Kuchh Bheege Alfaaz

January 11, 2020



🔻രാത്രിയുടെ ശാന്തതയിൽ ആ നഗരം മുഴുവൻ അൽഫാസിന്റെ സ്വരത്തിനായി ചെവികകോർക്കും. അവന്റെ ഓരോ വാക്കിലും സാന്ത്വനം കണ്ടെത്തും. നല്ല നാളെകൾക്കായുള്ള പരിശ്രമത്തിനായി ഊർജ്ജം കണ്ടെത്തും. കഷ്ടതകളിൽ പോലും ആ വാക്കുകൾ ആശ്വാസമാവും. ആ നഗരത്തിൽ ഒരുവളായി അർച്ചനയും ഉണ്ടായിരുന്നു. അൽഫാസിന്റെ വാക്കുകൾക്ക് എന്നുമൊരു കേൾവിക്കാരിയായി..

Year : 2018
Run Time : 1h 56 min

🔻പ്രത്യേകിച്ച് ഒരു ചട്ടക്കൂടിൽ പണിതെടുത്ത തിരക്കഥയല്ല ചിത്രത്തിന്റേത്. ഏറെ ലളിതമായി എന്നാൽ ഹൃദ്യമായി നമ്മോട് സംവദിക്കുന്ന സംഭാഷണശകലങ്ങളിൽ നിന്ന് രൂപപ്പെടുന്ന കഥാപാത്രങ്ങൾ, അവരുടെ സ്വഭാവസവിശേഷതകൾ, സ്വാഭാവികമായി ഉടലെടുക്കുന്ന ഭാവപരിസരങ്ങൾ തുടങ്ങി അതിഭാവുകത്വങ്ങളോ ഏച്ചുകെട്ടലുകളോ എങ്ങും പ്രതിഫലിക്കാതെയുള്ള കഥ. ഒരുപക്ഷെ രണ്ട് മനസ്സുകൾ താങ്ങും തണലുമായി രൂപാന്തരപ്പെടുന്നതിന് മനോഹരമായ ദൃശ്യഭാഷ്യയൊരുക്കിയ സംവിധായകന്റെ മിടുക്ക് തന്നെയാവാം സിനിമയെ ഇത്ര പ്രിയപ്പെട്ടതാക്കിയത്. അത്ര പക്വമായ ഭാഷയിലാണ് കഥാപാത്രനിർമ്മിതിയും അവർ തമ്മിലുള്ള ആത്മബന്ധവും വരച്ചുകാട്ടുന്നത്. ഓരോ സംഭാഷണങ്ങളിലും നമുക്ക് കഥാപാത്രത്തോട് വല്ലാത്തൊരു അടുപ്പം തോന്നുംവിധം ആത്മാർത്ഥത പ്രതിഫലിക്കും. സൂക്ഷ്മമായ തിരക്കഥാപാടവം നമുക്ക് അനുഭവിച്ചറിയാം ഓരോ രംഗങ്ങളിലും.

🔻ഗീതാഞ്ജലി താപ്പ എന്ന നടിയുടെ ചിത്രം ആദ്യമായാണ് കാണുന്നത്. സ്‌ക്രീൻ നിറഞ്ഞുനിൽക്കുന്ന മിന്നുന്ന പ്രകടനം കൊണ്ട് മനസ്സ് കീഴടക്കി ആ സുന്ദരി. എന്തൊരു ഭംഗിയാണ് ഓരോ ഭാവങ്ങൾക്കും. ഓരോ ചിരിയും വല്ലാത്ത പ്രസരിപ്പ് സമ്മാനിക്കുന്നുണ്ട്. ഒപ്പം സെയിൻ ഖാനെയും ഈ അവസരത്തിൽ ഓർക്കുന്നു. ചില ചലനങ്ങൾ പോലും അദ്ദേഹത്തിന്റെ കഥാപാത്രത്തെ വെളിവാക്കുന്നുണ്ട്. തന്റെ ഭൂതകാലത്തെ പരാമർശിക്കുന്ന രംഗങ്ങളിലെ പ്രകടനം ഗംഭീരം. ഒരു തെന്നൽ പോലെ തഴുകിത്തലോടുന്ന പശ്ചാത്തലസംഗീതവും കണ്ണിന് കുളിർമയേകുന്ന കാഴ്ച്ചകളും സിനിമയെ കൂടുതൽ മനോഹരമാക്കുന്നു.

🔻FINAL VERDICT🔻

ജീവിതത്തിൽ ഒരൽപം ബുദ്ധിമുട്ട് അനുഭവിച്ച ഘട്ടത്തിലാണ് ഈ ചിത്രം കാണാനിടയായത്. കണ്ട് കഴിഞ്ഞപ്പോൾ എന്തെന്നില്ലാത്ത ആശ്വാസം എനിക്കനുഭവപ്പെട്ടിരുന്നു. വ്യക്തിപരമായി അത്തരമൊരു അനുഭവമാണ് അൽഫാസും അർച്ചനയും സമ്മാനിച്ചത്. സ്വയം വിലയിരുത്തുക.

AB RATES ★★½

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments