്ള കാശ് ഉണ്ടാക്കുന്നുണ്ടെങ്കിലും ആളൊരു അന്തർമുഖിയാണ്. പറയത്തക്ക സൗഹൃദങ്ങൾ ഒന്നും തന്നെയില്ല. അപ്പോഴാണ് പോൽ എല്ലിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്.
Year : 2020
Run Time : 1h 44min
🔻അവരുടെ തന്നെ സ്‌കൂളിൽ പഠിക്കുന്ന ആസ്റ്റർ എന്ന പെൺകുട്ടിക്ക് ഒരു പ്രേമലേഖനം എഴുതുക. ഇതാണ് പോൾ എല്ലിയോട് ആവശ്യപ്പെട്ടത്. ആദ്യം മടിച്ചെങ്കിലും കാശ് കിട്ടുമെന്നായപ്പോൾ എല്ലി സമ്മതം മൂളി. എന്നാൽ ആ എഴുത്ത് അവർ മൂന്ന് പേരുടെയും ജീവിതം തന്നെ മറ്റൊരു പാതയിലേക്ക് നയിക്കുകയായിരുന്നു.
🔻ഒരു ടീൻ ഡ്രാമയിൽ കണ്ടുവരുന്ന കഥാപരിസരവും കഥാപാത്രങ്ങളുമൊക്കെ തന്നെയാണ് ഈ ചിത്രത്തിലും കാണാനാവുക. എന്നാൽ മറ്റൊന്നിലും തോന്നാത്ത വിധം നമുക്ക് പുത്തനുണർവ്വ് നൽകാൻ ഈ ചിത്രത്തിന് സാധിച്ചിട്ടുണ്ടെങ്കിൽ ഫുൾ ക്രെഡിറ്റും സംവിധായികക്ക് അവകാശപ്പെട്ടതാണ്. അത്ര സുന്ദരമായ, ലാളിത്യം കൊണ്ട് നമ്മെ കയ്യിലെടുക്കുന്ന അവതരണമാണ് ചിത്രത്തിന്റേത്. തുടക്കം മുതൽ ഒടുക്കം വരെ കവിത പോലെ മനോഹരമാം വിധം ആസ്വാദ്യകരമായിത്തീരുന്നുണ്ട് എല്ലിയും പോളും ആസ്റ്ററുമെല്ലാം. അവർ തമ്മിലുള്ള ആത്മബന്ധത്തിന്റെ ദൃഢത കത്തുകളിലൂടെയും മെസേജുകളിലൂടെയും ചിരികളിലൂടെയുമെല്ലാം പുഞ്ചിരി വിടർത്തും വിധം വരച്ചിടുന്നുണ്ട് സംവിധായിക. തെല്ലും കൃത്രിമത്വം തോന്നാത്ത വിധം കോൺഫ്ലിക്റ്റുകൾ അവതരിപ്പിക്കുവാനും സംവിധായിക ശ്രദ്ധ ചെലുത്തിയിരിക്കുന്നതും കാണാം.
🔻Leah Lewis. ഈ പേര് എടുത്ത് പറഞ്ഞില്ലെങ്കിൽ ഈ എഴുത്ത് പൂർണ്ണമാവില്ല. Her perfomance was a delight to watch. എന്തൊരു വശ്യതയാണ് ആ നോട്ടങ്ങൾക്കും സംസാരശൈലിക്കും. സിനിമയുടെ ശ്രദ്ധാകേന്ദ്രം തന്നെ എല്ലിയുടെ കഥാപാത്രമാണ്. ഒരുപക്ഷെ Leah അല്ലായിരുന്നെങ്കിൽ സിനിമ ഇത്രക്ക് ആസ്വദിക്കാൻ സാധിക്കുമായിരുന്നോ എന്നുപോലും സംശയമുണ്ട്. ഒപ്പം പോളും ആസ്റ്ററുമെല്ലാം മനസ്സിൽ ഇടം നേടുന്നുണ്ട്. കണ്ണിന് കുളിർമയേകുന്ന ഛായാഗ്രഹണവും ഇളം നിറത്തിൽ കളറിങ്ങ് നടത്തിയിട്ടുള്ള ഫ്രെയിമുകളും മനോഹരമായ പശ്ചാത്തലസംഗീതവുമെല്ലാം ആസ്വാദനത്തിന് മാറ്റ് കൂട്ടുന്നുണ്ട്.
🔻FINAL VERDICT🔻
ഫീൽ ഗുഡ് മൂവിയുടെ ആരാധകനാണോ.? ഒട്ടും മടിക്കാതെ ഡൌൺലോഡ് ചെയ്തോളൂ. Netflix സിനിമകളിൽ നിന്ന് അന്യമായ കാണികളെ തൃപ്തിപ്പെടുത്തുക എന്ന സംഗതി അതിന്റെ പൂർണ്ണതയിൽ അനുഭവിക്കാം. ഹൃദ്യവും സുന്ദരവും ലളിതവുമായ ഒരു Light-hearted സിനിമ എന്ന് വിശേഷിപ്പിക്കാം 'The half of it'നെ
AB RATES ★★★½
0 Comments