മായാനദി

December 24, 2017

🔺എന്തിനാ മാത്താ നീയെപ്പോഴും ഭാവിയെ കുറിച്ച് വേവലാതിപ്പെടുന്നത്?


🔻എന്റെ പാസ്റ്റും പ്രസന്റും എല്ലാം നശിച്ചു.ഇനി എന്റെ മുന്നിൽ ഫ്യുച്ചർ മാത്രേ ഉള്ളൂ.



സിനിമ തുടങ്ങുന്നത് മാത്തന്റെ വോയിസ് ഓവറിലൂടെയാണ്.മധുരയിൽ ജോലി ചെയ്യുന്ന, തന്റെ ഭാവിയെ കുറിച്ച് വേവലാതിപ്പെടുന്ന അനേകം യുവാക്കളിൽ ഒരുവൻ.ശേഷം നേരെ ക്യാൻവാസ് പോവുന്നത് എറണാകുളത്ത് സ്ഥിരതാമസമുള്ള അപ്പുവിലേക്കും.ഒരിക്കൽ മാത്തന്റെ പ്രണയിനി ആയിരുന്നു അപ്പു.ഒരു പ്രത്യേക സാഹചര്യത്തിൽ പ്രിയേണ്ടി വരുന്ന ഇരുവരുടെയും ജീവിതമാണ് മായാനദി.

ആ നദിയിലേക്ക് ഒരു വഞ്ചിയിൽ നമ്മെ ഇരുത്തുകയാണ് സംവിധായകൻ.അമിതവേഗത ഇല്ലാതെ,സമീപത്തെ ഓരോ കാഴ്ചകളും കണ്ട് രസിക്കാനും ചിന്തിക്കാനും പാകത്തിനാണ് നദിയുടെ ഒഴുക്ക്.അവരുടെ ജീവിതത്തോടൊപ്പം നമ്മളും ആ യാത്രയിൽ പങ്കാളിയാവുന്നു.

സിനിമകളെ പലവിധത്തിൽ സമീപിക്കുന്ന സംവിധായകർ ഇപ്പോൾ നിലവിലുണ്ട്.ഭൂരിഭാഗവും സിനിമയെ ഒരു കൊമേഴ്ഷ്യൽ എലമന്റായി മാത്രം കണക്കാക്കുമ്പോൾ ഒരു ചെറിയ കൂട്ടം മാത്രം വേറിട്ട് ചിന്തിക്കുന്നുണ്ട്.തങ്ങളുടെ ആശയങ്ങളും രാഷ്ട്രീയവും പ്രേക്ഷകരുമായി സംവദിക്കാനുള്ള, അല്ലെങ്കിൽ ചർച്ച ചെയ്യാനുള്ള മാധ്യമമായി സിനിമയെ സമീപിക്കുന്നവർ.അവരിൽ മുൻ നിരയിൽ നിൽക്കുന്ന ഒരുവനാണ് ആഷിക്ക് അബു.

തന്റെ മുൻ ചിത്രങ്ങളിൽപല വിഷയങ്ങളൂന്നി കഥാപാത്രങ്ങളെയും കഥാപരിസരങ്ങളെയും സൃഷ്ടിച്ച സംവിധായകനാണ് അദ്ദേഹം.ഭൂരിഭാഗവും കയ്യടി വാങ്ങിയപ്പോൾ അവസാന രണ്ടെണ്ണം പരാജയമായി എന്ന് തന്നെ പറയാം.എന്നാൽ ഇത്തവണ കാര്യങ്ങൾ തീർത്തും വ്യത്യസ്തമാണ്.

ഒരു പ്രേക്ഷകന് സിനിമയോട് ഏറ്റവും അടുപ്പം തോന്നുക അതിലെ കഥാപാത്രങ്ങളും പരിസരവും തനിക്ക് ചുറ്റുമുള്ളതാണെന്ന് കൂടിയുള്ള തോന്നൽ ഉണ്ടാവുമ്പോഴാണ്.റിയലിസ്റ്റിക്കിനും സെമി-റിയലിസ്റ്റിക്കിനും ഇടയിലുള്ള നൂൽപാലത്തിലൂടെയുള്ള സഞ്ചാരമാണ് മായാനദി.തീർത്തും ഒരു സംവിധായകന്റെ സിനിമയെന്ന് നിസ്സംശയം പറയാവുന്ന ഒന്ന്.

സിനിമയിലെ കഥാപാത്രനിർമ്മിതി മനോഹരമാണ്.മാത്തനും അപ്പുവും ആദ്യം കാണുന്ന രംഗം മുതൽ അവസാന രംഗം വരെ അത് നീളുന്നു.പ്രണയത്തിൽ വഞ്ചന കാണിച്ച മാത്തനുമായുള്ള ബന്ധം ഉപേക്ഷിച്ച അപ്പു ഒരുനിമിഷം മാത്തനെ വീണ്ടും കാണുമ്പോൾ പറയുന്ന ഡയലോഗ് അവരുടെ ഭൂതകാലത്തെ അപാകതകളെ വരച്ചുകാട്ടുന്നുണ്ട്.തുടർന്ന് ഇടക്കിടെ വരുന്ന One-Linerഉകൾ അവരിൽ ഓരോരുത്തരുടെയും ഭൂതകാലവും വർത്തമാനകാലവും പ്രേക്ഷകരിലേക്ക് എത്തിക്കുന്നു.അതിന് വേണ്ടി ഏച്ചുകെട്ടലുകളോ സിനിമാറ്റിക്ക് ഗിമ്മിക്കുകളോ ഉപയോഗിച്ചിട്ടില്ല എന്നുള്ളത് പ്രശംസ അർഹിക്കുന്നു.ആ തരത്തിൽ ദൃശ്യങ്ങളിലൂടെയും ഡയലോഗുകളിലൂടെയും വികസനം പ്രാപിക്കുന്ന ഒന്നാണ് മായാനദിയുടെ കഥാപരിസരം.ഇത്തരത്തിൽ വളരെ ചെറിയൊരു ത്രെഡിനെ വികസിപ്പിച്ചെടുത്ത് സ്വാഭാവിക സംഭാഷണങ്ങളിലൂടെ ആശയങ്ങൾ കൈമാറി ചിത്രത്തിന് തിരക്കഥ ഒരുക്കിയ ശ്യാം പുഷ്കറിനും ദിലീഷ് നായർക്കും കയ്യടികൾ.

പ്രണയത്തിന്റെ അവർണനീയ മാസ്മരികത നിറഞ്ഞൊഴുകുകയാണ് മായാനദിയിലൂടെ.ഒരിക്കൽ പിരിഞ്ഞ് പിന്നീട് കണ്ടുമുട്ടുമ്പോഴും പരസ്പരം താങ്ങും തണലുമായി വീണ്ടും ഉരിതിരിയുകയാണ് മാത്തനും അപ്പുവും.മാത്തൻ പ്രാണയാഭ്യർഥനയുമായാണ് അപ്പുവിനെ സമീപിക്കുന്നതെങ്കിൽ അപ്പു ആഗ്രഹിക്കുന്നത് മാത്തന്റെ സാമീപ്യവും സൗഹൃദവുമാണ്.അത് അവർ തന്നെ പറയാതെ പറയുന്ന ചില രംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റാണ്.സന്തോഷം അലതല്ലുന്ന വേളകളിൽ മാത്തനെ വിളിച്ച് അത് പങ്കുവെക്കുകയും സെക്സിലേർപ്പെടാൻ ക്ഷണിക്കുകയും ചെയ്യുന്ന അപ്പു ശേഷം "Sex is not a promise" എന്ന് പറയുന്നത് സ്വീകരിക്കാൻ ബുദ്ധിമുട്ടുള്ള പശ്ചാത്തലമാവുന്നിടത്താണ് അതിന്റെ വിജയം കൈവരിക്കുന്നതും.അങ്ങനെ അവരുടെ പച്ചയായ ജീവിതം കാണിച്ചുതരുന്നിടത്ത് അനാവശ്യമായ രംഗങ്ങളോ ഏച്ചുകെട്ടിയ മുഴകളോ ഒന്നുമില്ലാതെ പോവുന്നതാണ് അത് ഹൃദ്യമാവുന്ന അനുഭവമാകുന്നത്.

അപ്പുവും മാത്തനും തങ്ങളുടെ രണ്ടാം വരവിൽ കണ്ടുമുട്ടുന്നത് മെട്രോയുടെ അകമ്പടിയിലാണ്.അതും രാത്രിയിൽ.അവിടെ തുടങ്ങുന്നു ഫ്രയിമുകളിലെ മനോഹാരിത.പകലിനെക്കാളേറെ രാത്രിയെ ഭംഗിയായി ചിത്രീകരിക്കാൻ ശ്രമിക്കുന്നത് പോലെ തോന്നി ക്യാമറ.ജയേഷ് മോഹൻ തന്റെ ഉദ്യമത്തിൽ പൂർണ്ണമായി വിജയം കണ്ടിട്ടുണ്ട്.കണ്ണഞ്ചിപ്പിക്കുന്ന അതിമനോഹര ദൃശ്യങ്ങളാൽ സമ്പന്നമാണ് മായാനദി.കൂടെ റെക്സ് വിജയന്റെ മാസ്മരിക സംഗീതവും ഷഹബാസ് അമന്റെ ശബ്ദവും ജീവൻ നൽകുന്ന ഘടകങ്ങളാവുന്നു.കൂടെനിന്ന എല്ലാവരും മികച്ച പിന്തുണ നൽകുമ്പോൾ അതിന്റെ പൂർണ്ണതയിലെത്തുന്നു മായാനദി.

ഞണ്ടുകളിൽ പേരിനൊരു നായികയായി വന്ന ഐശ്വര്യ ഇത്തവണ അപ്പുവായി ജീവിച്ചു എന്ന് തന്നെ പറയാം.ഇത്രയേറെ പ്രേക്ഷകനോട് അടുത്ത് നിൽക്കുന്ന കഥാപാത്രങ്ങൾ തീരെ കുറവാണ്.അതിന് മികച്ച പിന്തുണയുമായി ടൊവീനോയും.അവസാന ഭാഗങ്ങളിലെയൊക്കെ മാനറിസങ്ങൾ ഗംഭീരമെന്നെ പറയാനുള്ളൂ.ആ രംഗങ്ങളിൽ ഇരുവരും പകർന്ന് നൽകിയ അനുഭൂതി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.അവരോടൊപ്പം കൂടെ അഭിനയിച്ച എല്ലാവരും തങ്ങളുടെ റോളുകൾ മികച്ചതാക്കി.

നിങ്ങൾ നഷ്ടപ്രണയത്തിനുടമയാണോ.?എങ്കിൽ നിങ്ങൾ ഈ ചിത്രം കാണണം.ഒരുപക്ഷേ നിങ്ങളുടെ ജീവിതം തന്നെ കണ്മുന്നിൽ കണ്ടേക്കാൻ സാധിച്ചേക്കും

നിങ്ങൾ പ്രണയിക്കുന്നവരാണോ.?
എങ്കിൽ ഈ ചിത്രം നിങ്ങൾ കാണണം.ഒരുപക്ഷേ ജീവിതത്തിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇനി സംഭവിക്കാൻ പോവുന്നതുമായ കാര്യങ്ങൾക്ക് ദൃക്സാക്ഷിയാവാം.

നിങ്ങൾ പ്രണയം അനുഭവിച്ചിട്ടില്ലാത്തവരാണോ.?
എങ്കിൽ ഈ മായാനദിയിലൂടെ ഒന്ന് സഞ്ചരിച്ച് നോക്കൂ.പ്രണയം നുകരുവാൻ ഒരുപക്ഷേ നിങ്ങളെ മനസ്സ് പ്രേരിപ്പിച്ചേക്കാം.

ഹൃദ്യതയുടെ മായാജാലവും പ്രണയത്തിന്റെ മാസ്മരികതയും ഒഴുക്കുന്ന ഈ മായാനദിയിലൂടെ ഒന്ന് സഞ്ചരിച്ച് നോക്കൂ.ഒരു ഫീൽ ഗുഡ് മൂവി എന്നതിലുപരി മറ്റ് പലതും നേരിൽ ദർശിക്കാൻ അവസരം ലഭിച്ചേക്കും.പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരനുഭൂതി ഒരുപക്ഷേ മനസ്സിൽ നിറഞ്ഞേക്കാം.പക്വത അതിന്റെ പരമോന്നതിയിൽ എത്തിയ ഒരുവന്റെ സൃഷ്ടി ആസ്വധിക്കാനായി ടിക്കറ്റ് എടുക്കാം.മനസ്സ് നിറഞ്ഞ് കണ്ടിറങ്ങാം.

നന്ദി ആഷിക്ക് അബൂ രണ്ട് മണിക്കൂർ ഒരു മായാലോകത്തേക്ക് കൈപിടിച്ച് ഉയർത്തിയത്തിന്.പ്രണയത്തിന്റെ തീവ്രത മനസ്സിൽ പതിപ്പിച്ചതിന്.നഷ്ടപ്രണയവും പ്രണയിനിയെയും വീണ്ടും ഓർമിപ്പിച്ച് ഒരു വിങ്ങൽ സമ്മാനിച്ചതിന്

ഈ വർഷത്തെ മികച്ച ചിത്രങ്ങളുടെ കൂട്ടത്തിൽ മായാനദിയും ഇടം പിടിച്ചു.അത്രമേൽ ഹൃദ്യമായ ഒരനുഭവമാണ് മായാനദി.പ്രണയം പടർത്തുന്ന ഒരു സ്ലോപോയിസൺ.അതാണ് മായാനദി

ഒരു കവിത പോൽ ഒഴുകുമീ മായാനദിയിൽ നമുക്കൊരുമിച്ചൊരു യാത്ര പോവാം
പ്രണയം രുചിക്കാം

My Rating :: ★★★★☆

You Might Also Like

0 Comments