Miracle In Cell No. 7
May 27, 2020🔻കൊറിയൻ സിനിമകളിൽ എൻ്റെ ഇഷ്ടചിത്രങ്ങളുടെ ലിസ്റ്റ് എടുത്താൽ ആദ്യ അഞ്ചിൽ ഇടം പിടിക്കുന്ന ഒന്നാണ് 'Miracle In Cell No.7'. എന്റെ മാത്രമല്ല പലരുടെയും കാര്യം അങ്ങനെ തന്നെ. പല റീമേക്കുകളും ഇറങ്ങിയിട്ടുണ്ടെന്ന് കേട്ടിട്ടുണ്ടെങ്കിലും യാദൃശ്ചികമായാണ് Netflixൽ ഈ തുർക്കിഷ് റീമേക്ക് കാണാനിടയായത്.
Year : 2019
Run Time : 2h 12min
🔻ഒരു പോലീസ് മേധാവിയുടെ മകളുടെ കൊലപാതകത്തിന് പ്രതിയായി ആരോപിക്കപ്പെടുകയും തുടർന്ന് ജയിലിൽ പോവേണ്ടി വരികയും ചെയ്ത മെമോയും അദ്ധേഹത്തിന്റെ ആറ് വയസ്സുകാരി മകൾ ഓവയും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിന്റെ ആത്മാവ്. കൊറിയൻ സിനിമയെ അടിമുടി ഒപ്പി വെക്കുന്നതിന് പകരം കാതലായ മാറ്റങ്ങൾ വരുത്തിയിടത്താണ് ഒരു തരത്തിൽ ഒറിജിനലിനേക്കാൾ ചിത്രം ആസ്വദിക്കാനായത്. അതിന് പല കാരണങ്ങൾ ഉണ്ട്.
🔻മെമോയും ഓവയും തമ്മിലുള്ള ബന്ധത്തിന്റെ ദൃഢത തന്നെയാണ് സിനിമയുടെ നട്ടെല്ല്. അത്ര ഗംഭീരമായി അത് സമർത്ഥിച്ചെടുക്കുന്നതിൽ സംവിധായകൻ പൂർണ്ണമായി വിജയിച്ചിട്ടുണ്ട്. വൈകാരിയകമായ രംഗങ്ങളൊക്കെ നമ്മുടെ ആത്മാവിനെ തൊട്ടറിയാൻ പാകത്തിന് ചിത്രീകരിച്ചിരിക്കുന്നത് കാണാം സംവിധായകൻ. കൂടെയുള്ള കഥാപാത്രങ്ങൾക്ക് പോലും അവരുടേതായ ഗ്രൗണ്ട് ഒരുക്കുന്നതിലും സിനിമ മികച്ച് നിൽക്കുന്നുണ്ട്. കണ്ണ് നിറയാൻ പാകത്തിന് കേന്ദ്രകഥാപാത്രങ്ങളുടെ നിസ്സഹായതയിൽ നമ്മെ ചൂഷണം ചെയ്യുന്നതിലും സിനിമക്ക് നൂറിൽ നൂറ് മാർക്കും കൊടുക്കാം.
🔻കൊറിയൻ സിനിമയിൽ നിന്നുള്ള മാറ്റങ്ങൾ പ്രധാനമായും ജയിൽ അന്തരീക്ഷം ഒരുക്കുന്നതിൽ പ്രകടമാണ്. തുർക്കിയിലെ ജയിലുകൾ ഇപ്രകാരമാണോ എന്നറിയില്ല, എങ്കിലും അത്യാവശ്യം വിശ്വസനീയമായിത്തന്നെ അവ കൈകാര്യം ചെയ്തിട്ടുണ്ട്. ക്ലൈമാക്സിലും വലിയ തോതിലുള്ള മാറ്റങ്ങൾ കാണാം. ലോജിക് എന്നത് ഒരു കടമ്പയായി നിൽക്കുമ്പോഴും അതിനെ കൂസാതെ ആസ്വദിക്കാൻ തന്നെയാണ് മനസ്സ് പറഞ്ഞതും. അതുകൊണ്ട് തന്നെ തൃപ്തി തന്നെയായിരുന്നു പര്യവസാനവും നൽകിയത്.
🔻തുർക്കിഷ് സിനിമകളിൽ ഡിഫോൾട്ടായ വശ്യത നിറഞ്ഞ ഛായാഗ്രഹണവും പശ്ചാത്തലസംഗീതവും ഇതിലും കാണാം. കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളും മനോഹരമായ കളർ ടോണുകളും ഗംഭീര പ്രകടനങ്ങളും കേൾക്കാൻ ഇമ്പമേറുന്ന പശ്ചാത്തലസംഗീതവുമെല്ലാം മുൻ മാതൃകയെ കവച്ചുവെക്കാൻ പോന്നതാണ്. ഒരുപക്ഷെ കൊറിയൻ സിനിമയേക്കാൾ മികച്ചത് എന്ന് തോന്നാൻ പ്രേരിപ്പിച്ച ഘടകങ്ങളും ഇവയൊക്കെത്തന്നെയാവും.ടെക്നിക്കലി വളരെ സമ്പന്നമായ ഒന്നായി മാറുന്നുണ്ട് ഈ ചിത്രം.
🔻FINAL VERDICT🔻
കൊറിയൻ സിനിമയെ പൂർണ്ണമായി മറന്നുകൊണ്ട് ഈ ചിത്രം കാണാൻ ശ്രമിക്കുക. മികച്ച അനുഭവം തന്നെയാവും എന്ന കാര്യത്തിൽ സംശയമില്ല. കൊറിയൻ മാതൃകയെക്കാൾ പല കാരണങ്ങൾ കൊണ്ടും ഇഷ്ടപ്പെട്ട ഒന്നായി ഈ ചിത്രം മാറിയപ്പോൾ തുർക്കിഷ് സിനിമകൾ വീണ്ടും വീണ്ടും മനസ്സിലിടം നേടുന്ന ശീലം തുടർന്നുകൊണ്ടേയിരിക്കുന്നു. തീർച്ചയായും കണ്ടുനോക്കുക. സ്വയം വിലയിരുത്തുക.
AB RATES ★★★★☆
ചിത്രം Netflixലും ടെലിഗ്രാം ചാനലിലും ലഭ്യമാണ്. Abi Suggests
0 Comments