A Witness Out Of The Blue

January 22, 2020



🔻ആ കൊലപാതകത്തിന് സാക്ഷികളായി ആരും തന്നെ ഉണ്ടായിരുന്നില്ല. ആ മുറിയിലേക്ക് വന്നുപോയ ഒരാളുടെ മനസ്സിൽ നിമിഷങ്ങൾ കൊണ്ട് തെളിഞ്ഞ, താടി വെച്ച മനുഷ്യന്റെ രൂപം ആ അന്വേഷണത്തെ കൊണ്ടെത്തിച്ചത് മാസങ്ങൾക്ക് മുമ്പ് നടന്ന ഒരു ബാങ്ക് റോബറിയിലാണ്. ആ റോബറിയിൽ നാലംഗ സംഘത്തിന്റെ നേതാവായി പ്രവർത്തിച്ച വാങ്ങിന്റെ മുഖമായിരുന്നു അത്. അന്വേഷണത്തിൽ ടീമിലുണ്ടായിരുന്ന ലാറി അപ്പോഴാണ് ആ മുറിയിലുള്ള മറ്റൊരാളെ കൂടി ശ്രദ്ധിച്ചത്. സംസാരിക്കാൻ കഴിവുള്ള ഒരു തത്ത. ആ കൊലപാതകം കണ്ട ഒരേ ഒരാൾ..!!

Year : 2019
Run Time : 1h 44min

🔻തത്ത ഉരിയാടുന്നത് ആകെ രണ്ട് വാക്കുകളാണ്. Idiot, Genius. ഈ രണ്ട് വാക്കുകൾ കൊണ്ട് എങ്ങനെ കുറ്റവാളികളെ കണ്ടുപിടിക്കാമെന്നായി ലാറിയുടെ ചിന്ത. മറ്റുള്ളവരെല്ലാം തകൃതിയായി കേസന്വേഷിക്കുമ്പോൾ ലാറിയുടെ നീക്കം തത്തയെ കേന്ദ്രീകരിച്ചായി. ആരായിരിക്കും ശരി.? ആരായിരിക്കും ആദ്യം വാങ്ങിനെ കണ്ടെത്തുക.?  ഉത്തരങ്ങൾ അറിയാൻ മടിക്കാതെ സിനിമ കാണുക.

🔻പ്രേക്ഷകനെ കബളിപ്പിക്കുക എന്ന കർത്തവ്യം കൃത്യമായി നിറവേറ്റിയ ചിത്രമാണിത്. നമ്മുടെ ശ്രദ്ധ ഒന്നിൽ കേന്ദ്രീകരിക്കുകയും മറ്റൊരു വഴിയിലൂടെ കഥ നീങ്ങുകയും ചെയ്യുന്ന സാഹചര്യങ്ങൾ ഒന്നര മണിക്കൂറിൽ നമുക്ക് നേരിടാൻ സാധിക്കും. ഒടുവിൽ ട്വിസ്റ്റ് റിവീൽ ചെയ്യുമ്പോൾ അധികമാരും ചിന്തിച്ച് കാണാൻ സാധ്യതയില്ലാത്ത ഒരു പര്യവസാനത്തിലേക്ക് കൊണ്ടെത്തിക്കുന്നുണ്ട് സംവിധായകൻ. എന്നാൽ അത് ഏത് തരത്തിൽ പ്രേക്ഷകനെ സ്വാധീനിക്കുമെന്നത് രണ്ടാമത്തെ കാര്യം.

🔻കഥ അവസാനത്തിലേക്ക് അടുക്കുമ്പോൾ ചില മുഖ്യമായ സീനുകളിലെ അവതരണം കല്ലുകടിയായി തോന്നി. അത്ര നേരം നമ്മിൽ ജനിപ്പിച്ച ജിജ്ഞാസയെ പൂർണ്ണമായി തൃപ്തിപ്പെടുത്താൻ ആവാത്ത അവതരണം മൂലം ഇമ്പാക്റ്റ് കുറഞ്ഞ ഒന്നായി മാറുന്നുണ്ട് ചില രംഗങ്ങൾ. എഡിറ്റിംഗിലാണ് അത് എടുത്തറിയാൻ സാധിക്കുക. മറ്റെല്ലാ ഘടകങ്ങളും മികച്ച് നിൽക്കുമ്പോഴും ചില രംഗങ്ങളിലെ എഡിറ്റിങ്ങ് മാത്രം പോരായ്മയായി തോന്നും.

🔻FINAL VERDICT🔻

ഗംഭീര ത്രില്ലർ ഒന്നുമല്ലെങ്കിലും ഒന്നര മണിക്കൂർ കൊണ്ട് നമ്മെ തൃപ്തിപ്പെടുത്താനാവുന്നതെല്ലാം ഈ ചിത്രത്തിലുണ്ട്. സിമ്പിളായി പറഞ്ഞവസാനിപ്പിക്കാമായിരുന്ന ത്രെഡിനെ അവതരണത്തിലെ കബളിപ്പിക്കലിലൂടെ താല്പര്യമുണർത്തുന്ന ഒന്നാക്കി മാറ്റുവാനും പൂർണമായി പിടിച്ചിരുത്താവാനും സംവിധായകനായിട്ടുണ്ട്. യാതൊരു പ്രതീക്ഷയുമില്ലാതെ സമീപിച്ചാൽ തീർച്ചയായും ഇഷ്ടപ്പെടും.

AB RATES ★★½

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments